Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ്‌ ഗൾഫ് വാർത്തകൾ

🇰🇼കുവൈറ്റ്: രാജ്യത്തിന് പുറത്തുള്ള പ്രവാസികൾക്ക് ഓൺലൈനിലൂടെ വിസ കാലാവധി പുതുക്കുന്നതിനുള്ള സേവനങ്ങൾ തുടരും.

🇸🇦സൗദി: ഹജ്ജ് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യാജ സ്ഥാപനങ്ങളെക്കുറിച്ച് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

🇴🇲ഒമാൻ 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് COVID-19 വാക്സിൻ നൽകിത്തുടങ്ങി; OCEC വാക്സിനേഷൻ കേന്ദ്രത്തിന്റെ സമയക്രമത്തിൽ മാറ്റം.

🚔ബാങ്ക് വിവരങ്ങൾ ആവശ്യപ്പെടുന്ന തട്ടിപ്പ് ഫോൺ കോളുകൾക്കെതിരെ മുന്നറിയിപ്പുമായി അബുദാബി പോലീസ്.

🇸🇦വിശ്വാസികളുടെ ഉള്ളു നിറച്ച് കരുതലോടെ സൗദി അറേബ്യ പള്ളികളിൽ കൂടുതൽ ഇളവുകൾ നൽകി; എല്ലാം പഴയപടിയിലേക്ക് മടങ്ങുമെന്ന പ്രതീക്ഷയിൽ പ്രവാസികളും.

🇦🇪യുഎഇ യാത്രാ ഇളവ്; കോവീഷീൽഡ് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കും യുഎഇയിലെത്താം.

🇧🇭ബഹ്‌റൈൻ: പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും.

🇶🇦ഖത്തർ: റാപിഡ് ആന്റിജൻ COVID-19 ടെസ്റ്റുകൾ സ്വകാര്യ ആരോഗ്യപരിചണ കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം.

🇶🇦ഈയാഴ്ച്ചയോടെ ഖത്തറിലെ 72 ശതമാനം പേര്‍ക്ക് വാക്‌സിന്‍ ലഭിക്കും; ലോക കപ്പിനെത്തുന്നവര്‍ക്ക് പ്രത്യേക വാക്‌സിനേഷന്‍ പദ്ധതി.

🇧🇭ബഹ്​റൈനിൽ സ്​പുട്​നിക്​ രണ്ടാം ഡോസിനുള്ള ഇടവേള നീട്ടി.

🇦🇪15 മാസത്തിന് ശേഷം ദുബൈ വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനല്‍ തുറക്കുന്നു.

🇸🇦സൗദി അറേബ്യയിൽ കൊവിഡ് രോഗമുക്തി നിരക്ക് വീണ്ടും ഉയർന്നു.

🇦🇪യുഎഇയില്‍ 1850 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് അഞ്ച് മരണം.

🇴🇲ഒമാനില്‍ 5,320 പേര്‍ക്ക് കൂടി കൊവിഡ്, 84 മരണം.

വാർത്തകൾ വിശദനായി 

🇰🇼കുവൈറ്റ്: രാജ്യത്തിന് പുറത്തുള്ള പ്രവാസികൾക്ക് ഓൺലൈനിലൂടെ വിസ കാലാവധി പുതുക്കുന്നതിനുള്ള സേവനങ്ങൾ തുടരും.

✒️പ്രവാസികൾക്ക് ഓൺലൈൻ സംവിധാനത്തിലൂടെ റെസിഡൻസി വിസകൾ പുതുക്കുന്നതിനും, മറ്റു വിസ സേവനങ്ങൾ നേടുന്നതിനുമായുള്ള സൗകര്യം തുടരുമെന്ന് കുവൈറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്‌സ് അറിയിച്ചു. നിലവിൽ കുവൈറ്റിന് പുറത്തുള്ള പ്രവാസികൾക്കും ഈ സേവനം ഉപയോഗപ്പെടുത്താമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ ഈ സേവനങ്ങൾ പ്രവാസികൾക്കായി ലഭ്യമാണ്. ഈ സംവിധാനത്തിലൂടെ സ്വകാര്യ സ്ഥാപനങ്ങൾക്ക് കീഴിലുള്ള വിസ, ഗാർഹിക തൊഴിലാളികളുടെ വിസ, ആശ്രിത വിസ തുടങ്ങിയവ പുതുക്കുന്നതിനുള്ള സേവനം ലഭ്യമാണ്. ചുരുങ്ങിയത് ഒരു വർഷത്തെ പാസ്സ്‌പോർട്ട് കാലാവധി ബാക്കിയുള്ളവർക്ക്, തൊഴിൽദാതാവ് മറ്റ് നിയമപ്രശ്‌നങ്ങളൊന്നും ഉയർത്താത്ത സാഹചര്യത്തിൽ ഈ ഓൺലൈൻ സംവിധാനത്തിലൂടെ വിസ പുതുക്കി നേടാവുന്നതാണ്.

