🇦🇪പെരുമഴയില്‍ ദുബൈ നഗരത്തിന് കുടയൊരുക്കി ബുര്‍ജ് ഖലീഫ; ശൈഖ് ഹംദാന്‍ പങ്കുവെച്ച വീഡിയോ വൈറല്‍.
✒️അതിശക്തമായ മഴ കണ്ടുകൊണ്ടാണ് ദുബൈയിലെ ജനങ്ങള്‍ ഇന്ന് ഉറക്കമെഴുന്നേറ്റത്. ഇരുട്ടുമൂടിയ ആകാശവും വെള്ളം നിറഞ്ഞ റോഡുകളുമായി നഗരത്തിലാകെ പതിവില്ലാത്ത കാലാവവസ്ഥ. പലരും മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചു. പ്രവാസികള്‍ നാട്ടിലെ മഴ അനുഭവങ്ങള്‍ കൂടി അതിനോടൊപ്പം കൂട്ടിച്ചേര്‍ത്തു.
അതിനിടെ ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ നിമിഷ നേരം കൊണ്ട് വന്‍ ജനശ്രദ്ധ നേടി. പെരുമഴയില്‍ ദുബൈ നഗരത്തിന് കുടയൊരുക്കുന്ന ബുര്‍ജ് ഖലീഫയുടെ ആ കംപ്യൂട്ടര്‍ അനിമേറ്റഡ് വീഡിയോ പിന്നാലെ യുഎഇയിലെ സ്വദേശികളുടെയും പ്രവാസികളുടെയും സോഷ്യല്‍ മീഡിയ സ്റ്റാറ്റസായി മാറി.
ശൈഖ് ഹംദാന്‍ പങ്കുവെച്ച വീഡിയോ എന്നതിലപ്പുറം മഴക്കാലത്തെ ഒരു കൗതുക കാഴ്ചയ്ക്ക് കിട്ടുന്ന പ്രധാന്യം കൊണ്ടു കൂടി സെക്കന്റുകള്‍ മാത്രമുള്ള ആ വീഡിയോ ക്ലിപ്പ് വൈറലായി. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ അതിന്റെ ഏതാണ്ട് പകുതിക്ക് മുകളില്‍ വെച്ച് രണ്ടായി പിളരുകയും ഒരു കുട അതിനകത്ത് നിന്ന് പുറത്തുവരുന്നതുമാണ് വീഡിയോയിലുള്ളത്. സുതാര്യമായ ആ കുടയില്‍ ദുബൈ ഡെസ്റ്റിനേഷന്‍ എന്ന ഹാഷ് ടാഗും കാണാം. മണിക്കൂറുകള്‍ കൊണ്ടുതന്നെ വീഡിയോക്ക് നിരവധി ലൈക്കുകളും കമന്റുകളും ലഭിച്ചു.
യുഎഇയില്‍ അതിശക്തമായ മഴ ലഭിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് വിവിധ പ്രദേശങ്ങളില്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച്, യെല്ലോ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. മഴയില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥലങ്ങളില്‍ നിന്നും പെട്ടെന്ന് പ്രളയമുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും അകന്നു നില്‍ക്കണമെന്നുമായിരന്നു പ്രധാന നിര്‍ദേശം. റോഡുകളില്‍ വെള്ളം കെട്ടി നില്‍ക്കുകയും ദൂരക്കാഴ്ചയെ മോശം കാലാവസ്ഥ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വാഹനം ഓടിക്കുന്നവര്‍ക്കും ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ബുധനാഴ്ത വരെ മഴ തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. ഒപ്പം അന്തരീക്ഷ താപനിലയില്‍ കാര്യമായ കുറവ് വരുമെന്നും അറിയിച്ചിട്ടുണ്ട്.
🇦🇪യുഎഇയില്‍ ബിസിനസ് തുടങ്ങാന്‍ ഒരു വര്‍ഷം ശമ്പളത്തോടെ അവധി; ജനുവരി 2 മുതല്‍ പ്രാബല്യത്തില്‍ വരും.
