🇸🇦സൗദി അറേബ്യയിൽ 1,389 പേർക്ക് കൂടി കൊവിഡ്, 14 മരണം.
🇦🇪യുഎഇയില്‍ 1672 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് നാല് മരണം.
🛫💉പ്രവാസികള്‍ക്ക് വാക്സിനേഷനില്‍ മുന്‍ഗണന ലഭിക്കാന്‍ രജിസ്റ്റര്‍ ചെയ്യുന്നതെങ്ങനെ.
🇴🇲ഒമാനില്‍ 810 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് 10 മരണം.
🛫വാക്സിനെടുക്കുന്നവർ പാസ്പോർട്ട് നമ്പർ കൊടുക്കണമെന്ന് എംബസി; ഇന്ത്യാ സൗദി വിമാന സർവീസിൽ അനിശ്ചിതത്വം തുടരുന്നു.
🇶🇦അവസാന കോവിഡ് രോഗിയെയും ഡിസ്ചാര്‍ജ് ചെയ്ത് ഖത്തറിലെ രണ്ട് ആശുപത്രികള്‍ കൂടി.
🇰🇼കുവൈറ്റ്: വാക്സിനെടുത്ത പ്രവാസികൾക്ക് രാജ്യത്ത് പ്രവേശിക്കാൻ അനുവാദം നൽകുന്നതിന്റെ സാധ്യതകൾ പരിശോധിക്കുന്നതായി സൂചന.
🇶🇦ഖത്തറില്‍ ഇന്ന് രോഗമുക്തരേക്കാള്‍ കൂടുതല്‍ രോഗികള്‍; രണ്ട് മരണം.
🇶🇦ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനുള്ള മുന്നൊരുക്കം; ഇതിനകം വാക്‌സിനെടുത്തത് ഒന്നേകാല്‍ ലക്ഷത്തോളം തൊഴിലാളികള്‍.
വാർത്തകൾ വിശദമായി
🇸🇦സൗദി അറേബ്യയിൽ 1,389 പേർക്ക് കൂടി കൊവിഡ്, 14 മരണം.
✒️സൗദി അറേബ്യയിൽ വീണ്ടും 1,389 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. രോഗബാധിതരായി രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ചികിത്സയിലായിരുന്നവരിൽ 14 പേർ മരിച്ചു. 912 പേർ ഇന്ന് കൊവിഡ് മുക്തരായി. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 4,43,460 ആയി ഉയർന്നു. ഇതിൽ 4,26,589 പേർ കൊവിഡ് മുക്തരായി. ആകെ മരണസംഖ്യ 7,278 ആയി.
കൊവിഡ് ബാധിതരായി നിലവിൽ രാജ്യത്തുള്ളത് 9,593 പേരായി ഉയർന്നു. ഇവരിൽ 1,348 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനമായും മരണനിരക്ക് 1.6 ശതമാനമായും തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 422, റിയാദ് 380, കിഴക്കൻ പ്രവിശ്യ 163, മദീന 105, അസീർ 67, ജീസാൻ 66, അൽഖസീം 48, തബൂക്ക് 34, ഹായിൽ 34, നജ്റാൻ 30, അൽബാഹ 20, വടക്കൻ അതിർത്തി മേഖല 15, അൽജൗഫ് 5. രാജ്യത്ത് ഇതുവരെ നൽകിയ കൊവിഡ് വാക്സിന്റെ ഡോസ് 13,066,802 ആയി.
🇦🇪യുഎഇയില്‍ 1672 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് നാല് മരണം.
✒️യുഎഇയില്‍ ഇന്ന് 1672 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1630 പേര്‍ സുഖം പ്രാപിച്ചപ്പോള്‍ നാല് കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,24,002 പരിശോധനകളില്‍ നിന്നാണ് പുതിയ കൊവിഡ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ 5,59,291 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,39,161 പേര്‍ ഇതിനോടകം രോഗമുക്തരാവുകയും 1658 പേര്‍ മരണപ്പെടുകയും ചെയ്‍തു. നിലവില്‍ 18,472 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്.