നിലവിൽ കുവൈറ്റിന് പുറത്തുള്ള പ്രവാസികൾക്ക് റെസിഡൻസി വിസ കാലാവധി പുതുക്കി നൽകില്ലെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

🇸🇦സൗദി: ഹജ്ജ് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യാജ സ്ഥാപനങ്ങളെക്കുറിച്ച് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

✒️ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അതിനായുള്ള രജിസ്‌ട്രേഷൻ നടപടികൾ ഓൺലൈൻ സംവിധാനത്തിലൂടെ നിർവഹിക്കണമെന്നും, വ്യാജ ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്നും സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഹജ്ജ് മന്ത്രാലയത്തിന്റെ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന വ്യാജ ഹജ്ജ് സേവന സ്ഥാപനങ്ങളുടെ കെണിയിൽ പെടരുതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

സമൂഹമാധ്യമങ്ങളിലും, വെബ്സൈറ്റുകളിലും കാണുന്ന ഹജ്ജ് സേവനദാതാക്കളുടെ പരസ്യങ്ങൾ കണ്ണടച്ച് വിശ്വസിക്കരുതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ പരസ്യം നൽകുന്ന ഭൂരിഭാഗം സ്ഥാപനങ്ങളും മന്ത്രാലയത്തിന്റെ അംഗീകാരമില്ലാതെ ഇത്തരം പരസ്യങ്ങൾ നൽകുന്നതാണെന്നും, ഇവരുടെ തട്ടിപ്പിന് ഇരയാകരുതെന്നും രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും മന്ത്രാലയം ആവശ്യപ്പെട്ടു.

ഇത്തരത്തിലുള്ള വ്യാജ സ്ഥാപനങ്ങളുടെ വിവരങ്ങൾ അധികൃതരുമായി പങ്ക് വെക്കാൻ പൊതുജനങ്ങളോട് മന്ത്രാലയം ആഹ്വാനം ചെയ്തു. ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനകാലത്ത് ഔദ്യോഗിക പെർമിറ്റ്, സ്മാർട്ട് കാർഡ് എന്നിവ ഇല്ലാത്തവർക്ക് ഹജ്ജ് അനുഷ്ഠിക്കുന്നതിന് അനുമതിയുണ്ടായിരിക്കില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

2021-ലെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള രജിസ്ട്രേഷൻ ജൂൺ 13 മുതൽ ആരംഭിച്ചിരുന്നു. രണ്ട് ഘട്ടങ്ങളായാണ് ഈ രജിസ്ട്രേഷൻ നടപ്പിലാക്കുന്നത്. 2021 ജൂൺ 13 മുതൽ ജൂൺ 23 വരെയുള്ള ആദ്യ ഘട്ടത്തിൽ http://localhaj.haj.gov.sa/ എന്ന വിലാസത്തിൽ തീർത്ഥാടനത്തിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. 2021 ജൂൺ 25 മുതലുള്ള രണ്ടാം ഘട്ടത്തിൽ ഇത്തരത്തിൽ ലഭിച്ചിട്ടുള്ള മുഴുവൻ രജിസ്ട്രേഷനുകളും തരംതിരിക്കുന്ന നടപടികളും, തീർത്ഥാടകരെ തിരഞ്ഞെടുക്കുന്ന നടപടികളും ആരംഭിക്കുന്നതാണ്. മന്ത്രാലയത്തിന്റെ ഔദ്യോഗിക ഓൺലൈൻ സംവിധാനത്തിലൂടെ മാത്രമേ ഇത്തരം ബുക്കിംഗ് അനുവദിക്കൂ എന്നും അധികൃതർ വ്യക്തമാക്കി.

2021 ജൂൺ 19 രാത്രി വരെയുള്ള കണക്കുകൾ പ്രകാരം ഏതാണ്ട് അഞ്ച് ലക്ഷത്തിൽ പരം ആളുകൾ ഈ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

60000 ആഭ്യന്തര തീർത്ഥാടകർക്കാണ് ഈ വർഷം ഹജ്ജ് അനുഷ്ഠിക്കുന്നതിന് അനുമതി നൽകുന്നത്. നിലവിൽ സൗദിയിലുള്ള 18-നും, 65-നും ഇടയിൽ പ്രായമുള്ളവരായ പൗരന്മാർക്കും, പ്രവാസികൾക്കും മാത്രമാണ് രജിസ്റ്റർ ചെയ്യാൻ അനുമതി. രജിസ്റ്റർ ചെയ്യുന്നവർ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവരോ, ആദ്യ ഡോസ് വാക്സിനെടുത്ത ശേഷം 14 ദിവസം പൂർത്തിയാക്കിയവരോ, രോഗമുക്തി നേടിയ ശേഷം വാക്സിൻ സ്വീകരിച്ചവരോ ആയിരിക്കണമെന്നും, ഇവർക്ക് വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരിക്കരുതെന്നും സൗദി ഹജ്ജ്, ഉംറ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.

🇴🇲ഒമാൻ 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് COVID-19 വാക്സിൻ നൽകിത്തുടങ്ങി; OCEC വാക്സിനേഷൻ കേന്ദ്രത്തിന്റെ സമയക്രമത്തിൽ മാറ്റം.

