🛫ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്ക് നീട്ടിയത് സൗദി പ്രവാസികൾക്കും തിരിച്ചടി.
🇸🇦സൗദിയിൽ ജോലിക്ക് പോകുന്നതിന് ഫിലിപ്പീൻസ് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു.
🇦🇪യുഎഇയില്‍ ജൂണ്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കൂട്ടി.
🇸🇦സൗദി അറേബ്യയിൽ പുതിയ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു.
🇴🇲ഒമാനില്‍ 2399 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 31 മരണം.
🇦🇪യുഎഇയില്‍ 1,810 പേര്‍ക്ക് കൂടി കൊവിഡ്, നാലു മരണം.
🇸🇦സൗദി: ആദ്യ ഡോസ് COVID-19 വാക്സിൻ സ്വീകരിച്ച ശേഷം രോഗബാധിതരാക്കുന്നവർക്കുള്ള അറിയിപ്പ്.
🇰🇼കുവൈറ്റ്: മെയ് 30 മുതൽ നടക്കാനിരുന്ന പരീക്ഷകൾ നീട്ടിവെച്ചു.
വാർത്തകൾ വിശദമായി
🛫ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്ക് നീട്ടിയത് സൗദി പ്രവാസികൾക്കും തിരിച്ചടി.
✒️ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്ക് ജൂൺ 30 വരെ നീട്ടിയത് സൗദിയിലേക്കുള്ള മലയാളി പ്രവാസികളുടെ യാത്രാ പ്രതീക്ഷകൾക്കും മങ്ങലേൽപിച്ചു. യുഎഇയുമായുള്ള യാത്രാനിരോധം സൗദി അറേബ്യ കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ സൗദിയിലേക്ക് വരാനുള്ള ഇന്ത്യൻ പ്രവാസികൾ യുഎഇ വഴി യാത്ര ചെയ്യാമെന്ന പ്രതീക്ഷയിലായിരുന്നു.
നിലവിൽ ജൂൺ 14 വരെയായിരുന്നു ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്ക്. ഇതാണിപ്പോൾ ജൂൺ 30 വരെ നീട്ടിയിരിക്കുന്നത്. നേരത്തെ ചെയ്തിരുന്നതുപോലെ യു.എ.ഇയിൽ എത്തി അവിടെ 14 ദിവസം തങ്ങിയ ശേഷം സൗദിയിലേക്ക് പ്രവേശിക്കാം എന്ന പ്രതീക്ഷയിലായിരുന്നു സൗദി പ്രവാസികള്‍. ജൂൺ 14ന് ശേഷം ഇത്തരത്തില്‍ യാത്ര സാധ്യമാവുമെന്നായിരുന്നു പ്രതീക്ഷ. അതാണ് ഇപ്പോൾ തകർന്നടിഞ്ഞത്. ഇനി യുഎഇ വഴിയുള്ള യാത്ര സാധ്യമാവുമോ എന്നറിയാന്‍ ജൂൺ 30 വരെ കാത്തിരിക്കണം.
ഇന്ത്യയിലെ കൊവിഡ് സാഹചര്യം ആശാസ്യമായ നിലയിലല്ലെന്ന വിലയിരുത്തലിലാണ് സൗദി അറേബ്യയും യുഎഇയും. അതുകൊണ്ടുതന്നെ യാത്രാവിലക്ക് എപ്പോള്‍ അവസാനിക്കുമെന്ന കാര്യത്തില്‍ ആശങ്കയിലാണ് പ്രവാസികള്‍. സൗദി അറേബ്യയിലേക്ക് ഉടനെ ഇന്ത്യാക്കാർക്ക് നേരിട്ട് പ്രവേശനാനുമതി ലഭിക്കില്ലെന്നാണ് സൂചന. ബഹ്റൈന്‍ വഴിയുള്ള സൗദി യാത്രയും മുടങ്ങി. സൗദി വിസയുള്ളവർ ഏറെ ആശങ്കയോടെയാണ് ഇപ്പോള്‍ നാട്ടിൽ കഴിയുന്നത്.
🇸🇦സൗദിയിൽ ജോലിക്ക് പോകുന്നതിന് ഫിലിപ്പീൻസ് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു.
✒️സൗദിയിൽ ജോലിക്ക് പോകുന്നതിന് ഫിലിപ്പീൻസ് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. സൗദിയിലേക്കെത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ ക്വാറന്‍റൈൻ ചെലവ് സ്വന്തം നിലയിൽ വഹിക്കണമെന്ന തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ഫിലിപ്പൈന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത്. ഫിലിപ്പൈന്‍ തൊഴില്‍ വകുപ്പാണ് താല്‍ക്കാലികമായി ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചതായി അറിയിച്ചത്. സൗദിയിലേക്ക് പുതുതായി എത്തുന്നവരുടെ ക്വാറന്റൈന്‍ ചിലവും മെഡിക്കല്‍ ചിലവും തൊഴിലുടമയോ റിക്രൂട്ട്‌മെന്റ് ഏജന്‌സികളോ വഹിക്കുമെന്ന സൗദി സര്‍ക്കാറിന്റെ അറിയിപ്പിനെ തുടര്‍ന്നാണ് നടപടി പിന്‍വലിച്ചതെന്നും അവര്‍ വ്യക്തമാക്കി.