🛫💉പ്രവാസികള്‍ക്ക് വാക്സിനേഷനില്‍ മുന്‍ഗണന ലഭിക്കാന്‍ രജിസ്റ്റര്‍ ചെയ്യാം; അപേക്ഷിക്കേണ്ടത് ഇങ്ങനെ:
✒️വിദേശത്ത് പോകുന്നവര്‍ക്ക് കൊവിഡ് വാക്സിനേഷനില്‍ മുന്‍ഗണന ലഭിക്കുന്നതിനുള്ള രജിസ്‍ട്രേഷന്‍ തുടങ്ങി. ജോലിക്കോ പഠന ആവശ്യങ്ങള്‍ക്കായോ വിദേശത്തേക്ക് പോകുന്നവര്‍ക്ക് വാക്സിനേഷന്‍ നിര്‍ബന്ധമാണെങ്കില്‍ അവര്‍ക്ക് വാക്സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ മുന്‍ഗണനാ വിഭാഗങ്ങളില്‍ പ്രവാസികളെയും കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്‍തു.
1- വാക്സിനേഷന്‍ രജിസ്ട്രേഷന് കോവിന്‍ പോര്‍ട്ടലില്‍ ( www.cowin.gov.in) ആദ്യം രജിസ്റ്റര്‍ ചെയ്യണം. ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ നമ്പര്‍ സഹിതമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇവിടെ തിരിച്ചറിയല്‍ പാസ്‍പോര്‍ട്ട് തെരഞ്ഞെടുത്ത് പാസ്‍പോര്‍ട്ട് നമ്പര്‍ നല്‍കിയാല്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലും പാസ്‍പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തി ലഭിക്കും. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന റഫറന്‍സ് ഐ.ഡി ഉപയോഗിച്ചാണ് ശേഷം മുന്‍ഗണനയ്‍ക്കായി രജിസ്റ്റര്‍ ചെയ്യേണ്ടത്.
2- വാക്സിനേഷനില്‍ മുന്‍ഗണന ലഭിക്കുന്നതിനായി https://covid19.kerala.gov.in/vaccine/ എന്ന വെബ്‍സൈറ്റ് തുറന്ന ശേഷം Individual Request തെരഞ്ഞെടുക്കണം. സ്ക്രീനില്‍ തെളിയുന്ന സന്ദേശം ക്ലോസ് ചെയ്‍ത ശേഷം മൊബൈല്‍ നമ്പര്‍ നല്‍കി. ഫോണില്‍ ലഭിക്കുന്ന OTP എന്റര്‍ ചെയ്‍ത് verify ബട്ടനില്‍ ക്ലിപ്പ് ചെയ്യാം.
3- OTP വെരിഫിക്കേഷന്‍ പൂര്‍ത്തിയായ ശേഷം തുടര്‍ന്ന് ലഭിക്കുന്ന ഫോമില്‍ ജില്ല, പേര്, ലിംഗം, ജനന വര്‍ഷം എന്നിവ നല്‍കിയ ശേഷം യോഗ്യതാ വിഭാഗം എന്നതില്‍ Going Abroad തെരഞ്ഞെടുക്കാം. തുടര്‍ന്ന് ജില്ലയില്‍ ലഭ്യമായ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്ന് സമീപത്തുള്ളത് തെരഞ്ഞെടുക്കണം.
4- Supporting documents എന്നുള്ള ഭാഗത്ത് രണ്ട് രേഖകള്‍ അപ്‍ലോഡ് ചെയ്യാനാവും. പാസ്‍പോര്‍ട്ടിലെ വ്യക്തിഗത വിശദാംശങ്ങളുള്ള പേജും വിസ സംബന്ധമായ വിവരങ്ങളുള്ള പേജും ഇവിടെ രണ്ട് ഫയലുകളായി അപ്‍ലോഡ് ചെയ്യണം.
5- തുടര്‍ന്ന് നേരത്തെ കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ലഭിച്ച 14 അക്ക റഫറന്‍സ് ഐ.ഡി നല്‍കിയ ശേഷം Submit ചെയ്യാം.
🇴🇲ഒമാനില്‍ 810 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് 10 മരണം.
