Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ് ഗൾഫ് വാർത്തകൾ

 🇸🇦സൗദിയിൽ വീട്ടുജോലിക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കും.

🇦🇪യുഎഇയില്‍ 1757 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; മൂന്ന് മരണം.

🇴🇲ഒമാനില്‍ 866 പേര്‍ക്ക് കൂടി കൊവിഡ്, ഒമ്പത് മരണം.

🇸🇦സൗദിയിൽ കൊവിഡ് മരണസംഖ്യ ഉയർന്നു; ഇന്ന് 17 മരണം.

🇶🇦കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ മന്ത്രിസഭാ യോഗം; വെള്ളിയാഴ്ച്ച മുതല്‍ നിലവില്‍ വരും.

🕋ഹജ്ജ് തീർത്ഥാടനത്തിന് 60,000 പേര്‍ക്ക് മാത്രം അനുമതി.

🇶🇦ഖത്തറില്‍ ഇന്നും രോഗമുക്തരേക്കാള്‍ കൂടുതല്‍ രോഗികള്‍; മൂന്ന് മരണം കൂടി.

🇧🇭ബഹ്‌റൈൻ: പ്രവാസികളോടും, പൗരന്മാരോടും COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു.

🇦🇪ജൂൺ മധ്യത്തോടെ ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് പിൻവലിച്ചേക്കും.


വാർത്തകൾ വിശദമായി 

🇸🇦സൗദിയിൽ വീട്ടുജോലിക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കും.

✒️സൗദി അറേബ്യയിൽ ഹൗസ് ഡ്രൈവർ, മറ്റ് വീട്ടുജോലിക്കാർ, ഗാർഡനർ തുടങ്ങിയ ഗാർഹിക തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കാൻ തീരുമാനം. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച രാത്രിയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. 

ഉപയോക്താക്കളായ തൊഴിലുടമകളെ പ്രതിനിധീകരിച്ച് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് എത്തിച്ചു നൽകുന്ന റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളാണ് ഗാർഹിക തൊഴിലാളികളുടെ കരാർ ഇൻഷുർ ചെയ്യേണ്ടത്. ഇതിനുള്ള ചെലവ് ഉപയോക്താക്കളും റിക്രൂട്ട്‌മെൻറ് സ്ഥാപനങ്ങളും ഒപ്പുവെക്കുന്ന കരാർ ചെലവിൽ ഉൾപ്പെടുത്തി ഈടാക്കും. 

ഉപയോക്താക്കളും റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളും തമ്മിൽ ഒപ്പുവെക്കുന്ന കരാർ പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ രണ്ടു വർഷത്തേക്കാണ് കരാർ ഇൻഷുർ ചെയ്യുക. ഇതിനു ശേഷം ഇഖാമ പുതുക്കുമ്പോൾ ഇൻഷുറൻസ് ഏർപ്പെടുത്താനും ഏർപ്പെടുത്താതിരിക്കാനും തൊഴിലുടമകൾക്ക് സ്വാതന്ത്ര്യമുണ്ടാകും.

🇦🇪യുഎഇയില്‍ 1757 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; മൂന്ന് മരണം.

✒️യുഎഇയില്‍ ഇന്ന് 1757 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1725 പേര്‍ സുഖം പ്രാപിച്ചപ്പോള്‍ മൂന്ന് കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,25,954 പരിശോധനകളില്‍ നിന്നാണ് പുതിയ കൊവിഡ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ 5,61,048 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,40,886 പേര്‍ ഇതിനോടകം രോഗമുക്തരാവുകയും 1661 പേര്‍ മരണപ്പെടുകയും ചെയ്‍തു. നിലവില്‍ 18,501 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്.

🇴🇲ഒമാനില്‍ 866 പേര്‍ക്ക് കൂടി കൊവിഡ്, ഒമ്പത് മരണം.

✒️ഒമാനില്‍ 866 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമ്പത് കൊവിഡ് മരണങ്ങളാണ് ഇന്ന് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 635  പേര്‍ രോഗമുക്തരായി. 

