🇸🇦കൊവിഡ്: സൗദിയില്‍ രോഗമുക്തരുടെ എണ്ണം വീണ്ടും ഉയര്‍ന്നു.
🇦🇪യുഎഇയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് രണ്ടുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കേസുകള്‍.
🇴🇲ചൂട് കൂടുന്നു; ഒമാനില്‍ തൊഴിലാളികള്‍ക്ക് മധ്യാഹ്ന വിശ്രമം നിര്‍ബന്ധമാക്കി ഉത്തരവ്.
🛑സൗദിയിലേക്കുള്ള യാത്രാ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുത്; അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നത് നിരവധി മലയാളികൾ.
🇶🇦ഖത്തറില്‍ രോഗമുക്തി വീണ്ടും കുറഞ്ഞു; ഇന്ന് കോവിഡ് മരണമില്ല.
🇴🇲ഒമാൻ: ദൈർഘ്യമേറിയ അന്താരാഷ്ട്ര വിമാന സർവീസുകളിലെത്തുന്ന യാത്രികരുടെ PCR നിബന്ധനകളിൽ മാറ്റം വരുത്തി.
🇶🇦ഖത്തർ: പുറം തൊഴിലിടങ്ങളിൽ ജൂൺ 1 മുതൽ മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കാൻ തീരുമാനം.
🇧🇭ബഹ്‌റൈൻ: COVID-19 മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി; മെയ് 27 മുതൽ മാളുകൾ അടച്ചിടും; ഭക്ഷണശാലകളിൽ പാർസൽ സേവനം മാത്രം.
🇧🇭ബഹ്‌റൈൻ: COVID-19 റാപിഡ് ടെസ്റ്റ് കിറ്റുകളുടെ നിരക്ക് കുറച്ചു.
🇴🇲ഒമാനില്‍ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 10 മരണം.
🇰🇼'കൂടെയുണ്ട് കുവൈത്ത്'; കൊവിഡ് പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി ത്രിവര്‍ണമണിഞ്ഞ് കുവൈത്ത് ടവറുകള്‍.
🇸🇦കൊവിഡ്: സൗദിയില്‍ രോഗമുക്തരുടെ എണ്ണം വീണ്ടും ഉയര്‍ന്നു.
✒️സൗദി അറേബ്യയില്‍ കൊവിഡ് ബാധയില്‍ നിന്ന് മുക്തി നേടുന്നവരുടെ എണ്ണത്തില്‍ വീണ്ടും നേരിയ വര്‍ധനവ്. 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 1,040 പേര്‍ സുഖം പ്രാപിച്ചു. 1,183 പേര്‍ക്ക് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധ മേഖലകളില്‍ 14 പേര്‍ മരിച്ചു.
ആകെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 4,45,963 ആയി ഉയര്‍ന്നു. ഇതില്‍ 4,28,502 പേര്‍ കൊവിഡ് മുക്തരായി. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,152 ആയി. ഇവരില്‍ 1,353 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് വീണ്ടും കുറഞ്ഞ് 96.1 ശതമാനമായി. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു.
രാജ്യത്ത് പുതിയ രോഗബാധിതരുടെ പ്രതിദിന എണ്ണത്തിന്റെ കാര്യത്തില്‍ തലസ്ഥാനമായ റിയാദ് വീണ്ടും ഒന്നാമതെത്തി. രണ്ടാഴ്ചയായി മക്കയായിരുന്നു ഒന്നാം സ്ഥാനത്ത്. റിയാദില്‍ ഇന്ന് 432 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മറ്റ് മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 317, കിഴക്കന്‍ പ്രവിശ്യ 160, മദീന 77, അസീര്‍ 63, ജീസാന്‍ 59, അല്‍ഖസീം 45, തബൂക്ക് 41, നജ്‌റാന്‍ 27, ഹായില്‍ 21, അല്‍ബാഹ 16, വടക്കന്‍ അതിര്‍ത്തിമേഖല 10, അല്‍ജൗഫ് 5. രാജ്യത്ത് ഇതുവരെ 13,425,055 ഡോസ് കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് നടത്തി.
🇦🇪യുഎഇയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് രണ്ടുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കേസുകള്‍.
