Ticker

6/recent/ticker-posts

Header Ads Widget

യുവതലമുറയ്ക്ക് ബോധമുണ്ട്, ഞാന്‍ പറഞ്ഞാല്‍ എംഡിഎംഎ അടിക്കുമോ?- ഒമര്‍ ലുലു

നല്ല സമയം എന്ന ചിത്രത്തിലൂടെ മയക്കുമരുന്നിനെ മഹത്വവല്‍ക്കരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് സംവിധായകന്‍ ഒമര്‍ ലുലു. കേസില്‍ എക്‌സൈസിന് മുന്നില്‍ ഹാജരാകുമെന്നും വിശദീകരണം കൊടുക്കുമെന്നും ഒമര്‍ ലുലു പറഞ്ഞു.

ചിത്രത്തിന്റെ ട്രെയ്‌ലറിനെതിരേ എക്‌സൈസ് കേസ് എടുത്തിട്ടുണ്ട്. ചിത്രം തിയേറ്ററില്‍ നിന്ന് അണിയറപ്രവര്‍ത്തകര്‍ പിന്‍വലിച്ചു.
ട്രെയ്‌ലര്‍ മാത്രം നോക്കാതെ സിനിമ കൂടി കണ്ടാല്‍ അഭിപ്രായം മാറും.

യൂട്യൂബില്‍ ഒരു വീഡിയോ അപ്ലോഡ് ചെയ്യണമെങ്കില്‍ അതിന്റേതായ പോളിസികളുണ്ട്. അത് പാലിക്കപ്പെട്ടതുകൊണ്ടായിരിക്കാം ട്രെയ്‌ലര്‍ അപ്ലോഡായത്. മയക്കുമരുന്നിനെ മഹത്വവല്‍ക്കരിക്കാന്‍ ശ്രമിച്ചിട്ടില്ല. യുവതലമുറയ്ക്ക് ബോധമുണ്ട്, താന്‍ പറഞ്ഞാല്‍ എംഡിഎംഎ അടിക്കുമോ എന്നും ഒമര്‍ ലുലു ചോദിച്ചു.

അതേ സമയം, നല്ല സമയം പിന്‍വലിച്ചതും സിനിമയുടെ ട്രെയിലറിനെതിരേ എടുത്ത കേസും തമ്മില്‍ ബന്ധം ഇല്ലെന്ന് എക്‌സൈസ് വകുപ്പ് വ്യക്തമാക്കി. നേരിട്ട് ഹാജരായില്ലെങ്കില്‍ തുടര്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നും എക്സൈസ് അറിയിച്ചു.

വെള്ളിയാഴ്ചയാണ് ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയം തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന്റെ ടീസറില്‍ കഥാപാത്രങ്ങള്‍ മാരക ലഹരി വസ്തുവായ എം.ഡി.എം.എ ഉപയോഗിക്കുന്നരംഗമാണ് മുഴുനീളം. ഇതിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളും ഒപ്പം ചേര്‍ത്തിരുന്നു. ഇതാണ് പരാതിയിലേക്കും ഒമര്‍ ലുലുവിനും നിര്‍മാതാവിനുമെതിരെയുള്ള നടപടിയിലേക്കും നയിച്ചത്. സിനിമയുടെ റിലീസിന് ശേഷം അതിലെ ഒരു നായിക മയക്കുമരുന്ന് ഉപയോഗത്തെ അനുകൂലിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതും വിവാദമായിരുന്നു.

ഇര്‍ഷാദാണ് ചിത്രത്തില്‍ നായകന്‍. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവൈബത്തുല്‍ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളാണ് നായികമാര്‍. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ബോര്‍ഡ് നല്‍കിയത്. ശാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാരിയര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഹാപ്പി വെഡ്ഡിങ്, ചങ്ക്‌സ്, ഒരു അഡാറ് ലൗ, ധമാക്ക എന്നീ സിനിമകള്‍ക്കു ശേഷം ഒമര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നല്ല സമയം'. നവാഗതനായ കലന്തൂര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം.

Post a Comment

0 Comments