Ticker

6/recent/ticker-posts

Header Ads Widget

കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

🔰Kerala University Announcements: കേരള സർവകലാശാല.

ടൈംടേബിൾ

കേരളസർവ്വകലാശാലയുടെ ആറാം സെമസ്റ്റർ (സി.ബി.സി.എസ്.എസ്./ സി.ആർ.) ബിരുദകോഴ്‌സുകളുടെ പരീക്ഷകൾ ജൂൺ 28 മുതലും നാലാം സെമസ്റ്റർ പി.ജി. ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ (റഗുലർ/ സി.എസ്.എസ്.) പരീക്ഷകൾ ജൂൺ 29 മുതലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്‌ ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫീസ്

കേരളസർവകലാശാല നടത്തുന്ന അഞ്ചും ആറും സെമസ്റ്റർ ബി.എസ്.സി. കമ്പ്യൂട്ടർ സയൻസ്, ബി.സി.എ.(എസ്.ഡി.
. 2018 അഡ്മിഷൻ -റഗുലർ , 2017 അഡ്മിഷൻ – ഇമ്പ്രൂവ്മെൻറ് / സപ്ലിമെന്ററി ) പരീക്ഷകൾക്ക് പിഴ കൂടാതെ ജൂൺ 28 വരെയും 150 രൂപ പിഴയോടെ ജൂലൈ 1 വരെയും 400 രൂപ പിഴയോടെ ജൂലൈ 05 വരെയും അപേക്ഷിക്കാം. ഓൺലൈൻ രജിസ്‌ട്രേഷൻ ജൂൺ 16 മുതൽ ആരംഭിച്ചിരിക്കുന്നു.

പരീക്ഷ ഫീസിന് പുറമെ സി.വി.ക്യാമ്പ് ഫീസ് ആയ 250 രൂപയും ആകെ ഫിസിന്റെ 5% തുക അധികമായി അടയ്‌ക്കേണ്ടതാണ്.

കേരളസർവകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന അഞ്ചും ആറും സെമസ്റ്റർ ബി.എസ്.സി. മാത്തമാറ്റിക്സ്, (2018 അഡ്മിഷൻ -റഗുലർ , 2017 അഡ്മിഷൻ – സപ്ലിമെന്ററി ), ബി. ബി. എ. .(എസ്.ഡി. 2018 അഡ്മിഷൻ -റഗുലർ) പരീക്ഷകൾക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ ജൂൺ 15 മുതൽ ആരംഭിച്ചിരിക്കുന്നു പിഴ കൂടാതെ ജൂൺ 28 വരെയും 150 രൂപ പിഴയോടെ ജൂലൈ 1 വരെയും 400 രൂപ പിഴയോടെ ജൂലൈ 05 വരെയും ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്

🔰MG University Announcements: എംജി സർവകലാശാല.

പരീക്ഷ 29 മുതൽ

മൂന്നാം സെമസ്റ്റർ ബി.വോക് (2018 അഡ്മിഷൻ റഗുലർ-പുതിയ സ്‌കീം) പരീക്ഷകൾ ജൂൺ 29ന് ആരംഭിക്കും.1 പിഴയില്ലാതെ ജൂൺ 22 വരെയും 525 രൂപ പിഴയോടെ ജൂൺ 23 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂൺ 24 വരെയും അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ ബി.വോക് (പുതിയ സ്‌കീം – 2019 അഡ്മിഷൻ റഗുലർ) പരീക്ഷകൾ ജൂൺ 29 ന് ആരംഭിക്കും. പിഴയില്ലാതെ ജൂൺ 22 വരെയും 525 രൂപ പിഴയോടെ ജൂൺ 23 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂൺ .24 വരെയും അപേക്ഷിക്കാം.