✒️ഒമാനില്‍ 810 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 10 കൊവിഡ് മരണങ്ങളാണ് ഇന്ന് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 285 പേര്‍ രോഗമുക്തരായി.
ഒമാനില്‍ ഇതുവരെ 2,12,038 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 1,95,720 പേര്‍ രോഗമുക്തരാവുകയും 2284 പേര്‍ മരണപ്പെടുകയും ചെയ്‍തു. നിലവില്‍ 92.3 ശതമാനമാണ് രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 108 പേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരടക്കം 709 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 243 പേരുടെ നില ഗുരുതരമാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സയിലാണ്.
🛫വാക്സിനെടുക്കുന്നവർ പാസ്പോർട്ട് നമ്പർ കൊടുക്കണമെന്ന് എംബസി; ഇന്ത്യാ സൗദി വിമാന സർവീസിൽ അനിശ്ചിതത്വം തുടരുന്നു.
✒️സൗദിയിലേക്ക് വരാനായി ഇന്ത്യയിൽ നിന്നും വാക്സിനെടുക്കുന്നവർ പാസ്പോർട്ട് നമ്പർ രേഖയായി സമർപ്പിക്കണമെന്ന് ഇന്ത്യൻ എംബസി. ആധാർ നമ്പറിന് പകരം വാക്സിൻ രജിസ്ട്രേഷൻ സമയത്ത് തന്നെ പാസ്പോർട്ട് നമ്പർ നൽകുന്നതോടെ സൗദിയിലെത്തുമ്പോഴുള്ള സാങ്കേതിക തടസ്സം ഒഴിവാകും. ഇന്ത്യയും സൗദിയും തമ്മിലുള്ള വിമാന സർവീസ് തുടങ്ങുന്നതിന് ഉന്നത തല ചർച്ചകൾ പൂർത്തിയായെന്നും കോവിഡ് കേസുകൾ വർധിച്ചതാണ് നിലവിലെ വിമാന വിലക്കിന് കാരണമെന്നും എംബസി അറിയിച്ചു. ഇന്ത്യൻ സമൂഹവുമായി ഓൺലൈനിൽ നടത്തിയ സംഭാഷണത്തിലാണ് ഇന്ത്യൻ അംബാസിഡർ ഡോ. ഔസാഫ് സഈദ് വിവരങ്ങൾ പങ്കുവെച്ചത്. സൗദിയും ഇന്ത്യയും തമ്മിലുള്ള വിമാന സർവീസ് തുടങ്ങുന്നത് സംബന്ധിച്ച് സൗദിയിലെ വിവിധ മന്ത്രാലയങ്ങളുമായും സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയുമായും എംബസി ചർച്ച പൂർത്തിയാക്കിയിരുന്നു. കേസുകൾ പെട്ടെന്ന് വർധിച്ചതാണ് ഇന്ത്യാ-സൗദി വിമാന വിലക്കിന് കാരണം. സൗദിയിലേക്ക് ഇന്ത്യക്കാർക്ക് ഇതര വഴികൾ ഉപയോഗപ്പെടുത്തി വരാം. നിലവിലെ സാഹചര്യത്തിൽ സൗദിയിലേക്ക് വരുന്നവർ കോവിഡ് വാക്സിൻ സ്വീകരിക്കണം.സൗദി അംഗീകരിച്ച വാക്സിൻ സ്വീകരിക്കാതെ എത്തുന്നവർ ഒരാഴ്ച ക്വാറന്റൈനിലിരിക്കേണ്ടി വരും. ഓക്സ്ഫോർഡ് ആസ്ട്രസെനിക വാക്സിനും കോവിഷീൽഡും ഒന്നാണ്. കോവിഷീൽഡ് വാക്സിനേഷൻ പൂർത്തിയാക്കി വരുന്നവർക്ക് സൗദിയിലേക്ക് പ്രവേശനം ലഭിക്കും. സൗദി അധികൃതരുമായി ബന്ധപ്പെട്ട് കോവിഷീൾഡും, ആസ്ട്രാ സെനിക്കയും ഒന്നു തന്നെയാണന്ന് ബോധ്യപ്പെടുത്താൻ സാധിച്ചിട്ടുണ്ടെന്നും അതിനാൽ ഒട്ടും ആശങ്കയില്ലാതെ കോവിഷീൾഡ് സീകരിച്ച സാക്ഷ്യ പത്രവുമായി സൗദിയിലേക്ക് വരാമെന്നും അംബാസഡർ പറഞ്ഞു