രണ്ട് ദിവസം മുമ്പാണ് ഫിലിപ്പൈന്‍ പൗരന്‍മാര്‍ സൗദിയിലേക്ക് പുറപ്പെടുന്നതിന് അവിടത്തെ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നത്. വാക്‌സിനെടുക്കാതെ സൗദിയിലേക്കെത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ ഇന്‍സ്റ്റിട്യൂഷണല്‍ ക്വാറന്‍റൈന്‍ ചിലവ് തൊഴിലാളികള്‍ വഹിക്കണമെന്ന തീരുമാനം അംഗീകരിക്കില്ലെന്ന് കാണിച്ചാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. നിലവില്‍ വാക്‌സിന്‍ സ്വീകരിക്കാതെ സൗദിയിലെത്തുന്ന എല്ലാ രാജ്യങ്ങളില്‍ നിന്നുള്ളവരും ഒരാഴ്ചത്തെ ഇന്‍സ്റ്റിട്യൂഷണല്‍ ക്വാറന്റൈന്‍ പാലിക്കണം. ഇതിനുള്ള ചിവല് അതാത് വ്യക്തികള്‍ വഹിക്കണമെന്നും സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഗാര്‍ഹീക തൊഴിലാളികളുടെ ചിലവുകള്‍ തൊഴിലുടമ വഹിക്കണമെന്ന് മാനവ വിഭവശേഷി മന്ത്രാലയം നേരത്തെ അറിയിച്ചിട്ടുമുണ്ട്.
🇦🇪യുഎഇയില്‍ ജൂണ്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കൂട്ടി.
✒️യുഎഇയില്‍ ജൂണ്‍ മാസത്തേക്കുള്ള ഇന്ധന വില രാജ്യത്തെ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. മേയ് മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും ജൂണില്‍ വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
സൂപ്പര്‍ 98 പെട്രോളിന് നേരത്തെ 2.30 ദിര്‍ഹമായിരുന്നത് ജൂണില്‍ 2.38 ദിര്‍ഹമായിരിക്കും. സ്‍പെഷ്യല്‍ 95 പെട്രോളിന് 2.27 ദിര്‍ഹമായിരിക്കും ജൂണിലെ വില. നിലവില്‍ ഇത് 2.18 ദിര്‍ഹമാണ്. ഇ-പ്ലസിന് 2.11 ദിര്‍ഹത്തില്‍ നിന്ന് 2.19 ദിര്‍ഹമാക്കി വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഡീസല്‍ വിലയില്‍ 13 ഫില്‍സിന്റെ വര്‍ദ്ധനവാണുള്ളത്. നേരത്തെ 2.17 ദിര്‍ഹമായിരുന്ന ഡീസല്‍ വില ജൂണില്‍ 2.30 ദിര്‍ഹമായിരിക്കും.
🇸🇦സൗദി അറേബ്യയിൽ പുതിയ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു.
✒️സൗദി അറേബ്യയിൽ പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ പ്രതിദിന എണ്ണം വീണ്ടും ആയിരത്തിന് താഴെയായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 907 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം ചികിത്സയിലുള്ളവരിൽ 1,201 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ മേഖലകളിൽ 13 പേർ മരിച്ചു.
രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 4,49,191 ആയി ഉയർന്നു. ഇതിൽ 4,32,138 പേർ രോഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,706 ആയി കുറഞ്ഞു. ഇവരിൽ 1,408 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് വീണ്ടും കുറഞ്ഞ് 96.1 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
രാജ്യത്തെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ രോഗികളുടെ എണ്ണം: റിയാദ് 258, മക്ക 232, കിഴക്കൻ പ്രവിശ്യ 139, മദീന 86, അസീർ 65, ജീസാൻ 39, അൽഖസീം 33, ഹായിൽ 14, നജ്റാൻ 13, തബൂക്ക് 12, അൽബാഹ 9, വടക്കൻ അതിർത്തിമേഖല 4, അൽജൗഫ് 3. രാജ്യത്ത് ഇതുവരെ 13,880,516 ഡോസ് കോവിഡ് വാക്സിൻ കുത്തിവെപ്പ് നടത്തി.
🇴🇲ഒമാനില്‍ 2399 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 31 മരണം.
✒️ഒമാനില്‍ 2399 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 31 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
അവധി ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിലെ വിവരങ്ങള്‍ കൂടെ ഉള്‍പ്പെടുത്തിയാണ് ഇന്നത്തെ കണക്കുകള്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. രാജ്യത്ത് ഇതുവരെ 2,16,183 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 1,99,287 പേര്‍ രോഗമുക്തരാവുകയും 2334 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 92.2 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 100 പേരെക്കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 809 രോഗികള്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 242 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.
