Ticker

6/recent/ticker-posts

Header Ads Widget

ചുരത്തില്‍വെച്ച് കുരങ്ങ് താക്കോല്‍ തട്ടിയെടുത്ത് ഓടി, തിരിച്ചെടുക്കാനിറങ്ങിയയാള്‍ കൊക്കയില്‍വീണു

കല്പറ്റ: താമരശ്ശേരി ചുരത്തിലെ വ്യൂ പോയന്റില്‍വെച്ച് കുരങ്ങ് തട്ടിയെടുത്തുകൊണ്ടുപോയ താക്കോല്‍ തിരിച്ചെടുക്കാനിറങ്ങിയയാള്‍ അമ്പതടിയോളം താഴ്ചയിലേക്ക് വീണു. മലപ്പുറം പൊന്‍മള സ്വദേശി അയമുവാണ്(40) വീണത്. ശനിയാഴ്ച വൈകീട്ട് അഞ്ചേമുക്കാലോടെയാണ് സംഭവം.
വ്യൂപോയന്റില്‍ നില്‍ക്കുന്നതിനിടയിലാണ് അയമുവിന്റെ കൈയില്‍നിന്ന് കുരങ്ങ് താക്കോല്‍ തട്ടിയെടുത്ത് താഴെയിട്ടത്.

 വ്യൂപോയന്റിലെ കൈവരികടന്ന് താഴേക്കിറങ്ങി താക്കോല്‍ എടുത്ത് തിരിച്ചുകയറുമ്പോഴാണ് കാല്‍വഴുതി അമ്പതടിയോളം താഴ്ചയിലേക്ക് വീണതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വിവരമറിഞ്ഞയുടന്‍തന്നെ കല്പറ്റയില്‍നിന്ന് അഗ്‌നിരക്ഷാസേനയെത്തി കയര്‍കെട്ടിയിറങ്ങി സ്ട്രെക്ചറില്‍ മുകളിലെത്തിക്കുകയായിരുന്നു. 

അഗ്‌നിരക്ഷാസേനയെത്തുമ്പോള്‍ മരങ്ങള്‍ക്കിടയില്‍ വീണുകിടക്കുകയായിരുന്നു. വീഴ്ചയില്‍ കാലിന് നിസ്സാരപരിക്കേറ്റു. ഭാഗ്യംകൊണ്ടാണ് വലിയപരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടതെന്നും ആളുകള്‍ പറഞ്ഞു. മലപ്പുറത്തുനിന്ന് കാറില്‍ ബന്ധുക്കള്‍ക്കൊപ്പം വയനാട്ടിലെത്തിയതായിരുന്നു.

വയനാട് ജില്ലാ ഫയര്‍ ഓഫീസര്‍ മൂസ വടക്കേതിലിന്റെ നേതൃത്വത്തില്‍ കല്പറ്റ സ്റ്റേഷന്‍ ഓഫീസര്‍ പി.കെ. ബഷീര്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ വി. ഹമീദ്, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ. സുരേഷ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ എം.എസ്. സുജിത്ത്, പി.കെ. മുകേഷ്, കെ.ആര്‍. രഞ്ജിത്, എം.വി. ദീപ്ത് ലാല്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡ്രൈവര്‍മാരായ എ.ആര്‍. രാജേഷ്, ടി. രഘു, ഹോംഗാര്‍ഡുമാരായ പി.കെ. രാമകൃഷ്ണന്‍, വി.ജി. രൂപേഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Post a Comment

0 Comments