'ഇനി നിന്നിട്ട് കാര്യമില്ല', നിരോധനം ഏർപ്പെടുത്തി മൂന്ന് വര്ഷം പിന്നിടുമ്പോൾ ഇന്ത്യയിലെ ഓഫീസ് അടച്ചുപൂട്ടി ടിക് ടോക്ക്. രാജ്യത്തെ ജീവനക്കാരെയും കമ്പനി പിരിച്ചുവിട്ടു
ദില്ലി: നിരോധനത്തിന് ഏകദേശം മൂന്ന് വർഷത്തിന് ശേഷം ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്ക് ഇന്ത്യയിലെ ഓഫീസ് അടച്ചുപൂട്ടി. ഇന്ത്യയിലെ 40 ജീവനക്കാരെയും കമ്പനി പിരിച്ചുവിട്ടു. പിരിച്ചുവിട്ട തൊഴിലാളികൾക്ക് 9 മാസത്തെ പിരിച്ചുവിടൽ ശമ്പളം നൽകും.
200 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ടിക് ടോക്കിനെ 2020 ലാണ് നിരോധിച്ചത്. ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി 300 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചതിനൊപ്പമാണ് ടിക് ടോക്കിനും നിരോധനം വന്നത്. 2019ൽ ആൻഡ്രോയിഡിൽ ഇന്ത്യയിൽ ഏറ്റവുമധികം ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പ് ടിക് ടോക്കണ്. 15 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ആപ്പ് ആയിരുന്നു ഇത്.
അതേസമയം, 2021 ൽ അമേരിക്കയിലും ടിക് ടോക്കിന് നിരോധനം നേരിട്ടു. യുഎസ് പൗരന്മാരുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നതിനായി ചൈന ഉപയോക്തൃ ഡാറ്റ ആക്‌സസ് ചെയ്യുന്നു എന്ന റിപ്പോർട്ടുകൾ വന്നതോടുകൂടി രാജ്യത്ത് ആപ്പിന്റെ ഉപയോഗം പരിമിതപ്പെടുത്താനുള്ള ശ്രമങ്ങൾ ശക്തമാക്കി.
ഇന്ത്യക്കും അമേരിക്കക്കും പിന്നാലെ ടിക് ടോക് പാകിസ്ഥാനിലും നിരോധിച്ചിരുന്നു നിയമവിരുദ്ധമായ ഉള്ളടക്കം പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പാകിസ്ഥാന്‍ ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റി ചൈനീസ് ആപ്പിനെ വിലക്കിയത്. പാകിസ്ഥാന്റെ തീരുമാനം ചൈനീസ് ആപ്പിന് കനത്ത തിരിച്ചടിയാണ് നൽകിയത്.
ചൈനീസ് ടെക് ഭീമന്മാരായ ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍മീഡിയാ ആപ്പാണ് ടിക് ടോക്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയാണ് ആദ്യം ടിക് ടോക് നിരോധിച്ചത്. ഗല്‍വാന്‍ സംഘര്‍ഷത്തിന് പിന്നാലെയാണ് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയത്. ടിക് ടോകിന് ഏറ്റവും കൂടുതല്‍ ഉപയോക്താക്കള്‍ ഇന്ത്യയില്‍ നിന്നായിരുന്നു. തൊട്ടുപിന്നാലെ അമേരിക്കയും ടിക് ടോക് നിരോധിച്ചു.
0 Comments