Ticker

6/recent/ticker-posts

Header Ads Widget

ജൂണ്‍ 21 മുതല്‍ 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍

രാജ്യത്തിന്റെ വാക്സിൻ നയം പരിഷ്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂൺ 21 മുതൽ പതിനെട്ട് വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും സൗജന്യമായി വാക്സിൻ വിതരണം ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

വിദേശത്തുനിന്ന് കേന്ദ്രസർക്കാർ നേരിട്ട് വാക്സിൻ സ്വീകരിച്ച് സംസ്ഥാനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

25 ശതമാനം വാക്സിൻ സ്വകാര്യ ആശുപത്രികളിലൂടെ വിതരണം ചെയ്യും. ഇതിന് സംസ്ഥാന സർക്കാരുകൾ മേൽനോട്ടം വഹിക്കണം. വാക്സിൻ തുകയ്ക്ക് പുറമേ സ്വകാര്യ ആശുപത്രികൾക്ക് പരമാവധി 150 രൂപ വരെ സർവീസ് ചാർജ് ആയി ഈടാക്കാം. 75 ശതമാനം വാക്സിൻ സൗജന്യമായി കേന്ദ്രസർക്കാരിന്റെ മേൽനോട്ടത്തിൽ വിതരണം ചെയ്യും.

കഴിഞ്ഞ നൂറ് വർഷത്തിനിടെ രാജ്യം നേരിടുന്ന ഏറ്റവും വിനാശകാരിയായ മഹാമാരിയാണ് കോവിഡെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ രാജ്യം അതിനെ അതിശക്തമായി ഒറ്റക്കെട്ടായി നേരിടുകയാണ്. കഴിഞ്ഞ ഒന്നരവർഷത്തിനിടെ രാജ്യത്തിന്റെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ വികസിച്ചു. കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് മെഡിക്കൽ ഓക്സിജന്റെ ആവശ്യം മറ്റെങ്ങുമില്ലാത്ത വിധം വർധിച്ചു. ഓക്സിജൻ എത്തിക്കാൻ അടിയന്തര നടപടികളാണ് സ്വീകരിച്ചത്. രണ്ടാം തരംഗത്തിൽ ഓക്സിജൻ ഉത്പാദനം പത്തിരട്ടിയാക്കി വർധിപ്പിച്ചു.

കോവിഡ് നേരിടാനുള്ള ഏറ്റവും വലിയ ആയുധമാണ് കോവിഡ് പ്രോട്ടോക്കോൾ. കോവിഡിനെതിരെയുള്ള സുരക്ഷാ കവചമാണ് വാക്സിൻ. ലോകത്ത് വാക്സിൻ നിർമാണം കുറവാണ്. ലോകത്തിന്റെ ആകെ ആവശ്യത്തിന് ആനുപാതികമായി ലോകത്ത് വാക്സിൻ നിർമാതാക്കളില്ല. നമുക്ക് വാക്സിൻ ഇല്ലായിരുന്നെങ്കിൽ രാജ്യത്തിന്റെ സ്ഥിതി എന്താവുമായിരുന്നെന്നും മോദി ചോദിച്ചു.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ രാജ്യം രണ്ട് വാക്സിനുകൾ വികസിപ്പിച്ചു. 23 കോടി വാക്സിൻ ഇതുവരെ രാജ്യത്ത് വിതരണം ചെയ്തു. വരും ദിവസങ്ങളിൽ വാക്സിൻ വിതരണം വർധിപ്പിക്കും. രാജ്യത്ത് ഏഴ് കമ്പനികളാണ് വിവിധ വാക്സിനുകളാണ് ഉത്പാദിപ്പിക്കുന്നത്. മൂന്ന് വാക്സിനുകൾ ക്ലിനിക്കൽ ട്രയൽ ഘട്ടത്തിലാണ്.

രാജ്യത്തിന്റെ വാക്സിൻ വിതരണം വർധിപ്പിക്കണമെങ്കിൽ വിദേശത്ത് നിന്ന് വാക്സിൻ സംഭരിക്കുന്നത് വർധിപ്പിക്കണം. കുട്ടികൾക്കുള്ള വാക്സിൻ സംബന്ധിച്ച് വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്കായി നേസൽ വാക്സിനും ഗവേഷണ ഘട്ടത്തിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Post a Comment

0 Comments