Ticker

6/recent/ticker-posts

Header Ads Widget

ഖത്തറിലെത്തിയവര്‍ വിട്ടുപോകരുത് സൂഖ് വാഖിഫ് സന്ദര്‍ശിക്കാന്‍!!!

ദോഹയിലെത്തിയാല്‍ സന്ദര്‍ശിക്കാന്‍ വിട്ടുപോകരുതാത്ത ഒരു സൂഖ് ഉണ്ട്. ഷോപ്പിങ്ങിനും ഒരുമിച്ചിരിക്കാനും ഭക്ഷണം കഴിക്കാനും കാഴ്ചകള്‍ കണ്ടുനടക്കാനും ആകര്‍ഷണീയമായ ഒരിടമാണ് ദോഹയിലെ സൂഖ് വാഖിഫ്.

സൂഖ് എന്ന അറബി വാക്കിനു ചന്ത എന്ന് മലയാളീകരിച്ചു പറയാം. മനോഹരമായ ഔട്ട്ഡോര്‍ കഫേകളിലൊന്നില്‍ ഇരിക്കാനായി ദോഹയില്‍ നിങ്ങള്‍ ഒരു അനുയോജ്യമായ ഇടമാണ് തിരയുന്നതെങ്കില്‍, ദോഹയിലെ സൂഖ് വാഖിഫല്ലാതെ മറ്റെവിടെയും തേടേണ്ടതില്ല.
നൂറ്റാണ്ടുകളായി, ഈ സ്ഥലം(സൂഖ് വാഖിഫ്) ബദുക്കള്‍ (ചരിത്രപരമായി അറേബ്യന്‍, സിറിയന്‍ മരുഭൂമികളില്‍ വസിച്ചിരുന്ന നാടോടികള്‍) കമ്പിളിയും മൃഗങ്ങളും നിത്യോപയോഗ സാധനങ്ങളുടെ കച്ചവടത്തിനുമായുള്ള കേന്ദ്രമാണ്. 

കാലക്രമേണ, ചന്ത പ്രവര്‍ത്തനരഹിതമാകുവാന്‍ തുടങ്ങി. ഏതാണ്ട് പൊളിക്കുന്ന ഘട്ടത്തിലെത്തിയപ്പോള്‍ ഭാഗ്യവശാല്‍, 2004-ല്‍, ഈ ചരിത്രപരമായ സ്ഥലം സംരക്ഷിക്കാന്‍ ഖത്തര്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനിയും ഭാര്യ ശൈഖ മോസ ബിന്‍ത് നാസറും ചേര്‍ന്നാണ് ആദ്യഘട്ട പുനരുദ്ധാരണത്തിന് ധനസഹായം നല്‍കിയത്. 1950 കള്‍ക്ക് ശേഷം നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുകയും പഴയ ഘടനകള്‍ നവീകരിക്കുകയും ചെയ്തു. 2008-ല്‍ പുനരുദ്ധാരണം പൂര്‍ത്തിയായി. ഏഷ്യയിലെ വിവിധ പ്രദേശങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന തടിയും മുളയും ഉപയോഗിച്ചാണ് പരമ്പരാഗത ചൂടാക്കല്‍ രീതികള്‍ ഉപയോഗിക്കുന്നത്.

മാര്‍ക്കറ്റ് സ്ഥിതിചെയ്യുന്ന മുഴുവന്‍ സ്ഥലവും പരമ്പരാഗത ഖത്തറി വാസ്തുവിദ്യാ രീതികള്‍ക്കനുസൃതമായി നവീകരിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്തു. അങ്ങിനെ നവീകരിച്ച ചന്തയാണ് ഇന്ന് കാണുന്ന സൂഖ് വാഖിഫ്. ഗള്‍ഫില്‍ അവശേഷിക്കുന്ന ഏതാനും ചില പരമ്പരാഗത സൂഖുകളിലൊന്നാണിത്. വാദി മുഷൈറബ് എന്നറിയപ്പെടുന്ന വരണ്ട നദീതടത്തിന് സമീപമാണ് കുറഞ്ഞത് ഒരു നൂറ്റാണ്ട് മുമ്പെങ്കിലും സൂഖ് സ്ഥാപിച്ചത്. ബദുക്കളും നാട്ടുകാരും പലതരം സാധനങ്ങള്‍, പ്രാഥമികമായി കന്നുകാലി ചരക്കുകള്‍, വ്യാപാരം ചെയ്യുന്ന ഒരു ഒത്തുചേരല്‍ സ്ഥലമായിരുന്നു അത്.