ഒമാനില്‍ ഇതുവരെ 2,12,904 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 1,96,355  പേര്‍ രോഗമുക്തരാവുകയും 2,293 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 92.2 ശതമാനമാണ് രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 91 പേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരടക്കം 731 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 248 പേരുടെ നില ഗുരുതരമാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സയിലാണ്.

🇸🇦സൗദിയിൽ കൊവിഡ് മരണസംഖ്യ ഉയർന്നു; ഇന്ന് 17 മരണം.

✒️സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ചുള്ള മരണങ്ങളുടെ എണ്ണം വൻതോതിൽ ഉയർന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 17 മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 7295 ആയി. 1,320 പേർക്കാണ് പുതിയതായി കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ചികിത്സയിലായിരുന്നവരിൽ 873 പേർ കോവിഡ് മുക്തരായി. 

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 4,44,780 ആയി ഉയർന്നു. ഇതിൽ 4,27,462 പേർ കൊവിഡ് മുക്തരായി. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,023 ആയി ഉയർന്നു. ഇവരിൽ 1,348 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനമായി കുറഞ്ഞു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. 

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 404, റിയാദ് 343, കിഴക്കൻ പ്രവിശ്യ 164, മദീന 120, ജീസാൻ 60, അൽഖസീം 52, അസീർ 50, തബൂക്ക് 35, ഹായിൽ 32, നജ്റാൻ 32, അൽബാഹ 15, വടക്കൻ അതിർത്തിമേഖല 8, അൽജൗഫ് 5. രാജ്യത്ത് ഇതുവരെ 13,243,652 ഡോസ് കോവിഡ് വാക്സിൻ കുത്തിവെപ്പ് നടത്തി.

🇶🇦കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ മന്ത്രിസഭാ യോഗം; വെള്ളിയാഴ്ച്ച മുതല്‍ നിലവില്‍ വരും.

✒️മെയ് 28 മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഖത്തര്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നാല് ഘട്ടങ്ങളായി നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ആദ്യഘട്ടം മെയ് 28ന് ആരംഭിക്കുമെന്ന് അധികൃതര്‍ പെരുന്നാളിന് മുമ്പ് പ്രഖ്യാപിച്ചിരുന്നു. വാക്സിനെടുത്തവര്‍ക്ക നിരവധി ഇളവുകള്‍ ലഭിക്കും.


പുതിയ ഇളവുകള്‍

1. സ്വകാര്യ, സര്‍ക്കാര്‍ ഓഫിസുകളില്‍ 50 ശതമാനം ജീവനക്കാര്‍ എന്ന നിയന്ത്രണം തുടരും. ബാക്കിയുള്ളവര്‍ വീട്ടില്‍ നിന്ന് ജോലി ചെയ്യണം. സൈന്യം, പോലിസ്, ആരോഗ്യ മേഖലകള്‍ക്ക് ഇളവുണ്ട്.

2. ഓഫിസുകളില്‍ വാക്‌സിനെടുത്ത 15ല്‍ കൂടാത്ത ആളുകള്‍ക്ക് യോഗം ചേരാം.

3. പള്ളികളില്‍ പതിവ് നമസ്‌കാരങ്ങളും ജുമുഅയും നടക്കും. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല

4. സാമൂഹിക ഒത്തുചേരല്‍ ഇന്‍ഡോറില്‍ വാക്സിനെടുത്ത 5 പേര്‍ക്കും ഔട്ട്ഡോറില്‍ വാക്സിനെടുത്ത 10 പേര്‍ക്കും. ഔട്ട്‌ഡോറില്‍ വാക്‌സിനെടുക്കാത്ത 5 പേര്‍ക്കും ഒത്തുചേരുന്നതില്‍ വിരോധമില്ല.

5. വിവാഹങ്ങള്‍ക്ക് അനുമതിയില്ല

6. പാര്‍ക്കുകള്‍, കോര്‍ണിങ്, ബീച്ചുകള്‍: 5 പേരടങ്ങുന്ന സംഘങ്ങള്‍. അല്ലെങ്കില്‍ ഒരേ കൂടുംബത്തില്‍പ്പെട്ടവര്‍. സ്വകാര്യ ബീച്ചുകളില്‍ ആകെ ശേഷിയുടെ 30 ശതമാനം പേര്‍ മാത്രം.

