Ticker

6/recent/ticker-posts

Header Ads Widget

പേരയ്ക്ക പറിച്ചെന്നാരോപിച്ച് ആക്രമിച്ച സംഭവം; കുട്ടിയുടെ തുടയെല്ല് രണ്ടിടത്ത് പൊട്ടി

പെരിന്തൽമണ്ണ: ‘ഞാനൊന്നും ചെയ്തില്ല. പേരയ്ക്ക പറിക്കുകയോ കല്ലെറിയുകയോ ചെയ്തിട്ടില്ല. സ്കൂട്ടറിലെത്തി അയാൾ ചോദിച്ചപ്പോഴും ഇതുതന്നെയാണ് പറഞ്ഞത്. പോകാൻനിന്നപ്പോൾ എന്നെ ചവിട്ടിവീഴ്ത്തി. വീണിടത്തുനിന്ന് തട്ടിപ്പിടഞ്ഞെഴുന്നേറ്റ് ഓടുമ്പോൾ പിന്നാലെയെത്തി വീണ്ടും ആക്രമിച്ചു’- വേദന കടിച്ചമർത്തി, ആശുപത്രിക്കിടക്കയിൽ കിടന്ന് അവൻ പറഞ്ഞു.


പേരയ്ക്ക പറിച്ചെന്നാരോപിച്ച് വാഴേങ്കട കുനിയൻകാട്ടിൽ അഷ്‌റഫാണ് അവനെ ആക്രമിച്ചത്. സ്‌കൂട്ടറിടിപ്പിച്ചും ചവിട്ടേറ്റും സാരമായി പരിക്കേറ്റ ആ പന്ത്രണ്ടുകാരൻ പെരിന്തൽമണ്ണ എം.ഇ.എസ്. മെഡിക്കൽ കോളേജ് ആശുപത്രിയിലാണുള്ളത്. ഇടത്തേ കാലിന്റെ തുടയെല്ല് രണ്ടു ഭാഗത്തുമായി പൊട്ടി. ശസ്ത്രക്രിയ നടത്തി കമ്പിയിട്ടു. കാലിന്റെ ഞെരിയാണിയിലും മുറിവുണ്ട്.

‘സ്കൂട്ടർ ഇടിപ്പിച്ചതിനൊപ്പം ചവിട്ടുകയും ചെയ്തു. അയാൾക്കും എന്റെ പ്രായത്തിലൊരു കുട്ടിയുണ്ട്. ഇത്രയൊക്കെ ചെയ്തിട്ടും അയാൾ തിരിഞ്ഞുനോക്കിയില്ല. കൂടെയുള്ള കുട്ടികൾ പോയി വിളിച്ചതനുസരിച്ച് അയാളുടെ അനുജനാണ് ഓടിയെത്തി ആശുപത്രിയിലെത്തിച്ചത്. പന്തുകളിക്കുമ്പോൾ പറ്റിയതാണെന്ന് പറയാൻ അയാൾ ആവശ്യപ്പെട്ടു’- കുട്ടി പറഞ്ഞു.

കുട്ടി പോലീസിനോട് പറഞ്ഞത്‌

:ഞായറാഴ്ച വൈകീട്ട് നാലോടെ ബിടാത്തി കളത്തിൽകുണ്ട് റോഡിലാണ് സംഭവം. രാവിലെ കൂട്ടുകാർക്കൊപ്പം പന്തുകളിക്കാൻ പോയി.
കളി കഴിഞ്ഞ് കളത്തിൽകുണ്ട് റോഡിലെത്തിയതും തൊട്ടടുത്ത വീട്ടിൽനിന്നൊരാൾ സ്‌കൂട്ടർ ഓടിച്ചുവന്ന് അടുത്തുനിർത്തി. ‘ആരാടാ എന്റെ വീട്ടിലേക്ക് കല്ലെറിഞ്ഞത്’ എന്നു ചോദിച്ചു. ഞങ്ങളാരും എറിഞ്ഞില്ലെന്ന് പറഞ്ഞ്‌ പോകാൻനിന്നപ്പോൾ അയാൾ ചവിട്ടി വീഴ്ത്തി. നിലത്തുവീണ ഞാൻ തട്ടിപ്പിടഞ്ഞെഴുന്നേറ്റ് ഓടി. അയാൾ പിന്നാലെ സ്‌കൂട്ടർ ഓടിച്ചുവന്ന് എന്റെ കാലിൽ ഇടിച്ചുവീഴ്ത്തി.