✒️യുഎഇയില്‍ ഇന്ന് 2,167 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഏപ്രില്‍ രണ്ടിന് ശേഷം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഉയര്‍ന്ന പ്രതിദിന രോഗനിരക്കാണിത്. ചികിത്സയിലായിരുന്ന 2,137 പേര്‍ സുഖം പ്രാപിച്ചപ്പോള്‍ മൂന്ന് കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,25,957 പരിശോധനകളില്‍ നിന്നാണ് പുതിയ കൊവിഡ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ 5,63,215 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,43,023 പേര്‍ ഇതിനോടകം രോഗമുക്തരാവുകയും 1,664 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 18,528 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്.
🇴🇲ചൂട് കൂടുന്നു; ഒമാനില്‍ തൊഴിലാളികള്‍ക്ക് മധ്യാഹ്ന വിശ്രമം നിര്‍ബന്ധമാക്കി ഉത്തരവ്.
✒️ഒമാനില്‍ ചൂട് കടുത്തതിനെ തുടര്‍ന്ന് തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മധ്യാഹ്ന വിശ്രമം നിര്‍ബന്ധമാക്കി കൊണ്ട് ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. ഉച്ചവിശ്രമ സമയത്ത് തൊഴിലാളികളെ ജോലിയെടുപ്പിച്ചാല്‍ തൊഴിലുടമക്ക് പിഴയും ശിക്ഷയും ഉണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു.
ഉച്ചകഴിഞ്ഞ് 12.30 മുതല്‍ 3:30 വരെയാണ് തൊഴിലാളികള്‍ക്ക് വിശ്രമ സമയം അനുവദിച്ചിരിക്കുന്നത്. തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ ഉച്ചവിശ്രമ സമയത്ത് ജോലി ചെയ്യുവാന്‍ നിര്‍ബന്ധിക്കുന്നത് തൊഴില്‍ നിയമലംഘനമാണെന്നും ഒമാന്‍ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് വിശ്രമത്തിനുള്ള സൗകര്യങ്ങള്‍ തൊഴില്‍ സ്ഥലത്ത് തന്നെ ഒരുക്കണമെന്ന് തൊഴില്‍ മന്ത്രാലയം നിര്‍ദ്ദേശിച്ചു.
കഠിന ചൂട് കാരണം ശരീരത്തിലെ ജലാംശം കുറയുന്നത് ഒഴിവാക്കുവാന്‍ തൊഴില്‍ ഇടങ്ങളില്‍ കുടിവെള്ള ലഭ്യത ഉറപ്പാക്കുവാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. മലയാളികള്‍ അടക്കം ആയിരക്കണക്കിന് തൊഴിലാളികളാണ് പകല്‍ സമയം കനത്ത വെയിലിലും ചൂടിലും ജോലി ചെയ്തു വരുന്നത്. ഒമാന്‍ മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ ഈ പ്രഖ്യാപനം തുറസ്സായസ്ഥലത്ത് ജോലി ചെയ്യുന്നവര്‍ക്ക് വലിയ ആശ്വാസം തന്നെയാകും. ജൂണ്‍ ഒന്ന് മുതല്‍ ആഗസ്ത് അവസാനം വരെ തൊഴിലാളികള്‍ക്ക് ഉച്ച വിശ്രമം നല്‍കണമെന്നാണ് ഒമാന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.
🛑സൗദിയിലേക്കുള്ള യാത്രാ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുത്; അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നത് നിരവധി മലയാളികൾ.
✒️സൗദിയിലേക്കുള്ള യാത്രാ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്ന് നോർക്ക റൂട്ട്സ്. വിമാനഗതാഗതം ഇല്ലാത്തതിനെ തുടർന്ന് റോഡ് മാർഗ്ഗം ബഹ്റെെനിൽ നിന്ന് സൗദി അറേബ്യയിൽ പോകുന്നതിനായി ശ്രമിച്ച് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നത് നിരവധി മലയാളികളാണ്. അവരെ സൗദിയിൽ എത്തിക്കുന്നതിനോ തിരിച്ച് നാട്ടിൽ എത്തിക്കുന്നതിനോ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവൻ ഐ.എ.എസ്.ബന്ധപ്പെട്ട എമ്പസികളോട് ആവശ്യപ്പെട്ടു.
ബഹ്റൈൻ, സൗദി അറേബ്യ, ഇന്ത്യൻ അമ്പാസിഡർമാർക്കാണ് ഇക്കാര്യം ഉന്നയിച്ച് കത്തയച്ചത്. നിരവധി മലയാളികളാണ് ഇത്തരത്തിൽ കുടുങ്ങി കിടക്കുന്നത്. സ്വകാര്യ ഏജൻസികൾ നല്കുന്ന ഇത്തരം വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്നും നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു.
