Ticker

6/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് ഹയർ സെക്കൻഡറി പ്രാക്റ്റിക്കൽ പരീക്ഷകൾക്ക് ഇന്ന് തുടക്കം; സർവകലാശാല പരീക്ഷകളും ഇന്ന് മുതൽ

സംസ്ഥാനത്ത് ഹയർ സെക്കന്‍ഡറി പ്രായോഗിക പരീക്ഷകളും സർവകലാശാല പരീക്ഷകളും ഇന്ന് ആരംഭിക്കും.

ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷകൾ നടത്തുക. ഹാൾ ടിക്കറ്റ് കാണിക്കുന്ന വിദ്യാർഥികൾക്ക് യാത്രാനുമതി നൽകണമെന്ന് ഡിജിപി നിർദേശം നൽകിയിട്ടുണ്ട്.

കോവിഡ് സാഹചര്യത്തിൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന് വിദ്യാർഥികളും പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നെങ്കിലും ആശങ്ക വേണ്ടെന്നാണ് സർക്കാർ നിലപാട്. ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്ന കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷകൾ നടത്തുകയെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

ഹയർ സെക്കണ്ടറി പ്രായോഗിക പരീക്ഷകൾക്ക് വിദ്യാർത്ഥികൾ ഇരട്ട മാസ്‌ക്ക്, ഗ്ലൗസ് എന്നിവ നിർബന്ധമാക്കിയിട്ടുണ്ട്. ലാബുകളിൽ ഒരു കുട്ടി ഉപയോഗിച്ച ഉപകരണങ്ങൾ മറ്റു കുട്ടികൾ കൈമാറി ഉപയോഗിക്കാൻ നൽകില്ല.

പരീക്ഷാ സമയവും പ്രാക്ടിക്കൽ വിഷയങ്ങളും വെട്ടിക്കുറച്ചാണ് പരീക്ഷ നടത്തുന്നത്. വിവിധ കോണുകളിൽ നിന്നുയർന്ന പ്രതിഷേധങ്ങൾക്കിടെയാണ് സർവകലാശാല പരീക്ഷകളും നടക്കുന്നത്. കോവിഡ് സാഹചര്യത്തിൽ കൂടുതൽ ക്രമീകരണം ഏർപ്പെടുത്തിയാണ് സർവകലാശാലകൾ പരീക്ഷകൾ നടത്തുക. വിദ്യാർത്ഥികൾക്ക് പ്രാദേശിക കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. രോഗബാധിതരായവർക്ക് പിന്നീട് പ്രത്യേകം പരീക്ഷ നടത്താനാണ് തീരുമാനം.

പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികളെ തടയില്ലെന്ന് ഡി.ജി.പി അറിയിച്ചു. ഹാൾ ടിക്കറ്റ് കാണിച്ചാൽ മതിയെന്നും വിദ്യാർത്ഥികൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്നും അദ്ദേഹം നിർദ്ദേശം നൽകി.

പരീക്ഷ മാറ്റി വയ്ക്കുന്നത് അക്കാദമിക് രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്നും ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നുമുള്ള നിലപാടാണ് സർവകലാശാലകൾ അറിയിച്ചിട്ടുള്ളത്. സർവകലാശാലയുടെ അധികാര പരിധിക്ക് പുറത്തുള്ള കോളേജുകളിൽ 435 കുട്ടികൾക്ക് പരീക്ഷകന്ദ്രങ്ങൾ അനുവദിച്ചെന്ന് കേരള സർവ്വകലാശാല ചൂണ്ടികാട്ടിയിട്ടുണ്ട്. ബി എസ് സി, ബി കോം പരീക്ഷകൾ രാവിലെയും ബി എ പരീക്ഷകൾ ഉച്ചക്കുമാണ്. കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചായിരിക്കും പരീക്ഷകൾ നടക്കുകയെന്ന് സർവകലാശാലകൾ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ പരീക്ഷകൾ നടത്താൻ സംസ്ഥാന സർക്കാർ സർവകലാശാലകളോട് ആവശ്യപ്പെടുകയായിരുന്നു.

വാരാന്ത്യ ലോക്ഡൗണിന് ശേഷം സംസ്ഥാനത്ത് കൂടുതല്‍ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ബാങ്കുകള്‍ക്ക് എല്ലാ ദിവസവും പ്രവര്‍ത്തിക്കാമെങ്കിലും ചൊവ്വ,വ്യാഴം ദിവസങ്ങളില്‍ പൊതു ജനത്തിന് പ്രവേശനമുണ്ടാകില്ല. കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേരും.

Post a Comment

0 Comments