✒️ഒമാനിലെ വിപുലീകരിച്ച ദേശീയ വാക്സിനേഷൻ പദ്ധതിയുടെ കീഴിൽ രാജ്യത്തെ 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് COVID-19 വാക്സിൻ നൽകുന്ന നടപടികൾ ആരംഭിച്ചു. 2021 ജൂൺ 20, ഞായറാഴ്ച്ച രാവിലെ മുതലാണ് രാജ്യത്തെ 45 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾ, പൗരന്മാർ എന്നിവർക്ക് ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലെ കേന്ദ്രത്തിൽ നിന്ന് സൗജന്യമായി വാക്സിൻ കുത്തിവെപ്പ് നൽകിത്തുടങ്ങിയത്.

ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലെ വാക്‌സിനേഷൻ കേന്ദ്രത്തിന്റെ പ്രവർത്തനസമയക്രമങ്ങളിൽ മാറ്റം വരുത്തി
ജൂൺ 20, ഞായറാഴ്ച്ച വൈകീട്ട് മുതൽ രാജ്യത്ത് രാത്രികാല ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താൻ തീരുമാനിച്ച സാഹചര്യത്തിൽ ഒമാൻ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലെ വാക്‌സിനേഷൻ കേന്ദ്രത്തിന്റെ പ്രവർത്തനസമയക്രമങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്.

പുതിയ പ്രവർത്തന സമയപ്രകാരം, ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലെ വാക്‌സിനേഷൻ കേന്ദ്രത്തിൽ നിന്ന് ഞായർ മുതൽ വ്യാഴം വരെയുള്ള ദിനങ്ങളിൽ രാവിലെ 8 മുതൽ വൈകീട്ട് 6 മണിവരെയാണ് വാക്സിൻ നൽകുന്നത്. വെള്ളി, ശനി ദിവസങ്ങളിൽ ഈ കേന്ദ്രത്തിൽ നിന്ന് രാവിലെ 9 മുതൽ വൈകീട്ട് 4 മണിവരെ സേവനങ്ങൾ ലഭിക്കുന്നതാണ്.

ഖുറിയത്തിലെ സഹേൽ ഹെൽത്ത് സെന്ററിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 മണിവരെ വാക്സിൻ നൽകുന്നതാണ്. രാത്രികാല നിയന്ത്രണങ്ങൾ കണക്കിലെടുത്ത്, ജൂൺ 20 മുതൽ ആരംഭിക്കാനിരുന്ന ഡ്രൈവ്-ത്രൂ വാക്സിനേഷൻ പ്രചാരണ പരിപാടികൾ മാറ്റിവെക്കാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

വാക്സിൻ സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക്, ഇതിനായി മുൻ‌കൂർ അനുമതികൾ നേടുന്നതിനായുള്ള ഓൺലൈൻ ബുക്കിംഗ് സംവിധാനം ജൂൺ 17 മുതൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. https://covid19.moh.gov.om/ എന്ന വിലാസത്തിൽ ഈ ഓൺലൈൻ ബുക്കിംഗ് സംവിധാനം ലഭ്യമാണ്. ‘Tarassud Plus’ ആപ്പിലൂടെയും ബുക്കിംഗ് നേടാവുന്നതാണ്. 45 വയസിന് മുകളിൽ പ്രായമുള്ളവരോട് വാക്സിനേഷൻ കേന്ദ്രത്തിലെത്തുന്നതിന് മുൻപായി ഈ ഓൺലൈൻ രെജിസ്ട്രേഷൻ പൂർത്തിയാക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

🚔ബാങ്ക് വിവരങ്ങൾ ആവശ്യപ്പെടുന്ന തട്ടിപ്പ് ഫോൺ കോളുകൾക്കെതിരെ മുന്നറിയിപ്പുമായി അബുദാബി പോലീസ്.

✒️യു എ ഇ സെൻട്രൽ ബാങ്കിൽ നിന്നുള്ളതാണെന്ന അവകാശവാദവുമായി, ഉപഭോക്താക്കളുടെ ബാങ്ക് വിവരങ്ങൾ ആവശ്യപ്പെടുന്ന രീതിയിൽ വരുന്ന തട്ടിപ്പ് ഫോൺ കോളുകൾക്കും സന്ദേശങ്ങൾക്കുമെതിരെ അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. ഉപഭോക്താക്കളുടെ ബാങ്കിങ്ങ് വിവരങ്ങൾ ചോർത്തുന്നതിനായി തട്ടിപ്പ് സംഘങ്ങൾ അബുദാബി പോലീസിന്റെ പേരിലുള്ള സന്ദേശങ്ങളും വ്യാജമായി ഉപയോഗിക്കുന്നതായി അധികൃതർ ചൂണ്ടിക്കാട്ടി.

ഉപഭോക്താക്കളുടെ ബാങ്ക് വിവരങ്ങൾ പരിശോധിച്ചുറപ്പിക്കാനെന്ന തരത്തിൽ വരുന്ന ഇത്തരം വ്യാജ സന്ദേശങ്ങളെക്കുറിച്ചും, വിവരങ്ങൾ ചോർത്താൻ ലക്ഷ്യമിട്ട് വരുന്ന ഫോൺ കോളുകളെക്കുറിച്ചും ജാഗ്രത പുലർത്താൻ പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു. പൊതുജനങ്ങളെ തട്ടിപ്പിന് ഇരയാക്കുന്നത് ലക്ഷ്യമിട്ട്, സർക്കാർ സ്ഥാപനങ്ങളെ അനുകരിച്ച് കൊണ്ട്, ഇത്തരം തട്ടിപ്പ് സംഘങ്ങൾ ഉപഭോക്താക്കളുടെ ഫോണുകളിലേക്ക് അയക്കുന്ന വ്യാജ ഇലക്ട്രോണിക് സൈറ്റുകളിലേക്കുള്ള ലിങ്കുകളടങ്ങിയ SMS സന്ദേശങ്ങളിൽ വഞ്ചിതരാകരുതെന്നും അബുദാബി പോലീസ് ചൂണ്ടിക്കാട്ടി.