പുതുക്കിയ പരീക്ഷ തീയതി

ആറാം സെമസ്റ്റർ യു.ജി. (സി.ബി.സി.എസ്. – 2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ റീഅപ്പിയറൻസ് – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ ജൂൺ 28 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

പരീക്ഷാ കേന്ദ്രങ്ങൾ മാറാൻ 21 വരെ സമയം

ജൂൺ 28 ന് ആരംഭിക്കുന്ന എം.ജി. സർവ്വകലാശാല | ആറാം സെമസ്റ്റർ സി.ബി.സി.എസ്./ സി.ബി. സി. എസ്.എസ്. പരീക്ഷ എഴുതുന്ന റഗുലർ/ പ്രൈവറ്റ് | വിദ്യാർത്ഥികൾക്ക് സർവ്വകലാശാലയുടെ പ്രവർത്തന പരിധിയിലുള്ള കോളജുകൾക്ക് പുറമേ തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങൾ ഒരുക്കുന്നു. സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രാദേശിക ലോക് ഡൗൺ മൂലമോ ഗതാഗത സൗകര്യമില്ലാത്തതു കൊണ്ടോ പഠിക്കുന്ന കോളജിൽ എത്തി പരീക്ഷ എഴുതാൻ കഴിയാത്ത സാഹചര്യത്തിൽ അവരുടെ താമസസ്ഥലത്തിനടുത്ത് പരീക്ഷ എഴുതുന്നതിനാണ് ഈ സംവിധാനം. സർവ്വകലാശലയുടെ അഫിലിയേറ്റഡ് കോളജുകൾ പരീക്ഷാ കേന്ദ്രങ്ങളായി തെരഞ്ഞെടുത്തിട്ടുള്ള പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർത്ഥികൾക്കും ഈ സൗകര്യം ലഭ്യമാണ്. ആറാം സെമസ്റ്റർ റഗുലർ/പ്രൈവറ്റ് / സപ്ലിമെൻ്ററി ബിരുദ വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും ഈ സൗകര്യം ലഭിക്കുക.

ഇതിനുള്ള ഓപ്ഷൻ ജൂൺ 20, 21 തിയതികളിൽ ഓൺലൈനായി സമർപ്പിക്കാം. http://www.mgu.ac.in എന്ന വെബ് സൈറ്റിൽ പ്രവേശിച്ച് എക്സാം രജിസ്ട്രേഷൻ പോർട്ടൽ മുഖേന ഓപ്ഷൻ രജിസ്റ്റർ ചെയ്യണം. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന ഓപ്ഷനുകൾ പരിഗണിക്കുന്നതല്ല.

വിവിധ വിദ്യാഭ്യാസ വാർത്തകൾ

ഫസ്റ്റ്ബെൽ ട്രയൽ ക്ലാസുകൾ വിജയകരം: റഗുലർ ക്ലാസുകൾ ജൂണ്‍ 21 മുതൽ

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ ഓൺലൈൻ പഠനത്തിന് 21ന് തുടക്കമാകും. ജൂൺ 2 മുതൽ ആരംഭിച്ച മൂന്നാഴ്ചത്തെ ട്രയൽ ക്ലാസുകൾക്ക് ശേഷമാണ് ഈ വർഷത്തെ ഡിജിറ്റൽ ക്ലാസ്സുകളുടെ റഗുലർ സംപ്രേക്ഷണം ജൂൺ 21 മുതൽ ആരംഭിക്കുന്നത്. കഴിഞ്ഞ വർഷത്തെപോലെ വിക്ടേഴ്സ് ചാനൽ വഴിയാണ് ക്ലാസുകൾ നടക്കുക.

ക്ലാസ്സുകളും വിശദമായ ടൈംടേബിളും firstbel.kite.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാകുന്നതാണ്. ട്രയൽ ക്ലാസുകൾ വിജയകരമായി പൂർത്തിയായതിനെ തുടർന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് റഗുലർ ക്ലാസുകളിലേക്ക് കടക്കുന്നത്. വിക്റ്റേഴ്സ് ചാനലിലെ ക്ലാസുകൾക്ക് പുറമെ അതത് സ്കൂളുകളിൽ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കും. ലൈവ് ആപ്പുകൾ ഉപയോഗിച്ചാണ് ഓരോ ക്ലാസിനും പ്രത്യേകം ലൈവ് ക്ലാസുകൾ നടത്തുക. വിക്റ്റേഴ്സ് ക്ലാസുകളുടെ തുടർച്ചയായിട്ടാകും ഈ ക്ലാസുകൾ.

