Ticker

6/recent/ticker-posts

Header Ads Widget

എന്താണ് 'ഡിസീസ് എക്സ്'? കൊവിഡിനെക്കാള്‍ മാരകമായ മഹാമാരി വരുമോ?

കോവിഡിന് ശേഷം ആശങ്ക പരത്താനൊരുങ്ങുകയാണ് ഡിസീസ് എക്സ് എന്ന അജ്ഞാതരോഗം. 2018ല്‍ തന്നെ ഡ‍ിസീസ് എക്സ് എന്ന പേര് ഉയര്‍ന്ന് കേട്ടിരുന്നുവെങ്കിലും ഇത് ഏറെ ആശങ്കയ്ക്ക് കാരണമാകുന്ന സാഹചര്യം ഇപ്പോള്‍ മാത്രമാണുണ്ടായിരിക്കുന്നത്.

നേരത്തെ തന്നെ വിദഗ്ധരും ലോകാരോഗ്യസംഘടനയുമെല്ലാം ഡിസീസ് എക്സ് പേടിക്കേണ്ടതാണ് എന്ന സൂചന നല്‍കിയിരുന്നതാണ്. എന്നാലിത് ജനങ്ങളിലേക്ക് എത്തുംമുമ്ബ് ലോകം കൊവിഡിന്‍റെ ആക്രമണം നേരിടുകയായിരുന്നു.

കൊവിഡിന്‍റെ ഭീഷണി ഏറെക്കുറെ കെട്ടടങ്ങിയെന്ന അവസ്ഥയിലേക്ക് നമ്മളെത്തുകയാണിപ്പോള്‍. ഇതിനിടെയാണ് കൊവിഡിനെക്കാള്‍ മാരകമായേക്കാം എന്ന സൂചനയോടെ ഡിസീസ് എക്സ് ഭീഷണി ഉയരുന്നത്. 

യുകെയിലെ 'വാക്സിൻ ടാസ്ക്‍ ഫോഴ്സ്' മേധാവിയായിരുന്ന, പകര്‍ച്ചവ്യാധികളെ കുറിച്ച്‌ ഏറെ പഠനങ്ങള്‍ നടത്തിയ വിദഗ്ധ കേറ്റ് ബിംഗ്ഹാം നടത്തിയ പരസ്യ പ്രസ്താവന- അല്ലെങ്കില്‍ മുന്നറിയിപ്പ് ആണ് ഇപ്പോള്‍ വീണ്ടും ഡിസീസ് എക്സിനെ വാര്‍ത്തകളില്‍ സജീവമാക്കിയിരിക്കുന്നത്.

കൊവിഡിനെക്കാള്‍ മാരകമായ മഹാമാരിയായിരിക്കും ഡിസീസ് എക്സ് ഉണ്ടാക്കുകയെന്നും കോടിക്കണക്കിന് പേര്‍ ഡിസീസ് എക്സ് മൂലം മരിക്കാമെന്നുമാണ് കേറ്റ് ബിംഗ്ഹാം ചൂണ്ടിക്കാട്ടുന്നത്.


'1918-19 കാലത്തുണ്ടായ സ്പാനിഷ് ഫ്ലൂ, ലോകമെമ്ബാടുമായി 50 ദശലക്ഷം മനുഷ്യരെയാണ് കൊന്നൊടുക്കിയത്. ഇതുപോലൊരു അവസ്ഥ നാം മുന്നില്‍ക്കാണണം. ഇതുവരെ ഗവേഷകലോകം 25 വൈറസ് കുടുംബങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഇനിയും കണ്ടെത്താത്ത ഒരു ദശലക്ഷത്തിലധികം വൈറസ് കുടുംബങ്ങളുണ്ട്. ഇവയ്ക്കാണെങ്കില്‍ ഒരു സ്പീഷീസില്‍ നിന്ന് രോഗം അടുത്ത സ്പീഷീസിലേക്ക് കൈമാറ്റം ചെയ്യാനും സാധിക്കാം...'- കേറ്റ് ബിംഗ്ഹാം പറയുന്നു.

ഡിസീസ് എക്സിനെ നേരിടാനും വാക്സിൻ ആവശ്യമാണ്. അത് സമയബന്ധിതമായി നല്‍കപ്പെടാനും സാധിക്കണമെന്നും കേറ്റ് സൂചിപ്പിക്കുന്നു. 

 പനി, രക്തസ്രാവം പോലുള്ള പ്രശ്നങ്ങളാണ് ഡിസീസ് എക്സില്‍ കാര്യമായി കാണപ്പെടുന്നതെന്നാണ് നിലവിലുള്ള അറിവ്. വൈറസോ ബാക്ടീരിയയോ ഫംഗസോ എന്താണ് ഈ രോഗമുണ്ടാക്കുന്നതെന്ന് ഇനിയും വ്യക്തമല്ല. അതിനാലാണ് രോഗത്തിന് 'എക്സ്' എന്ന് പേര് നല്‍കിയിരിക്കുന്നത്. വരാൻ സാധ്യതയുള്ള അ‍ജ്ഞാത രോഗമായതിനാല്‍ തന്നെ ഇതെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങളൊന്നും തന്നെ ലഭ്യമല്ല.

കൊവിഡിനെക്കാള്‍ ഇരുപതിരട്ടിയോളം തീവ്രതയുള്ളതെന്നും ഉയര്‍ന്ന വ്യാപനശേഷിയും മരണസാധ്യതയുമുള്ളതെന്നും പല വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. എന്തായാലും എങ്ങനെയാണ് ലോകരാജ്യങ്ങള്‍ ഈ സൂചനകളെ നോക്കിക്കാണുകയെന്നും എന്തെല്ലാം മുന്നൊരുക്കങ്ങളാണ് ഓരോ രാജ്യങ്ങളിലും ആരോഗ്യമേഖല കൈക്കൊള്ളുന്നത് എന്നതും ഇനി കണ്ടറിയാം. 

Post a Comment

0 Comments