മംഗളൂരു/കണ്ണൂർ: തീവണ്ടികളിൽ ആഭരണങ്ങൾ കവർച്ചചെയ്യുന്ന രണ്ടു പേർ അറസ്റ്റിൽ. ഉത്തർപ്രദേശ് മിർസാപുർ സ്വദേശിയായ അഭയ് രാജ് സിങ് (26), ഹരിശങ്കർ ഗിരി (25) എന്നിവരെയാണ് ആർ.പി.എഫിന്റെ പ്രത്യേകസംഘം തിങ്കളാഴ്ച രാത്രി മംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തത്.
രണ്ട് സ്വർണപാദസരം ഉൾപ്പെടെ ഇവരിൽനിന്ന് ഒൻപത് സ്വർണാഭരണങ്ങൾ കണ്ടെത്തി. 16 പവനോളം വരുന്ന ഇവയ്ക്ക് ആറുലക്ഷം രൂപ വിലവരും. ഇവരെ മംഗളൂരു റെയിൽവേ പോലീസിന് കൈമാറി.
തിരുവനന്തപുരം-ഗോവ റൂട്ടിലെ തീവണ്ടികളിൽ രാത്രി യാത്രക്കാർ ഉറങ്ങുമ്പോഴാണ് ഇവർ സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും കവരുന്നത്. സെപ്റ്റംബർ രണ്ടിന് കായംകുളത്തുവെച്ച് നിസാമുദ്ദീൻ എക്‌സ്‌പ്രസിൽ യുവതിയുടെ ഒന്നേകാൽപ്പവൻ വരുന്ന പാദസരം കവർന്നു. പിറ്റേദിവസം ഓഖ എക്‌സ്‌പ്രസിൽ എറണാകുളം മരട് സ്വദേശിനിയുടെ ഒന്നരപ്പവൻ പാദസരവും നഷ്ടപ്പെട്ടു. ഇതേത്തുടർന്ന് ആർ.പി.എഫ്. പ്രത്യേകസംഘം രൂപവത്‌കരിക്കുകയായിരുന്നു.
രണ്ടു യുവതികളും നൽകിയ സൂചനകളും കായംകുളത്തെ സി.സി.ടി.വി. ദൃശ്യവും കേന്ദ്രീകരിച്ച് ആർ.പി.എഫ്. അന്വേഷണം തുടങ്ങി. അതിനിടയിൽ മംഗളൂരുവിൽ മൂന്നാമത്തെ മോഷണശ്രമവും നടന്നു. സംഘത്തിലെ മറ്റുള്ളവർ ഉടൻ പിടിയിലാകുമെന്നാണ് സൂചന.
പാലക്കാട് ആർ.പി.എഫ്. അസി. സെക്യൂരിറ്റി കമ്മിഷണർ സഞ്ജയ് പണിക്കരുടെ നിർദേശത്തിൽ ഇൻസ്‌പെക്ടർമാരായ എൻ. കേശവദാസ്, മനോജ്കുമാർ യാദവ്, എസ്.ഐ.മാരായ ജെ. രാജീവ്, ദീപക്, എ.എസ്.ഐ. കെ. ശശി, കെ. ജീവൻരാജ്, രാഘവൻ, പി. സുരേഷ്, ജി. സതീഷ്, സത്താർ, അജീഷ്, പ്രദീപ് എന്നിവരടരുന്ന സംഘമാണ് പ്രതികളെ പിടിച്ചത്.
വരവും പോക്കും വിമാനത്തിൽ
ഉത്തർപ്രദേശിൽനിന്ന് വിമാനമാർഗം ഗോവയിലെത്തിയശേഷം അവിടെനിന്ന് തിരുവനന്തപുരംവരെയും തിരിച്ചും രാത്രി തീവണ്ടികളിൽ യാത്ര ചെയ്ത് മോഷണം നടത്തുകയാണ് ഇവരുടെ രീതി. ഇവർ രാജ്യത്തിന്റെ പല ഭാഗത്തും സമാനമായ രീതിയിൽ മോഷണങ്ങൾ നടത്തിയതായി പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതായി അന്വേഷണോദ്യോഗസ്ഥർ അറിയിച്ചു. മോഷണമുതലുമായി വിമാനത്തിൽ നാട്ടിലേക്ക് മടങ്ങാൻ ശ്രമിക്കവെയാണ് ആർ.പി. എഫ്. ഇവരെ പിടിച്ചത്.
0 Comments