🇦🇪യുഎഇയില്‍ 1,810 പേര്‍ക്ക് കൂടി കൊവിഡ്, നാലു മരണം.
✒️യുഎഇയില്‍ ഇന്ന് 1,810 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,777 പേര്‍ സുഖം പ്രാപിച്ചപ്പോള്‍ നാല് കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,42,981 പരിശോധനകളില്‍ നിന്നാണ് പുതിയ കൊവിഡ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ 5,69,073 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,48,785 പേര്‍ ഇതിനോടകം രോഗമുക്തരാവുകയും 1,677 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 18,611 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്.
🇸🇦സൗദി: ആദ്യ ഡോസ് COVID-19 വാക്സിൻ സ്വീകരിച്ച ശേഷം രോഗബാധിതരാക്കുന്നവർക്കുള്ള അറിയിപ്പ്.
✒️ആദ്യ ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ച ശേഷം കൊറോണാ വൈറസ് രോഗബാധ സ്ഥിരീകരിക്കുന്നവർക്ക് ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് രണ്ടാം ഡോസ് കുത്തിവെപ്പ് നൽകുന്നതെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തിൽ രോഗബാധ സ്ഥിരീകരിക്കപ്പെടുന്നവരുടെ രണ്ടാം ഡോസ് കുത്തിവെപ്പ് തീയ്യതികൾ, രോഗമുക്തി നേടിയ ശേഷം ആറ് മാസത്തിനപ്പുറമുള്ള ഒരു തീയ്യതിയിലേക്ക് പുനഃക്രമീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
COVID-19 വാക്സിൻ കുത്തിവെപ്പെടുത്ത് (ഒന്നാം ഡോസോ അല്ലെങ്കിൽ രണ്ടാം ഡോസോ) 14 ദിവസങ്ങൾക്ക് ശേഷം COVID-19 രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പർക്കത്തിനിടയാകുന്നവർക്ക്, പ്രത്യേകിച്ച് രോഗലക്ഷണങ്ങൾ ഒന്നും പ്രകടമല്ലാത്ത സാഹചര്യങ്ങളിൽ ക്വാറന്റീൻ ഒഴിവാക്കി നൽകുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. എന്നാൽ കൂടുതൽ ആളുകൾ താമസിക്കുന്ന വീടുകളിലുള്ളവർക്ക് ഈ ഇളവ് ബാധകമല്ല. ഇവരിൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്ന സാഹചര്യത്തിൽ, ഇവർ സ്വയം ഐസൊലേറ്റ് ചെയ്യേണ്ടതും, PCR ടെസ്റ്റ് നടത്തേണ്ടതുമാണ്.
അറുപത് വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പുകൾ ഇപ്പോൾ ലഭ്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം മെയ് 27-ന് അറിയിച്ചിരുന്നു.
🇰🇼കുവൈറ്റ്: മെയ് 30 മുതൽ നടക്കാനിരുന്ന പരീക്ഷകൾ നീട്ടിവെച്ചു.
✒️രാജ്യത്തെ പൊതു, സ്വകാര്യ വിദ്യാലയങ്ങളിലെ പത്ത് മുതൽ പന്ത്രണ്ടാം ഗ്രേഡ് വരെയുള്ള വിദ്യാർത്ഥികളുടെ മെയ് 30 മുതൽ ആരംഭിക്കാനിരുന്ന പരീക്ഷകൾ പത്ത് ദിവസത്തേക്ക് നീട്ടിവെക്കാൻ തീരുമാനിച്ചതായി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
നിലവിലെ സാഹചര്യത്തിൽ വിദ്യാർത്ഥികൾ നേരിട്ടെത്തുന്ന രീതിയിൽ പരീക്ഷകൾ നടത്തേണ്ടതുണ്ടോ എന്നത് തീരുമാനിക്കുന്നതിനായി രക്ഷിതാക്കളുമായി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ സംവാദത്തിന് ശേഷമാണ് ഈ തീരുമാനം. മെയ് 30 മുതൽ തുടങ്ങാനിരുന്ന പത്ത് മുതൽ പന്ത്രണ്ടാം ഗ്രേഡ് വരെയുള്ള വിദ്യാർത്ഥികളുടെ പരീക്ഷകൾ നിലവിലെ തീരുമാനപ്രകാരം ജൂൺ 9-ലേക്കാണ് നീട്ടിയിരിക്കുന്നത്.
ഇതോടെ കുവൈറ്റിലെ പത്ത് മുതൽ പന്ത്രണ്ടാം ഗ്രേഡ് വരെയുള്ള വിദ്യാർത്ഥികളുടെ പരീക്ഷകൾ ജൂൺ 9 മുതൽ ജൂൺ 24 വരെയുള്ള തീയതികളിൽ നടത്തുന്നതാണ്. നേരത്തെ മെയ് 30 മുതൽ ജൂൺ 15 വരെയുള്ള തീയതികളിൽ ഈ പരീക്ഷകൾ നടത്തുമെന്നാണ് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരുന്നത്.
0 Comments