മുംബൈ: ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ ട്രോഫി അനാച്ഛാദനം ചെയ്യാനായി ബോളിവുഡ് താരം ദീപിക പദുകോൺ ഖത്തറിലേക്ക് പറന്നു, ഞായറാഴ്ച നടക്കുന്ന ഫൈനലിന് മുന്നോടിയായി ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ ഫിഫ ലോകകപ്പ് ഫൈനൽ മത്സരത്തിൽ ട്രോഫി അനാച്ഛാദനം നിർവഹിക്കുന്നത് ദീപികയാണെന്നാണ് റിപ്പോർട്ട്. എന്നാൽ, ദീപിക ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. താരം ഖത്തറിലേക്ക് പറക്കുന്ന വിവരം മുംബൈ എയർപോർട്ടിൽനിന്നുള്ള വീഡിയോ ട്വീറ്റ് ചെയ്തതിലൂടെയാണ് അറിഞ്ഞത്.
ഇന്ന് നടക്കുന്ന ഫൈനലിൽ ലിയോണൽ മെസ്സി നയിക്കുന്ന അർജന്റീന നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിനെ നേരിടും. പുതിയ ചിത്രമായ പാഠാൻ വിവാദം കത്തിനിൽക്കെയാണ് താരം ഖത്തറിലേക്ക് പറക്കുന്നത്. പാഠാനിലെ പുറത്തിറങ്ങിയ ഗാനത്തിൽ നടി ധരിച്ച ബിക്കിനിയുടെ നിറത്തെച്ചൊല്ലിയാണ് വിവാദം. ബിക്കിനിയുടെ നിറം കാവിയാണെന്നും ഒരുവിഭാഗത്തെ അവഹേളിക്കുകയാണ് ചെയ്തതെന്നുമാണ് വിവാദം. വിഖ്യാതമായ കാന്‍ ചലച്ചിത്രോത്സവം ഉള്‍പ്പെടെ നിരവധി ലോകവേദികളിൽ തിളങ്ങിയ ദീപികക്ക് കാൽപന്തിന്‍റെ മാമാങ്കത്തിലും രാജ്യത്തിന്‍റെ അഭിമാനം ഉയർത്താനുള്ള അവസരമാണ് ഖത്തറില്‍ ലഭിക്കുന്നത്.
ലോകകപ്പിന്‍റെ ഉദ്ഘാടന ചടങ്ങില്‍ മുന്‍ ഫ്രഞ്ച് ക്യാപ്റ്റന്‍ മാഴ്സെല്‍ ഡിസെയ്‌ലി ആണ് ലോകകപ്പ് ട്രോഫി സ്റ്റേഡിയത്തിലേക്ക് കൊണ്ടുവന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു സിനിമ താരം ലോകകപ്പ് ട്രോഫി അനാവരണം ചെയ്യാനായി നിയോഗിക്കപ്പെടുന്നത്. മുൻകാലങ്ങളിൽ കഴിഞ്ഞ ലോകകപ്പില്‍ കിരീടം നേടിയ ടീമിന്‍റെ നായകനും, ആതിഥേയ രാജ്യത്തെ പ്രമുഖ മോഡലുകളും ചേർന്നാണ് സ്റ്റേഡിയത്തിലേക്ക് ട്രോഫി എത്തിച്ചിരുന്നത്. ലോകം മുഴുവൻ ഉറ്റുനോക്കുന്ന വേദിയിലെ ഇന്ത്യൻ സാന്നിധ്യമാകുന്ന താരത്തിന് അഭിനന്ദന പ്രവാഹമാണ്.
0 Comments