വാക്സിനെടുക്കുന്നവർ പാസ്പോർട്ടാണ് രേഖയായി നാട്ടിൽ നൽകേണ്ടത് . ആധാർ നമ്പർ നൽകിയാൽ സൗദി വിമാനാത്താവളങ്ങളിൽ സാങ്കേതിക തടസ്സമുണ്ടാകും. സൗദിയിൽ അംഗീകാരമില്ലാത്ത കോവാക്സിൻ ഉൾപ്പെടെയുള്ളവ നിലവിൽ എടുത്തു കഴിഞ്ഞവരുണ്ട്. ഇവരുടെ കാര്യം എംബസി സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. ഈ വിഷയത്തിൽ എംബസിക്ക് സാധിക്കുന്ന രീതിയിലെല്ലാം ഇടപെടും. 1500 ലേറെ ഇന്ത്യക്കാർ ബഹ്റൈനിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ പൂർണമായി എത്തിക്കാനും ശ്രമം തുടരുകയാണ്. കോവിഡ് വാക്സിൻ സ്വീകരിച്ചവരെ മാത്രമാണ് കോസ്‍വേ വഴി കടത്തി വിടുന്നത്. ഇന്ത്യയിലേക്ക് ഓക്സിജൻ സിലിണ്ടറുകൾ എത്തിക്കാനായതിന് സൗദി ഭരണകൂടത്തോട് അംബാസിഡർ നന്ദി പ്രകടിപ്പിച്ചു. ഇന്ത്യക്കാർക്കും ഇത്തവണ ഹജ്ജിൽ അവസമുണ്ടാകുമെന്നും വിവരങ്ങൾ ലഭിക്കുന്ന മുറക്ക് അറിയിക്കുമെന്നും അംബാസിഡർ അറിയിച്ചു.
🇶🇦അവസാന കോവിഡ് രോഗിയെയും ഡിസ്ചാര്‍ജ് ചെയ്ത് ഖത്തറിലെ രണ്ട് ആശുപത്രികള്‍ കൂടി.
✒️അല്‍ വക്‌റ ഹോസ്പിറ്റലിലും റാസ് ലഫാന്‍ ഹോസ്പിറ്റലിലും ഖത്തര്‍ ആരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി സന്ദര്‍ശനം നടത്തി. ഇവിടെയുള്ള അവസാന കോവിഡ് രോഗിയെയും ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്നതിനോട് അനുബന്ധിച്ചായിരുന്ന സന്ദര്‍ശനം.
രാജ്യത്ത് കോവിഡ് വൈറസിന്റെ രണ്ടാം തരംഗം നേരിടുന്നതിന് ഒരുക്കിയ ഏഴ് ആരോഗ്യ കേന്ദ്രങ്ങളില്‍ പെട്ടതായിരുന്നു അല്‍ വക്‌റയിലെയും റാസ് ലഫാനിലെയും ആശുപത്രികള്‍. ഹസം മെബൈരീക് ഹോസ്പിറ്റല്‍, കമ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍, ദി ക്യൂബന്‍ ഹോസ്പിറ്റല്‍, മിസഈദ് ഹോസ്പിറ്റല്‍, അല്‍ വക്റ ഹോസ്പിറ്റല്‍, ഹമദ് ജനറല്‍ ഹോസ്പിറ്റലിലെ സര്‍ജിക്കല്‍ സ്പെഷ്യാലിറ്റി സെന്റര്‍ എന്നിവയാണ് മറ്റു കേന്ദ്രങ്ങള്‍. സര്‍ജിക്കല്‍ സ്പെഷ്യാലിറ്റി സെന്ററില്‍ നിന്ന് അവസാന രോഗിയെ ഈ മാസം 15ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു.
രണ്ടാം തരംഗത്തില്‍ വൈറസിന്റെ വകഭേദം സൃഷ്ടിച്ച ഭീഷണി വലുതായിരുന്നുവെന്നും രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ ഇതിനെ നേരിടുന്നതില്‍ സഹിച്ച ത്യാഗങ്ങള്‍ വാക്കുകള്‍ക്ക് അതീതമാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. രാജ്യത്തെ രോഗികളുടെ എണ്ണം കാര്യമായി കുറഞ്ഞിട്ടുണ്ട്. ആശുപത്രി സേവനം ആവശ്യമായ ഏതാനും രോഗികള്‍ മാത്രമേ ഇപ്പോള്‍ ഉള്ളു. ഈ സാഹചര്യത്തില്‍ കോവിഡ് ഹോസ്പിറ്റലുകള്‍ ക്രമേണ സാധാരണ രീതിയിലേക്കു മാറ്റുമെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍, കോവിഡിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
🇰🇼കുവൈറ്റ്: വാക്സിനെടുത്ത പ്രവാസികൾക്ക് രാജ്യത്ത് പ്രവേശിക്കാൻ അനുവാദം നൽകുന്നതിന്റെ സാധ്യതകൾ പരിശോധിക്കുന്നതായി സൂചന.
✒️വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ പ്രവാസികൾക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് അനുമതി നൽകുന്നതിന്റെ സാധ്യതകൾ കുവൈറ്റ് പരിശോധിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ സൂചന നൽകി. ഏതാനം രാജ്യങ്ങളിൽ നിന്നുള്ള, COVID-19 വാക്സിൻ കുത്തിവെപ്പെടുത്ത സാധുതയുള്ള റെസിഡൻസി വിസകളിലുള്ള പ്രവാസികൾക്ക് കുവൈറ്റിലേക്ക് പ്രവേശനം അനുവദിക്കുന്നതിന്റെ വിവിധ വശങ്ങൾ അധികൃതർ വിശകലനം ചെയ്തു വരികയാണെന്നാണ് വിവിധ സ്രോതസ്സുകളിൽ നിന്നുള്ള സൂചന.
പ്രവാസികൾ ഉൾപ്പടെയുളള വിദേശ യാത്രികർക്ക് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ നിലവിൽ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കർശനമായ സുരക്ഷാ നടപടികളോടെ ഏതാനം രാജ്യങ്ങളിൽ നിന്നെങ്കിലുമുള്ള പ്രവാസികൾക്ക് കുവൈറ്റിലേക്ക് പ്രവേശനം അനുവദിക്കുന്നതിന്റെ സാധ്യതകൾ അധികൃതർ പരിശോധിക്കുന്നതായുള്ള സൂചനകൾ ലഭിക്കുന്നത്. രോഗബാധ രൂക്ഷമായി തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ള പ്രവേശനവിലക്ക് തുടരുമെന്നാണ് ലഭിക്കുന്ന സൂചന.
വാക്സിനെടുത്തിട്ടുള്ള കുവൈറ്റ് പൗരന്മാർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ഏർപ്പെടുത്തുന്ന നിബന്ധനകൾ പാലിച്ച് കൊണ്ട് തന്നെ പ്രവാസികൾക്ക് കുവൈറ്റിലേക്ക് പ്രവേശനം അനുവദിക്കുന്നതിന്റെ സാധ്യതകളാണ് പരിശോധിക്കുന്നത്. കുവൈറ്റ് മന്ത്രിസഭയുടെ തീരുമാന പ്രകാരം യാത്രകളുമായി ബന്ധപ്പെട്ട് ഫൈസർ, അസ്ട്രസെനേക, മോഡർന, ജോൺസൻ ആൻഡ് ജോൺസൻ എന്നീ കമ്പനികളുടെ COVID-19 വാക്സിൻ വാക്സിനുകൾക്ക് അംഗീകാരം നൽകിയതായി (കുവൈറ്റിൽ നിന്നോ, മറ്റു രാജ്യങ്ങളിൽ നിന്നോ ഈ വാക്സിനുകൾ സ്വീകരിച്ചിട്ടുള്ളവർക്ക് ബാധകം) DGCA നേരത്തെ അറിയിച്ചിട്ടുണ്ട്.
🇶🇦ഖത്തറില്‍ ഇന്ന് രോഗമുക്തരേക്കാള്‍ കൂടുതല്‍ രോഗികള്‍; രണ്ട് മരണം.
✒️ഖത്തറില്‍ ഇന്ന 349 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 339 പേരാണ് രോഗമുക്തി നേടിയത്. 207 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 142 പേര്‍. 3,907 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.
രാജ്യത്ത് 24 മണിക്കൂറിനിടെ രണ്ടുപേര്‍ കൂടി കോവിഡ് മൂലം മരിച്ചു. 48, 64 വയസ്സുള്ളവരാണ് മരിച്ചത്. ആകെ മരണം 549. രാജ്യത്ത് ഇതുവരെ 211,635 പേര്‍ രോഗമുക്തി നേടി. ആകെ കോവിഡ് കേസുകള്‍ 216,091. ഇന്ന് 19 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 246 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.
24 മണിക്കൂറിനിടെ 36,309 ഡോസ് വാക്സിന്‍ നല്‍കി. ആകെ 23,65,647 ഡോസ് വാക്സിനുകളാണ് ഇതിനകം നല്‍കിയത്.
🇶🇦ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനുള്ള മുന്നൊരുക്കം; ഇതിനകം വാക്‌സിനെടുത്തത് ഒന്നേകാല്‍ ലക്ഷത്തോളം തൊഴിലാളികള്‍.
✒️ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ ആദ്യഘട്ടത്തിന് രണ്ട് ദിവസം കൂടി ബാക്കിയിരിക്കേ 1,20,000ല്‍ കൂടുതല്‍ തൊഴിലാളികള്‍ വാക്‌സിനെടുത്തു. നിയന്ത്രണം പിന്‍വലിക്കുമ്പോള്‍ വാക്‌സിനെടുത്തവര്‍ക്ക് നിരവധി ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തൊഴിലാളികള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയത്.
കഴിഞ്ഞ ആഴ്ച്ചകളില്‍ പ്രായപരിധി നോക്കാതെ തന്നെ അടിസ്ഥാന മേഖലയിലെ തൊഴിലാളി വിഭാഗങ്ങള്‍ക്ക് വാക്‌സിനേഷനില്‍ മുന്‍ഗണന നല്‍കിയിരുന്നു.
നാല്ഘട്ടങ്ങളിലായാണ് ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നത്. അതിന്റെ ആദ്യഘട്ടം ഈ മാസം 28 മുതലാണ്. ഈ സാഹചര്യത്തിലാണ് സുരക്ഷിത സാഹചര്യം ഒരുക്കുന്നതിന് ജനങ്ങളുമായി നേരിട്ട് ഇടപഴകുകയും അടിസ്ഥാന മേഖലകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന തൊഴിലാളികള്‍ക്ക് വാക്‌സിനേഷന്‍ ഊര്‍ജിതമാക്കിയതെന്ന് കോവിഡ് വാക്‌സിനേഷന്‍ അപ്പോയിന്‍മെന്റ് യൂനിറ്റിന് നേതൃത്വം നല്‍കുന്ന ഡോ. ഖാലിദ് അബ്ദുല്‍നൂര്‍ പറഞ്ഞു.
ബാര്‍ബര്‍മാര്‍, റസ്റ്റൊറന്റ് ജീവനക്കാര്‍, കാറ്ററിങ് സ്റ്റോറുകള്‍, ഗ്രോസറികള്‍, ഹോട്ടലുകള്‍, ഹോസ്പിറ്റാലിറ്റി സേവനം തുടങ്ങിയ മേഖലകളിലെ ജീവനക്കാര്‍ക്ക് വാക്‌സിനേഷനില്‍ പ്രത്യേക പരിഗണന നല്‍കിയിരുന്നു. വ്യക്തികള്‍ നേരിട്ട് അപ്പോയിന്‍മെന്റ് എടുക്കുന്നതിന് പകരം ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന രീതിയിലാണ് സംവിധാനമൊരുക്കിയിരുന്നത്.
0 Comments