🇸🇦കൊവിഡ്: സൗദിയില്‍ 15 പേര്‍ കൂടി മരിച്ചു.
🇴🇲അതീവ ആശങ്കയില്‍ ഒമാന്‍; 5,517 പേര്‍ക്ക് കൂടി കൊവിഡ്, 119 മരണം.
🇴🇲ഒമാനില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നാളെ മുതല്‍ കൊവിഡ് വാക്സിന്‍റെ രണ്ടാം വാക്‌സിന്‍ നല്‍കും.
🇶🇦ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 585 പേര്‍ക്കെതിരെ നടപടി.
🛫ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ് ജൂലൈ ഏഴ് മുതല്‍ തുടങ്ങാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി എമിറേറ്റ്സ്.
🇸🇦സൗദി അറേബ്യയില്‍ തൊഴില്‍, താമസ നിയമലംഘനങ്ങള്‍ക്ക് പിടിയിലായത് 57 ലക്ഷം പേര്‍.
🇶🇦ഖത്തറില്‍ സമ്പര്‍ക്ക രോഗബാധ 36 പേര്‍ക്ക് മാത്രം; 66 യാത്രക്കാര്‍, ആശുപത്രിയിലുള്ളവര്‍ 100ല്‍ താഴെ.
🇶🇦ഖത്തറില്‍ ഇനി കോവിഡ് വാക്‌സിനേഷന് പിഎച്ച്‌സിസി ആപ്പ് വഴിയും രജിസ്റ്റര്‍ ചെയ്യാം.
🎙️മഹാമാരിക്കാലത്തെ പ്രതീക്ഷ: മാസ്‌ക്ക് ഒഴിവാക്കി 7 രാജ്യങ്ങള്‍.
🇸🇦സൗദി: റെസിഡൻസി പെർമിറ്റുകൾ കൃത്യമായി പുതുക്കാൻ പ്രവാസികളോട് നിർദ്ദേശം.
🇴🇲ഒമാൻ: മരുന്നുകളുടെ കുറിപ്പ് കൈവശം കരുതാൻ യാത്രികർക്ക് റോയൽ ഒമാൻ പോലീസ് നിർദ്ദേശം നൽകി.
🇦🇪ദുബൈ യാത്രക്കാര്‍ക്ക് ഇടത്താവളമായി താഷ്കെന്‍റ്; പുതിയ പ്രോട്ടോകോൾ പ്രകാരം താഷ്കെന്‍റ് വഴി രണ്ടുദിവസം കൊണ്ട് ദുബൈയിലെത്താം.
🇶🇦മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനിലേക്ക് മാറ്റാനൊരുങ്ങി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം.
🇰🇼കുവൈത്തിൽ ഷോപ്പിങ് മാളുകളിൽ പ്രവേശിക്കാൻ കോവിഡ് സുരക്ഷാ ആപ്പ് നിർബന്ധം.
🇴🇲ഒമാൻ: രാജ്യത്തേക്ക് പ്രവേശിക്കുന്നവരുടെ യാത്രാ നിബന്ധനകളിലും, ക്വാറന്റീൻ നടപടികളിലും മാറ്റം വരുത്തിയിട്ടില്ലെന്ന് ആരോഗ്യ വകുപ്പ്.
🇸🇦സൗദി: വിദേശത്ത് നിന്നെത്തുന്നവർ രോഗബാധിതരാകുന്ന സാഹചര്യത്തിൽ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധം.
🇸🇦സൗദി ഐ.ടി, ടെലികമ്യൂണിക്കേഷൻ മേഖലയിൽ സ്വദേശിവത്കരണം നടപ്പായി.
🇰🇼ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് വിമാന ടിക്കറ്റ് ബുക്കിംഗ് തുടങ്ങി.
🇦🇪യുഎഇയില്‍ 2122 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.
വാർത്തകൾ വിശദമായി
🇸🇦കൊവിഡ്: സൗദിയില്‍ 15 പേര്‍ കൂടി മരിച്ചു.
✒️സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നവരില്‍ 15 പേര്‍ കൂടി മരിച്ചു. ഇന്ന് പുതുതായി 1,218 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്നവരില്‍ 1,252 പേര്‍ സുഖം പ്രാപിച്ചു.
രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,83,221 ആയി. ഇവരില്‍ രോഗമുക്തരുടെ എണ്ണം 4,64,256 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 7,775 ആയി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 369, റിയാദ് 255, കിഴക്കന്‍ പ്രവിശ്യ 206, അസീര്‍ 140, ജീസാന്‍ 67, മദീന 54, അല്‍ഖസീം 43, നജ്‌റാന്‍ 22, ഹായില്‍ 21, അല്‍ബാഹ 15, തബൂക്ക് 15, വടക്കന്‍ അതിര്‍ത്തി മേഖല 8, അല്‍ജൗഫ് 3. രാജ്യത്തെ കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് 17,208,065 ഡോസ് ആയി.
🇴🇲അതീവ ആശങ്കയില്‍ ഒമാന്‍; 5,517 പേര്‍ക്ക് കൂടി കൊവിഡ്, 119 മരണം.
✒️ഒമാനില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 5517 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. 119 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് രോഗം മൂലം മരണപ്പെട്ടത്. മൂന്ന് ദിവസത്തെ കൊവിഡ് കണക്കുകളാണ് അധികൃതര്‍ പുറത്തുവിട്ടത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 262,059 ആയി.
ഇവരില്‍ 229,998 പേരാണ് രോഗമുക്തരായത്. ഇപ്പോള്‍ 87.8 % ശതമാനമാണ് രോഗമുക്തി നിരക്ക്. 2967 പേര്‍ക്കാണ് കൊവിഡ് കാരണം ഒമാനില്‍ ജീവന്‍ നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 214 കൊവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 1635 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 489 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.
🇴🇲ഒമാനില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നാളെ മുതല്‍ കൊവിഡ് വാക്സിന്‍റെ രണ്ടാം വാക്‌സിന്‍ നല്‍കും.
