ഫൈനൽ തോൽവിക്ക് കണക്കു തീർക്കാൻ കിവീസ്, ജയിച്ചു തുടങ്ങാൻ ഇംഗ്ലണ്ട്, ഏകദിന ലോകകപ്പ് പൂരത്തിന് ഇന്ന് കൊടിയേറ്റം
അഹമ്മദാബാദ്: ഏകദിന ലോകകപ്പ് പൂരത്തിന് ഇന്ന് അഹമ്മദാബാദില്‍ കൊടിയേറും. നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസിലന്‍ഡും തമ്മിലാണ് ഉദ്ഘാടന മത്സരം. 2019ലെ ലോകകപ്പ് ഫൈനലില്‍ നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും തുല്യത പാലിച്ചിട്ടും ബൗണ്ടറി കണക്കില്‍ കിരീടം കൈവിടേണ്ടിവന്നതിന്‍റെ കണക്കു തീര്‍ക്കാനാണ് ന്യൂസിലന്‍ഡ് ഇറങ്ങുന്നതെങ്കില്‍ നിലവിലെ ചാമ്പ്യന്‍മാരുടെ പെരുമ കാക്കാന്‍ ജയിച്ചു തുടങ്ങാനാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ഉച്ചക്ക് രണ്ട് മണിക്കാണ് മത്സരം തുടങ്ങുക. സ്റ്റാര്‍ സ്പോര്‍ട്സിലും ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാം.
2019ലെ ലോകകപ്പില്‍ കളിച്ച എട്ട് താരങ്ങള്‍ ഇപ്പോഴും ഇംഗ്ലണ്ട് ടീമിലുണ്ട്. അന്ന് ഇംഗ്ലണ്ടിന് ലോകകപ്പ് സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സൂപ്പര്‍ താരം ബെന്‍ സ്റ്റോക്സിനെ ഏകദിന വിരമിക്കല്‍ പിന്‍വലിപ്പിച്ച് ഇംഗ്ലണ്ട് ടീമിനൊപ്പം കൂട്ടി. എന്നാല്‍ ഇടുപ്പിനേറ്റ പരിക്ക് മൂലം ആദ്യ മത്സരത്തില്‍ സ്റ്റോക്സിന് കളിക്കാനാവുമോ എന്ന ആശങ്ക ഇഗ്ലണ്ടിനുണ്ട്. കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് സ്റ്റോക്സ് ഈ ലോകകപ്പില്‍ പന്തെറിയില്ലെന്നും സ്പെഷലിസ്റ്റ് ബാറ്ററായിട്ടാവും കളിക്കുകയെന്നും ഇംഗ്ലണ്ട് വ്യക്തമാക്കിയിട്ടുണ്ട്.
മറുവശത്ത് ന്യൂിസലന്‍ഡും പരിക്കിന്‍റെ ആശങ്കയിലാണ്. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് ഇന്ന് കളിക്കാനാകുമോ എന്ന കാര്യം ഉറപ്പില്ല, സന്നാഹ മത്സരങ്ങളില്‍ വില്യംസണ്‍ ബാറ്റ് ചെയ്തിരുന്നു. പരിക്കില്‍ നിന്ന് മുക്തനാകാത്ത പേസര്‍ ടിം സൗത്തി ആദ്യ മത്സരത്തിനില്ല. സൗത്തിയുടെ അഭാവത്തില്‍ ട്രെന്‍റ് ബോള്‍ട്ടിലാണ് കിവീസിന്‍റെ ബൗളിംഗ് പ്രതീക്ഷകള്‍. സന്നാഹ മത്സരങ്ങളില്‍ ആധികാരിക ജയവുമായി ആത്മവിശ്വാസത്തോടെയാണ് കിവീസ് ഇറങ്ങുന്നത്. നാലു വര്‍ഷം മുമ്പ് ലോര്‍ഡ്സില്‍ നിര്‍ഭാഗ്യം കൊണ്ട് കൈവിട്ട ലോക കിരീടം കൈപ്പിടിയിലൊതുക്കാനുറച്ചാണ് കിവീസിന്‍റെ വരവ്.
മറുവശത്ത് ഇംഗ്ലണ്ടാകട്ടെ 2019ലെ ലോകകപ്പിനുശേഷം അടിച്ചുപൊളി ക്രിക്കറ്റിലൂടെ ടെസ്റ്റ് ക്രിക്കറ്റിന്‍റെയും ഏകദിന ക്രിക്കറ്റിന്‍റെയും ജാതകം തന്നെ മാറ്റിയെഴുതി കഴിഞ്ഞു. ഹാരി ബ്രൂക്കും ഡേവിഡ് മലനും ജോണി ബെയര്‍സ്റ്റോയും ജോസ് ബട്‌ലറും ലിയാം ലിവിംഗ്‌സ്റ്റണും എല്ലാം അടങ്ങുന്ന ബാറ്റിംഗ് നിര ഏത് ടീമിനും ഭീഷണിയാണ്. ബാറ്റിംഗില്‍ ഡെവോണ്‍ കോണ്‍വെയുടെയും ഡാരില്‍ മിച്ചലിന്‍റെയും ടോം ലാഥമിന്‍റെയും ബാറ്റിംഗ് ഫോമിലാണ് കിവീസിന്‍റെ പ്രതീക്ഷകള്‍.
0 Comments