ആരോഗ്യ സർവകലാശാലയുടെ പരീക്ഷകൾ 21 മുതൽ: ക്രമീകരണങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: ആരോഗ്യ സർവകലാശാലയുടെ പരീക്ഷാ നടത്തിപ്പിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. എല്ലാ പരീക്ഷകളും ജൂൺ 21 മുതലാണ് ആരംഭിക്കുന്നത്. 34 ഓളം പരീക്ഷകളുടെ വിവരങ്ങൾ സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ നടത്തണമെന്ന് മന്ത്രി സർവകലാശാലയ്ക്ക് നിർദേശം നൽകി. പരീക്ഷയെഴുതുന്ന എല്ലാ വിദ്യാർത്ഥികളും ആന്റിജൻ പരിശോധന നടത്തണം. പരിശോധനയിൽ നെഗറ്റീവായ വിദ്യാർത്ഥികളെയാണ് പ്രധാന ഹാളിലിരുത്തുക. പോസീറ്റീവായ വിദ്യാർത്ഥികളെ മറ്റൊരു ഹാളിലിരുത്തും. പരീക്ഷാ ഹാളിൽ രണ്ടു മീറ്റർ അകലത്തിലാണ് വിദ്യാർത്ഥികൾ ഇരിക്കേണ്ടത്. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന സർവകലാശാല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

ഹോസ്റ്റലിൽ കഴിയുന്ന വിദ്യാർത്ഥികൾ കഴിവതും നേരത്തെ കൊവിഡ് പരിശോധന നടത്തി ഹോസ്റ്റലിൽ എത്തണം. ഹോസ്റ്റലിലെ വിദ്യാർത്ഥികളും വീട്ടിൽ നിന്നും വരുന്ന വിദ്യാർത്ഥികളും തമ്മിൽ ഇടപഴകാൻ അനുവദിക്കില്ല. പോസിറ്റീവായ വിദ്യാർത്ഥികളെ തിയറി എഴുതാൻ അനുവദിക്കുമെങ്കിലും അവരെ പ്രാക്ടിക്കലിൽ പങ്കെടുക്കാൻ ഉടനനുവദിക്കില്ല. പോസിറ്റീവായ വിദ്യാർത്ഥികൾ 17 ദിവസം കഴിഞ്ഞതിന് ശേഷം പ്രിൻസിപ്പൽമാരെ വിവരം അറിയിക്കണം. ഇവർക്ക് പ്രത്യേകമായി പ്രാക്ടിക്കൽ പരീക്ഷ നടത്തും. രോഗലക്ഷണമുള്ളവരിൽ ആന്റിജൻ പരിശോധന നെഗറ്റീവാണെങ്കിൽ ആർ.ടി.പി.സി.ആർ. പരിശോധന കൂടി നടത്തണം. രോഗലക്ഷണങ്ങളില്ലാത്തവർ ആന്റിജൻ പരിശോധന മാത്രം നടത്തിയാൽ മതി.

പരീക്ഷ നടത്തേണ്ട ഏതെങ്കിലും സ്ഥാപനങ്ങൾ കണ്ടൈൻമെന്റ് സോണിലാണെങ്കിൽ വിവരം ഉടൻ സർവകലാശാലയെ അറിയിക്കണം. ആ സ്ഥാപനത്തിന് പരീക്ഷ നടത്താൻ സർക്കാർ പ്രത്യേക അനുമതി നൽകും. കണ്ടൈൻമെന്റ് സോണിലുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ പോകാൻ അനുമതി നൽകും. പൊതുഗതാഗതത്തിന് ബുദ്ധിമുട്ടെങ്കിൽ അത്യാവശ്യമുള്ള വാഹന സൗകര്യങ്ങൾ കോളേജ് തന്നെ ഒരുക്കണം. പരിശോധിച്ച ശേഷം ജൂലൈ ഒന്നോടെ ഘട്ടംഘട്ടമായി നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കും. അവസാന വർഷ വിദ്യാർത്ഥികൾക്കുള്ള ക്ലാസുകളായിരിക്കും ആദ്യം ആരംഭിക്കുക. തിയറി ക്ലാസുകൾ കോളേജ് തുറന്നാലും ഓൺലൈനായി തന്നെ നടത്തും. പ്രാക്ടിക്കൽ ക്ലാസുകളും ക്ലിനിക്കൽ ക്ലാസുകളുമാണ് ജൂലൈ ആദ്യം ആരംഭിക്കുക.

സി.ബി.എസ്.ഇ. 12-ാം ക്ലാസ് ഫലം: അറിയേണ്ട വിവരങ്ങള്‍

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്.ഇ.) 12-ാം ക്ലാസ് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ പരീക്ഷാഫലം എങ്ങനെ തയ്യാറാക്കുമെന്ന കാര്യത്തിലുള്ള ബോർഡിന്റെ നിർദേശങ്ങൾ https://www.cbse.gov.in ൽ പ്രസിദ്ധീകരിച്ചു. 12-ലെ തിയറി മാർക്ക്, പ്രാക്ടിക്കൽ മാർക്ക് എന്നിവ എങ്ങനെ നിർണയിക്കും, അന്തിമഫലത്തിൽ 10, 11 ക്ലാസുകളിലെ മാർക്ക് എന്തുകൊണ്ടു പരിഗണിക്കും എന്നിവയെല്ലാം രേഖയിൽ വിശദീകരിക്കുന്നു. 11, 12 ക്ലാസുകളിലെ മാർക്കുകൾക്ക് ബാധകമാക്കുന്ന മോഡറേഷൻ രീതിയും ഉദാഹരണസഹിതം രേഖയിൽ വ്യക്തമാക്കുന്നു.

സമഗ്ര മൂല്യനിർണയ രീതി

തിയറി പരീക്ഷ നടക്കാത്തതുമൂലമുള്ള പരിമിതികൾ പരിഗണിച്ചുകൊണ്ടുള്ള നിർദേശങ്ങളാണ് ബോർഡ് ഇക്കാര്യത്തിൽ വെച്ചിരിക്കുന്നത്. 2020-'21 വർഷത്തിൽ 12-ൽ പഠിക്കുന്ന കുട്ടികൾക്കായി സ്കൂളുകൾ വ്യത്യസ്തമായ രീതികളിലും എണ്ണത്തിലും തിയറി പരീക്ഷകൾ നടത്തിയിട്ടുണ്ട്. ഓൺലൈൻ രീതിയിലാണ് മിക്കപരീക്ഷകളും നടത്തിയത്. ചില സ്കൂളുകൾ, പ്രീ ബോർഡ് പരീക്ഷയും നടത്തി. പരിമിതമായ സൗകര്യങ്ങൾ, കണക്ടിവിറ്റി പ്രശ്നങ്ങൾ ചില വിദ്യാർഥികളുടെ പഠനത്തെ ബാധിച്ചിട്ടുമുണ്ട്.

ഈ സാഹചര്യത്തിലാണ് ക്ലാസ് 12 ബോർഡ് പരീക്ഷ നടക്കാത്തതിനാൽ ആ പരീക്ഷയുടെ ഫലം 2020-'21 (ക്ലാസ് 12), 2019-2020 (ക്ലാസ് -11), 2018-2019 (ക്ലാസ് 10) വർഷങ്ങളിൽ വിദ്യാർഥിക്കുലഭിച്ച മാർക്കുകൾകൂടി പരിഗണിച്ചുകൊണ്ടുള്ള സമഗ്രമായ ഒരു മൂല്യനിർണയരീതിയിലാകണമെന്ന് സി.ബി.എസ്.ഇ. നിർദേശിച്ചത്.

എന്തുകൊണ്ട് മൂന്നുവർഷത്തെ മാർക്കുകൾ പരിഗണിക്കുന്നു.