✒️യുഎഇയിലെ സ്വദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബിസിനസ് തുടങ്ങാനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ 2023 ജനുവരി രണ്ടാം തീയ്യതി മുതല്‍ പ്രാബല്യത്തില്‍ വരും. ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഒരു വര്‍ഷത്തേക്ക് അവധി നല്‍കുന്നത് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് അടുത്ത മാസം മുതല്‍ സ്വദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭ്യമാവുുക. അവധി എടുക്കുന്ന കാലയളവില്‍ സര്‍ക്കാര്‍ ജോലിയിലെ പകുതി ശമ്പളവും നല്‍കും.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് നേരത്തെ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നത്. കൂടുതല്‍ സ്വദേശികളെ സംരംഭകരാക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ് പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍. സംരംഭങ്ങള്‍ തുടങ്ങാനുള്ള അവധി ഉപയോഗിക്കുമ്പോള്‍ അവരുടെ സര്‍ക്കാര്‍ ജോലിയും നിലനിര്‍ത്താമെന്നതാണ് പ്രധാന ആകര്‍ഷണം. ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തതും തുടര്‍ന്ന് പ്രഖ്യാപനമുണ്ടായതും.
ലോകത്തു തന്നെ ഇത്തരത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബിസിനസ് സംരംഭങ്ങള്‍ തുടങ്ങാന്‍ ശമ്പളത്തോടെയുള്ള അവധി നല്‍കുന്ന ആദ്യത്തെ രാജ്യം യുഎഇ ആയിരിക്കുമെന്നാണ് വിലയിരുത്തല്‍. ഓരോ ജീവനക്കാരനും ജോലി ചെയ്യുന്ന ഫെഡറല്‍ വകുപ്പിന്റെ അദ്ധ്യക്ഷനായിരിക്കും അവധി അംഗീകരിക്കേണ്ടത്. ഈ അവധിയോടൊപ്പം ശമ്പളമില്ലാത്ത മറ്റ് അവധികളോ വാര്‍ഷിക അവധികളോ കൂട്ടിച്ചേര്‍ക്കുകയും ചെയ്യും.
യുഎഇയുടെ സമ്പദ് വ്യവസ്ഥ മുന്നോട്ടുവെയ്‍ക്കുന്ന വലിയ വാണിജ്യ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ യുവാക്കളെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റ് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് അറിയിച്ചിരുന്നു. കൊവിഡിന് മുമ്പുണ്ടായിരുന്ന സാഹചര്യവുമായി രാജ്യത്തിന്റെ സാമ്പത്തിക നില ക്യാബിനറ്റ് താരതമ്യം ചെയ്‍തുവെന്നും എണ്ണയിതര കയറ്റുമതിയില്‍ 47 ശതമാനം വര്‍ദ്ധനവും വിദേശ നിക്ഷേപത്തില്‍ 16 ശതമാനം വര്‍ദ്ധനവും പുതിയ കമ്പനികളുടെ കാര്യത്തില്‍ 126 ശതമാനം വര്‍ദ്ധനവും രേഖപ്പെടുത്തിയെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
🛫സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള പ്രവാസികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്; അപേക്ഷ ഏഴു വരെ.
✒️സാമ്പത്തിക പിന്നാക്കാവസ്ഥയിലുളള പ്രവാസികളുടെയും, നാട്ടില്‍ തിരിച്ചെത്തിയവരുടേയും മക്കളുടെ ഉപരിപഠനത്തിനായുളള നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട തീയതി ഡിസംബർ 23ൽ നിന്ന് 2023 ജനുവരി ഏഴിലേയ്ക്ക് ദീർഘിപ്പിച്ചു. 2022-23 അധ്യായന വര്‍ഷം പ്രൊഫഷണൽ ബിരുദം, ബിരുദാനന്തര ബിരുദം എന്നീ കോഴ്‌സുകള്‍ക്ക് ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ആനുകൂല്യം ലഭിക്കുക.
കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തിട്ടുളള ഇ.സി.ആര്‍ ( എമിഗ്രേഷന്‍ ചെക്ക് റിക്വയേഡ്) കാറ്റഗറിയില്‍പ്പെട്ട വരുടെയും, രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് നാട്ടില്‍ തിരിച്ചെത്തിയവരുടേയും(വാര്‍ഷികവരുമാനം രണ്ടു ലക്ഷം രൂപയില്‍ അധികരിക്കാന്‍ പാടില്ല) മക്കളുടെ ഉപരിപഠനത്തിനാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. പഠിക്കുന്ന കോഴ്‌സിന്റെ യോഗ്യതാ പരീക്ഷയില്‍ ചുരുങ്ങിയത് 60 ശതമാനത്തിലധികം മാര്‍ക്കുള്ളവരും, റഗുലര്‍ കോഴ്‌സിന് പഠിക്കുന്നവര്‍ക്കും മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ. കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ച കോഴ്‌സുകള്‍ക്കും, അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരുമാകണം അപേക്ഷകര്‍.
