തിരുവനന്തപുരം: ഗൂഗിള്‍ പേ ആപ്ലിക്കേഷനില്‍ കാണുന്ന ലോണ്‍ അംഗീകൃതം ആണോയെന്ന ചോദ്യത്തിന് മറുപടിയുമായി കേരള പൊലീസ്.
വായ്പാ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുമ്ബ് റിസര്‍വ് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ, സുരക്ഷിതവുമായ വെബ്സൈറ്റും മേല്‍വിലാസവും ഉണ്ടോയെന്ന് പരിശോധിക്കണം. ഓണ്‍ലൈൻ വായ്പകള്‍ പരമാവധി ഒഴിവാക്കണം. എടുക്കുന്നെങ്കില്‍ ഏജൻസിയുടെ കൃത്യമായ വിവരങ്ങള്‍ നല്‍കിയിട്ടുള്ളതും ക്രെഡിറ്റ് ഹിസ്റ്ററി മികച്ചതുമായ ആപ്പുകള്‍ തിരഞ്ഞെടുക്കണമെന്നും പൊലീസ് മറുപടി നല്‍കി.
ഓണ്‍ലൈൻ ലോണ്‍ ആപ്പുകള്‍ സംബന്ധിച്ച തട്ടിപ്പിന് ഇരയായവര്‍ക്ക് പരാതി നല്‍കാൻ പ്രത്യേക വാട്സാപ്പ് നമ്ബര്‍ സംവിധാനം നിലവില്‍ വന്നിട്ടുണ്ട്. 94 97 98 09 00 എന്ന നമ്ബറില്‍ 24 മണിക്കൂറും പൊലീസിനെ വാട്സാപ്പില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നല്‍കാൻ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.
സാമ്ബത്തികകുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സൈബര്‍ പോലീസിന്റെ ഹെല്‍പ് ലൈൻ ആയ 1930 ലും ഏതു സമയത്തും വിളിച്ച് പരാതി നല്‍കാവുന്നതാണ്. ഓണ്‍ലൈൻ ലോണ്‍ ആപ്പുകളുടെ അപകടത്തെ കരുതിയിരിക്കണമെന്നാണ് കേരള പൊലീസ് മുന്നറിയിപ്പ്. നമ്മുടെ സമൂഹത്തില്‍ ഇത്തരം ആപ്പുകളുടെ ചതിയില്‍പ്പെടുന്നുവര്‍ ധാരാളമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമില്ലാത്ത ലോണ്‍ ആപ്പുകളിലൂടെയാണ് തട്ടിപ്പ് നടത്തുന്നത്. തട്ടിപ്പ് സംഘം സാധാരണ ഗതിയില്‍ ഏഴു ദിവസത്തേക്കാണ് ലോണ്‍ അനുവദിക്കുന്നത്.
അയ്യായിരം രൂപ ലോണ്‍ ആവശ്യപ്പെടുന്ന ഒരാള്‍ക്ക് ശരാശരി മൂവായിരം മുതല്‍ മൂവായിരത്തി അഞ്ഞുറു രൂപ വരെയാണ് നല്‍കുന്നത്. അയ്യായിരം രൂപയ്ക്ക് ഏഴു ദിവസത്തേക്ക് ആയിരത്തിയഞ്ഞൂറു രൂപ വരെ പലിശ ഈടാക്കും. ലോണ്‍ അനുവദിക്കുന്നതിന് ആധാര്‍ കാര്‍ഡ്, പാൻ കാര്‍ഡ്, ഫോട്ടോ എന്നിവ ആവശ്യപ്പെടും. ഇത് ദുരുപയോഗിക്കപ്പെടാനും സാധ്യതയുണ്ട്. ലോണ്‍ അനുവദിക്കുന്നതിന് അവര്‍ നിര്‍ദ്ദേശിക്കുന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. ഈ ആപ്പിലൂടെ മൊബൈല്‍ ഫോണിലുള്ള കോണ്‍ടാക്റ്റ്സ് കവരുകയാണ് ഇവര്‍ ലക്ഷ്യമിടുന്നത്.
0 Comments