✒️ഒമാനില്‍ സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നാളെ മുതല്‍ കൊവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ടാം ഡോസ് നല്കിത്തുടങ്ങും. നാളെ ജൂണ്‍ 28 മുതല്‍ സ്വകാര്യ മേഖലയില്‍ സേവനമനുഷ്ഠിച്ചു വരുന്ന ആരോഗ്യ പ്രവര്‍ത്തകരായ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ദന്ത വിദഗ്ദ്ധര്‍, ഫാര്‍മസിസ്റ്റുകള്‍ എന്നിവര്‍ക്ക് പുറമെ, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സ്പുട്‌നിക്ക് വാക്‌സിന്റെ രണ്ടാം ഡോസ് നല്‍കി തുടങ്ങുമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.
ബദര്‍ അല്‍ സാമ ആശുപത്രിയുടെ റൂവി, അല്‍ ഖൂദ് ശാഖകളില്‍ രാവിലെ ഒന്‍പതു മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയായിരിക്കും വാക്‌സിനേഷന്‍ ലഭ്യമാകുക. വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തുന്നവര്‍ റസിഡന്റ് കാര്‍ഡും ഒപ്പം ആരോഗ്യ മന്ത്രാലയം നല്‍കിയിട്ടുള്ള തങ്ങളുടെ ലൈസന്‍സും കരുതിയിരിക്കണമെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ ആവശ്യപ്പെടുന്നുണ്ട്. സ്വകാര്യ ആരോഗ്യമേഖലയിലെ മറ്റു ജീവനക്കാരെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അറിയിപ്പില്‍ പറയുന്നു.
🇶🇦ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 585 പേര്‍ക്കെതിരെ നടപടി.
✒️ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച 585 പേര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടിയെടുത്തു. ഇവരില്‍ 504 പേരും പൊതു സ്ഥലങ്ങളില്‍ മാസ്‍ക് ധരിക്കാത്തതിനാണ് പിടിയിലായത്. സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 80 പേര്‍ക്കെതിരെ നിയമനടപടിയെടുത്തു.
മൊബൈല്‍ ഫോണില്‍ ഇഹ്‍തിറാസ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന നിബന്ധന പാലിക്കാത്തതിന് ഒരാളെയും അധികൃതര്‍ പിടികൂടി. രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നത് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പാലിക്കാത്തവരെ കണ്ടെത്താന്‍ ശക്തമായ പരിശോധനയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. ഇതിനോടകം ആയിരക്കണക്കിന് പേര്‍ക്കെതിരെ നടപടിയെടുത്തു. പിടിയിലാവുന്നവര്‍ക്കെതിരെ തുടര്‍ നടപടി സ്വീകരിക്കാന്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയാണ് ചെയ്യുന്നത്.
🛫ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ് ജൂലൈ ഏഴ് മുതല്‍ തുടങ്ങാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി എമിറേറ്റ്സ്.
✒️ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ ജൂലൈ ഏഴ് മുതല്‍ പുനഃരാരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു. ട്വിറ്ററിലൂടെ യാത്രക്കാര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയിലാണ് എമിറേറ്റ്സ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.
രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിലക്കില്‍ യുഎഇ അധികൃതര്‍ ഇളവ് പ്രഖ്യാപിച്ചെങ്കിലും വിമാന സര്‍വീസുകള്‍ തുടങ്ങുന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ഇത് സംബന്ധിച്ച് നിരവധി അന്വേഷണങ്ങളാണ് വിമാനക്കമ്പനികള്‍ക്ക് ദിവസവും ലഭിച്ചുകൊണ്ടിരിക്കുന്നത്. കൃത്യമായ യാത്രാ നിബന്ധനകളും അനുമതികളും സംബന്ധിച്ചുള്ള വിവരങ്ങളും സര്‍ക്കാറില്‍ നിന്ന് കാത്തിരിക്കുകയാണെന്നും ഉടന്‍ തന്നെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എമിറേറ്റ്സ് അധികൃതര്‍ മറുപടി നല്‍കിയിട്ടുണ്ട്. യാത്രാ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് തങ്ങളുടെ വെബ്‍സൈറ്റ് പരിശോധിക്കാനാണ് കമ്പനി ഉപഭോക്താക്കളോട് നിര്‍ദേശിക്കുന്നത്.
🇸🇦സൗദി അറേബ്യയില്‍ തൊഴില്‍, താമസ നിയമലംഘനങ്ങള്‍ക്ക് പിടിയിലായത് 57 ലക്ഷം പേര്‍.
✒️സൗദി അറേബ്യയില്‍ തൊഴില്‍, താമസ നിയമലംഘനങ്ങളുടെ പേരില്‍ ഇതുവരെ 57 ലക്ഷത്തിലധികം പേര്‍ പിടിയിലായിട്ടുണ്ടെന്ന് ഔദ്യോഗിക കണക്കുകള്‍. നിയമലംഘകരെ പിടികൂടാന്‍ 2017 നവംബര്‍ 15ന് ആരംഭിച്ച ക്യാമ്പയിനിന്റെ ഭാഗമായി ഈ വര്‍ഷം ജൂണ്‍ 16 വരെ പിടിയിലായവരുടെ കണക്കാണിത്.
ആകെ 56,51,619 പേര്‍ ഇക്കാലയളവില്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ 43,23,083 പേര്‍ താമസ നിയമലംഘനത്തിനും 8,03,186 പേര്‍ തൊഴില്‍ നിയമലംഘനങ്ങള്‍ക്കുമാണ് അറസ്റ്റിലായത്. അതിര്‍ത്തി ലംഘനവുമായി ബന്ധപ്പെട്ട കേസുകളിലാണ് 5,25,350 പേര്‍ പിടിയിലായത്. ഇതിനു പുറമെ അയല്‍ രാജ്യങ്ങളില്‍ നിന്ന് അനധികൃതമായി സൗദി അറേബ്യയിലേക്ക് അതിര്‍ത്തി കടന്ന് പ്രവേശിക്കാന്‍ ശ്രമിച്ചതിന് 9550 പേര്‍ അറസ്റ്റിലായി. ഗതാഗത, മത്സ്യബന്ധന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള നിയമലംഘനങ്ങള്‍ക്കാണ് 8241 പേര്‍ അറസ്റ്റിലായത്. 2769 സ്വദേശികളും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട നിയംലംഘനങ്ങള്‍ക്ക് പിടിയിലായിട്ടുണ്ട്. ഇവരില്‍ 7,15,216 പേര്‍ക്കെതിരെ ഉടനടി ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. 9,13,306 പേരെ യാത്രാ രേഖകള്‍ ശരിയാക്കാന്‍ അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് കൈമാറി. 15,59,919 പേരെയാണ് നടപടികള്‍ പൂര്‍ത്തിയാക്കി സൗദി അറേബ്യയില്‍ നിന്ന് നാടുകടത്തിയത്.