ചന്തയുടെ ഇടവഴികളില്‍ വിശാലമായി കിടക്കുന്ന വിവിധ കടകള്‍ സാധാരണവും അതിശയകരവുമായ വിവിധതരം സാധനങ്ങള്‍കൊണ്ട് ആകര്‍ഷിക്കുന്നവയാണ്. ഷൂ മുതല്‍ പുരാവസ്തുക്കളും കരകൗശലവസ്തുക്കളുമടക്കം നിരവധി വസ്തുക്കളാണ് ഇവിടുത്തെ ഓരോ കടകളിലുമുള്ളത്. പക്ഷി-മൃഗ വേട്ടക്കാര്‍ക്കുള്ള വിവിധ വസ്തുക്കള്‍, നെയ്തു തുണിത്തരങ്ങള്‍, പരവതാനികള്‍, ഫര്‍ണിച്ചറുകള്‍, അടുത്തുള്ള വര്‍ക്ക് ഷോപ്പുകളില്‍ നിര്‍മ്മിച്ച വിവിധ തരം ഗ്ളാസ് ആഭരണങ്ങള്‍, മത്സ്യബന്ധനത്തിനുള്ള സാധനങ്ങള്‍, മുത്തുകൊണ്ടുള്ള ആഭരണങ്ങള്‍, ഡൈവിങ്ങിനുള്ള ഉപകരണങ്ങള്‍ എന്നിവ ശ്രദ്ധ ആകര്‍ഷിക്കുന്നവയാണ്. സംഗീതജ്ഞര്‍ക്കുള്ള പ്രാദേശിക ഇനം ഡ്രംസ് പോലേയുള്ളവയും വിവിധ വാദ്യോപകരണങ്ങളും, ഫ്ളൂട്ടുകള്‍ തുടങ്ങിയവയും ഇവിടെ നിന്നും യഥേഷ്ടം വാങ്ങാനാവുന്നതാണ്.

ചണച്ചാക്കുകളില്‍നിന്ന് ഒഴുകുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ മണം മൂക്കിലേക്ക് കയറ്റിവിട്ട് അത് വില്‍ക്കുന്ന കടകളിലേക്ക് നമ്മെ കൊണ്ടുപോകും. പൂര്‍ണ്ണമായതോ പൊടിച്ചതോ ആയ കുങ്കുമം, സാറ്റര്‍, സുമാക്, ഉണങ്ങിയ പൂക്കള്‍, ഉണങ്ങിയ കറുത്ത നാരങ്ങകള്‍, വിവിധയിനം ഈത്തപ്പഴങ്ങള്‍, തേന്‍, ചായ ഇലകള്‍, കാപ്പിക്കുരു തുടങ്ങിയ വിദേശ- അറബിക് സുഗന്ധദ്രവ്യങ്ങള്‍ക്കുള്ള സ്ഥലം കൂടിയാണിവിടം.

മുത്തുകള്‍ വില്‍ക്കുന്ന നിരവധി ഷോപ്പുകള്‍ ഇവിടെ ഉണ്ട്. മുമ്പ് മുത്ത് വ്യവസായത്തിന്റെ ഹൃദയഭാഗമായിരുന്നു ഖത്തര്‍. കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന പേള്‍ ഷോപ്പില്‍, നിങ്ങള്‍ക്ക് ഉടമയുമായി സംസാരിച്ച് മുത്തുകളെ കുറിച്ചു അറിയുകയും വേണമെങ്കില്‍ വാങ്ങുകയും ചെയ്യാം. വെള്ള, പിങ്ക്, ചാരനിറത്തിലുള്ള നിരവധി മുത്തുകളാണ് ഇവിടെയുള്ളത്.

ഊദ്, കസ്തൂരി എന്നിവ മുതല്‍ ഇഷ്ടാനുസൃതമായി നിര്‍മ്മിച്ച പെര്‍ഫ്യൂം, കണ്‍മഷി, തെക്കു പടിഞ്ഞാറന്‍ മൊറോക്കോ, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ ഉള്ള ഒരു പുഷ്പസസ്യത്തിന്റെ അര്‍ഗാന്‍ ഓയില്‍, മൈലാഞ്ചിതുടങ്ങി പ്രദേശത്തെ പരമ്പരാഗത സുഗന്ധങ്ങളും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും സൂക്കില്‍ കാണാവുന്നതാണ്. താല്‍ക്കാലിക ഡിസൈന്‍ ഉണ്ടാക്കി മൈലാഞ്ചിയുടെ ടാറ്റൂവിലുടെ മൈലാഞ്ചിപുരട്ടുന്ന ആര്‍ട്ടിസ്റ്റുകളും ഒരുഭാഗത്തുണ്ട്. ചെമപ്പിച്ച മൈലാഞ്ചിയിട്ടു ഇറങ്ങിവരുന്ന സുന്ദരികളുടെ മുഖത്തെ പ്രസപ്പത ഇത്തരം കേന്ദ്രങ്ങളില്‍ മൈലാഞ്ചിയിടുന്നവരുടെ കൈവിരുതും പ്രാഗത്ഭ്യവുമാണ് ഉപഭോക്താക്കളുടെ മുഖത്തെ സംതൃപ്തിയുടെ നിഴലാട്ടമെന്ന് വായിച്ചെടുക്കാനാകും.

ഏത് വിശപ്പിനേയും ക്ഷമിപ്പിക്കുവാന്‍ ചന്തയില്‍ ഭക്ഷണ ശാലകള്‍ നിരനിരയായുണ്ട്. ചെറിയ തെരുവ് ഭക്ഷണ ശാലകള്‍ മുതല്‍ വന്‍കിട ഭക്ഷ്യ ശൃംഖലകളുടെ ഔട്ട്‌ലെറ്റുകള്‍ വരെ ഇവിടെയുണ്ട്. ഒറ്റക്കും കൂട്ടമായും ഇവിടെ ഭക്ഷണം കഴിക്കുവാനുള്ള സൗകര്യമുണ്ട്. നാടന്‍ ഭക്ഷണം മുതല്‍ ഏത് തരം ഭക്ഷണവും ഇവിടെ തയ്യാറാണ്. ചന്തയിലെ ഒരുഭാഗത്ത്, കെടിടങ്ങള്‍ക്കിടയിലൂടെ കുറച്ചുള്ളില്‍ ചെന്നപ്പോള്‍ മലയാളികള്‍ നടത്തുന്ന ഭക്ഷണശാലയും കണ്ടും. തനി നാടന്‍ നെയ്ചോറും ബിരിയാണിയും അവിടെ ലഭ്യമാണ്.

മുന്തിരി, ഇറച്ചി, മധുരപലഹാരങ്ങള്‍വരെ ഇവിടെ വില്‍ക്കുന്നുണ്ട്. വിവിധ തരം ചായ, പരമ്പരാഗത അരി വിഭവങ്ങള്‍, മണ്‍പാത്രങ്ങളില്‍ പാകം ചെയ്ത വിവിധ ഭക്ഷണം എന്നിവയെല്ലാം ഇവിടെ ലഭ്യമാണ്. വേള്‍ഡ് കപ്പ് കാണുവാനായി വിദേശികള്‍ കൂടുതലായെത്തിയത് തൊണ്ടാവാം, സ്വദേശികളെ കാള്‍ കൂടുതലായി വിദേശികളെയാണ് ഇവിടെ കാണുന്നത്.

