Ticker

6/recent/ticker-posts

Header Ads Widget

48 വീടുകൾക്ക് സൗജന്യ വയറിങ് നടത്തി ഇവർ മാതൃക.

കണ്ണൂർ: പ്രതിഫലം വാങ്ങാതെ പാവപ്പെട്ടവരുടെ 48 വീടുകൾക്ക് വയറിങ് ജോലികൾ ചെയ്തുകൊടുത്ത്‌ സന്നദ്ധസേവനരംഗത്ത്‌ മാതൃകയാകുകയാണ്‌ ഇലക്‌ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ കണ്ണൂർ ടൗൺ യൂണിറ്റ്.


48-ാമത്തെ വീടിന്റെ പ്രവൃത്തി ബുധനാഴ്ച ഏച്ചൂർ വട്ടപ്പൊയിൽ കോമത്ത് കാവിന് സമീപം നടന്നു. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്സ്‌ ആൻഡ് ഗൈഡ്സ് കണ്ണൂർ നോർത്ത് ലോക്കൽ അസോസിയേഷനാണ് വീട് നിർമിക്കുന്നത്. ഇവരുടെ അഭ്യർഥന പ്രകാരമാണ് വട്ടപ്പൊയിലിലെ വീടി​െന്റ വയറിങ് ജോലികൾ ചെയ്തുകൊടുത്തത്.

 കണ്ണൂർ കോർപ്പറേഷന്റെയും പരിസര പ്രദേശങ്ങളായ അഴീക്കൽ, കടമ്പൂർ, പെരളശ്ശേരി തുടങ്ങിയ സ്ഥലങ്ങളും അടങ്ങുന്നതാണ് ഇലക്‌ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷന്റെ കണ്ണൂർ ടൗൺ യൂണിറ്റ് പരിധി. യൂണിറ്റിനു കീഴിൽ നൂറിലേറെ അംഗങ്ങളുണ്ട്.

പത്തുവർഷമായി സംഘടന പാവപ്പെട്ടവർക്ക് വീട് നിർമിക്കുമ്പോൾ സൗജന്യമായി വയറിങ് ചെയ്തുനൽകുന്നു. 35 വീടുകൾക്ക് സാധനങ്ങളടക്കം സംഘടന വാങ്ങിയാണ് പ്രവൃത്തി തീർത്തുകൊടുത്തത്. പാവപ്പെട്ടവർക്കാണ് അസോസിയേഷൻ സഹായ ഹസ്തവുമായി എത്തുന്നത്. കഴിവില്ലാത്തവരാണോ എന്ന് പരിശോധിക്കാൻ സംഘടനയുടെ യൂണിറ്റിന്‌ കീഴിൽ ഒരു കമ്മിറ്റിയുണ്ട്.

ഈ കമ്മിറ്റി പരിശോധിച്ചാണ് സൗജന്യമായി ചെയ്തു കൊടുക്കേണ്ടതാണോ എന്ന് തീരുമാനിക്കുന്നത്. മാതാപിതാക്കൾ മരിച്ച തളാപ്പ് മിക്സഡ്‌ യു.പി. സ്കൂളിലെ മൂന്നാം തരം വിദ്യാർഥിനിക്കുവേണ്ടി നിർമിക്കുന്ന വീടിന്റെ പ്രവൃത്തിയാണ് ബുധനാഴ്ച ചെയ്തത്.

പത്തോ പന്ത്രണ്ടോ പ്രവർത്തകർ ചേർന്ന് ഒന്നോ രണ്ടോ ദിവസം കൊണ്ട് പ്രവൃത്തി തീർത്തുകൊടുക്കുകയാണ് പതിവ്. വൈദ്യുത കണക്ഷനും വാങ്ങിനൽകും. ബുധനാഴ്ച നടന്ന പ്രവൃത്തികൾക്ക് യൂണിറ്റ് പ്രസിഡന്റ് ജി. വിജയകുമാർ, സെക്രട്ടറി പി. ദിനരാജ്, ജില്ലാ ജോ. സെക്രട്ടറി പി. സുനിൽകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് എ. സുരേഷ് ബാബു തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments