ദുബായ്: മികച്ച ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള 2022ലെ ഐസിസി അവാര്‍ഡുകളുടെ ചുരുക്കപ്പട്ടിക തയ്യാറായി. സ്മൃതി മന്ഥാനയും സൂര്യകുമാര്‍ യാദവും അടക്കം അഞ്ച് ഇന്ത്യന്‍ താരങ്ങളാണ് പട്ടികയിലുള്ളത്. അടുത്തമാസം അവസാനം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും. 2022ല്‍ സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ ശ്രദ്ധേയരായ താരങ്ങള്‍ക്ക് ആകെ 12 വിഭാഗങ്ങളിലായാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ അംഗീകാരം
ലഭിക്കുന്നത്.
മികച്ച വനിതാ താരത്തിനുള്ള ട്രോഫി മൂന്ന് തവണ സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന നേട്ടത്തിനരികിലാണ് സ്മൃതി മന്ഥാന. മികച്ച വനിതാ താരത്തിനുള്ള ഐസിസി പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ സ്മൃതിക്ക് പുറമേ ന്യൂസീലന്‍ഡിന്റെ അമേരയ കേര്‍, ഓസ്‌ട്രേലിയയുടെ ബേത് മൂണി, ഇംഗ്ലണ്ടിന്റെ നാറ്റ് സ്‌കിവര്‍ എന്നിവരുമുണ്ട്. വനിതാ ക്രിക്കറ്റിലെ മികച്ച ഭാവി വാഗ്ദാനത്തിനുള്ള നാലംഗ ചുരുക്കപ്പട്ടികയില്‍ യഷ്ടിക ഭാട്ടിയ, രേണുക സിംഗ് എന്നിവര്‍ ഇടം കണ്ടെത്തിയതും ഇന്ത്യക്ക് നേട്ടമായി.
മികച്ച പുരുഷ ടി20 താരത്തിനുളള പുരസ്‌കാരപ്പട്ടികയില്‍ സുര്യകുമാര്‍ യാദവ് ആണ് ഏക ഇന്ത്യന്‍ സാന്നിധ്യം. ഇംഗ്ലണ്ടിന്റെ ലോകകപ്പ് ഹീറോ സാം കറന്‍ സിംബാബ്വെ ഓള്‍റൗണ്ടര്‍ സിക്കന്ദര്‍ റാസ, പാകിസ്ഥാന്‍ ഓപ്പണര്‍ മുഹമ്മദ് റിസ്‌വാന്‍ എന്നിവരാണ് സൂര്യകുമാറിന് വെല്ലുവിളി ഉയര്‍ത്തുന്നത്. വളര്‍ന്നുവരുന്ന മികച്ച യുവതാരത്തിനുള്ള പുരസ്‌കാരത്തിനായി ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗിനെയും പരിഗണിക്കും.
ന്യൂസീലന്‍ഡിന്റെ ഫിന്‍ അലന്‍, ദക്ഷിണാഫ്രിക്കയുടെ മാര്‍കോ ജാന്‍സന്‍, അഫ്ഗാനിസ്ഥാന്റെ ഇബ്രാഹി സദ്രാന്‍ എന്നിവരാണ് എമേര്‍ജിംഗ് പ്ലെയര്‍ പുരസ്‌കാരപ്പട്ടികയിലെ മറ്റുള്ളവര്‍.
മികച്ച പുരുഷ താരത്തിനുള്ള സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ട്രോഫിക്കായി മത്സരിക്കുക പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം , ന്യുസീലന്‍ഡ് പേസര്‍ ടിം സൗത്തി, ഇംഗ്ലണ്ട് നായകനും ഓള്‍റൗണ്ടറുമായ ബെന്‍ സ്റ്റോക്‌സ്, സിംബാബ്വെ ഓള്‍റൗണ്ടര്‍ സിക്കന്ദര്‍ റാസ എന്നിവരാകും. മികച്ച ടെസ്റ്റ് - ഏകദിന താരങ്ങള്‍ക്കുള്ള ചുരുക്കപ്പട്ടികയില്‍ ഇന്ത്യയില്‍ നിന്നാര്‍ക്കും ഇടം കണ്ടെത്താനായില്ല.
ക്രിക്കറ്റ് ലേഖകരും കമന്റേറ്റരമാരും അടങ്ങുന്ന ഐസിസി വോട്ടിംഗ് അക്കാഡമിയും ഐസിസി വെബ്‌സൈറ്റില്‍ വോട്ട് ചെയ്യുന്ന ക്രിക്കറ്റ് ആരാധകരും ചേര്‍ന്നാകും പുരസ്‌കാരജേതാക്കളെ തീരുമാനിക്കുക. ഐസിസി പുരസ്‌കാരങ്ങള്‍ക്കൊപ്പം കഴിഞ്ഞ വര്‍ഷത്തെ മികച്ച 11 കളിക്കാര്‍ അടങ്ങുന്ന ഐസിസി ഇലവനെയും ജനുവരി അവസാനം പ്രഖ്യാപിക്കും.
0 Comments