🇶🇦ഖത്തറില്‍ സമ്പര്‍ക്ക രോഗബാധ 36 പേര്‍ക്ക് മാത്രം; 66 യാത്രക്കാര്‍, ആശുപത്രിയിലുള്ളവര്‍ 100ല്‍ താഴെ.
✒️ഖത്തറില്‍ ഇന്ന് 102 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 131 പേരാണ് രോഗമുക്തി നേടിയത്. 36 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 66 പേര്‍. 1,771 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.
ഖത്തറില്‍ ഇന്നും കോവിഡ് മരണമില്ല. ആകെ മരണം 588. രാജ്യത്ത് ഇതുവരെ 2,19,333 പേര്‍ രോഗമുക്തി നേടി. ഇന്ന് ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 99 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.
24 മണിക്കൂറിനിടെ 32,839 ഡോസ് വാക്‌സിന്‍ നല്‍കി. ആകെ നല്‍കിയ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 30,41,661 ആയി.
🇶🇦ഖത്തറില്‍ ഇനി കോവിഡ് വാക്‌സിനേഷന് പിഎച്ച്‌സിസി ആപ്പ് വഴിയും രജിസ്റ്റര്‍ ചെയ്യാം.
✒️ഖത്തറില്‍ കോവിഡ് വാക്‌സിനേഷന് ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിഎച്ച്‌സിസി മൊബൈല്‍ ആപ്പായ നര്‍ആകുമില്‍ സൗകര്യമേര്‍പ്പെടുത്തി. ഹെല്‍ത്ത് സെന്ററുകളിലെ അപ്പോയിന്‍മെന്റ്, ഹെല്‍ത്ത് കാര്‍ഡ് രജിസ്‌ട്രേഷന്‍ തുടങ്ങി സമഗ്രസേവനങ്ങള്‍ നല്‍കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് ആണ് നര്‍ആകും.
പിഎച്ച്‌സിസിയില്‍ ഹെല്‍ത്ത് കാര്‍ഡിന് അപേക്ഷിക്കാന്‍ യോഗ്യതയുള്ള പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും പുതിയ സര്‍വീസ് ഉപയോഗിക്കാവുന്നതാണ്. തങ്ങളുടെ ഹെല്‍ത്ത് സെന്റര്‍ അറിയാത്തവര്‍ക്കും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ താമസിക്കുന്ന അഡ്രസിനെ അടിസ്ഥാനപ്പെടുത്തി തൊട്ടടുത്ത ഹെല്‍ത്ത് സെന്ററില്‍ അപ്പോയിന്‍മെന്റ് ലഭിക്കും. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ അപ്പോയിന്‍മെന്റ് റഫറന്‍സ് നമ്പര്‍ സഹിതമുള്ള എസ്എംഎസ് ലഭിക്കും.
ഖത്തര്‍ ഐഡി കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞവര്‍ക്ക് ആപ്പ് വഴി വാക്‌സിന് ബുക്ക് ചെയ്യാനാവില്ല.
ഐഫോണ്‍, ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ ആപ്പ് ലഭ്യമാണ്. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം ‘Request COVID-19 Vaccine’ എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ഖത്തര്‍ ഐഡി നല്‍കാം. തുടര്‍ന്ന് വെരിഫിക്കേഷന്‍ ഒടിപിയും ക്ലിനിക്കല്‍ ചോദ്യാവലിയും ലഭിക്കും. ശേഷമുള്ള ബുക്കിങ് ഫോമില്‍ നേരത്തേ അസൈന്‍ ചെയ്ത ഹെല്‍ത്ത് സെന്റര്‍ സെലക്ട് ചെയ്യാം. നല്‍കിയിട്ടുള്ള മൂന്ന് തിയ്യതികളിലും സമയത്തിലും നിന്ന് ഉചിതമായ ഒന്ന് തിരഞ്ഞെടുക്കാം.
ഇതോട് കൂടി റഫറന്‍സ് നമ്പര്‍ സഹിതമുള്ള കണ്‍ഫര്‍മേഷന്‍ എസ്എംസ് ലഭിക്കും. അപേക്ഷ പരിശോധിച്ച ശേഷം ഹെല്‍ത്ത് സെന്റര്‍ ജീവനക്കാരന്‍ നിങ്ങളെ നേരിട്ട് വിളിച്ച് അപ്പോയിന്‍മെന്റ് തിയ്യതിയും സമയവും ഉറപ്പ് വരുത്തും. കണ്‍ഫേം ചെയ്ത് കഴിഞ്ഞാല്‍ അപ്പോയിന്‍മെന്റ് ബുക്ക് ചെയ്ത് കണ്‍ഫര്‍മേഷന്‍ എസ്എംഎസ് അയക്കും.
ഹെല്‍ത്ത് സെന്ററില്‍ നിന്ന് മൂന്ന് തവണ വിളിച്ചിട്ടും കോള്‍ അറ്റന്റ് ചെയ്തില്ലെങ്കില്‍ അപേക്ഷ പെന്‍ഡിങില്‍ വയ്ക്കും.
🎙️മഹാമാരിക്കാലത്തെ പ്രതീക്ഷ: മാസ്‌ക്ക് ഒഴിവാക്കി 7 രാജ്യങ്ങള്‍.
✒️ഒന്നര വര്‍ഷക്കാലമായി കോവിഡില്‍ ശ്വാസം മുട്ടുന്ന നമ്മുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരിക്കും മാസ്‌ക്ക് ഇല്ലാതെ ആളുകളുമായി അടുത്തിടപഴകുക എന്നത്. ആദ്യമായി മാസ്‌ക്ക് ഒഴിവാക്കിയ രണ്ട് രാജ്യങ്ങളായ ന്യൂസിലന്റും ഇസ്രായേലും ഈയിടെ അതിലേക്ക് തിരിച്ച് പോയെങ്കിലും മറ്റ് ചില രാജ്യങ്ങള്‍ പ്രതീക്ഷ നല്‍കുന്നു. നിലവില്‍ ഏഴ് രാജ്യങ്ങളാണ് മാസ്‌ക്ക് ഫ്രീ ആയി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്.
