സാംസങ്, ഷാവോമി, വിവോ, ആപ്പിൾ തുടങ്ങിയ കമ്പനികൾക്ക് പ്രീ ഇൻസ്റ്റാൾഡ് ആപ്പുകളിലൂടെ ലഭിക്കുന്ന വരുമാനത്തിൽ വലിയ ഇടിവുണ്ടാക്കാൻ ഈ നിയമം വഴിവെച്ചേക്കും. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാർട്ഫോൺ വിപണിയാണ് ഇന്ത്യ എന്നതും ഈ നീക്കത്തിന്റെ പ്രാധാന്യമേറ്റുന്നു.
പുതിയ നിയമം അനുസരിച്ച് സ്മാർട്ഫോണുകളിൽ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തുവരുന്ന എല്ലാ ആപ്പുകളും അൺ ഇൻസ്റ്റാൾ ചെയ്യാനുള്ള സൗകര്യം കമ്പനികൾ ഒരുക്കേണ്ടിവരും. നിലവിൽ ഫോണുകളിൽ ഗൂഗിളിന്റേയും സ്മാർട്ഫോൺ ബ്രാന്റിന്റേയും ആപ്പുകൾ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തുവരുന്നുണ്ട്. ഇവയിൽ ചിലത് മാത്രമേ അൺ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കുകയുള്ളൂ. ഇതിന് പുറമെ പുതിയ സ്മാർട്ഫോൺ മോഡലുകളെല്ലാം ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാന്റേർഡ്സ് ഏജൻസി അധികാരപ്പെടുത്തുന്ന ഒരു ഏജൻസി പരിശോധിക്കും. ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡേറ്റുകൾ പുറത്തിറക്കുന്നതിന് മുമ്പ് പരിശോധന നടത്തുകയും ചെയ്യും.
ഇന്ത്യയിൽ ഉപയോഗിക്കുന്ന ഭൂരിഭാഗം ഫോണുകളിലും ഉള്ള പ്രീ ഇൻസ്റ്റാൾഡ് ആപ്പുകളും ഗുരുതരമായ സ്വകാര്യത/ വിവര സുരക്ഷാ ഭീഷണികൾ ഉള്ളവയാണെന്ന് ഫെബ്രുവരി എട്ടിന് തയ്യാറാക്കിയ സർക്കാരിന്റെ ഒരു രഹസ്യ രേഖയിലുണ്ടെന്ന് റോയിട്ടേഴസ് റിപ്പോർട്ടിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് സാംസങ്, ഷവോമി, ആപ്പിൾ, വിവോ തുടങ്ങിയ കമ്പനികളുടെ പ്രതിനിധികൾ പങ്കെടുത്ത യോഗവും നടന്നിട്ടുണ്ടെന്നും രേഖയിൽ പറയുന്നുണ്ട്.
ഉപഭോക്താക്കളുടെ വിവരങ്ങൾ രഹസ്യമായി ചോർത്തുന്നു ആശങ്കകളുടെ പശ്ചാത്തലത്തിലാണ് ഐടി മന്ത്രാലയം പുതിയ നിയമത്തിനുള്ള ശ്രമങ്ങൾ നടത്തുന്നത് എന്നാണ് വിവരം. ചൈന ഉൾപ്പടെയുള്ള ശത്രുരാജ്യങ്ങളിൽ നിന്നുള്ള ഭീഷണികൾ നേരിടാൻ കൂടി വേണ്ടിയാണ് ഈ നീക്കം.
ചൈനീസ് ആപ്പുകൾക്ക് നേരെയും ഓൺലൈൻ സേവനങ്ങൾക്ക് നേരെയും കർശനമായ നടപടികളാണ് കേന്ദ്രം സ്വീകരിച്ചുവരുന്നത്. 300 ൽ ഏറെ ചൈനീസ് ആപ്പുകൾ ഇതിനകം രാജ്യത്ത് നിരോധിച്ചു കഴിഞ്ഞു. ആഗോള തലത്തിലും ചൈനീസ് ടെക്ക് ഉൽപന്നങ്ങൾക്ക് വലിയ രീതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്.
0 Comments