അപേക്ഷകള്‍ www.scholarship.norkaroots.org എന്ന വെബ്ബ്സൈറ്റ് വഴി ഓണ്‍ലൈനിലൂടെയാണ് നല്‍കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770528/2770543/2770500 എന്നീ നമ്പറുകളിലോ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പര്‍ 18004253939 ( ഇന്ത്യയ്ക്കകത്തുനിന്നും ) (918802012345 (വിദേശത്തുനിന്നും മിസ്സ്ഡ്‌സ കോള്‍ സര്‍വ്വീസ്) എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
നോര്‍ക്ക ഡയറക്ടേഴസ് സ്‌കോളര്‍ഷിപ്പ് പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ വിഹിതവും, നോര്‍ക്കറൂട്ട്സ് ഡയറക്ടേഴ്സ് വിഹിതവും ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ അധ്യായന വര്‍ഷം 350 വിദ്യാര്‍ത്ഥികള്‍ക്കായി 70 ലക്ഷം രൂപ സ്‌കോളര്‍ഷിപ്പിനത്തില്‍ അനുവദിച്ചിരുന്നു. നോര്‍ക്കാ റൂട്ട്സ് വൈസ് ചെയര്‍മാനും ഡയറക്ടറുമായ എം.എ യൂസഫലി, ഡയറക്ടര്‍മാരായ ഡോ. ആസാദ് മൂപ്പന്‍, ഡോ, രവി പിള്ള, ജെ.കെ മേനോന്‍, സി.വി റപ്പായി, ഒ. വി മുസ്തഫ എന്നിവരാണ് പദ്ധതിക്കായി തുക സംഭാവന ചെയ്തത്.
🇦🇪ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക മുന്നറിയിപ്പുമായി അധികൃതര്‍.
✒️ഇന്നു മുതല്‍ യാത്രക്കാരുടെ തിരക്കേറുന്നത് പരിഗണിച്ച് ദുബൈ വിമാനത്താവളം വഴി വരും ദിവസങ്ങളില്‍ യാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ക്കായി പ്രത്യേക അറിയിപ്പ് പുറപ്പെടുവിച്ച് അധികൃതര്‍. ചൊവ്വാഴ്ച മുതല്‍ ജനുവരി മൂന്ന് വരെയുള്ള ദിവസങ്ങള്‍ക്കകം ഇരുപത് ലക്ഷത്തോളം യാത്രക്കാര്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍. ജനുവരി രണ്ടിനായിരിക്കും ഏറ്റവും തിരക്കുള്ള ദിവസം.
അവധി ദിവസങ്ങളും പുതുവര്‍ഷപ്പിറവി ആഘോഷങ്ങള്‍ക്കായി ദുബൈയില്‍ എത്തുന്നവരുടെ തിരക്കും പരിഗണിക്കുമ്പോള്‍ ഉണ്ടാകുന്ന അസാധാരാണ സാഹചര്യം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവാതിരിക്കാനാണ് പ്രത്യേക അറിയിപ്പ് നല്‍കിയിരിക്കുന്നത്. അടുത്ത എട്ട് ദിവസങ്ങളില്‍ ഓരോ ദിവസവും ശരാശരി 2.45 ലക്ഷം യാത്രക്കാര്‍ ദുബൈ വിമാനത്താവളം വഴി കടന്നുപോകുമെന്നാണ് അനുമാനം. ജനുവരി രണ്ടാം തീയ്യതി യാത്രക്കാരുടെ എണ്ണം 2,57,000 ആയി ഉയരുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
ഈ സാഹചര്യത്തില്‍ വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍, പ്രത്യേക സാഹചര്യം യാത്രക്കാരുടെ മനസിലുണ്ടാവണമെന്നാണ് ഉപദേശം. കൂടുംബത്തോടൊപ്പവും 12 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കൊപ്പവും യാത്ര ചെയ്യുന്നവര്‍ക്ക് വിമാനത്താവളത്തിലെ സ്‍മാര്‍ട്ട് ഗേറ്റുകള്‍ ഉപയോഗിച്ച് പാസ്‍പോര്‍ട്ട് പരിശോധന കൂടുതല്‍ വേഗത്തിലാക്കാം. വിമാനത്താവളത്തിലേക്കുള്ള റോഡുകളിലും തിരക്കേറുമെന്നതിനാല്‍ വിമാനത്താവളത്തില്‍ എത്തിച്ചേരാന്‍ കുറച്ച് അധികം സമയം കരുതണം.