7. വാഹനങ്ങളില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ പരമാവധി നാലു പേര്‍മാത്രം. കുടുംബത്തിന് ഇളവ്

8. ബസ്സുകളില്‍ പരമാവധി 50 ശതമാനം പേര്‍ മാത്രം.

9. മെട്രോ ഉള്‍പ്പെടെയുള്ള പൊതുഗതാഗതം 30 ശതമാനം ശേഷിയില്‍. വെള്ളി, ശനി ദിവസങ്ങളിലും ഓടും. ഭക്ഷണപാനീയങ്ങള്‍ അനുവദിക്കില്ല.

10. ഡ്രൈവിങ് സ്‌കൂളുകള്‍ 30 ശതമാനം ശേഷിയില്‍. ജീവനക്കാര്‍ വാക്സിനെടുത്തിരിക്കണം

11. സിനിമാ തിയേറ്ററുകള്‍ 30 ശതമാനം ശേഷിയില്‍. പ്രവേശനം വാക്സിനെടുത്ത 12 വയസ്സിന് മുകളിലുള്ളവര്‍ക്ക്

12. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ട്രെയ്നിങ് സെന്ററുകളും 30 ശതമാനം ശേഷിയില്‍(പരിശീലകര്‍ വാക്സിനെടുത്തിരിക്കണം)

13. നഴ്‌സറികള്‍ 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. ജീവനക്കാര്‍ വാക്‌സിനെടുത്തിരിക്കണം.

14. റസ്റ്റോറന്റുകളില്‍ 30 ശതമാനം ശേഷിയില്‍ ഔട്ട്ഡോര്‍ ഡൈനിങ് അനുവദിക്കും. ക്ലീന്‍ ഖത്തര്‍ റസ്റ്റോറന്റുകളില്‍ 30 ശതമാനം ശേഷിയില്‍ ഇന്‍ഡോര്‍ ഡൈനിങ്. എന്നാല്‍ പ്രവേശനം വാക്സിനെടുത്തവര്‍ക്കു മാത്രം

15. ഹെല്‍ത്ത്, ഫിറ്റനസ് ക്ലബ്ബ്, സ്പാ എന്നിവിടങ്ങളില്‍ വാക്സിനെടുത്ത ഉപഭോക്താക്കള്‍ക്കായി 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം.

16. ബാര്‍ബര്‍ ഷോപ്പ്, ബ്യൂട്ടി സലൂണുകള്‍ എന്നിവ 30 ശതമാനം ശേഷിയില്‍ വാക്സിനെടുത്തവര്‍ക്കു മാത്രം

17. പരമ്പരാഗത മാര്‍ക്കറ്റുകളും ഷോപ്പിങ് സെന്ററുകളും 30 ശതമാനം ശേഷിയില്‍. വെള്ളി, ശനി ദിവസങ്ങളിലും പ്രവര്‍ത്തിക്കാം.

18. സ്‌കൂളില്‍ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ പഠനം സംവിധാനം. 30 ശതമാനം ശേഷിയില്‍

19. ഔട്ട്ഡോര്‍ സ്വിമ്മിങ് പൂളുകള്‍ 30 ശതമാനം ശേഷിയില്‍. ഇന്‍ഡോര്‍ സ്വിമ്മിങ് പൂളുകളില്‍ 20 ശതമാനം വാക്സിനെടുത്തവര്‍ മാത്രം

20. കളി സ്ഥലങ്ങള്‍, എന്റര്‍ടെയിന്‍മെന്റ് സോണുകള്‍-തുറന്ന സ്ഥലങ്ങള്‍ 30 ശതമാനം ശേഷിയില്‍. ഇന്‍ഡോറില്‍ 20 ശതമാനം(വാക്സിനെടുത്തവര്‍ മാത്രം)

21. ലൈബ്രറികളിലും മ്യൂസിയങ്ങളിലും 30 ശതമാനം പേര്‍.

22. ടീം സ്പോര്‍ട് ട്രെയ്നിങ്: ഖത്തര്‍ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച് പ്രാദേശിക, അന്താരാഷ്ട്ര മല്‍സരങ്ങള്‍ക്കുള്ള പരിശീലനം. തുറന്ന സ്ഥലങ്ങളില്‍ വാക്‌സിനെടുത്ത 10 പേര്‍, ഇന്‍ഡോറില്‍ വാക്‌സിനെടുത്ത 5 പേര്‍. കാണികള്‍ക്ക് പ്രവേശനമില്ല.

