Ticker

6/recent/ticker-posts

Header Ads Widget

റിപ്പബ്ലിക് ദിന പരേഡിന് 'സ്ത്രീശക്തി'യുമായി കേരളം; പ്ലോട്ട് ബേപ്പൂര്‍ ഉരുവിന്റെ മാതൃകയില്‍കേരളത്തെ പ്രതിനിധാനംചെയ്യുന്നത് വനിതകള്‍


ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ സ്ത്രീശക്തിയും നാടന്‍കലാ പാരമ്പര്യവും അണിനിരക്കുന്ന പ്ലോട്ടുമായി കേരളം. വനിതകള്‍മാത്രമുള്ള 24 അംഗ സംഘമാണ് കേരളത്തെ പ്രതിനിധാനംചെയ്ത് കലാവതരണം നടത്തുക. കേരളത്തില്‍നിന്ന് ആദ്യമായി ഇത്തവണ ഗോത്രനൃത്തവുമുണ്ട്. കളരിപ്പയറ്റ്, ശിങ്കാരിമേളം എന്നിവയും അണിനിരക്കും. സാക്ഷരതാ മിഷനെയും കുടുംബശ്രീ പദ്ധതിയെയും നിശ്ചലദൃശ്യത്തില്‍ ഉയര്‍ത്തിക്കാട്ടും.


ബേപ്പൂര്‍ ഉരുവിന്റെ മാതൃകയിലാണ് പ്ലോട്ട് തയ്യാറാക്കുന്നത്. സുഗന്ധവ്യഞ്ജനങ്ങളുടെ മാതൃകയുമുണ്ട്. 96-ാം വയസ്സില്‍ സാക്ഷരതാ പരീക്ഷ ജയിച്ച് 2020-ലെ നാരീശക്തി പുരസ്‌കാരത്തിനര്‍ഹയായ ചേപ്പാട് സ്വദേശി കാര്‍ത്യായനി അമ്മയുടെ പ്രതിമയാണ് നിശ്ചലദൃശ്യത്തില്‍ മുന്നിലുള്ളത്.
ദേശീയ ചലച്ചിത്ര പുരസ്‌കാരജേതാവ് നഞ്ചിയമ്മയുടെ നേതൃത്വത്തിലുള്ള അട്ടപ്പാടിയിലെ ഗോത്രകലാമണ്ഡലത്തിലെ കലാകാരികളാണ് ഇരുളനൃത്തം അവതരിപ്പിക്കുക. ഡല്‍ഹി നിത്യചൈതന്യ കളരിസംഘത്തിലെ ബി.എന്‍. ശുഭയും മകള്‍ ദിവ്യശ്രീയും കളരിപ്പയറ്റ് അവതരിപ്പിക്കും.

കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ കുടുംബശ്രീയുടെ സപ്തവര്‍ണ സംഘമാണ് ശിങ്കാരിമേളക്കാര്‍.
കഴിഞ്ഞവര്‍ഷം പരേഡില്‍ കേരളത്തിന്റെ ദൃശ്യത്തിന് അംഗീകാരം ലഭിച്ചിരുന്നില്ല. 2013-ല്‍ കേരളത്തിന് സ്വര്‍ണമെഡല്‍ ലഭിച്ചിരുന്നു.
ഡല്‍ഹിയിലെ കേരളസര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ. തോമസാണ് ടീം ലീഡര്‍. ഡല്‍ഹി കേന്ദ്രമായ റോയ് ജോസഫാണ് രൂപകല്പന നിര്‍വഹിച്ചത്. സംഗീതം നഞ്ചിയമ്മ. എസ്. പളനിസ്വാമി (ഗോത്രനൃത്തം), കലാമണ്ഡലം അഭിഷേക് (ശിങ്കാരിമേളം) എന്നിവരാണ് കൊറിയോഗ്രാഫി.

Post a Comment

0 Comments