മലപ്പുറം: എടക്കര പാര്‍ളിയില്‍ ഒരു ചായക്കടയുണ്ട്. ആളില്ല, എന്നാല്‍ ചായയുണ്ട്, പണം പെട്ടിയില്‍ നിക്ഷേപിച്ചാല്‍ മതി.
മൂവര്‍ സംഘത്തിന്‍റെ മനസ്സിലുദിച്ച ആശയമാണ് 'ജാസ്' എന്ന ആളില്ലാ ചായക്കടയായി മാറിയത്. ഇത് നാട്ടിലെ ആദ്യത്തെ ചായക്കടയുമായി. ജിന്റോ, അഭിജിത്ത്, ഷേക് (അഭിഷേക്) എന്നിവര്‍ ചേര്‍ന്ന് രണ്ട് മാസം മുമ്ബാണ് സംരംഭം ആരംഭിച്ചത്. ഇവരുടെ പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്താണ് സംരംഭത്തിന് പേര് നല്‍കിയത്. മെഷീനിലെ സ്വിച്ച് ഞെക്കിയാല്‍ ചായയും കോഫിയും ലഭിക്കും. ഇതിന്റെ വിലയായ 10 രൂപ അടുത്തുള്ള പെട്ടിയില്‍ നിക്ഷേപിക്കാം.
സൗജന്യമായി ചൂടുവെള്ളവും ലഭിക്കും. അഞ്ച് രൂപയ്ക്ക് ഹാഫ് ടീയും ഹാഫ് കോഫിയുമുണ്ട്. ഓണ്‍ലൈൻ പേയ്‌മെന്റ് സൗകര്യവുമുണ്ട്. എത്ര ചായ വിറ്റുപോയെന്ന കണക്ക് മെഷീനില്‍നിന്ന് ലഭിക്കും. ആരും കബളിപ്പിച്ചിട്ടില്ലെന്നും പണം കൃത്യമായി ലഭിക്കുന്നുണ്ടെന്നും മൂവര്‍സംഘം പറയുന്നു. എണ്ണക്കടികള്‍ വച്ച് ചായക്കട വിപുലീകരിക്കണമെന്നാണ് പാര്‍ളിക്കാരുടെ ആവശ്യം. കൂലി കൊടുക്കേണ്ടാത്തതിനാല്‍ തന്നെ കട ലാഭത്തിലാണ്. തൊട്ടടുത്ത് ഇവരുടെ വാടക സ്ഥാപനവും ഉണ്ട്. ഫോണ്‍ വിളിച്ച് സാധനങ്ങള്‍ വാടകയ്‌ക്കെടുക്കാം. തിരികെയെത്തിക്കുമ്ബോള്‍ വാടക പെട്ടിയിലിട്ടാല്‍ മതി.
കൊട്ട, കൈക്കോട്ട്, കോരി, ചട്ടി, കാര്‍ വാഷ് മെഷീൻ, ഉന്തുവണ്ടി തുടങ്ങി നിരവധി ഉപകരണങ്ങളാണ് റെന്റ് ഹൗസില്‍ ഉള്ളത്. എട്ട് മാസം മുമ്ബാണ് റെന്റ് ഹൗസ് ആരംഭിച്ചത്. ചായക്കട ജനങ്ങള്‍ ഏറ്റെടുത്തതോടെ കൂടുതല്‍ വിപുലീകരിക്കാനുള്ള ആലോചനയും ഇവര്‍ക്കുണ്ട്. ഒരു ചായ കുടിക്കണമെങ്കില്‍ നേരത്തെ പാര്‍ളിക്കാര്‍ക്ക് ഒരുകിലോമീറ്റര്‍ സഞ്ചരിച്ച് ബാര്‍ബര്‍മുക്ക് വരെ പോവണമായിരുന്നു. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് സ്വന്തമായി എടുത്ത് കുടിക്കാൻ സാധിക്കുന്ന രീതിയിലുള്ള ചായയും കാപ്പിയും ചൂടുവെള്ളവും ലഭിക്കുന്ന മെഷീൻ മൂവരും ചേര്‍ന്ന് സ്ഥാപിച്ചത്. രാവിലെ ഏഴ് മുതല്‍ രാത്രി 8.30 വരെയാണ് ജാസ് ചായക്കട പ്രവര്‍ത്തിക്കുക. ജിന്റോയും അഭിഷേകും ചുങ്കത്തറ മാര്‍ത്തോമാ കോളേജിലെ എം.കോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളാണ്. അഭിജിത്ത് വെല്‍ഡിംങ് തൊഴിലാളിയാണ്.
0 Comments