ടെര്‍മിനല്‍ 1 വഴിയാണ് യാത്ര ചെയ്യേണ്ടതെങ്കില്‍ വിമാനം പുറപ്പെടുന്ന സമയത്തിന് മൂന്ന് മണിക്കൂര്‍ മുമ്പ് എങ്കിലും വിമാനത്താവളത്തില്‍ എത്തിച്ചേരണം. ഓണ്‍ലൈന്‍ സേവനങ്ങളും സെല്‍ഫ് സര്‍വീസ് ഓപ്ഷനുകളും പരമാവധി ഉപയോഗിക്കണം. ടെര്‍മിനല്‍ 3 വഴി യാത്ര ചെയ്യുന്നവര്‍ക്ക് എമിറേറ്റ്സിന്റെ ഏര്‍ലി ചെക് ഇന്‍, സെല്‍ഫ് സര്‍വീസ് ചെക് ഇന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കാം.
ലഗേജിന്റെ ഭാരം വീട്ടില്‍ നേരത്തെ തന്നെ പരിശോധിച്ച് ക്രമീകരിക്കുകയും രേഖകള്‍ എല്ലാം ശരിയാണെന്ന് ഉറപ്പുവരുത്തുകയും സുരക്ഷാ പരിശോധനയ്ക്ക് സജ്ജമാവുകയം വേണം. വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് പരമാവധി മെട്രോ ഉപയോഗിക്കണമെന്ന് അറിയിപ്പില്‍ പറയുന്നു. ഡിസംബര്‍ 31നും ജനുവരി ഒന്നിനും മെട്രോ ഏകദേശം മുഴുവന്‍ സമയം പ്രവര്‍ത്തിക്കും. യാത്രക്കാരുടെ ഒപ്പം വരുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
🇸🇦സൗദിയിൽ മഞ്ഞ് പൊഴിയും ദിനങ്ങൾ; തണുപ്പ് കൂടും
✒️സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും താപനില കുറയാൻ തുടങ്ങി. ബുധനാഴ്ചയോടെ പല പ്രദേശങ്ങളിലും കടുത്ത ശൈത്യം അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്ര (എൻ.എം.സി) വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തിന്റെ വടക്ക്, കിഴക്ക്, മധ്യ മേഖലകളിലാണ് താപനിലയിൽ കുറവ് അനുഭവപ്പെട്ട് തുടങ്ങിയത്. തബൂക്ക് മേഖലയിലെ ഉയർന്ന പ്രദേശങ്ങളായ ജബൽ അൽ-ലൗസ്, അലഖാൻ അൽ-ദഹർ, സൗദിയുടെ വടക്കൻ അതിർത്തിയിലെ അറാർ, തുറൈഫ്, അൽ-ഹസം, അൽ-ജലാമിദ് എന്നിവയുൾപ്പെടെയുള്ള ഭാഗങ്ങളിലാണ് ചൊവ്വ, ബുധൻ ദിവസങ്ങളിൽ മഞ്ഞുവീഴ്ച സാധ്യത നിലനിൽക്കുന്നത്. അൽ ജൗഫ് പ്രവിശ്യയിലെ ഖുറയാത്തിലും മഞ്ഞ് വീഴ്ചക്ക് സാധ്യതയുണ്ട്.
വടക്കൻ അതിർത്തി മേഖലയിലെ തുറൈഫിലും അൽ ഖുറയ്യാത്തിലുമാണ് രാജ്യത്തെ ഇക്കൊല്ലത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. മൂന്ന് ഡിഗ്രി സെൽഷ്യസാണ് ഇവിടങ്ങളിലെ താപനില. സൗദി അറേബ്യയിലെ ഏറ്റവും തണുപ്പുള്ള നഗരമായ തുറൈഫിൽ കുറഞ്ഞ താപനില മൈനസ് 12 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയ ചരിത്രമുണ്ട്. തുറൈഫിലെ വിശാലമായ സമതലങ്ങളിലും പർവതങ്ങളിലും ‘വെളുത്ത കടൽ’ പോലെ മഞ്ഞു പടരുന്നത് അത്ഭുതകരമായ കാഴ്ചയാണ്. ഈ കാലാവസ്ഥയിൽ പല രാത്രികളിലും ഇവിടങ്ങളിൽ മഞ്ഞ് വീണുകൊണ്ടിരുക്കും. സന്ദർശകർക്ക് അവിസ്മരണീയമായ അനുഭവം പകരുന്നതാണ് സൗദിയിലെ മഞ്ഞ് പൊഴിയുന്ന പ്രദേശങ്ങൾ.
