Ticker

6/recent/ticker-posts

Header Ads Widget

പണം പിന്‍വലിക്കാന്‍ 15 രൂപയും ജി.എസ്.ടിയും; പുതുക്കിയ BSBD അക്കൗണ്ട് സേവനനിരക്കുകള്‍ ജൂലായ് 1 മുതല്‍

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബേസിക് സേവിങ്സ് ബാങ്ക് ഡെപോസിറ്റ് (ബി.എസ്.ബി.ഡി.) അക്കൗണ്ട് ഹോൾഡേഴ്സിനുള്ള സേവനനിരക്കുകൾ വർധനവോടെ പുതുക്കി പ്രഖ്യാപിച്ചു.

പുതിയ സേവനനിരക്കുകൾ ജൂലായ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. എ.ടി.എമ്മുകളിൽനിന്ന് പണം പിൻവലിക്കുന്നതിലും ചെക്ക് ബുക്ക് സേവനങ്ങൾക്കും ഈ പുതിയ നിരക്കുകൾ ബാധകമാകുമെന്ന് എസ്.ബി.ഐ. അറിയിച്ചു.

എസ്.ബി.ഐ ശാഖകളിലൂടെയോ എ.ടി.എമ്മുകളിലൂടെയോ പ്രതിമാസം നാല് തവണ സൗജന്യമായി പണം പിൻവലിക്കാം. അതിന് ശേഷമുള്ള എല്ലാ ഇടപാടുകൾക്കും സേവനനിരക്ക് ഈടാക്കും. എല്ലാ എ.ടി.എമ്മുകളിലൂടെയും ചെക്കുപയോഗിച്ചുള്ള പണം പിൻവലിക്കലിനും പണം ട്രാൻസ്ഫർ ചെയ്യുന്നതിനും മറ്റു ധനേതര ഇടപാടുകൾക്കും ഉപഭോക്താക്കൾ പുതുക്കിയ സർവീസ് ചാർജ് നൽകണം.

പുതുക്കിയ നിരക്കുകൾ

എസ്.ബി.ഐ. എ.ടി.എമ്മുകളിലൂടെയോ ശാഖകളിലൂടെയോ ഉള്ള ഓരോ പണം പിൻവലിക്കലിനും 15 രൂപയും ജി.എസ്.ടിയും ഈടാക്കും. മറ്റു ബാങ്കുകളുടെ എ.ടി.എമ്മുകളിലൂടയെയുള്ള സേവനത്തിനും ഇതേ തുക ഈടാക്കുന്നതാണ്.

ഒരു സാമ്പത്തിക വർഷത്തിൽ ആദ്യ പത്ത് ചെക്കുകൾ സൗജന്യമായി നൽകും. പിന്നീട് 10 ചെക്ക് ലീഫുകളുള്ള ചെക്ക് ബുക്കിന് 40 രൂപയും ജി.എസ്.ടിയും ഇരുപത്തഞ്ച് ചെക്ക് ലീഫുകളുടെ ചെക്ക് ബുക്കിന് 75 രൂപയും ജി.എസ്.ടിയും ഉപഭോക്താവ് നൽകണം. എമർജൻസി ചെക്ക് ബുക്കിന് 50 രൂപയും ജി.എസ്.ടിയും ഈടാക്കും. മുതിർന്ന പൗരരെ സേവനനിരക്കുകളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

എസ്.ബി.ഐ. ശാഖ/ എ.ടി.എം./സി.ഡി.എം. എന്നിവയിലൂടെയുള്ള ധനേതര ഇടപാടുകൾ ബി.എസ്.ബി.ഡി. അക്കൗണ്ട് ഹോൾഡർമാർക്ക് എസ്.ബി.ഐയിലും ഇതരബാങ്കുകളിലും സൗജന്യമായിരിക്കും. ബാങ്ക് ശാഖകളിലും മറ്റിതര മാർഗങ്ങളിലൂടെയുമുള്ള പണത്തിന്റെ ട്രാൻസ്ഫർ ബി.എസ്.ബി.ഡി. അക്കൗണ്ട് ഹോൾഡർമാർക്ക് സൗജന്യമായിരിക്കുമെന്നും എസ്.ബി.ഐ. അറിയിച്ചു.

Post a Comment

0 Comments