23. അന്താരാഷ്ട്ര, പ്രാദേശിക കായിക മല്‍സരങ്ങള്‍: വാക്സിനെടുത്ത 30 ശതമാനം കാണികളുമായി കായിക മല്‍സരങ്ങള്‍ക്ക് അനുമതി. അടച്ചിട്ട സ്ഥലങ്ങളില്‍ കാണികളെ അനുവദിക്കില്ല

24. ഇവന്റുകള്‍, കോണ്‍ഫറന്‍സുകള്‍, എക്സിബിഷനുകള്‍ എന്നിവ നിര്‍ത്തിവച്ചത് തുടരും

25. ഷോപ്പിങ് സെന്ററുകള്‍: 30 ശതമാനം ശേഷിയില്‍ തുടരും. പിക്കപ്പ്, ഡെലിവറി ഒഴികെ എല്ലാ ഫുഡ് കോര്‍ട്ടുകളും അടച്ചിടണം. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല

26. ഹോള്‍സെയില്‍ മാര്‍ക്കറ്റുകള്‍: 30 ശതമാനം ശേഷിയില്‍. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല.

27. ബോട്ടുകളും ടൂറിസ്റ്റ് യാനങ്ങളും വാടകയ്ക്ക് നല്‍കുന്നത് നിര്‍ത്തിവച്ചത് തുടരും. എന്നാല്‍, ഒരു വീട്ടില്‍ താമസിക്കുന്ന ഒരേ കുടുംബത്തില്‍പ്പെട്ടവര്‍ക്ക് ഇളവുണ്ട്

28. സ്വകാര്യ ബോട്ടുകള്‍ 10 പേര്‍ക്ക് ഉപയോഗിക്കാം(ഇവരില്‍ നാലു പേര്‍ വാക്സിനെടുത്തവരായിരിക്കണം). ബോട്ട് ജീവനക്കാര്‍ മുഴുവന്‍ വാക്സിനെടുത്തിരിക്കണം.

29. ഹോസ്പിറ്റാലിറ്റി-ക്ലീനിങ് സര്‍വീസുകളില്‍ വാക്സിനെടുത്ത ജീവനക്കാര്‍ക്ക് ഒന്നിലധികം വീടുകളില്‍ ജോലി ചെയ്യാം

പുറത്തിറങ്ങുമ്പോള്‍ എല്ലാവരും മാസ്‌ക്ക് ധരിക്കുകയും മൊബൈല്‍ ഫോണില്‍ ഇഹ്തിറാസ് ആപ്പ് ആക്ടീവ് ആക്കുകയും ചെയ്യണം. കോവിഡ് മുന്‍കരുതലുകള്‍ പാലിക്കുന്നത് തുടരണം. മൂന്നാഴ്ച്ച നിരീക്ഷിച്ച് ഫലം വിലയിരുത്തിയ ശേഷമായിരിക്കും നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ രണ്ടാംഘട്ടത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുക.

🕋ഹജ്ജ് തീർത്ഥാടനത്തിന് 60,000 പേര്‍ക്ക് മാത്രം അനുമതി.

✒️ഹജ്ജ് തീർത്ഥാടനത്തിനായി ഇത്തവണ സ്വദേശികളും വിദേശികളുമടക്കം അറുപതിനായിരം പേർക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. സൗദി ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 45000 വിദേശികള്‍ക്കും 15000 സ്വദേശികള്‍ക്കുമാണ് തീര്‍ത്ഥാടനത്തിന് അവസരം ലഭിക്കുക.

ഇന്ത്യയില്‍ നിന്ന് അയ്യായിരം പേര്‍ക്കായിരിക്കും ഇത്തവണ അവസരം ലഭിക്കുക. കഴിഞ്ഞ തവണ 1,75,000 പേര്‍ ഹജ്ജ് ചെയ്തിടത്താണിത്. കേരളത്തില്‍ 6506 പേരാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി അപേക്ഷ നല്‍കിയത്. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും അവസരം നഷ്ടപ്പെടും. അഞ്ഞൂറ് പേര്‍ക്ക് മാത്രമായിരിക്കും അവസരമെന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച് ഒരാഴ്ചക്കുള്ളില്‍ വ്യക്തത വരും.