1. യുഎസ്എ
പൂര്‍ണമായും വാക്‌സിനെടുത്തവര്‍ മാസ്‌ക്ക് ധരിക്കേണ്ടതില്ലെന്ന് മെയ് 13ന് ആണ് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പ്രഖ്യാപിച്ചത്. വാക്‌സിനെടുത്തവര്‍ക്ക് സോഷ്യല്‍ ഡിസ്റ്റന്‍സിങ് ഇല്ലാതെ ചെറുതോ വലുതോ ആയ പരിപാടികളില്‍ പങ്കെടുക്കുന്നതിനും തടസ്സമില്ല.
2. ഡെന്‍മാര്‍ക്ക്
ജൂണ്‍ 14ന് ആണ് ഡാനിഷ് സര്‍ക്കാര്‍ മാസ്‌ക്ക് ഒഴിവാക്കുന്നതായി പ്രഖ്യാപിച്ചത്(പൊതു വാഹനങ്ങളില്‍ ഒഴികെ). സപ്തംബര്‍ 1 മുതല്‍ മാസ്‌ക്ക് പൂര്‍ണമായും ഒഴിവാക്കാനാണ് പദ്ധതി.
3. ഗ്രീസ്
മാസ്‌ക്ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങള്‍ ജൂണ്‍ 24 മുതല്‍ ഗ്രീസ് ഒഴിവാക്കി.
4. ഐസ്ലന്റ്
ജൂണ്‍ 26 മുതല്‍ മുഴുവന്‍ കോവിഡ് നിയന്ത്രണങ്ങളും ഒഴിവാക്കിയതായി സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നു. മാസ്‌ക്കോ സോഷ്യല്‍ ഡിസ്റ്റന്‍സിങോ ആവശ്യമില്ല. ആളുകള്‍ ഒത്തുകൂടുന്നതിനും നിയന്ത്രണമില്ല.
വലിയ തോതിലുള്ള പരിശോധന, ട്രേസിങ് സംവിധാനം, പല തവണയായുള്ള ലോക്ക്ഡൗണ്‍ എന്നിവയിലൂടെയാണ് കഴിഞ്ഞ വര്‍ഷം ഐസ്ലന്റ് കോവിഡിനെ നേരിട്ടത്.
5. സ്‌പെയിന്‍
ജൂണ്‍ 26 മുതല്‍ സ്‌പെയിനും ഔട്ട്‌ഡോറില്‍ മാസ്‌ക്ക് ഒഴിവാക്കി. എന്നാല്‍, 1.5 മീറ്റര്‍ അകലം പാലിക്കണം. മാസ്‌ക്ക് എല്ലായ്‌പ്പോഴും കൈയില്‍ കരുതണം. സോഷ്യല്‍ ഡിസ്റ്റന്‍സിങ് സാധ്യമല്ലാത്ത സ്ഥലങ്ങളില്‍ ധരിക്കുന്നതിന് വേണ്ടിയാണിത്.
6. ഫ്രാന്‍സ്
ഔട്ട്‌ഡോറില്‍ കോവിഡ് നിയന്ത്രണം ആവശ്യമില്ലെന്ന് ജൂണ്‍ 17നാണ് ഫ്രാന്‍സ് പ്രഖ്യാപിച്ചത്. തുറന്ന സ്ഥലങ്ങളില്‍ മാസ്‌ക്ക് ആവശ്യമില്ല. എന്നാല്‍, തൊഴിലിടങ്ങള്‍, ഷോപ്പുകള്‍, പൊതുഗതാഗതം, വലിയ തോതില്‍ ആളുകള്‍ കൂടുന്ന സ്‌റ്റേഡിയം പോലുള്ള ഔട്ട്‌ഡോര്‍ സ്‌പേസുകള്‍ എന്നിവിടങ്ങളില്‍ മാസ്‌ക്ക് വേണം.
7. ദക്ഷിണ കൊറിയ
ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിനെടുത്തവര്‍ക്ക് ജൂലൈ മുതല്‍ ഔട്ട്‌ഡോറില്‍ മാസ്‌ക്ക് വേണ്ട. 70 ശതമാനത്തിലേറെ പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചാല്‍ ക്വാറന്റീന്‍ നിബന്ധനകള്‍ ഒഴിവാക്കുമെന്നും പ്രധാനമന്ത്രി കിം ബൂ ക്യും പ്രഖ്യാപിച്ചു.
🇸🇦സൗദി: റെസിഡൻസി പെർമിറ്റുകൾ കൃത്യമായി പുതുക്കാൻ പ്രവാസികളോട് നിർദ്ദേശം.
✒️രാജ്യത്തെ പ്രവാസികളോട് തങ്ങളുടെ റെസിഡൻസി പെർമിറ്റുകൾ കൃത്യസമയത്ത് പുതുക്കാൻ സൗദി ഡയറക്ടറേറ്റ് ജനറൽ ഓഫ് പാസ്സ്പോർട്ട്സ് നിർദ്ദേശം നൽകി. കാലാവധി അവസാനിച്ച റെസിഡൻസി രേഖകൾ ഉപയോഗിക്കുന്നവർക്ക് നേരിടേണ്ടി വന്നേക്കാവുന്ന നിയമസംബന്ധമായ നടപടികളെക്കുറിച്ചും അധികൃതർ മുന്നറിയിപ്പ് നൽകി.
നിയമ നടപടികൾ, പിഴ മുതലായവ ഒഴിവാക്കുന്നതിനായി റെസിഡൻസി പെർമിറ്റുകളുടെ കാലാവധി അവസാനിക്കുന്നതിന് മൂന്ന് ദിവസം മുൻപെങ്കിലും അവ പുതുക്കേണ്ടതാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് പാസ്സ്പോർട്ട്സ് പ്രവാസികളെ ഓർമ്മപ്പെടുത്തി. സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അബ്ഷർ സംവിധാനം, അല്ലെങ്കിൽ ഇലക്ട്രോണിക് പോർട്ടൽ സംവിധാനം എന്നിവയിലൂടെ റെസിഡൻസി പെർമിറ്റുകളുടെ സാധുത പരിശോധിക്കുന്നതിനും, ഇവ പുതുക്കുന്നതിനും ആവശ്യമായ സേവനങ്ങൾ ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.
ഇത്തരം രേഖകൾ കൃത്യമായി പുതുക്കാത്തവർക്ക് 500 റിയാൽ പിഴ ചുമത്താവുന്നതാണ്. ഇത്തരം ലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി പിഴയും, മൂന്നാമതും ആവർത്തിക്കുന്നവർക്ക് നാട്കടത്തൽ ഉൾപ്പടെയുള്ള നടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
🇴🇲ഒമാൻ: മരുന്നുകളുടെ കുറിപ്പ് കൈവശം കരുതാൻ യാത്രികർക്ക് റോയൽ ഒമാൻ പോലീസ് നിർദ്ദേശം നൽകി.
✒️ഒമാനിലേക്ക് യാത്ര ചെയ്യുന്ന അവസരത്തിൽ, നിയമപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി തങ്ങളുടെ കൈവശമുള്ള മരുന്നുകളുടെ കുറിപ്പ് കൈവശം കരുതാൻ യാത്രികരോട് റോയൽ ഒമാൻ പോലീസ് നിർദ്ദേശിച്ചു. ഒമാനിൽ നിരോധിക്കപ്പെട്ടിട്ടുള്ളതായ മരുന്നുകളുമായി രാജ്യത്തേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ഉണ്ടായേക്കാവുന്ന നിയമപ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് ഇത് പ്രധാനമാണെന്ന് പോലീസ് ഓർമ്മപ്പെടുത്തി.
“നിങ്ങളുടെ കൈവശമുള്ള മുഴുവൻ മരുന്നുകളുടെയും കുറിപ്പടി യാത്രാവേളയിൽ കയ്യിൽ കരുതേണ്ടതാണ്. ലഹരി പദാർത്ഥങ്ങളും മറ്റും അടങ്ങിയതെന്ന് സംശയിക്കുന്ന ഏതാനം മരുന്നുകൾ ഒമാനിലേക്ക് കൊണ്ട് വരുന്നതിന് കുറിപ്പടി നിർബന്ധമാണ്.”, റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി.
കുറിപ്പടി ഇല്ലാതെ ഇത്തരം മരുന്നുകൾ ഒമാനിലേക്ക് കൊണ്ട് വരുന്നത് നിരോധിച്ചിട്ടുണ്ടെന്ന് പോലീസ് കൂട്ടിച്ചേർത്തു. ഇത്തരം സാഹചര്യങ്ങളിൽ, നിയമ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് ഡോക്ടറുടെ കുറിപ്പടി കൈവശം കരുതുന്നത് സഹായകമാണ്.
🇦🇪ദുബൈ യാത്രക്കാര്‍ക്ക് ഇടത്താവളമായി താഷ്കെന്‍റ്; പുതിയ പ്രോട്ടോകോൾ പ്രകാരം താഷ്കെന്‍റ് വഴി രണ്ടുദിവസം കൊണ്ട് ദുബൈയിലെത്താം.
✒️ദുബൈ പ്രഖ്യാപിച്ച പുതിയ പ്രോട്ടോകോൾ പ്രകാരം ഇന്ത്യക്കാർക്ക് രണ്ടുദിവസം കൊണ്ട് ചുരുങ്ങിയ ചെലവിൽ ഉസ്ബെക്കിസ്ഥാൻ വഴി യുഎഇയിലേക്ക് വരാം. പഴയ പോലെ ഉസ്ബെക്കിസ്ഥാനില്‍ 14 ദിവസം ഹോട്ടൽ ക്വാറന്‍റൈനിൽ കഴിയേണ്ടതില്ല. ഈമാസം 23 മുതൽ നിലവിൽ വന്ന പുതിയ പ്രോട്ടോക്കോൾ പ്രകാരം ഇന്ത്യയിൽ നിന്ന് നേരിട്ട് ദുബൈയിലേക്ക് എന്ന് മുതൽ വിമാന സർവീസ് തുടങ്ങുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. എന്നാൽ പുതിയ പ്രോട്ടോകോൾ നിലവിൽ വന്ന അന്ന് തന്നെ ചട്ടങ്ങൾ പാലിച്ച് തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ലൈജു രവി ദുബൈയിൽ വിമാനമിറങ്ങി. നാട്ടിലേക്ക് പോകും മുമ്പേ രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയിരുന്ന റൈജു ഉസ്ബെകിസ്ഥാന്‍ തലസ്ഥാനമായ താഷ്കെന്‍റിൽ നിന്നാണ് ദുബൈയിൽ ഇറങ്ങിയത്. 14 ദിവസം താഷ്കെന്‍റില്‍ ഹോട്ടലിൽ കഴിയേണ്ടി വരുന്ന പാക്കേജിലാണ് പുറപ്പെട്ടത് എങ്കിലും പുതിയ പ്രോട്ടോകോൾ പരീക്ഷിക്കാൻ തയാറായത് യാത്ര എളുപ്പമാക്കി. 40 ദിവസത്തോളം നാട്ടിൽ കുടുങ്ങിയ ശേഷമാണ് പ്രമുഖ ഹോട്ടലിന്‍റെ ഫിനാൻഷ്യൽ കൺട്രോളറായ ഇദ്ദേഹം ബദൽമാർഗം പരീക്ഷിച്ചത്. യുഎഇയിലേക്ക് വരാൻ നിരവധി മലയാളികൾ ഇപ്പോഴും താഷ്കെന്‍റിലുണ്ടെങ്കിലും അവർ ഈ പരീക്ഷണത്തിന് തയാറായിരുന്നില്ല. ഹോട്ടൽ ക്വാറന്‍റൈന്‍ ഒഴിവാകുന്നതിനാൽ പുതിയ മാർഗത്തിൽ യാത്രക്ക് ചെലവും ഗണ്യമായി കുറയുന്നുണ്ട്. നേരിട്ടുള്ള വിമാന സർവീസ് തുടങ്ങാൻ വൈകുന്നതിനാൽ നാട്ടിൽ കുടുങ്ങിപോയ നിരവധി പ്രവാസികൾക്ക് അടിയന്തര സാഹചര്യത്തിൽ ഈ മാർഗം ഉപകാരപ്പെടും.