ക്ലാസ് 12-ലെ മാർക്ക് ഘടകം കണക്കാക്കുമ്പോൾ, യൂണിറ്റ് ടെസ്റ്റുകൾ/മിഡ്ടേം പരീക്ഷകൾ/പ്രീ ബോർഡ് പരീക്ഷ എന്നിവയിൽ ലഭിച്ച സ്കോറുകളാകും അടിസ്ഥാനം. എല്ലാവിദ്യാർഥികളും ഒരേ പശ്ചാത്തലത്തിൽ പരീക്ഷ അഭിമുഖീകരിച്ചില്ല എന്നതും മൂല്യനിർണയം ഏകീകൃതമാർഗത്തിൽക്കൂടി അല്ലായിരുന്നു എന്നതും പരിമിതികളാണ്. അതിനുപരിഹാരമെന്നരീതിയിൽ, കോവിഡിനുമുമ്പ് പൊതുവായ ഒരുസംവിധാനത്തിൽക്കൂടി ഏവരും പരീക്ഷയെഴുതി നേടിയ സ്കോറിനുകൂടി പരിഗണന നൽകി ഫലം നിർണയിക്കണം എന്നതാണ് സി.ബി.എസ്.ഇ.യുടെ കാഴ്ചപ്പാട്. അതിലേക്കാണ് 10, 11, ക്ലാസുകളിൽ ലഭിച്ച മാർക്കുകൾ പരിഗണിക്കുന്നത്.

2018-2019 വർഷത്തെ മികവുപരിഗണിക്കുമ്പോൾ 2020-'21-ൽ 12-ൽ പഠിക്കുന്ന വിദ്യാർഥിയുടെ ക്ലാസ് 10 ബോർഡ് പരീക്ഷാമാർക്കാണ് പരിഗണിക്കുന്നത്. ക്ലാസ് 10-ലെ ചില വിഷയങ്ങളോടുള്ള താത്‌പര്യക്കുറവു പരിഗണിച്ചും ക്ലാസ് 10-ലെ മാർക്ക്, 12-ലെ ഫലത്തിന് പരിഗണിക്കപ്പെടുമെന്ന അറിവ് അന്ന് ഇല്ലാതിരുന്നതിനാലും ക്ലാസ് 10-ലെ അഞ്ച് വിഷയങ്ങളിൽ ഏറ്റവുംകൂടുതൽ മാർക്കുനേടിയ മൂന്ന് വിഷയങ്ങളുടെ തിയറി ഭാഗത്തെ ശരാശരി മാർക്കാകും ഈ ഘടകത്തിൽ പരിഗണിക്കുക.

ഇങ്ങനെ കണക്കാക്കുന്നതിലെ പരിമിതികൾ രണ്ടാണ് -ഈ മൂന്നു വിഷയങ്ങളിലെ കഴിവ് ഒരുപക്ഷേ ക്ലാസ് 10-നുശേഷം മെച്ചപ്പെട്ടിരിക്കാം. അതുപോലെ 10-ലെ മൂന്ന് മികച്ച വിഷയങ്ങൾ, പ്ലസ് ടു തലത്തിൽ പഠിക്കുന്ന വിഷയങ്ങളിൽനിന്ന് വിഭിന്നമാകാനും സാധ്യതയുണ്ട്.