🇶🇦ഖത്തറില്‍ രോഗമുക്തി വീണ്ടും കുറഞ്ഞു; ഇന്ന് കോവിഡ് മരണമില്ല.
✒️ഖത്തറില്‍ ഇന്ന 286 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 152 പേരാണ് രോഗമുക്തി നേടിയത്. 171 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 115 പേര്‍. 4,083 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.
രാജ്യത്ത് ഇന്ന് കോവിഡ് മരണമില്ല. ആകെ മരണം 552. രാജ്യത്ത് ഇതുവരെ 2,12,048 പേര്‍ രോഗമുക്തി നേടി. ആകെ കോവിഡ് കേസുകള്‍ 2,16,683. ഇന്ന് 5 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 236 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.
24 മണിക്കൂറിനിടെ 37,765 ഡോസ് വാക്സിന്‍ നല്‍കി. ആകെ 24,40,930 ഡോസ് വാക്സിനുകളാണ് ഇതിനകം നല്‍കിയത്.
🇴🇲ഒമാൻ: ദൈർഘ്യമേറിയ അന്താരാഷ്ട്ര വിമാന സർവീസുകളിലെത്തുന്ന യാത്രികരുടെ PCR നിബന്ധനകളിൽ മാറ്റം വരുത്തി.
✒️ദൈർഘ്യമേറിയ അന്താരാഷ്ട്ര വിമാന സർവീസുകളിലെത്തുന്ന യാത്രികരുടെ, ഒമാനിലേക്ക് പ്രവേശിക്കുന്നതിന് മുൻപായി എടുക്കുന്ന, COVID-19 PCR ടെസ്റ്റ് കാലാവധിയിൽ മാറ്റങ്ങൾ വരുത്തിയതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം, ഒമാനിലേക്ക് എട്ട് മണിക്കൂറിലധികം യാത്രാ സമയം (ട്രാൻസിറ്റ് ഉൾപ്പടെ) ആവശ്യമായി വരുന്ന ദൈർഘ്യമേറിയ അന്താരാഷ്ട്ര വിമാനയാത്രകൾ ചെയ്തെത്തുന്ന യാത്രികർക്ക് PCR നെഗറ്റീവ് റിസൾട്ടിന്റെ കാലാവധി 96 മണിക്കൂറാക്കി നീട്ടി നൽകിയിട്ടുണ്ട്.
ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഒമാൻ CAA രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ വിമാനകമ്പനികൾക്കും നൽകിയിട്ടുണ്ട്. മെയ് 26-ന് വൈകീട്ടാണ് ഒമാൻ CAA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഒമാനിലേക്കുള്ള വിമാനയാത്രയ്ക്ക് എട്ട് മണിക്കൂറിലധികം (ട്രാൻസിറ്റ് ഉൾപ്പടെ) എടുക്കുന്ന സർവീസുകളിലെത്തുന്നവർക്ക് – ഒമാനിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, 96 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് നിർബന്ധം.
ഒമാനിലേക്കുള്ള യാത്രകൾക്ക് എട്ട് മണിക്കൂറിന് താഴെ സമയം ആവശ്യമാകുന്ന ഫ്ലൈറ്റുകളിൽ എത്തുന്നവർക്ക് – ഒമാനിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, 72 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് നിർബന്ധം.
🇶🇦ഖത്തർ: പുറം തൊഴിലിടങ്ങളിൽ ജൂൺ 1 മുതൽ മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കാൻ തീരുമാനം.