18നും 60നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായിരിക്കും ഹജ്ജിന് അവസരം. ഹജ്ജ് യാത്ര ചെയ്യുന്നതിന് മുമ്പുള്ള ആറ് മാസത്തില്‍ ഏതെങ്കിലും ആശുപത്രിയില്‍ കിടത്തി ചികിത്സക്ക് വിധേയരായവര്‍ ആകരുത് എന്ന നിബന്ധനയും സൗദി അറേബ്യ മുന്നോട്ട് വച്ചിട്ടുണ്ട്. ജൂണ്‍ പകുതിയോട് കൂടിയായിരിക്കും ഹജ്ജിനുള്ള കേരളത്തില്‍ നിന്നുള്ള യാത്ര ആരംഭിക്കുക.

🇶🇦ഖത്തറില്‍ ഇന്നും രോഗമുക്തരേക്കാള്‍ കൂടുതല്‍ രോഗികള്‍; മൂന്ന് മരണം കൂടി.

✒️ഖത്തറില്‍ ഇന്ന 306 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 261 പേരാണ് രോഗമുക്തി നേടിയത്. 226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 80 പേര്‍. 3,949 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

രാജ്യത്ത് 24 മണിക്കൂറിനിടെ മൂന്നുപേര്‍ കൂടി കോവിഡ് മൂലം മരിച്ചു. 47, 63, 69 വയസ്സുള്ളവരാണ് മരിച്ചത്. ആകെ മരണം 552. രാജ്യത്ത് ഇതുവരെ 2,11,896 പേര്‍ രോഗമുക്തി നേടി. ആകെ കോവിഡ് കേസുകള്‍ 2,16,397. ഇന്ന് 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 245 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

24 മണിക്കൂറിനിടെ 37,518 ഡോസ് വാക്‌സിന്‍ നല്‍കി. ആകെ 24,03,165ഡോസ് വാക്‌സിനുകളാണ് ഇതിനകം നല്‍കിയത്.

🇧🇭ബഹ്‌റൈൻ: പ്രവാസികളോടും, പൗരന്മാരോടും COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു.

✒️രാജ്യത്തെ മുഴുവൻ പ്രവാസികളോടും, പൗരന്മാരോടും COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു. രണ്ട് ഡോസ് വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചവരോട് ബൂസ്റ്റർ ഡോസ് കുത്തിവെപ്പിനുള്ള രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നതിനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

https://healthalert.gov.bh/ എന്ന വിലാസത്തിലൂടെ COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കുന്നതിനും, ബൂസ്റ്റർ ഡോസ് ലഭിക്കുന്നതിനുമുള്ള രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാവുന്നതാണ്. അതേസമയം, രാജ്യത്തെ പ്രതിദിന വാക്സിനേഷൻ ശേഷി 31000 ഡോസിലേക്ക് ഉയർത്താൻ തീരുമാനിച്ചതായും ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

🇦🇪ജൂൺ മധ്യത്തോടെ ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് പിൻവലിച്ചേക്കും.

✒️ജൂൺ മധ്യത്തോടെ ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് പിൻവലിച്ചേക്കുമെന്ന് യു.എ.ഇ. ജൂൺ 14 ഓടെ ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് പിൻവലിൈാക്കുമെന്ന് യു.എ.ഇയുടെ ഇന്ത്യയിലെ അംബാസഡർ അഹ്‌മദ്‌ അൽ ബന്നയാണ് അറിയിച്ചത്. നിലവിലെ കോവിഡ് വ്യാപനം ഇന്ത്യ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും അന്തിമ തീരുമാനമെന്നും ഡോ അഹ്‌മദ്‌ അൽ ബന്ന അറിയിച്ചി. കോവി‍ഡ് പ്രതിരോധത്തിനെതിരെ ഇന്ത്യക്കുള്ള വൈദ്യ സഹായം തുടരുമെന്നും അംബാസിഡർ പറഞ്ഞു.

Post a Comment

0 Comments