ഈ രണ്ടുപോരായ്മകളും ഒരുപരിധിവരെ പരിഹരിക്കുന്നതിലേക്കാണ് ക്ലാസ് 11-ലെ മാർക്കുകൂടി പരിഗണിക്കുന്നത്. 2019-'20-ലെ സ്കൂൾതല പരീക്ഷ (ക്ലാസ് 11), കോവിഡ് ലോക്ഡൗണിനുമുമ്പ്, റഗുലർ രീതിയിൽ ബോർഡ് മുൻകൂട്ടി നിശ്ചയിച്ച സ്കീം അനുസരിച്ചാണ് നടത്തിയത്. അതുകൊണ്ടുതന്നെ വിദ്യാർഥി പ്ലസ് ടു തലത്തിൽ തിരഞ്ഞെടുത്ത ഇഷ്ടവിഷയങ്ങളിലെ മികവ് ക്ലാസ് 11-ലെ ഫലത്തിൽ പ്രതിഫലിക്കപ്പെട്ടിരിക്കുമെന്ന് അനുമാനിക്കുന്നു. കർശനമായ മൂല്യനിർണയം, ക്ലാസ് 11 മാർക്കിനെ ബാധിച്ചിരിക്കും എന്ന കാഴ്ചപ്പാടുണ്ട്. എങ്കിലും ഈ മാർക്കിനു ബാധകമാക്കുന്ന മോഡറേഷൻ തത്ത്വം ആ പ്രശ്നവും പരിഹരിക്കും എന്ന് ബോർഡ് വിലയിരുത്തുന്നു.

ഒരുവിഷയത്തിലെ ക്ളാസ് 12-ലെ തിയറി മാർക്ക് നിർണയിക്കുന്നത്

യൂണിറ്റ് ടെസ്റ്റ്/മിഡ് ടേം പരീക്ഷ/പ്രീ ബോർഡ് പരീക്ഷ എന്നിവയുടെ എണ്ണം പരിഗണിച്ച്, അവയിലെ മാർക്കുകൾക്ക് ഓരോന്നിനും എന്ത് വെയ്റ്റേജ് നൽകിയാണ് ക്ലാസ് 12-ലെ ഒരു വിഷയത്തിലെ അന്തിമമായ തിയറി മാർക്ക് നിർണയിക്കേണ്ടതെന്ന് സ്കൂൾതല റിസൽട്ട് കമ്മിറ്റി തീരുമാനിക്കും.

നടത്തിയ ടെസ്റ്റുകളുടെ വിശ്വാസ്യതയും അവലംബനാർഹതയും ഇതിലേക്ക് പരിഗണിക്കണം. കമ്മിറ്റിയുടെ ഘടന എന്തായിരിക്കണമെന്ന് സി.ബി.എസ്.ഇ. വ്യക്തമാക്കിയിട്ടുണ്ട്. ഈ പരീക്ഷകളൊന്നും എഴുതാത്തവർ, ചിലതുമാത്രം എഴുതിയവർ എന്നിവരെയൊക്കെ എങ്ങനെ വിലയിരുത്തണമെന്ന് കമ്മിറ്റിക്ക് തീരുമാനിക്കാം. തീരുമാനങ്ങൾ, സാഹചര്യങ്ങൾ വിലയിരുത്തിയും മൂല്യനിർണയലക്ഷ്യങ്ങൾ പരിഗണിച്ചും ആകണം. തീരുമാനങ്ങൾക്കുപിന്നിലെ യുക്തി കാര്യകാരണസഹിതം രേഖപ്പെടുത്തിവെക്കണം.

പ്രാക്ടിക്കൽ മാർക്കുകൾ എങ്ങനെ പരിഗണിക്കും

ബോർഡിന്റെ മൂല്യനിർണയ സ്കീം പ്രകാരം, സ്കൂളുകൾ പ്രാക്ടിക്കൽ/ ഇന്റേണൽ അസസ്മെന്റ് പരീക്ഷകൾ ഇതിനകം പൂർത്തീകരിക്കുകയോ പൂർത്തീകരിച്ചുകൊണ്ടിരിക്കുകയോ ആണ്. ഇതിലെ മാർക്കുകൾ ഓരോ വിഷയത്തിന്റെയും അന്തിമ മാർക്ക് നിർണയിക്കുമ്പോൾ അതേപടി പരിഗണിക്കുന്നതാണ്. ഓരോ വിഷയത്തിന്റെയും അന്തിമ മാർക്ക് നിർണയത്തിൽ ഈ ഘടകത്തിന്റെ വെയ്റ്റേജ്, വിഷയത്തിനനുസരിച്ച് 20 മാർക്കുമുതൽ 70 മാർക്കുവരെയാകാം.

