Ticker

6/recent/ticker-posts

Header Ads Widget

പോലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർത്തിയയാൾ അറസ്റ്റിൽ

അന്തിക്കാട്: പോലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർത്തിയ ആളെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ പോലീസ് സൂപ്രണ്ടിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ചാഴൂർ നമ്പേരിവീട്ടിൽ സമ്പത്ത് (40) അറസ്റ്റിലായത്.
പോലീസ് ഉപയോഗിക്കുന്ന രീതിയുള്ള ഹാൻഡ്സെറ്റ് ഇയാളുടെ വീട്ടിൽനിന്ന്‌ പോലീസ് കണ്ടെടുത്തു. കൂടാതെ വീടിനു മുകളിൽ ഏരിയലും സ്ഥാപിച്ചിരുന്നു. ലാപ്ടോപ്പും മറ്റു ഉപകരണങ്ങളും ഉണ്ടായിരുന്നു. ഇതിൽ പോലീസ് വയർലെസിന്റെ ബാൻഡ്‌ വിഡ്ത് അഡ്‌ജസ്റ്റ് ചെയ്താണ് സന്ദേശങ്ങൾ ചോർത്തിയത്.


ഹാൻഡ്സെറ്റ് ഓൺലൈനായി വാങ്ങിയതാണെന്നാണ് പോലീസ് പറഞ്ഞത്. ഈ സംവിധാനം വഴി സന്ദേശങ്ങൾ കേൾക്കാൻ മാത്രമേ സാധിച്ചിരുന്നുള്ളൂ. തിരിച്ച് സന്ദേശം നൽകാനുള്ള സംവിധാനമില്ലായിരുന്നു. ഇത്തരം സന്ദേശങ്ങൾ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയില്ലെന്നും പോലീസ് പറയുന്നു. അബുദാബിയിലെ പ്രതിരോധ-ഐ.ടി. മേഖലകളിൽ ടെക്‌നീഷ്യനായി ജോലിചെയ്തതിലൂടെയുള്ള സാങ്കേതികപരിജ്ഞാനവും സന്ദേശങ്ങൾ ചോർത്താൻ ഉപയോഗിച്ചു.

അഞ്ചുവർഷമായി ഇയാൾ നാട്ടിലുണ്ട്. ഇലക്‌ട്രോണിക്സ് എൻജിനീയറിങ് ബിരുദധാരിയാണ്. പോലീസിന്റെ ടെലികമ്യൂണിക്കേഷൻ വിഭാഗവും സൈബർ സെല്ലും ഇയാളുടെ വീട്ടിൽ പരിശോധന നടത്തി.
വ്യോമഗതാഗത സംവിധാനങ്ങൾപോലും നിരീക്ഷിക്കാനുള്ള സൗകര്യങ്ങൾ ഈ വയർലെസ് സംവിധാനത്തിൽ ഉണ്ടെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള സൂചന. അന്തിക്കാട് എസ്.എച്ച്.ഒ. പി.കെ. ദാസ്, എസ്.ഐ.മാരായ എം.സി. ഹരീഷ്, പി.കെ. പ്രദീപ്, സി.പി.ഒ. മുരുകദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനയും അറസ്റ്റും നടന്നത്. പ്രതിയെ പോലീസ് വിശദമായി ചോദ്യംചെയ്തുവരുകയാണ്.

Post a Comment

0 Comments