ഇത്തരം തട്ടിപ്പുകളെല്ലാം ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ നേടുന്നതിനും, അവ ദുരുപയോഗം ചെയ്ത് പണം തട്ടിയെടുക്കുന്നത് ലക്ഷ്യമിട്ടുള്ളതാണെന്നും, ഇത്തരം തട്ടിപ്പ് സംഘങ്ങൾ ഇതിനായി ദിനംപ്രതി നൂതന മാർഗങ്ങൾ അവലംബിച്ച് വരുന്നതായും പോലീസ് വ്യക്തമാക്കി. ഉപഭോക്താക്കൾ തങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ബാങ്ക് കാർഡ് വിവരങ്ങൾ, ഓൺലൈൻ ബാങ്കിംഗ് പാസ്‌വേഡുകൾ, എടിഎം പിൻ, സിവിവി നമ്പർ അല്ലെങ്കിൽ പാസ്‌വേഡുകൾ എന്നിവയുൾപ്പെടെയുള്ള രഹസ്യ വിവരങ്ങൾ ഒരു കാരണവശാലും മറ്റുള്ളവരുമായി പങ്ക്‌വെക്കരുതെന്നും പോലീസ് നിർദ്ദേശിച്ചു. ബാങ്ക് ജീവനക്കാരും, ബാങ്കുകളും ഉപഭോക്താക്കളിൽ നിന്ന് ഇത്തരം വിവരങ്ങൾ ആവശ്യപ്പെടില്ലെന്നും പോലീസ് വ്യക്തമാക്കി.

ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നവർ, ഇത് സംബന്ധിച്ച വിവരങ്ങൾ ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന് അബുദാബി പോലിസ് അറിയിച്ചു. അധികൃതരുമായി ഇത്തരം വിവരങ്ങൾ പങ്ക് വെക്കുന്നതിനായി അമാൻ സുരക്ഷാ സേവന നമ്പർ 8002626 എന്ന നമ്പറിൽ ബന്ധപ്പെടുകയോ അല്ലെങ്കിൽ 2828 ലേക്ക് ഒരു SMS സന്ദേശം അയയ്ക്കുകയോ ചെയ്യാവുന്നതാണ്.

🇸🇦വിശ്വാസികളുടെ ഉള്ളു നിറച്ച് കരുതലോടെ സൗദി അറേബ്യ പള്ളികളിൽ കൂടുതൽ ഇളവുകൾ നൽകി; എല്ലാം പഴയപടിയിലേക്ക് മടങ്ങുമെന്ന പ്രതീക്ഷയിൽ പ്രവാസികളും.

✒️വിശ്വാസികളുടെ ഉള്ളു നിറച്ച് സൗദിയിലെ പള്ളികളിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകളനുവദിച്ചു തുടങ്ങി. പള്ളികളിലെ മുസ്ഹഫുകൾ ഉപയോഗിക്കുന്നതിനും പഠന ക്ലാസുകൾ സംഘടിപ്പിക്കുന്നതിനുമേർത്തിയിരുന്ന വിലക്ക് പിൻവലിച്ചു. മദീനയിലെ ഖുബാ മസ്ജിദ് മുഴുസമയവും വിശ്വാസികൾക്ക് തുറന്ന് കൊടുക്കാനും മന്ത്രാലയം നിർദ്ദേശം നൽകി.

കോവിഡ് വ്യാപനത്തെ തുടർന്ന് പള്ളികളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളാണ് ഘട്ടം ഘട്ടമായി നീക്കി തുടങ്ങിയത്. മയ്യിത്ത് നമസ്‌കാരങ്ങൾക്ക് പള്ളികൾ അനുവദിച്ച് കൊണ്ട് കഴിഞ്ഞ ദിവസം മതകാര്യ വിഭാഗം ഉത്തരവിറക്കിയിരുന്നു. അതിന് പിറകെയാണ് ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ നീക്കിയതായി അറിയിച്ചുകൊണ്ട് ഇസ്ലാമിക കാര്യ മന്ത്രി അബ്ദുൽ ലത്തീഫ് അൾ ശൈഖ് സർക്കുലർ ഇറക്കിയത്.

പുതിയ മാറ്റമനുസരിച്ച് ഇനി മുതൽ പള്ളികളിലെ മുസ്ഹഫുകൾ വിശ്വാസികൾക്ക് ഉപയോഗിക്കാം. എങ്കിലും സ്വന്തമായി ഖുർആൻ കൊണ്ട് വരാൻ ശ്രമിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെടുന്നു. കൂടാതെ രണ്ട് സ്വഫുകൾക്കിടയിൽ ഒരു സ്വഫിന്റെ അകലം പാലിക്കണമെന്ന വ്യവസ്ഥ പിൻവലിച്ചു.