കൂട്ടുകാർ അടുത്ത വീട്ടിൽ പറഞ്ഞു. അവിടെയുള്ളയാൾ കാറിൽ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെത്തിച്ചു. അവിടെനിന്ന് ഇവിടെയെത്തിച്ച് പരിശോധിച്ചപ്പോഴാണ് എല്ലിനു പൊട്ടലുണ്ടെന്ന് ഡോക്ടർ പറഞ്ഞത്.

നെഞ്ചുലഞ്ഞ് മാതാവ്‌

:പേരയ്ക്ക വീണ് വീടിന്റെ ചില്ലു പൊട്ടിയെന്നും പേടിപ്പിക്കാൻ സഹോദരൻ സ്‌കൂട്ടറുമായി പോയപ്പോൾ തട്ടിത്തടഞ്ഞ് വീണ് കുട്ടിയുടെ കാലിന്റെ എല്ല്‌ പൊട്ടിയെന്നുമാണ് ഇവർ ഫോണിൽ വിളിച്ചറിയിച്ചത്. ഉടൻ ആശുപത്രിയിലെത്തി. ധൈര്യം പകർന്നതോടെ കൃത്യമായ വിവരങ്ങൾ കുട്ടി നൽകി. ശസ്ത്രക്രിയയ്ക്കും മറ്റുമായി രണ്ടു ലക്ഷം രൂപയോളം ചെലവുവരുമെന്നാണ് പറഞ്ഞത്. സാമ്പത്തികമായി പിന്നാക്കമാണ്. പ്രധാനമന്ത്രിയുടെ ഇൻഷുറൻസ് പദ്ധതിയുള്ളതിനാലാണ് ഇവിടേക്ക്‌ മാറ്റിയത്.

കുട്ടിയെ വാര്‍ഡിലേക്ക് മാറ്റി

:ശസ്ത്രക്രിയയ്ക്കുശേഷം ചൊവ്വാഴ്ച രാത്രി ഓർത്തോ വാർഡിലേക്ക് മാറ്റി. ആശുപത്രി വിടുന്നതിനെക്കുറിച്ച് അറിയിക്കാമെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. എഴുന്നേറ്റിരിക്കാനും കാൽ ഇളക്കാനും പറഞ്ഞിട്ടുണ്ട്. ഭേദമാകാൻ ആഴ്ചകളെടുത്തേക്കും. മാതാവും മാതൃസഹോദരനും കുട്ടിക്കൊപ്പമുണ്ട്.

 ആരോഗ്യമന്ത്രിയുടെ ഇടപെടലിനെത്തുടർന്ന് ശസ്ത്രക്രിയ അടക്കമുള്ള കാര്യങ്ങൾ വേഗത്തിലായി. പ്രയാസങ്ങളില്ലെന്ന് ഉറപ്പാക്കാനും വകുപ്പിന്റെ പിന്തുണ അറിയിക്കുന്നതിനും ജില്ലാ ശിശുസംരക്ഷണ ഓഫീസർ ഗീതാഞ്ജലി കഴിഞ്ഞ ദിവസം കുട്ടിയെ സന്ദർശിച്ചു. ആശുപത്രിക്കാരിൽനിന്ന് വിവരങ്ങൾ തേടി. സ്‌കൂളിലെ അധ്യാപകരും മദ്രസ അധ്യാപകനുമടക്കം കുട്ടിയെ സന്ദർശിച്ചു.

പ്രതി റിമാൻഡിൽ

പെരിന്തൽമണ്ണ പോലീസ് അറസ്റ്റ്‌ ചെയ്ത വാഴേങ്കട കുനിയൻകാട്ടിൽ അഷ്‌റഫിനെ (49) കോടതി റിമാൻഡ് ചെയ്തു. തടഞ്ഞുവെച്ചതിനും മാരകമായി പരിക്കേൽപ്പിച്ചതിനുമുള്ള വകുപ്പുകൾ പ്രകാരമാണ് ഇയാളുടെ പേരിൽ കേസെടുത്തത്. പോലീസിനോടും ജില്ലാ ശിശുസംരക്ഷണ ഓഫീസറോടും ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി.

Post a Comment

0 Comments