✒️രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2021 ജൂൺ 1 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുമെന്ന് ഖത്തർ മിനിസ്ട്രി ഓഫ് അഡ്മിനിസ്‌ട്രേറ്റീവ് ഡവലപ്മെന്റ്, ലേബർ ആൻഡ് സോഷ്യൽ അഫയേഴ്‌സ് (ADLSA) അറിയിച്ചു. വേനൽക്കാലത്ത് തുറന്ന തൊഴിലിടങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട ‘2021/ 17’ എന്ന തീരുമാനം നടപ്പിലാക്കുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
മെയ് 26-ന് രാത്രിയാണ് ADLSA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെയുള്ള കാലയളവിലാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്. വേനലിലെ കൊടും ചൂടിൽ, തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാധ്യതകൾ മുൻനിർത്തിയുമാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ഈ കാലയളവിൽ നേരിട്ട് സൂര്യപ്രകാശത്തിന് കീഴിൽ വരുന്ന തൊഴിലിടങ്ങളിലെ ജീവനക്കാർക്ക് മദ്ധ്യാഹ്ന ഇടവേള നിർബന്ധമായും ഉറപ്പാക്കേണ്ടതാണ്. ഈ കാലയളവിൽ ഖത്തറിലെ നേരിട്ട് സൂര്യപ്രകാശത്തിന് കീഴിൽ വരുന്ന തൊഴിലിടങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് 3:30 വരെ പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ടതാണ്. ഈ നിർദ്ദേശം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
🇧🇭ബഹ്‌റൈൻ: COVID-19 മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി; മെയ് 27 മുതൽ മാളുകൾ അടച്ചിടും; ഭക്ഷണശാലകളിൽ പാർസൽ സേവനം മാത്രം.
✒️രാജ്യത്തെ COVID-19 സുരക്ഷാ മാനദണ്ഡങ്ങളിൽ 2021 മെയ് 27, വ്യാഴാഴ്ച്ച മുതൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബഹ്‌റൈനിലെ COVID-19 പ്രതിരോധത്തിന്റെ ചുമതലയുള്ള നാഷണൽ ടാസ്‌ക്‌ഫോഴ്‌സ് മെയ് 26-ന് രാത്രി നടത്തിയ പത്രസമ്മേളനത്തിലാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
രാജ്യത്തെ COVID-19 രോഗബാധ രൂക്ഷമായ സാഹചര്യത്തിലാണ് ഈ തീരുമാനം. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന COVID-19 രോഗബാധിതരുടെ കണക്കാണ് കഴിഞ്ഞ ദിവസം ബഹ്‌റൈനിൽ രേഖപ്പെടുത്തിയത്.
ഈ അറിയിപ്പ് പ്രകാരം മെയ് 27 അർദ്ധരാത്രി മുതൽ ജൂൺ 10 അർദ്ധരാത്രിവരെ ബഹ്‌റൈനിൽ താഴെ പറയുന്ന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ്:
രാജ്യത്തെ എല്ലാ മാളുകൾ, ചില്ലറ വില്പന ശാലകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവ അടച്ചിടും.
റസ്റ്ററന്റുകൾ, കഫെ തുടങ്ങിയ ഭക്ഷണശാലകളിൽ ഹോം ഡെലിവറി, ടേക്ക് എവേ സേവനങ്ങൾ മാത്രമാക്കി നിയന്ത്രണമേർപ്പെടുത്തും.
ജിം, സ്പോർട്സ് കേന്ദ്രങ്ങൾ, സ്വിമ്മിങ്ങ് പൂളുകൾ, ബീച്ചുകൾ, വിനോദകേന്ദ്രങ്ങൾ എന്നിവ അടച്ചിടുന്നതാണ്.
സിനിമാശാലകൾ അടച്ചിടും.
സാമൂഹിക ചടങ്ങുകൾ, കോൺഫെറൻസുകൾ മുതലായവയ്ക്ക് അനുമതിയില്ല.
വീടുകളിൽ വെച്ച് നടത്തുന്ന എല്ലാ കൂടിച്ചേരലുകളും, പരിപാടികളും നിരോധിച്ചിട്ടുണ്ട്.
കായികവിനോദങ്ങൾ നടക്കുന്ന ഇടങ്ങളിലേക്ക് ആരാധകർക്ക് പ്രവേശനം അനുവദിക്കില്ല.
എല്ലാ സർക്കാർ സ്ഥാപനങ്ങളിലും പരമാവധി ശേഷിയുടെ 30 ശതമാനം ജീവനക്കാർക്ക് മാത്രം നേരിട്ട് പ്രവേശനം. മറ്റുള്ളവർക്ക് വർക്ക് അറ്റ് ഹോം നടപ്പിലാക്കും.
ബാർബർ ഷോപ്പുകൾ, സലൂൺ, സ്പാ മുതലായവ അടച്ചിടും.
എല്ലാ വിദ്യാലയങ്ങളിലും വിദൂര പഠനരീതി നടപ്പിലാക്കും.
രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള നിലവിലെ നിബന്ധനകൾ തുടരും.