കാലാവസ്ഥയിലെ മാറ്റങ്ങൾ തുടരുമെന്നും രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്‌ഥ കേന്ദ്രം വിശകലന വിദഗ്ധൻ അഖീൽ അൽ-അഖീൽ പറഞ്ഞു. ബുധനാഴ്ച വരെയുള്ള ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്ക്, അൽ-വജ്, ദുബ, ഉംലുജ്, ഷർമ, തൈമ എന്നിവിടങ്ങളിൽ മഴക്ക് സാധ്യതയുണ്ട്.
🇶🇦ആ ടിക്കറ്റുണ്ടോ? സൂക്ഷിച്ച് വെച്ചോളൂ... ‘വിലയേറിയ’ സ്വത്തായേക്കാം
✒️നിങ്ങൾ ഖത്തർ ലോകകപ്പിലെ ആവേശകരമായ അർജന്റീന-ഫ്രാൻസ് മത്സരം നേരിട്ട് കണ്ടിരുന്നോ? എന്നാൽ, ആ ടിക്കറ്റ് കളയരുത്. കുറച്ചുവർഷം കഴിഞ്ഞാൽ അതിന്റെ മൂല്യം ഒരുപക്ഷേ, നിങ്ങൾ സങ്കൽപിക്കുന്നതിന്റെ അനേക മടങ്ങ് അധികമായിരിക്കും.
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ കലാശക്കളി എന്ന വിശേഷണം ഡിസംബർ 18ന് ലുസൈൽ വേദിയൊരുക്കിയ ചരിത്രപ്പോരാട്ടം നേടിക്കഴിഞ്ഞു. ഒരുപടികൂടി മുമ്പോട്ടുകടന്ന്, ലോകകപ്പുകളുടെ സംഭവബഹുല ചരിത്രത്തിലെ എക്കാലത്തെയും മികച്ച മത്സരം എന്നുകൂടി പലരും ഖത്തറിലെ ഫൈനലിനെ വിലയിരുത്തുന്നുണ്ട്.
ഖത്തർ ലോകകപ്പിന്റെ ഓർമക്ക് സുവനീർ എന്ന നിലയിൽ കളികളുടെ ഫിസിക്കൽ ടിക്കറ്റുകൾ ലഭ്യമാക്കണമെന്ന ആവശ്യം ശക്തമായിരുന്നു. 15-30 വർഷം കഴിഞ്ഞാൽ ടിക്കറ്റിനുണ്ടാകുന്ന ‘മൂല്യവർധന’ മുൻനിർത്തിയാണ് ഫിസിക്കൽ ടിക്കറ്റിനായി ആവശ്യമുന്നയിക്കുന്നതെന്ന് ഇവരിൽ പലരും വാർത്താലേഖകരോട് വിശദീകരിക്കുന്നു.
ഉദാഹരണത്തിന്, 1986ൽ ഡീഗോ മറഡോണ നിറഞ്ഞാടിയ അർജന്റീന-ഇംഗ്ലണ്ട് മത്സരത്തിന്റെ ടിക്കറ്റ് ഇ-കോമേഴ്സ് കമ്പനിയായ ഇ-ബേ ഈയിടെ വിറ്റത് 15,000 യു.എസ് ഡോളറിന് (ഏകദേശം 12.28 ലക്ഷം രൂപ) ആയിരുന്നു. അതുപോലെ, നാലുവർഷം മുമ്പ് മാത്രം നടന്ന റഷ്യൻ ലോകകപ്പിലെ ഫ്രാൻസ്-ക്രൊയേഷ്യ ഫൈനലിന്റെ ടിക്കറ്റ് ആയിരം ഡോളറിനാണ് വിറ്റുപോയത്. ഖത്തറിലെ ഈ വർഷത്തെ അർജന്റീന-ഫ്രാൻസ് ഫൈനലിന്റെ ടിക്കറ്റിന് ദിവസങ്ങൾക്കകം ഇ-ബേയിൽ 500-642 ഡോളറിന് ഇടയിലാണ് ഇപ്പോൾ വില. ഓരോ വർഷം കൂടുന്തോറും ടിക്കറ്റിന് ഇനിയും വിലയേറെ വർധിക്കുമെന്നുറപ്പ്.
