2,500 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം. 93 നഗരങ്ങളിലായി ജലസ്രോതസ്സുകളുടെ നവീകരണം, പാര്‍ക്ക് നിര്‍മാണം, സ്വാശ്രയഗ്രൂപ്പുകളുടെ ഉത്പാദനപദ്ധതികള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് മുന്നൂറോളം പദ്ധതികള്‍ നടപ്പാക്കും.
ആലപ്പുഴ: സംസ്ഥാനത്തെ മുഴുവന്‍ നഗരങ്ങളുടെയും വികസനത്തിന് സര്‍ക്കാര്‍ തയ്യാറാക്കിയ അമൃത് രണ്ടാംഘട്ട പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. 2,500 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം.
93 നഗരങ്ങളിലായി ജലസ്രോതസ്സുകളുടെ നവീകരണം, പാര്‍ക്ക് നിര്‍മാണം, സ്വാശ്രയഗ്രൂപ്പുകളുടെ ഉത്പാദനപദ്ധതികള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് മുന്നൂറോളം പദ്ധതികള്‍ നടപ്പാക്കും.
ഒന്നാംഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പ്പറേഷനുകളിലും ആലപ്പുഴ, ഗുരുവായൂര്‍, പാലക്കാട് നഗരങ്ങളിലും മാത്രമാണ് പദ്ധതി നടപ്പാക്കിയിരുന്നത്. എന്നാല്‍, രണ്ടാംഘട്ടത്തില്‍ എല്ലാ ജില്ലയിലെയും നഗരങ്ങളില്‍ പദ്ധതി യാഥാര്‍ഥ്യമാക്കും.
93 നഗരങ്ങളില്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഇവയാണ്
തിരുവനന്തപുരം-അഞ്ച്, കൊല്ലം-അഞ്ച്, പത്തനംതിട്ട-നാല്, ആലപ്പുഴ-ആറ്, കോട്ടയം-ആറ്, ഇടുക്കി-രണ്ട്, എറണാകുളം-14, തൃശ്ശൂര്‍-എട്ട്, പാലക്കാട്-ഏഴ്, മലപ്പുറം-12, കോഴിക്കോട്-എട്ട്, വയനാട്-മൂന്ന്, കണ്ണൂര്‍-10, കാസര്‍കോട്-മൂന്ന് എന്നിങ്ങനെയാണ് ജില്ലതിരിച്ച് പദ്ധതി അനുമതി നേടിയ നഗരങ്ങളുടെ എണ്ണം.
രണ്ടുഘട്ടങ്ങളിലായാണ് അനുമതി നല്‍കിയതെന്ന് അമൃത് കേരള ഡെപ്യൂട്ടി എം.ഡി.യുടെ ചുമതലയുള്ള എം.കെ. വിജയകുമാര്‍ പറഞ്ഞു. 3,600 കോടി രൂപയുടെ പദ്ധതിയാണ് രണ്ടാംഘട്ടത്തില്‍ സമര്‍പ്പിക്കുന്നത്. ഇതില്‍ ആദ്യഘട്ടമായി 1,900 കോടി രൂപയുടെയും രണ്ടാംഘട്ടത്തില്‍ 600 കോടി രൂപയുടെയും പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി.
ബാക്കിയുള്ളവയുടെ അംഗീകാരവും ഉടനുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ 50 ശതമാനംവീതമാണ് പദ്ധതിക്കു മുതല്‍മുടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒന്നാംഘട്ടത്തില്‍ ജലവിതരണം, വീടുകളില്‍ കുടിവെള്ളമെത്തിക്കല്‍, മലിനജലസംസ്‌കരണം, ഓട, പാര്‍ക്ക്, നടപ്പാത, മേല്‍പ്പാലം, കക്കൂസ് മാലിന്യ സംസ്‌കരണ പ്ലാന്റ് എന്നിവയുടെ നിര്‍മാണം തുടങ്ങിയവയാണു ലക്ഷ്യമിട്ടത്. ഇതില്‍ കക്കൂസ്മാലിന്യ പദ്ധതികളൊഴികെ മിക്ക പദ്ധതികളും നടപ്പാക്കി.
രണ്ടാംഘട്ടത്തില്‍ ജലസ്രോതസ്സുകളുടെ നവീകരണത്തിനു പ്രാമുഖ്യം നല്‍കിയിട്ടുണ്ട്. തോടുകള്‍, പുഴകള്‍, കായലുകള്‍, കുളങ്ങള്‍ എന്നിവയുടെയെല്ലാം നവീകരണത്തിനും ശുചീകരണത്തിനും തുക വിനിയോഗിക്കാം. ഭൂരിഭാഗം നഗരസഭകളും ഇതിനായി പദ്ധതി തയ്യാറാക്കി നല്‍കി. ഇതിനുപുറമേ പാര്‍ക്കു നിര്‍മാണം, സ്വാശ്രയ ഗ്രൂപ്പുകള്‍ക്ക് ന്യൂട്രിമിക്സ് നിര്‍മാണംപോലുള്ള പദ്ധതികള്‍ എന്നിവയ്ക്കും സഹായധനം ലഭിക്കും.
2015-ലാണ് അമൃത് ഒന്നാംഘട്ട പദ്ധതിക്ക് അനുമതി നല്‍കിയത്. അഞ്ചുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കേണ്ടതായിരുന്നെങ്കിലും പലവിധ കാരണങ്ങളാല്‍ നീണ്ടുപോയി എട്ടാംവര്‍ഷത്തിലേക്കു കടന്നു. മാര്‍ച്ചില്‍ ഇതിന്റെ കാലാവധി തീരും.
0 Comments