ബാങ്കിനും ഇഖാമത്തിനും ഇടയിൽ വളരെ കുറഞ്ഞ ഇടവേളയാണ് ഇപ്പോഴുള്ളത്. എന്നാൽ ഇനിമുതൽ പഴയപോലെയുള്ള സമയക്രമം പാലിക്കാം. 15 മിനുട്ടിനകം ജുമുഅ ഖുതുബയും നമസ്‌കാരവും അവസാനിപ്പിക്കണമെന്ന വ്യവസ്ഥയും റദ്ധ് ചെയ്തു.

പള്ളികളുടെ പ്രവർത്തന സമയത്ത് സാമൂഹ്യ അകലം പാലിച്ച് കൊണ്ട് പ്രഭാഷണങ്ങളും പഠനക്ലാസുകളും സംഘടിപ്പിക്കുന്നതിനും, ശീതീകരണ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനും ഇനിമുതൽ വിലക്കില്ല.

വെള്ളിയാഴ്ചയിലെ ജുമുഅ പതിനഞ്ച് മിനിറ്റിനകം അവസാനിപ്പിക്കണമെന്ന വ്യവസ്ഥയും റദ്ദ് ചെയ്തു. ഇനി നേരത്തേയുള്ള രീതിയിൽ തന്നെ ബാങ്കിന് ഒരു മണിക്കൂർ മുന്നേ പള്ളികൾ തുറക്കും

കൂടാതെ മദീനയിലെ ഖുബാ മസ്ജിദിൽ ഇന്ന് മുതൽ മുഴുസമയവും വിശ്വാസികൾക്ക് പ്രാർത്ഥനക്ക് അനുമതി നൽകാനും ഇസ്ലാമിക കാര്യ മന്ത്രാലയം നിർദ്ധേശം നൽകി.

എന്നാൽ മാസ്‌ക് ധരിക്കുക, നമസ്‌കാരത്തിനെത്തുന്നവർ സ്വന്തമായി പരവതാനി കൊണ്ട് വരിക, പ്രവേശന കവാടങ്ങളിൽ തിരക്ക് കൂട്ടാതിരിക്കുക, വിശ്വാസികൾക്കിടയിൽ ഒന്നര മീറ്റർ അകലം പാലിക്കുക തുടങ്ങി പൊതുജന ആരോഗ്യ വിഭാഗം നിർദ്ദേശിക്കുന്ന എല്ലാ മുൻകരുതലുകളും കർശനമായും പാലിക്കണമെന്ന് സർക്കുലറിൽ പ്രത്യേകം നിർദ്ദേശിക്കുന്നുണ്ട്.

🇦🇪യുഎഇ യാത്രാ ഇളവ്; കോവീഷീൽഡ് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കും യുഎഇയിലെത്താം.

✒️കോവീഷീൽഡ് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കും യുഎഇലെത്താം. യുഎഇ അംഗീകരിച്ച വാക്സിനുകളുടെ പട്ടികയിൽ കോവീഷീൽഡും ഉണ്ടെന്ന് ദുബൈ ഹെൽത്ത് അഥോറിറ്റി വ്യക്തമാക്കി. നേരത്തെ തന്നെ ഇത്തരത്തിൽ കോവീഷീൽഡ് വാക്‌സിന് അനുമതി നൽകുമെന്ന് സൂചനകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ആസ്ട്രാസെനക്ക എന്ന പേരിൽ ദുബൈയിൽ വിതരണം ചെയ്യുന്ന കോവിഡ് വാക്‌സിൻ തന്നെയാണ് ഇന്ത്യയിൽ കോവീഷീൽഡ് എ്ന്ന പേരിൽ വിതരണം ചെയ്യുന്നത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച അറിയിപ്പ് വിമാനകമ്പനികൾക്ക് നൽകിക്കഴിഞ്ഞു.

കോവീഷീൽഡിനെ കൂടാതെ സിനോഫോം, സ്പുട്‌നിക്, ഫൈസർ എന്നീ വാക്‌സിനുകൾക്ക് കൂടി യുഎഇ അനുമതി നൽകിയിട്ടുണ്ട്. ബുധനാഴ്ച മുതലാണ് യുഎഇ യാത്രാവിലക്കിന് ഇളവ് വരുന്നത്. രാജ്യത്തെ കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ യാത്രാവിലക്കാണ് ദുബൈ അധികൃതർ നീക്കിയത്. എമിറേറ്റ്സ് ജൂൺ 23 മുതൽ ദുബൈ സർവീസ് തുടങ്ങും. ഇന്ത്യയിൽനിന്ന് ദുബൈയിലേക്ക് എത്തുന്നവർക്ക് ഈ മാസം 23 മുതലുള്ള പുതിയ കോവിഡ് പ്രോട്ടോകോൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. യാത്രക്ക് 48 മണിക്കൂറിനുള്ളിൽ പിസിആർ ടെസ്റ്റ് നടത്തിയ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. ദുബൈ വിമാനത്താവളത്തിലെത്തിയാൽ വീണ്ടും പിസിആർ ടെസ്റ്റ് നടത്തണം. ഇന്ത്യയിൽനിന്നുള്ള യാത്രാവിലക്ക് നീക്കുന്നതിന്റെ മുന്നോടിയായായിരുന്നു പുതിയ പ്രോട്ടോകോൾ പ്രഖ്യാപിച്ചത്. കോവിഡ് ടെസ്റ്റ് റിസൽട്ടിൽ ക്യുആർ കോഡ് നിർബന്ധമാക്കിയിട്ടുണ്ട്.