🇶🇦മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനിലേക്ക് മാറ്റാനൊരുങ്ങി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം.
✒️ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനിലേക്ക് മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി പ്ലാനിങ് ആന്റ് ക്വാളിറ്റി ഡിപാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ ഖാലിദ് അബ്ദുല്‍ അസീസ് അല്‍ മുഹന്നദി.
പൊതുജനങ്ങള്‍ക്ക് ഇടപാടുകള്‍ ലളിതമാക്കാനാണ് ഞങ്ങളുടെ ശ്രമം. മെത്രാഷ് പദ്ധതി ഇതിന് വലിയ രീതിയില്‍ സഹായകമായിട്ടുണ്ട്. സേവനമേഖലയില്‍ ഭൂരിഭാഗം ഇടപാടുകളും ഇപ്പോള്‍ വീട്ടില്‍ നിന്നു തന്നെ ചെയ്യാം. ക്രമേണ മുഴുവന്‍ സര്‍വീസുകളും ഓണ്‍ലൈനില്‍ ലഭ്യമാവും- അല്‍ മുഹന്നദി പറഞ്ഞു. ഖത്തര്‍ റേഡിയോ പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
🇰🇼കുവൈത്തിൽ ഷോപ്പിങ് മാളുകളിൽ പ്രവേശിക്കാൻ കോവിഡ് സുരക്ഷാ ആപ്പ് നിർബന്ധം.
✒️കുവൈത്തിൽ ഷോപ്പിങ് മാളുകളിൽ പ്രവേശിക്കണമെങ്കിൽ 'കുവൈത്ത് മൊബൈൽ ഐഡി' അല്ലെങ്കിൽ 'ഇമ്മ്യൂൺ' ആപ്പുകളിൽ ഒന്ന് നിർബന്ധം. 'കുവൈത്ത് മൊബൈൽ ഐഡി'യിൽ പച്ചയോ ഓറഞ്ചോ സ്റ്റാറ്റസ് ഉള്ളവർക്കും 'ഇമ്യൂൺ' ആപ്പിൽ വാക്സിനേറ്റഡ് സ്റ്റാറ്റസ് ഉള്ളവർക്കും മാത്രമാണ് പ്രവേശനം അനുവദിക്കുക.
കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവർക്ക് വലിയ മാളുകൾ, റസ്റ്റോറൻറുകൾ, ഹെൽത്ത് ക്ലബുകൾ, സലൂണുകൾ എന്നിവിടങ്ങളിൽ പ്രവേശനം വിലക്കികൊണ്ടുള്ള മന്ത്രിസഭാ ഉത്തരവ് നാളെ മുതൽ പ്രാബല്യത്തിലാകും. സിവിൽ ഐഡിയുടെ ഡിജിറ്റൽ പതിപ്പായ കുവൈത്ത് മൊബൈൽ ഐഡി അല്ലെങ്കിൽ ആരോഗ്യ മന്ത്രാലയത്തിന്റെ ഇമ്യൂൺ ആപ് എന്നിവയുടെ സ്റ്റാറ്റസ് അടിസ്ഥാനമാക്കിയാകും ആളുകളെ മാളുകളിലും മറ്റും പ്രവേശിപ്പിക്കുക.
വാക്സിൻ കോഴ്സ് പൂർത്തിയാക്കിയവരുടെ സ്റ്റാറ്റസ് പച്ച നിറത്തിലും 14 ദിവസത്തിനുള്ളിൽ ആദ്യ ഡോസ് സ്വീകരിച്ചവർക്കും കോവിഡ് മുക്തി നേടി 90 ദിവസം പിന്നിട്ടവർക്കും ഓറഞ്ച് നിറത്തിലുമാണ് ആപ്പുകളിൽ കാണിക്കുക. ഈ രണ്ടു വിഭാഗങ്ങളെയും മാത്രമാകും മേൽപറഞ്ഞ സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കുക. തീരെ വാക്സിൻ എടുത്തില്ല എന്നതിനെ സൂചിപ്പിക്കാൻ ചുവന്ന നിറമാണ് ആപ്പുകളിൽ കാണിക്കുക. ഇക്കൂട്ടർക്ക് പ്രവേശനം ഉണ്ടാകില്ല.
ആരോഗ്യ മന്ത്രാലയത്തിൽനിന്ന് പ്രത്യേക ഇളവ് നേടിയവർ, 16 വയസ്സിൽ താഴെയുള്ള കുട്ടികൾ, സ്ഥാപന ഉടമകൾ എന്നിവർക്ക് നിബന്ധനകളോടെ പ്രവേശനം ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു. 6000 ചതുരശ്ര മീറ്ററിൽ അധികം വിസ്തൃതിയുള്ള മാളുകൾക്കാണ് നിയന്ത്രണം ബാധകമാകുക. മന്ത്രിസഭ തീരുമാനം നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ പൊലീസും മുനിസിപ്പാലിറ്റി അധികൃതരും ഫീൽഡ് പരിശോധന നടത്തും.
🇴🇲ഒമാൻ: രാജ്യത്തേക്ക് പ്രവേശിക്കുന്നവരുടെ യാത്രാ നിബന്ധനകളിലും, ക്വാറന്റീൻ നടപടികളിലും മാറ്റം വരുത്തിയിട്ടില്ലെന്ന് ആരോഗ്യ വകുപ്പ്.
✒️വിദേശ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് ഏർപ്പെടുത്തിയിട്ടുള്ള യാത്രാ നിബന്ധനകളിലും, ക്വാറന്റീൻ നടപടികളിലും മാറ്റം വരുത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഒമാൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഇൻഫർമേഷൻ ഡിപ്പാർട്മെന്റാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം നൽകിയത്.
