മാന്നാര്‍: ആലപ്പുഴ ജില്ലയിലെ മാന്നാറില്‍ വീടുകളില്‍ മോഷണം നടത്തിയ പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.
മാവേലിക്കര സബ് ജയിലില്‍ റിമാൻഡില്‍ കഴിഞ്ഞിരുന്ന അന്തര്‍ സംസ്ഥാന മോഷണ സംഘത്തില്‍പ്പെട്ട ഉത്തര്‍പ്രദേശ് സ്വദേശികളായ മുഹമ്മദ് സല്‍മാൻ (34), റിസ്വാൻ സൈഫി (27) എന്നിവരെയാണ് മാന്നാര്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയത്. പ്രവാസി വ്യവസായി മാന്നാര്‍ കുട്ടമ്ബേരൂര്‍ രാജശ്രീയില്‍ രാജശേഖരൻ പിള്ളയുടെയും ദീപ്തിയില്‍ ഡോക്ടര്‍ ദിലീപ് കുമാറിന്റെയും വീടുകളിലാണ് മോഷണം നടന്നത്.
അരക്കോടി രൂപയിലേറെ വിലവരുന്ന വജ്ര-സ്വര്‍ണ്ണാഭരണങ്ങളും വിലപിടിപ്പുള്ള സാധനങ്ങളുമാണ് പ്രതികള്‍ കവര്‍ന്നത്. വെള്ളിയാഴ്ച ഉച്ചയോടെ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയെങ്കിലും കനത്ത മഴയായതിനാല്‍ തെളിവെടുപ്പ് നടാത്തതാണ് കഴിഞ്ഞിരുന്നില്ല. ഇന്നലെ രാവിലെ 11 മണിയോടുകൂടി പ്രതികളെ രണ്ട് വീടുകളിലും എത്തിച്ച് മോഷണം നടത്തിയ രീതികള്‍ പൊലീസ് ചോദിച്ചു മനസ്സിലാക്കി. തുടര്‍ന്ന് പ്രതികള്‍ നാടുവിടുന്നതിനായി ഓട്ടോറിക്ഷ വിളിച്ച സ്റ്റോര്‍ ജംഗ്ഷനിലെ സ്റ്റാൻഡിലും എത്തിച്ചു വിവരങ്ങള്‍ ശേഖരിച്ചു.
കഴിഞ്ഞ മാസം 23 ന് രാത്രിയിലായിരുന്നു മോഷണം നടന്നത്. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിര്‍ദേശാനുസരണം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മോഷ്ടാക്കളുടെ സംഘത്തലവനും കൊടും ക്രിമിനലുമായ മുഹമ്മദ് സല്‍മാനെ യു പിയിലെ ബിജിനൂര്‍ ജില്ലയിലെ കുഗ്രാമമായ ശിവാലകാലായില്‍ നിന്നും റിസ്വാൻ സൈഫിയെ ബംഗളുരുവില്‍ നിന്നും ആരിഫിനെ മാന്നാറില്‍ നിന്നുമാണ് പിടികൂടിയത്. സല്‍മാനെ ബിജിനൂര്‍ ജില്ലാ കോടതിയില്‍ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് മുഖാന്തിരം കേരളത്തില്‍ എത്തിക്കുകയായിരുന്നു.
പിടികൂടിയ പ്രതികളില്‍ ആരിഫിനെയും റിസ്വാനേയും കോടതിയില്‍ ഹാജരാക്കുന്നതിനു മുമ്ബായിത്തന്നെ പൊലീസ് സംഘം ഊട്ടുപറമ്ബ് സ്കൂളിന് വടക്കുള്ള കാടുപിടിച്ച പുരയിടത്തില്‍ കൊണ്ടുവന്ന് മോഷണം നടന്ന വീടുകളിലെ നഷ്ടപ്പെട്ട സിസിടിവിയുടെ ഡിവിആറും വിലപിടിപ്പുള്ള വാച്ചുകളും കണ്ടെടുത്തിരുന്നു. പ്രതിയായ ആരിഫിനെ വാടകക്ക് താമസിച്ചിരുന്ന റൂമിലും കൊണ്ടുവന്നു പരിശോധന നടത്തി. കേസില്‍ യുപി സ്വദേശികളായ റിയാസത്ത് അലി, മുഹമ്മദ് ഹസാരി എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. ഇവര്‍ക്കായുളള അന്വേഷണം ഉത്തരേന്ത്യ കേന്ദ്രീകരിച്ച് ഊര്‍ജിതമായി തുടരുകയാണ്. വരും ദിവസങ്ങളില്‍ ഇവരെ പിടികൂടാനാകുമെന്നാണ് പൊലീസ് സംഘം പറയുന്നത്.
0 Comments