എല്ലാം ഡിജിറ്റലാവുകയും സ്ക്രീനിലൂടെ കാണുകയും ചെയ്യുന്ന കാലത്ത് ഫോണിലോ കമ്പ്യൂട്ടറിലോ അല്ലാതെ, യഥാർഥമായത് കാണുകയെന്നത് മികച്ച അനുഭവമാണ്. മാച്ച് ടിക്കറ്റ് കൈയിൽ സൂക്ഷിക്കുന്നതും ആ കടലാസിൽ തൊട്ടുനോക്കുന്നതും വിലപ്പെട്ട ഒരു ഫോട്ടോഗ്രാഫ് പോലെ തോന്നിക്കുന്നു. ഇത് സ്റ്റേഡിയത്തിൽ പ്രവേശിച്ചതിന്റെയും അർജന്റീനക്കുവേണ്ടി ആർത്തുവിളിച്ചതിന്റെയുമൊക്കെ ഓർമകൾ എന്നിൽ നിറയ്ക്കുന്നു’ -ഫൈനലിന്റെ ടിക്കറ്റ് കൈവശമുള്ള, സ്‍പെയിൻ സ്വദേശിയായ റാദ്‍വാ ഗാർസിയ പറയുന്നു. 2002 ഫിഫ ലോകകപ്പിൽനിന്ന് ലഭിച്ച ഏറ്റവും മികച്ച സുവനീറാണ് ഇതെന്നും ഫ്രെയിം ചെയ്ത് നേപ്പാളിലെ വീട്ടിൽ സൂക്ഷിക്കുമെന്നും ഫൈനലിന് സാക്ഷിയായ നേപ്പാൾകാരൻ ശ്രീശാഫി ടിക്കറ്റ് ചൂണ്ടിക്കാട്ടി പറഞ്ഞു.
സ്പോർട്സ് സുവനീറുകൾ സൂക്ഷിക്കുന്നത് സമീപകാലത്ത് വലിയ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഒരു വ്യവസായം എന്നനിലയിൽതന്നെ അത് വളർച്ചപ്രാപിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. പ്രതിവർഷ സംയുക്തവളർച്ച നിരക്കിൽ 9.7 ശതമാനമാണ് ‘സ്പോർട്സ് കലക്ടബിൾ ഇൻഡസ്ട്രി’യുടെ വർധന പ്രവചിക്കപ്പെടുന്നത്.
‘ഒരുനൂറ്റാണ്ടു മുമ്പ് ബേസ്ബാൾ കാർഡുകളുടെ ശേഖരത്തിന് ആളുകൾ താൽപര്യം കാട്ടിയ നാളുകളുമായി താരതമ്യം ചെയ്യുമ്പോൾ അതേറെ മാറിക്കഴിഞ്ഞു. വിപണനസൂത്രം എന്ന നിലയിൽ തുടങ്ങി ഹോബിയെന്ന നിലയിലേക്ക് മാറിയ കായിക സുവനീർ ശേഖരം ഇപ്പോൾ ഒരു നിക്ഷേപ തന്ത്രമെന്ന നിലയിലേക്ക് രൂപാന്തരപ്പെട്ടിട്ടുണ്ട്’ -‘സ്പോർട്സ് മെമറബിളിയ’ ശേഖരത്തെക്കുറിച്ച് 2003ലെ ഒരു പഠനത്തിൽ പറയുന്നതിങ്ങനെ.
ഖത്തർ ലോകകപ്പിൽ 30 ലക്ഷത്തിനടുത്ത് ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ജനുവരി മധ്യത്തോടെ കാണികളിൽ ആവശ്യക്കാർക്ക് സുവനീർ ടിക്കറ്റുകൾ നൽകുമെന്ന് ഫിഫ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറിജിനൽ ടിക്കറ്റുകൾ വാങ്ങിയവർക്കാണ് സുവനീർ ടിക്കറ്റുകൾ നൽകുന്നത്. 10 ഖത്തർ റിയാലായിരിക്കും ഒരു സുവനീർ ടിക്കറ്റിന്റെ നിരക്ക്. ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി സുവനീർ ടിക്കറ്റുകൾ അപേക്ഷകരുടെ വിലാസത്തിൽ അയച്ചുനൽകും.
0 Comments