🇧🇭ബഹ്‌റൈൻ: പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും.

✒️ബഹ്‌റൈനിലെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2021 ജൂലൈ 1 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള ഏർപ്പെടുത്തും. രാജ്യത്തെ തൊഴിൽ മേഖലയിൽ ജൂലൈ 1 മുതൽ ഓഗസ്റ്റ് അവസാനം വരെ ഈ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ലേബർ ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് മിനിസ്ട്രി അറിയിച്ചു.

ജൂൺ 19-നാണ് ബഹ്‌റൈൻ ലേബർ ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് മിനിസ്ട്രി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. വേനലിലെ കൊടും ചൂടിൽ, തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാധ്യതൾ മുൻനിർത്തിയുമാണ് ഉച്ച മുതൽ വൈകീട്ട് 4 മണിവരെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ എല്ലാ വർഷവും ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

ഈ നിബന്ധനകൾ നടപ്പാക്കുന്നതിനായി തൊഴിലുടമകളുടെ ഇടയിലും, തൊഴിലാളികളുടെ ഇടയിലും തൊഴിൽമന്ത്രാലയം ബോധവത്കരണ പരിപാടികൾ ആരംഭിച്ചിട്ടുണ്ട്. ബഹ്‌റൈനിലെ ഭരണപരമായ നിയമങ്ങൾ അനുസരിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ പുറം തൊഴിലിടങ്ങളിൽ, മദ്ധ്യാഹ്ന വേളയിലെ പ്രവർത്തനങ്ങൾ വിലക്കിയിട്ടുണ്ട്.

ഈ നിർദ്ദേശം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ നിയമ പ്രകാരം മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് 500 മുതൽ 1000 ബഹ്‌റൈൻ ദിനാർ വരെ പിഴയും, 3 മാസം വരെ തടവും ലഭിക്കാവുന്നതാണ്.

🇶🇦ഖത്തർ: റാപിഡ് ആന്റിജൻ COVID-19 ടെസ്റ്റുകൾ സ്വകാര്യ ആരോഗ്യപരിചണ കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം.

✒️2021 ജൂൺ 18 മുതൽ സർക്കാർ മേഖലയിലെയും, സ്വകാര്യ മേഖലയിലെയും മുഴുവൻ ജീവനക്കാർക്കും ആഴ്ച്ച തോറും റാപിഡ് ആന്റിജൻ ടെസ്റ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ ഇത്തരം പരിശോധനകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി. COVID-19 വാക്സിനിന്റെ മുഴുവൻ ഡോസുകളും പൂർത്തിയാക്കിയവർ, രോഗമുക്തി നേടിയവർ, ആരോഗ്യ കാരണങ്ങളാൽ വാക്സിനെടുക്കാൻ സാധിക്കാത്തവർ (ഇത് തെളിയിക്കുന്ന അംഗീകൃത മെഡിക്കൽ റിപ്പോർട്ട് നിർബന്ധം) എന്നീ വിഭാഗങ്ങൾ ഒഴികെയുള്ള മുഴുവൻ ജീവനക്കാർക്കും ഖത്തർ ആഴ്ച്ച തോറും റാപിഡ് ആന്റിജൻ പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്.

“ഇത്തരത്തിൽ റാപിഡ് ആന്റിജൻ പരിശോധന ആവശ്യമായി വരുന്നവർക്ക് സ്വകാര്യ ആരോഗ്യ പരിചരണകേന്ദ്രങ്ങളിൽ നിന്ന് ഇവ നേടാവുന്നതാണ്.”, മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു. “ഈ പരിശോധനയ്ക്കായി മൂക്കിൽ നിന്നുള്ള സ്രവം സ്വീകരിക്കുന്നതും, സാധാരണ സാഹചര്യത്തിൽ കേവലം പതിനഞ്ച് മിനിറ്റിനിടയിൽ പരിശോധനാ ഫലം ലഭിക്കുന്നതുമാണ്.”, മന്ത്രാലയം കൂട്ടിച്ചേർത്തു.

രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിലെ ഇളവുകളുടെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ജൂൺ 18 മുതൽ ജീവനക്കാർക്ക് ആഴ്ച്ച തോറും റാപിഡ് ആന്റിജൻ ടെസ്റ്റ് നിർബന്ധമാക്കിയത്. ഇതോടൊപ്പം, ജൂൺ 18 മുതൽ രാജ്യത്ത് വിവാഹ ചടങ്ങുകൾക്ക് അനുമതി നൽകുന്നതും, കുട്ടികൾക്ക് മാളുകളിലേക്ക് പ്രവേശനം അനുവദിക്കുന്നതും ഉൾപ്പടെ കൂടുതൽ ഇളവുകൾ ഖത്തർ ക്യാബിനറ്റ് അനുവദിച്ചിട്ടുണ്ട്.