ഒമാനിലേക്ക് പ്രവേശിക്കുന്ന പൗരന്മാരും, വിദേശികളും ഉൾപ്പടെ മുഴുവൻ യാത്രികർക്കും PCR പരിശോധനകൾ നിർബന്ധമാണെന്നും, രാജ്യത്തേക്ക് പ്രവേശിച്ച ശേഷം ക്വാറന്റീൻ നിർബന്ധമാണെന്നും അധികൃതർ വ്യക്തമാക്കി. വാക്സിൻ കുത്തിവെപ്പുകൾ എടുത്തിട്ടുള്ള യാത്രികർ ഉൾപ്പടെ വിദേശത്ത് നിന്നെത്തുന്ന മുഴുവൻ യാത്രികർക്കും ഈ നിബന്ധനകൾ ബാധകമാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
യാത്രാ നിബന്ധനകളിൽ ഒമാൻ സുപ്രീം കമ്മിറ്റി മാറ്റങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്ന് ഇൻഫർമേഷൻ ഡിപ്പാർട്മെന്റ് ചൂണ്ടിക്കാട്ടി. രാജ്യത്തേക്ക് പ്രവേശിക്കുന്ന ഒമാൻ പൗരന്മാർക്ക് ഹോം ക്വാറന്റീനും, വിദേശികൾക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനും നിർബന്ധമാണെന്ന് അധികൃതർ വ്യക്തത നൽകിയിട്ടുണ്ട്.
🇸🇦സൗദി: വിദേശത്ത് നിന്നെത്തുന്നവർ രോഗബാധിതരാകുന്ന സാഹചര്യത്തിൽ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധം.
✒️വിദേശത്ത് നിന്നെത്തുന്ന മുഴുവൻ യാത്രികർക്കും, അവർ സൗദിയിൽ വെച്ച് നടത്തുന്ന COVID-19 PCR ടെസ്റ്റുകളിൽ പോസറ്റീവ് ആകുന്ന സാഹചര്യത്തിൽ 10 മുതൽ 14 ദിവസം വരെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കുമെന്ന് സൗദി അധികൃതർ വ്യക്തമാക്കി. രോഗബാധിതരാണെന്ന് കണ്ടെത്തുന്ന, ഹോസ്പിറ്റൽ ചികിത്സ ആവശ്യമാകാത്ത യാത്രികർക്കാണ് ഈ നിബന്ധന ബാധകമാക്കുന്നത്.
വിദേശ യാത്രികർക്ക്, സൗദിയിൽ വെച്ച് നടത്തുന്ന COVID-19 ചികിത്സകൾക്ക് പരിരക്ഷയേകുന്ന ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണെന്നും സൗദി ജനറൽ അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ രാജ്യത്തേക്ക് വിമാനസർവീസ് നടത്തുന്ന എല്ലാ കമ്പനികൾക്കും അറിയിപ്പ് നൽകിയിട്ടുണ്ട്. നയതന്ത്ര ഉദ്യോഗസ്ഥരോടൊപ്പം യാത്രചെയ്യുന്ന ഗാർഹിക ജീവനക്കാർക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിബന്ധന ബാധകമാക്കിയിട്ടില്ല. ജിസിസി പൗരന്മാർ, റെസിഡൻസി വിസകളിലുള്ളവർ എന്നിവർക്ക് ആരോഗ്യ ഇൻഷുറൻസിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.
ക്വാറന്റീൻ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്ക് രണ്ട് ലക്ഷം റിയാൽ പിഴയും, രണ്ട വർഷം വരെ തടവും ശിക്ഷയായി ലഭിക്കാവുന്നതാണ്. ഇത്തരം ലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി ശിക്ഷ ലഭിക്കുന്നതാണ്. ഇത്തരം ലംഘനങ്ങൾ നടത്തുന്ന വിദേശികളെ ശിക്ഷാ നടപടികൾക്ക് ശേഷം അവരുടെ സ്വദേശങ്ങളിലേക്ക് നട കടത്തുമെന്നും, പിന്നീട് സൗദിയിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തേക്ക് പ്രവേശിക്കുന്നവർ ഫൈസർ, മോഡർന, ഓക്സ്ഫോർഡ് ആസ്ട്രസെനേക വാക്സിനുകളുടെ രണ്ടു ഡോസുകളോ, ജോൺസൺ ആൻഡ് ജോൺസൺ വാക്സിനിന്റെ ഒരു ഡോസോ സ്വീകരിച്ചിരിക്കണം. അവസാന ഡോസ് കുത്തിവെപ്പ് സ്വീകരിച്ച് 14 ദിനം പൂർത്തിയാക്കിയവർക്കാണ് ഇത്തരത്തിൽ പ്രവേശനം അനുവദിക്കുന്നത്.
സൗദിയിലേക്ക് പ്രവേശിക്കുന്നവർക്ക് യാത്ര തിരിക്കുന്ന രാജ്യത്തെ ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയിട്ടുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ നിർബന്ധമാണ്. യാത്രികർ സൗദിയിൽ തുടരുന്ന കാലയളവിൽ മുഴുവൻ സമയവും തങ്ങളുടെ കൈവശം ഈ വാക്സിനേഷൻ സർട്ടിഫിക്കറ്റ് കരുതേണ്ടതാണ്.
🇸🇦സൗദി ഐ.ടി, ടെലികമ്യൂണിക്കേഷൻ മേഖലയിൽ സ്വദേശിവത്കരണം നടപ്പായി.
✒️സൗദിയിൽ ഇൻഫർമേഷൻ ടെക്നോളജി (ഐ.ടി), ടെലികമ്യൂണിക്കേഷൻ മേഖലയിലെ ജോലികൾ സ്വദേശിവത്കരിക്കുന്ന നടപടികൾക്ക് തുടക്കം. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ കൂടുതൽ സ്വദേശിവത്കരണം നടപ്പാകുന്നതോടെ നിരവധി വിദേശികൾക്കാണ് ജോലി നഷ്ടപ്പെടുക. ചെറുകിട സ്ഥാപനങ്ങളൊഴികെ അഞ്ചോ, അതിൽ കൂടുതലോ ജോലിക്കാരുള്ള സ്ഥാപനങ്ങളിലാണ് സ്വദേശിവത്കരണം നടപ്പാകുന്നത്.
