നടൻ സുരേഷ് ഗോപിയുടെ ശബ്ദവുമായുള്ള സാമ്യത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ വ്യക്തിയാണ് എക്സൈസ് ഓഫീസർ അബ്ദുൾ ബാസിത്. എന്നാൽ ബാസിത്തിന്റേത് മിമിക്രിയാണെന്നും യഥാർഥ ശബ്ദം സുരേഷ് ഗോപിയുടെ ശൈലിയുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്നുമുള്ള വിമർശനങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു. ഇതിനെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം.
ജീവിതകാലം മുഴുവൻ സുരേഷ് ഗോപിയുടെ ശബ്ദത്തിൽ ജീവിക്കുന്ന ഒരാളായി ആരും തന്നെ തെറ്റിദ്ധരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ബോധവത്ക്കരണ ക്ലാസുകളിലും സ്റ്റേജ് പ്രകടനങ്ങളിലും ഒരു നല്ല കാര്യത്തിന് വേണ്ടി മാത്രമാണ് വോയ്സ് മോഡുലേഷൻ വരുത്തുന്നത്. സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി മാത്രമാണ്, അതല്ലാതെ ഇതിൽ വേറൊന്നുമില്ല. അച്ഛനും അമ്മയും മക്കളുമടങ്ങുന്ന സന്തോഷം നിറഞ്ഞ ഒരു കുടുംബത്തിൽ വേറെ ഒരു ദുഷിച്ച ഇടപെടലുകളും വരാതിരിക്കാൻ വേണ്ടി, ഓരോ കുടുംബത്തേയും സ്വന്തം കുടുംബമായി കണ്ട് നല്ലൊരു സന്ദേശം എല്ലാവരിലും എത്തിക്കാനാണ് താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ബാസിത് പറഞ്ഞു.
"എന്റെ വിഡിയോസ് കാണുന്ന ഒരുപാട് പേർ നല്ല അഭിപ്രായം പറയാറുണ്ട്. സമൂഹത്തെ ബാധിച്ചുകൊണ്ടിരിക്കുന്ന ലഹരിക്കെതിരെ പോരാടാനാണ് ഞാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. പല വേദികളിലും വളരെ ഇമോഷനലായി സംസാരിച്ചിട്ടുണ്ട്. അത് അനുഭവങ്ങളിലൂടെയാണ് സംസാരിക്കുന്നത്. എന്റെ ക്ലാസുകളിലെ ശബ്ദത്തിന്റെ മോഡുലേഷൻ സുരേഷ് ഗോപി സാറിന്റേതുമായി സാമ്യമുണ്ടെന്ന് പറഞ്ഞിരുന്നു. അതുമായി ബന്ധപ്പെട്ട് പല ചർച്ചകളും ഉയരുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു വിഡിയോയുമായി നിങ്ങളുടെ മുന്നിലെത്തിയത്.
ലഹരി അവബോധത്തെക്കുറിച്ച് ക്ലാസുകൾ എടുക്കുന്ന സമയത്ത് സുരേഷ് ഗോപി സാറിന്റെ ശബ്ദത്തിന്റെ മോഡുലേഷൻ കൊണ്ടുവരുമ്പോൾ അത് കൂടുതൽ ആളുകളിലേക്ക് എത്തിപ്പെടുന്നതായി കണ്ടിട്ടുണ്ട്." ബാസിത് ചൂണ്ടിക്കാട്ടി.
വികാരപരമായ ചില കാര്യങ്ങൾ പറയുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദവുമായുള്ള സാമ്യം പല വേദികളും വരാറുണ്ട്. സംസാരിക്കുമ്പോൾ ചില ഭാഗങ്ങളിൽ സുരേഷേട്ടന്റെ ശബ്ദവുമായി സാമ്യം വരാറുണ്ട്. സൗണ്ട് മോഡുലേഷനെ മാത്രം മനസ്സിൽ വച്ചുകൊണ്ട് അതിലെ സന്ദേശങ്ങൾ നിങ്ങൾ മറക്കരുത്. എല്ലാ സന്ദേശങ്ങളും കേരളത്തിലെ കുടുംബങ്ങൾക്കുവേണ്ടി പറയുന്നതാണ്.
വികാരപരമായ ചില കാര്യങ്ങൾ പറയുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദവുമായുള്ള സാമ്യം പല വേദികളും വരാറുണ്ട്. സംസാരിക്കുമ്പോൾ ചില ഭാഗങ്ങളിൽ സുരേഷേട്ടന്റെ ശബ്ദവുമായി സാമ്യം വരാറുണ്ട്. സൗണ്ട് മോഡുലേഷനെ മാത്രം മനസ്സിൽ വച്ചുകൊണ്ട് അതിലെ സന്ദേശങ്ങൾ നിങ്ങൾ മറക്കരുത്. എല്ലാ സന്ദേശങ്ങളും കേരളത്തിലെ കുടുംബങ്ങൾക്കുവേണ്ടി പറയുന്നതാണ്.
അവരിലേക്കെത്താൻ സംസാര രീതിയിലെ ചിലഭാഗങ്ങളിൽ മാത്രം മോഡുലേഷൻ വരുത്തുന്നു. താൻ പറയുന്ന സന്ദേശങ്ങൾ മാത്രം എടുക്കണമെന്നും തന്റെ ശബ്ദത്തിലേക്ക് മാത്രമായി ചർച്ചകൾ ഒതുങ്ങരുതെന്നും പറഞ്ഞുകൊണ്ടാണ് ബാസിത് വീഡിയോ അവസാനിപ്പിക്കുന്നത്.
0 Comments