സാധാരണ രാത്രി 11 മണിവരെ പ്രവൃത്തിക്കുന്ന ഇവിടുത്തെ ഷോപ്പുകള്‍, ലോകകപ്പിന്റെ തിരക്കില്‍ അല്‍പംകൂടി താമസിച്ചാണ് അടക്കാറുള്ളത്. സുഹൃത്തുക്കളുമായി, അതല്ലെങ്കില്‍ കഫേകളില്‍ പരിചയപ്പെടുന്നവരുമായി ഇവിടെ സമയം ചെലവിടാനാകും. അറബിക്ക് കോഫി, ഫ്രഷ് ഫൂട്സ് ജൂസ് എന്നിവയുടെ രുചി അറിഞ്ഞും, ഹുക്ക വലിച്ചും നിരവധിപേര്‍ ഇവിടെ ഏറെ നേരം ഇവിടെ കഴിച്ചകൂട്ടുന്നു. മിക്ക കഫേകളിലും ഫുട്ബോള്‍ മത്സരങ്ങള്‍ കാണുവാനുള്ള വലിയ സ്‌ക്രീനുകള്‍ ഒരുക്കിയിട്ടുണ്ട്.

ദോഹയിലെ ഒരു ചന്തമുള്ള ചന്തയാണ് സൂഖ് വാഖഫ്. ദോഹയുടെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന അല്‍ സൂഖ് ജില്ലയിലാണ് ഇത്. വ്യാപാര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന മാര്‍ക്കറ്റ് ആയതിനാല്‍, ബോട്ടുകള്‍ക്ക് പ്രവേശിക്കാന്‍ കഴിയുന്ന തരത്തില്‍ തീരത്തോട് ചേര്‍ന്നാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഇപ്പോഴും വെള്ളത്തിന് അഭിമുഖമാണെങ്കിലും, ബോട്ടുകള്‍ക്കുള്ള വാട്ടര്‍ ഫ്രണ്ടിലേക്കുള്ള നേരിട്ടുള്ള ലിങ്ക് ഇപ്പോള്‍ ഒരു പ്രധാന റോഡും അടുത്തിടെ പൂര്‍ത്തിയാക്കിയ പാര്‍ക്കും കൊണ്ട് വിഭജിച്ചിട്ടുണ്ട്. പല ഇടുങ്ങിയ ഇടവഴികളും സൂക്കിലേക്കുണ്ട്.

ദോഹയിലെ ഒരു വിനോദസഞ്ചാര കേന്ദ്രമായി സൂഖ് കണക്കാക്കപ്പെടുന്നു. വര്‍ഷം തോറും ഏപ്രിലില്‍ നടക്കുന്ന ഒരു വസന്തോത്സവം നിരവധി നാടകങ്ങളും അക്രോബാറ്റിക്സും സംഗീത പ്രകടനങ്ങളും നടക്കാറുണ്ടെന്ന് അറിയുവാന്‍ സാധിച്ചു. ഗുസ്തിക്കാര്‍ പങ്കെടുക്കുന്ന ഒരു ഇവന്റ്, സൂഖ് വാഖിഫ് സ്റ്റോം, ഏറ്റവും കൂടുതല്‍ കാണികളെ ആകര്‍ഷിച്ചുവരുന്ന ഇനമാണ്.

എത്ര സന്ദര്‍ശിച്ചാലും മടുപ്പുളവാക്കാത്ത സൂഖ് വാഖിഫ് എന്ന വാഖഫ് ചന്തയിലിപ്പോള്‍ ലോകത്തിന്റെ വിവിധ ദിക്കില്‍നിന്നും വേള്‍ഡ് കപ്പ് ഫുട്ബോള്‍ മത്സരം കാണുവാനെത്തിയവരാല്‍ തിരക്കിലാണ്. സ്വസ്ഥായി ഈ ചന്തയെ ഒന്ന് നിരീക്ഷിക്കാന്‍ തിരക്കൊഴിഞ്ഞ സമയത്ത് സന്ദര്‍ശിക്കണമെന്ന് തോന്നും. പക്ഷ, സൂഖ് വാഖിഫിന്റെ മനോഹാരിത സന്ദര്‍ശകരെ മുഴുവന്‍ നെഞ്ചിലേറ്റിയുള്ള നില്‍പാണ് എന്നും എക്കാലവും.

Post a Comment

0 Comments