Ticker

6/recent/ticker-posts

Header Ads Widget

കൊവിഡ് ഭാര്യയെയും മകളേയും കവര്‍ന്നു; വൃക്ക രോഗിയായ അയ്യപ്പനെ മോഷ്ടാവും


കൊവിഡ് ബാധിച്ച് ഭാര്യയും മകളും മരിച്ചതിനാല്‍ ആശ്രയിക്കാന്‍ ആരുമില്ല. ഡയാലിസിസിന് ശേഷം ലോട്ടറി വാങ്ങി വില‍്ക്കും. ഇങ്ങനെ വാങ്ങിയ ലോട്ടറിയും ബാക്കിയുള്ള പണവുമാണ് മോഷ്ടാവ് കവര്‍ന്നത്. 


തൊടുപുഴ: തൊടുപുഴയില്‍ ചികില്‍സാ ചിലവിനായി ലോട്ടറി വില്‍പ്പന നടത്തുന്ന വൃക്കരോഗിയെ കൊള്ളയടിച്ച് മോഷ്ടാക്കള്‍. രോഗിയായ 60 വയസുകാരന്‍ അയ്യപ്പന്‍റെ രണ്ടായിരം രൂപയുടെ ലോട്ടറിയും അത്രതന്നെ പണവുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.  പട്ടാപകല്‍ നഗരമധ്യത്തില‍് വെച്ചാണ് അതിക്രമം നടന്നത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

തൊടുപുഴ പഞ്ചവടി ലക്ഷം വീട് കോളനിയിലെ അയ്യപ്പന്‍ ലോട്ടറി വില്‍പനകാരനായത് മറ്റൊരു ജോലിയും ചെയ്യാന്‍ വയ്യാത്ത ഘട്ടമെത്തിയപ്പോഴാണ്. ആഴ്ച്ചയില്‍ മുന്നു ഡയാലിസിസ് വേണം. അതിന് പണം കണ്ടെത്തണം. കൊവിഡ് ബാധിച്ച് ഭാര്യയും മകളും മരിച്ചതിനാല്‍ ആശ്രയിക്കാന്‍ ആരുമില്ല. ഡയാലിസിസിന് ശേഷം ലോട്ടറി വാങ്ങി വില‍്ക്കും. ഇങ്ങനെ വാങ്ങിയ ലോട്ടറിയും ബാക്കിയുള്ള പണവുമാണ് മോഷ്ടാവ് കവര്‍ന്നത്. 

ക്ഷീണം സഹിക്കാതെ ഒന്ന് മയങ്ങിപ്പോയ ആ നിമിഷത്തെയാണ് ഈ പാവം ഇപ്പോള്‍ ശപിക്കുന്നത്. വിവരമറിഞ്ഞ തൊടുപുഴ പൊലീസ് സ്ഥലത്ത് നേരിട്ടെത്തി പരാതി വാങ്ങുകയായിരുന്നു. മോഷ്ടാവിനെ ഉപദ്രവിക്കരുതെന്നാണ് പൊലീസിനോട് പരാതി നല്‍കുമ്പോഴും അയ്യപ്പന്‍ ആവശ്യപെട്ട ഏക കാര്യം. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് മോഷ്ടാവിനെ തിരയുകയാണ് പൊലിസിപ്പോള്‍. 

മോഷ്ടാവിനെകുറിച്ച് ആരെങ്കിലു തിരിച്ചറിഞ്ഞാല്‍ ഒന്ന് അറിയിക്കുക. ശിക്ഷിക്കാനല്ല നഷ്ടപെട്ട പണം തിരികെ കിട്ടിയാല്‍ മാത്രമെ ഇനി ചികില്‍സ തുടരനാകു. മുന്നില്‍ വരുന്ന ഓരോരുത്തരോടും അയ്യപ്പന്‍ നടത്തുന്ന അപേക്ഷയാണിത്.

Post a Comment

0 Comments