🇶🇦ഈയാഴ്ച്ചയോടെ ഖത്തറിലെ 72 ശതമാനം പേര്‍ക്ക് വാക്‌സിന്‍ ലഭിക്കും; ലോക കപ്പിനെത്തുന്നവര്‍ക്ക് പ്രത്യേക വാക്‌സിനേഷന്‍ പദ്ധതി.

✒️ഖത്തറിലെ 72 ശതമാനം പേര്‍ക്കും ഈയാഴ്ച്ചയോടെ ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിന്‍ ലഭിക്കുമെന്ന് പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനി. ഖത്തറിലെ പ്രമുഖ പത്രങ്ങളുടെ ചീഫ് എഡിറ്റര്‍മാരുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റവും കാര്യക്ഷമമായ രണ്ട് വാക്‌സിനുകളാണ് ഖത്തറില്‍ നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫൈസര്‍-ബയോണ്‍ടെക്, മോഡേണ എന്നിവ നിരവധി പരീക്ഷണങ്ങളില്‍ ഏറ്റവും മികച്ചതെന്ന് തെളിയിക്കപ്പെട്ടതാണ്. മഹാമാരിയുടെ തുടക്കത്തില്‍ തന്നെ ഈ കമ്പനികളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടാണ് പ്രസ്തുത വാക്‌സിനുകള്‍ ഖത്തറില്‍ എത്തിക്കുന്നതിന് മുന്‍ഗണന ലഭിച്ചത്.

പൂര്‍ണമായും ലോക്ക്ഡൗണ്‍ ചെയ്യുക എന്ന ആശയത്തോട് ഖത്തറിന് ആദ്യംമുതല്‍ തന്നെ യോജിപ്പുണ്ടായിരുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. പൂര്‍ണലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ പോലും അവ കാര്യക്ഷമമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. ഖത്തറിലെ പ്രധാന പദ്ധതികളെ ബാധിക്കാത്ത രീതിയിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. അതുകൊണ്ട് തന്നെ കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ലോക കപ്പ് പദ്ധതികള്‍ നിശ്ചയിക്കപ്പെട്ട രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനായി. കലാശക്കളി നടക്കുന്ന ലുസൈല്‍ സ്‌റ്റേഡിയത്തിന്റെ പണി 90 ശതമാനം പൂര്‍ത്തിയായി.

പൂര്‍ണമായും വാക്‌സിനെടുത്തവരെ മാത്രമായിരിക്കും ലോക കപ്പില്‍ കാണികളായി അനുവദിക്കുക. ആ സമയം ആവുമ്പോഴേക്കും ഭൂരിഭാഗം രാജ്യങ്ങളിലും വാക്‌സിനേഷന്‍ പൂര്‍ത്തിയായിട്ടുണ്ടാവുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ലോക കപ്പിന് വേണ്ടി ഖത്തറിലേക്കു വരുന്ന വാക്‌സിനെടുക്കാത്ത ആളുകള്‍ക്ക് വേണ്ടി പ്രത്യേക വാക്‌സിനേഷന്‍ പദ്ധതിയും ഖത്തര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി ഒരു കമ്പനിയുമായി ചര്‍ച്ച നടത്തിവരികയാണ്. അതിന് വേണ്ടി 10 ലക്ഷം ഡോസ് വാക്‌സിന്‍ ഒരുക്കാനാണ് പദ്ധതിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

🇧🇭ബഹ്​റൈനിൽ സ്​പുട്​നിക്​ രണ്ടാം ഡോസിനുള്ള ഇടവേള നീട്ടി.

✒️കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നൽകി വരുന്ന സ്​പുട്​നിക്​ വാക്​സി​െൻറ രണ്ടാം ഡോസ്​ സ്വീകരിക്കുന്നതിനുള്ള സമയ പരിധി നീട്ടി. ആദ്യ ഡോസ്​ എടുത്തവർക്ക്​ രണ്ടാം ഡോസിനുള്ള തീയതി പുനക്രമീകരിച്ച്​ നൽകുമെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയ ബാച്ച്​ സ്​പുട്​നിക്​ വാക്​സിൻ ലഭിക്കുന്നതിനുള്ള കാലതാമസമാണ്​ തീയതി നീട്ടാൻ കാരണം.

അതേസമയം, രണ്ടാം ഡോസി​​െൻറ തീയതി നീട്ടുന്നത്​ കുത്തിവെപ്പി​െൻറ ഫലപ്രാപ്​തിയെ ബാധിക്കില്ലെന്ന്​ അധികൃതർ വ്യക്​തമാക്കി. ചില സാഹചര്യങ്ങളിൽ ​രണ്ട്​ ഡോസുകൾ തമ്മിലുള്ള ഇടവേള നീട്ടുന്നത്​ വാക്​സി​െൻറ ഫലപ്രാപ്​തി വർധിപ്പിച്ചേക്കാമെന്നും അധികൃതർ പറഞ്ഞു.

ആവശ്യമായ വാക്​സിൻ നിശ്​ചിത സമയത്ത്​ ലഭ്യമാക്കുന്നതിന്​ ഉൽപാദകരുമായി ആരോഗ്യ മന്ത്രാലയം ബന്ധപ്പെട്ടിട്ടുണ്ട്​. പുതിയ ബാച്ച്​ വാക്​സിൻ എത്തുന്നതിനനുസരിച്ച്​ രണ്ടാം ഡോസിനുള്ള അറിയിക്കും.