താഴെ പറയുന്ന പ്രവർത്തനങ്ങൾക്ക് ഈ കാലയളവിൽ പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്:
സൂപ്പർമാർക്കറ്റുകൾ.
പഴം പച്ചക്കറി വില്പനശാലകൾ.
മീൻ, മാംസം എന്നിവയുടെ വില്പനശാലകൾ.
ബേക്കറി.
ഇന്ധന വിതരണ കേന്ദ്രങ്ങൾ.
സ്വകാര്യ ഹോസ്പിറ്റലുകൾ (NHRA-യുടെ നിർദ്ദേശപ്രകാരം)
ഫാർമസികൾ.
ടെലികമ്മ്യൂണിക്കേഷൻ ഷോപ്പുകൾ.
ബാങ്കുകൾ, മണി എക്സ്ചേഞ്ച്.
സ്വകാര്യ സ്ഥാപനങ്ങൾ, ഓഫീസുകൾ. fices
കയറ്റുമതി, ഇറക്കുമതി സ്ഥാപനങ്ങൾ.
കൺസ്ട്രക്ഷൻ മേഖലയിലെ സ്ഥാപനങ്ങൾ.
ഫാക്ടറികൾ. ഓട്ടോമൊബൈൽ റിപ്പയർ സ്ഥാപനങ്ങൾ.
🇧🇭ബഹ്‌റൈൻ: COVID-19 റാപിഡ് ടെസ്റ്റ് കിറ്റുകളുടെ നിരക്ക് കുറച്ചു.
✒️COVID-19 റാപിഡ് ആന്റിജൻ ടെസ്റ്റുകൾ നടത്തുന്നതിനുള്ള കിറ്റുകളുടെ വില 2 ദിനാറാക്കി കുറച്ചതായി ബഹ്‌റൈനിലെ നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ് അറിയിച്ചു. ഇനി മുതൽ ഇത്തരം കിറ്റുകൾ ബഹ്‌റൈനിലെ ഫാർമസികളിൽ നിന്ന് 2 ദിനാറിന് ലഭിക്കുന്നതാണ്.
നേരത്തെ ഇത്തരം കിറ്റുകൾക്ക് നാല് ദിനാറായിരുന്നു ഈടാക്കിയിരുന്നത്. COVID-19 റാപിഡ് ടെസ്റ്റുകളിൽ പോസറ്റീവ് ആകുന്നവർ നിർബന്ധമായും പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം മെയ് 22-ന് ഒരു ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയിരുന്നു.
🇴🇲ഒമാനില്‍ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 10 മരണം.
✒️ഒമാനില്‍ 880 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 10 കൊവിഡ് മരണങ്ങളാണ് ഇന്ന് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 725 പേര്‍ രോഗമുക്തരായി.
ഒമാനില്‍ ഇതുവരെ 2,13,784 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 1,97,080 പേര്‍ രോഗമുക്തരാവുകയും 2,303 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 92.2 ശതമാനമാണ് രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 86 പേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരടക്കം 746 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 239 പേരുടെ നില ഗുരുതരമാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സയിലാണ്.
🇰🇼'കൂടെയുണ്ട് കുവൈത്ത്'; കൊവിഡ് പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി ത്രിവര്‍ണമണിഞ്ഞ് കുവൈത്ത് ടവറുകള്‍.
✒️കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്കുള്ള ഐക്യദാര്‍ഢ്യം ഉറപ്പിച്ച് ത്രിവര്‍ണമണിഞ്ഞ് കുവൈത്ത് ടവറുകള്‍. കൊവിഡ് പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പമാണെന്ന സന്ദേശം നല്‍കിയാണ് കുവൈത്ത് ടവറുകളില്‍ ഇന്ത്യന്‍ പതാകയും കുവൈത്ത് പതാകയും തെളിഞ്ഞത്. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഊഷ്മള ബന്ധം ചൂണ്ടിക്കാട്ട് കുവൈത്തിലെ ഇന്ത്യന്‍ എംബസിയാണ് ഇതിന്റെ വീഡിയോ ട്വീറ്റ് ചെയ്തത്.
ഇന്ത്യയിലേക്ക് ലിക്വിഡ് മെഡിക്കല്‍ ഓക്സിജനും ഓക്സിജന്‍ സിലിണ്ടറുകളും കുവൈത്തില്‍ നിന്ന് എത്തിച്ചിരുന്നു.
0 Comments