ഒരോ വിഭാഗം ജോലികളിലും 25 ശതമാനം സ്വദേശിവത്കരിക്കാനാണ് നീക്കം. കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി രംഗത്തെ വിവിധ എൻജിനീയറിങ് തസ്തികകൾ, ആപ്ലിക്കേഷൻ ഡെവലപ്മെൻറ് പ്രോഗ്രാമിങ് - അനാലിസിസ് ജോലികൾ, ടെക്നിക്കൽ സപ്പോർട്ട് ജോലികൾ, ടെലികോം മേഖലയിലെ ടെക്നിക്കൽ തസ്തികകൾ എന്നിവയിലാണ് 25 ശതമാനം സ്വദേശിവത്കരണം. ഇത്തരം തസ്തികകളിൽ 60 ശതമാനവും വൻകിട സ്ഥാപനങ്ങളിലാണെന്നാണ് വിലയിരുത്തൽ. ആശയവിനിമയ, വിവരസാേങ്കതിക മേഖലയിൽ 9,000 തൊഴിലവസരങ്ങൾ സ്വദേശികൾക്ക് വേണ്ടി ഒരുക്കുകയാണ് ഇതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.
പ്രത്യേക പ്രഫഷനലുകൾക്ക് 7,000 റിയാലും ടെക്നീഷ്യന്മാർക്ക് 5,000 റിയാലുമാണ് അടിസ്ഥാന ശമ്പളമായി നിശ്ചയിച്ചിരിക്കുന്നത്. 2020 ഒക്ടോബറിലാണ് സ്വകാര്യമേഖലയിലെ ആശയവിനിമയ, വിവരസാേങ്കതിക ജോലികൾ സ്വദേശിവത്കരികാനുള്ള തീരുമാനം മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് ബിൻ സുലൈമാൻ അൽറാജിഹി പ്രഖ്യാപിച്ചത്. ജൂൺ 27 മുതൽ (ദുൽഖഅ് 17) ഇത് നടപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഇതിനായി കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയുമായി മാനവ വിഭവശേഷി മന്ത്രാലയം കരാർ ഒപ്പിടുകയും ചെയ്തു. സ്വദേശികളായ യുവതീ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുന്നതിനായി സ്വീകരിച്ച നടപടികളുടെ തുടർച്ചയായാണ് ഐ.ടി, ടെലികോം മേഖലകളിലെ സ്വദേശിവത്കരണം.
30ഒാളം തൊഴിലുകൾ സ്വദേശിവത്രിക്കുന്നതിലൂടെ എ.ടി ബിരുദധാരികളായ സ്വദേശികൾക്ക് സ്വകാര്യ മേഖലകളിൽ അനുയോജ്യമായ തൊഴിലവസരമൊരുക്കുകയും സ്വകാര്യ മേഖലയിലേക്ക് അവരെ ആകർഷിക്കുകയും സ്വകാര്യ മേഖലയുടെ വികസനത്തിൽ അവരുടെ പങ്കാളിത്തം ഉപയോഗപ്പെടുത്തുകയാണ് മാനവവിഭവ ശേഷി മന്ത്രാലയം ലക്ഷ്യമിടുന്നത്. പുതിയ തീരുമാനവും അത് നടപ്പാക്കുന്ന രീതിയും വിശദീകരിക്കുന്ന മാർഗനിർദേശങ്ങൾ മന്ത്രാലയം നേരത്തെ പുറത്തിറക്കിയിരുന്നു.
🇰🇼ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് വിമാന ടിക്കറ്റ് ബുക്കിംഗ് തുടങ്ങി.
✒️ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് വിമാന ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ആഗസ്ത് ഒന്ന് മുതല്‍ വിദേശികളുടെ പ്രവേശന വിലക്ക് ഒഴിവാക്കുമെന്ന മന്ത്രി സഭാ തീരുമാനം വന്നതോടെയാണ് ജസീറ എയര്‍വേസ്, കുവൈത്ത് എയര്‍വേസ് തുടങ്ങിയ വിമാന കമ്പനികള്‍ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയത്. നിലവില്‍ കൊച്ചിയില്‍ നിന്ന് ജസീറ എയര്‍വേസ്, കുവൈത്ത് എയര്‍വേസ് എന്നിവ വിമാനം ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നും കുവൈത്ത് എയര്‍വേസ് വിമാനം ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെങ്കിലും ജസീറയുടേത് ആരംഭിച്ചിട്ടില്ല.
അതേസമയം കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് നിലവില്‍ ഷെഡ്യൂള്‍ ആരംഭിച്ചിട്ടില്ലെന്നാണ് വിവരം. കൊച്ചിയില്‍ നിന്ന് 52,000 രൂപ മുതലും തിരുവനന്തപുരത്ത് നിന്ന് 62,000 രൂപ മുതല്‍ക്കുമാണ് ടിക്കറ്റ് വില്‍പന നടത്തുന്നത്. എന്നാല്‍ വിമാനം റദ്ദാക്കുകയാണെങ്കില്‍ ടിക്കറ്റ് തുക തിരികെ ലഭിക്കുന്ന സാഹചര്യങ്ങളില്‍ മാറ്റം ഉണ്ടാകുമെന്നതിനാല്‍ യാത്രക്കാര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ ടിക്കറ്റ് എടുക്കേണ്ടി വരുമെന്നാണ് ഈ മേഖലയിലുള്ളവര്‍ വിശദീകരിക്കുന്നത്. മാത്രമല്ല ഇത്തരം പ്രതികൂല സാഹചര്യങ്ങളില്‍ അമിത ലാഭക്കൊതിയുമായി വിമാന കമ്പനികള്‍ പ്രവാസികളായ യാത്രക്കാരെ ചൂഷണം ചെയ്ത് നാലും അഞ്ചും ഇരട്ടി ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാറുണ്ട്.
ടിക്കറ്റ് ബുക്കിംഗുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ വരുമെന്നാണ് കരുതുന്നത്. പ്രവാസികള്‍ക്ക് തിരികെ വരാമെന്ന സര്‍ക്കാര്‍ തീരുമാനം ആയിരക്കണക്കിന് പ്രവാസികള്‍ പ്രതീക്ഷയോടെയും ആകാംക്ഷയോടെയുമാണ് നോക്കിക്കാണുന്നത്.
🇦🇪യുഎഇയില്‍ 2122 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.
✒️യുഎഇയില്‍ 2122 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 2,66,342 ടെസ്റ്റുകളില്‍ നിന്നുമാണ് പുതിയ രോഗികളെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2077 പേര്‍ കൂടി രോഗമുക്തി നേടി.6,05,618 പേര്‍ ഇതുവരെ രാജ്യത്ത് രോഗമുക്തി നേടി. കോവിഡ് മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1796 ആയി.

0 Comments