🇦🇪15 മാസത്തിന് ശേഷം ദുബൈ വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനല്‍ തുറക്കുന്നു.

✒️കൊവിഡ് പ്രതിസന്ധി കാരണം ദുബൈ വിമാനത്താവളത്തില്‍  കഴിഞ്ഞ 15 മാസമായി അടച്ചിട്ടിരുന്ന ഒന്നാം ടെര്‍മിനല്‍ തുറക്കുന്നു. ജൂണ്‍ 24 മുതല്‍ ടെര്‍മിനലില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന രണ്ട്, മൂന്ന് ടെര്‍മിനലുകളില്‍ നിന്ന്  നാല്‍പതിലധികം എയര്‍ലൈനുകള്‍ ഘട്ടംഘട്ടമായി ഒന്നാം ടെര്‍മിനലിലേക്ക് മാറും. വിമാനത്താവളത്തെ കോണ്‍കോഴ്‍സ് - ഡി ഉള്‍പ്പെടുന്ന ഒന്നാം ടെര്‍മിനലിന് പ്രതിവര്‍ഷം 18 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണുള്ളത്. ആദ്യഘട്ടമായി മൂന്നാം ടെര്‍മിനലില്‍ നിന്ന് ചില വിമാനക്കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ ഒന്നാം ടെര്‍മിനലിലേക്ക് മാറ്റുകയായിരിക്കും ചെയ്യുക.

ഇന്ത്യ ഉള്‍പ്പെടെയുള്ള മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് പ്രവേശാനുമതി നല്‍കിയ തീരുമാനത്തിന് പിന്നാലെയാണ് വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനല്‍ പ്രവര്‍ത്തിച്ചുതുടങ്ങുന്നുവെന്ന അറിയിപ്പും വന്നത്. യുഎഇ അംഗീകരിച്ച കൊവിഡ് വാക്സിനുകളില്‍ ഏതെങ്കിലും ഒരെണ്ണത്തിന്റെ രണ്ട് ഡോസും സ്വീകരിച്ച താമസ വിസക്കാര്‍ക്കാണ് ദുബൈയിലേക്ക് പ്രവേശനം അനുവദിക്കുന്നത്.

🇸🇦സൗദി അറേബ്യയിൽ കൊവിഡ് രോഗമുക്തി നിരക്ക് വീണ്ടും ഉയർന്നു.

✒️സൗദി അറേബ്യയിൽ കൊവിഡ് രോഗമുക്തി വീണ്ടും പുതിയ കൊവിഡ് കേസുകളെക്കാൾ മുകളിലായി. ഇന്ന് 1,079 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 1,214 പേർ രോഗത്തിൽ നിന്ന് മുക്തി നേടി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 14 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് ബാധിതരുടെ എണ്ണം 4,74,191 ആയി. ഇവരിൽ രോഗമുക്തരുടെ എണ്ണം 4,55,618 ആയി ഉയർന്നു. ആകെ മരണസംഖ്യ 7,677 ആയി. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 10,896 ആയി ഉയർന്നു. ഇതിൽ 1,516 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.1 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. 

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 320, റിയാദ് 216, കിഴക്കൻ പ്രവിശ്യ 206, അസീർ 100, ജീസാൻ 63, മദീന 57, അൽഖസീം 38, നജ്റാൻ 20, തബൂക്ക് 19, ഹായിൽ 17, അൽബാഹ 13, വടക്കൻ അതിർത്തി മേഖല 6, അൽജൗഫ് 4. രാജ്യത്തെ കൊവിഡ് വാക്സിനേഷൻ കുത്തിവെപ്പ് 16,522,087 ഡോസ് ആയി.

🇦🇪യുഎഇയില്‍ 1850 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് അഞ്ച് മരണം.

✒️യുഎഇയില്‍ 1850 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1826 പേര്‍ സുഖം പ്രാപിക്കുകയും അഞ്ചുപേര്‍ മരണപ്പെടുകയും ചെയ്തു.

പുതിയതായി നടത്തിയ  2,66,926 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,12,029 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,91,061 പേര്‍ രോഗമുക്തരാവുകയും 1,757 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,211 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

🇴🇲ഒമാനില്‍ 5,320 പേര്‍ക്ക് കൂടി കൊവിഡ്, 84 മരണം.

✒️ഒമാനില്‍ മൂന്ന് ദിവസത്തിനിടെ 5,320 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 84 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. മൂന്ന് ദിവസത്തെ കൊവിഡ് കണക്കുകളാണ് അധികൃതര്‍ പുറത്തുവിട്ടത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 2,48,043 ആയി. ഇവരില്‍ 2,18,841  പേരാണ് രോഗമുക്തരായത്. ഇപ്പോള്‍ 88.2% ശതമാനമാണ് രോഗമുക്തി നിരക്ക്.

2,710 പേര്‍ക്കാണ് കൊവിഡ് കാരണം ഒമാനില്‍ ജീവന്‍ നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 170 കൊവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 1,436 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 414 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.

Post a Comment

0 Comments