Ticker

6/recent/ticker-posts

Header Ads Widget

അറബിക്കടലും പശ്ചിമഘട്ടവും 162 ഇനം പക്ഷികളെയും കാണാം; കോഴിക്കോട് ഇങ്ങനൊരു സ്ഥലമുണ്ട്



പക്ഷിനിരീക്ഷകരുടെ പറുദീസയായ ഒരു കുന്നുണ്ട് കോഴിക്കോട്. കാക്കൂര്‍ പഞ്ചായത്തിലെ പൊന്‍കുന്ന് കേരളത്തിലെ ഏറ്റവുമധികം പക്ഷിയിനങ്ങളെ കാണുന്ന സ്ഥലങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. 162 ഇനം പക്ഷികളെയാണ് ഇവിടെ കണ്ടെത്തിയിരിക്കുന്നത്. കോഴിക്കോട് നഗരത്തില്‍നിന്ന് 20 കിലോമീറ്റര്‍ അകെലെയുള്ള ചെങ്കല്‍മലയായ പൊന്‍കുന്ന് ദൃശ്യഭംഗിയാല്‍ ആകര്‍ഷണീയമായ പ്രദേശമാണ്.


ചെങ്കുത്തായ മലയുടെ മുകളില്‍നിന്ന് നോക്കിയാല്‍ അറബിക്കടലും പശ്ചിമഘട്ട മലനിരകളുമടക്കം ജില്ലയുടെ എല്ലാ ഭാഗങ്ങളും ദൃശ്യമാണ്. മനോഹരമായ സൂര്യോദയവും സൂര്യാസ്തമയവും കാണാന്‍ നൂറുകണക്കിന് സഞ്ചാരികള്‍ മലകയറാനെത്തുന്നു.

 സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ചുവരെയാണ് പക്ഷിനിരീക്ഷണത്തിന് ഏറ്റവും അനുയോജ്യമായ സമയം. ഡിസംബറിലാണ് ഏറ്റവുമധികം പക്ഷികളെ കാണാനാവുക.
പൊന്‍കുന്നിന്റെ സമീപപ്രദേശങ്ങളും വൃക്ഷനിബിഡമാണ്. കുറ്റിക്കാടുകള്‍ നിറഞ്ഞ പ്രദേശം. കുന്നിന്റെ കിഴക്കുചെരിവില്‍ കശുവണ്ടിത്തോട്ടവും വടക്കുചെരിവില്‍ അക്കേഷ്യ, മാഞ്ചിയം തോട്ടങ്ങളുമുണ്ട്. മഴക്കാലത്ത് മലയിലെ പുല്‍മേട് പച്ചപ്പണിഞ്ഞ് നില്‍ക്കുന്ന കാഴ്ച നയനാനന്ദകരമാണ്.

 വന്യമൃഗങ്ങള്‍ക്ക് അഭയമൊരുക്കുന്ന മൂന്നൂറു മീറ്റര്‍ വരെ ദൈര്‍ഘ്യമുള്ള സ്വാഭാവിക ഗുഹകളും മലയിലുണ്ട്. മലയില്‍ കുറ്റിച്ചെടികളും ഔഷധച്ചെടികളും ധാരാളമായി വളരുന്നു. പുല്‍മേടും ചെങ്കല്‍പ്പാറകളും ഒറ്റപ്പെട്ട വൃക്ഷങ്ങളും പലയിനം പക്ഷികള്‍ക്കും അനുയോജ്യമായ സ്ഥലമായി മലയെ മാറ്റുന്നു. പക്ഷികള്‍ക്കുപുറമേ കാട്ടുപന്നി, കുറുക്കന്‍, കാട്ടുപൂച്ച, കീരി, വെരുക്, അണ്ണാന്‍, എലികള്‍, പാമ്പുകള്‍, മുയല്‍ തുടങ്ങിയ ജീവികളുടെ ആവാസകേന്ദ്രമാണിവിടം. ചിത്രശലഭങ്ങള്‍, നിശാശലഭങ്ങള്‍, മറ്റ് കീടങ്ങള്‍ തുടങ്ങിയവയും ധാരാളമായി കാണപ്പെടുന്നു.

സമീപഗ്രാമങ്ങളുടെയെല്ലാം കുടിവെള്ള സ്രോതസ്സ് കൂടിയാണ് പൊന്‍കുന്ന്. കാക്കൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതി പൊന്‍കുന്നിലാണുള്ളത്. മലയുടെ മുകള്‍ ഭാഗം റവന്യൂ ഭൂമിയാണ്. താഴ്‌വാരങ്ങളില്‍ ഏറിയഭാഗവും സ്വകാര്യ വ്യക്തികളുടെ കൈവശത്തിലും.

പരുന്തുകളുടെ പറുദീസയായാണ് പൊന്‍കുന്ന് അറിയപ്പെടുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം പരുന്തിനങ്ങള്‍ കാണപ്പെടുന്ന ഒരിടവും പൊന്‍കുന്നാണ്. പരുന്തുകളെ കാണാനും നിരീക്ഷിക്കാനും ഏറ്റവും സൗകര്യപ്രദമായ സ്ഥലമാണ് പൊന്‍കുന്നിലെ പുല്‍പ്പരപ്പ്. 27 ജനുസ്സില്‍പ്പെട്ട പരുന്തുകള്‍ പൊന്‍കുന്നില്‍ കാണപ്പെടുന്നു. കേരളത്തിലാകെ 46 ഇനം പരുന്തുകളെയാണ് കണ്ടെത്തിയിട്ടുള്ളത്. എലി, മുയല്‍ വര്‍ഗത്തില്‍പ്പെടുന്ന ചെറുസസ്തനികളും പാമ്പുകളും പൊന്‍കുന്നില്‍ ധാരാളമുള്ളത് പരുന്തുകളെ ആകര്‍ഷിക്കുന്ന ഘടകമാണ്.

Post a Comment

0 Comments