അതിൻപ്രകാരം തിയറി മാർക്കുകൾ യഥാക്രമം 80 മുതൽ 30 മാർക്കു വരെയും. ഇന്റേണൽ അസസ്മെന്റ് മാർക്കുകൾ 2021 ജൂൺ 28-നകം സി.ബി.എസ്.ഇ. വെബ് സൈറ്റിലേക്ക് സ്കൂളുകൾ അപ്ലോഡ് ചെയ്യണം.

തിയറി ഭാഗത്തെ അന്തിമമാർക്ക് കണക്കാക്കൽ

ഒരു വിഷയത്തിൽ ക്ലാസ് 12-ൽ യൂണിറ്റ് ടെസ്റ്റ്/മിഡ് ടേം പരീക്ഷ/പ്രീ ബോർഡ് പരീക്ഷ എന്നിവ അടിസ്ഥാനമാക്കിയുള്ള മാർക്കിന് 40 ശതമാനം വെയ്റ്റേജ് നൽകും. ക്ലാസ് 11-ലെ ഫൈനൽ തിയറി പരീക്ഷയുടെ മാർക്കിന് 30 ശതമാനം വെയ്റ്റേജും ക്ലാസ് 10 പരീക്ഷയുടെ അഞ്ച് മുഖ്യവിഷയങ്ങളിൽ ഏറ്റവുംമികച്ച സ്കോർ നേടിയ മൂന്ന് വിഷയങ്ങളുടെ തിയറി ഭാഗത്തിന്റെ ശരാശരി മാർക്കിന് 30 ശതമാനം വെയ്റ്റേജും നൽകി 12-ലെ ഒരു വിഷയത്തിന്റെ തിയറി ഭാഗത്തെ മാർക്ക് നിർണയിക്കും. പ്രാക്ടിക്കൽ മാർക്കായി ക്ലാസ് 12-ൽ കിട്ടിയ യഥാർഥ മാർക്കുതന്നെ പരിഗണിക്കും.

ഇപ്രകാരം ഒരു വിഷയത്തിന്റെ അന്തിമ മാർക്ക് നിർണയിക്കുമ്പോൾ തിയറിക്ക് 80-ഉം പ്രാക്ടിക്കലിന് 20-ഉം മാർക്കുള്ള ഒരു വിഷയത്തിന് 12, 11, 10 ക്ലാസ് പരീക്ഷകളുടെ അടിസ്ഥാനത്തിൽ ലഭിക്കാവുന്ന പരമാവധി മാർക്ക് തിയറിക്ക്; യഥാക്രമം 32 (80-ന്റെ 40 ശതമാനം), 24 (80-ന്റെ 30 ശതമാനം), 24 (80-ന്റെ 30 ശതമാനം) ആയിരിക്കും. പ്രാക്ടിക്കലിന്റെ പരമാവധിയായ 20 മാർക്കുകൂടി ക്ലാസ് 12 മാർക്കിനൊപ്പം ചേർക്കുമ്പോൾ, ക്ലാസ് 12-ലെ പരമാവധി മാർക്ക് 52 ആകും (32+20). 70:30 അനുപാതത്തിൽ തിയറി, പ്രാക്ടിക്കൽ മാർക്ക് വിഭജനമുള്ള വിഷയത്തിന്, 12-ലെ മാർക്ക് ഘടകത്തിന് പരമാവധി മാർക്ക് 58 (28+30) ഉം 11, 10 ക്ലാസുകളിലെ പരമാവധി മാർക്കുകൾ 21, 21 എന്ന രീതിയിലും ആയിരിക്കും.

11, 12 ക്ലാസുകളിലെ മോഡറേഷൻ മാർക്ക് എങ്ങനെ നിർണയിക്കും

11, 12 ക്ലാസ് പരീക്ഷകൾ സ്ഥാപനതലത്തിൽ നടത്തുന്നതിനാൽ പരീക്ഷ നടത്തിപ്പുരീതി, ചോദ്യപ്പേപ്പർ നിലവാരം, മൂല്യനിർണയപ്രക്രിയ, രീതി എന്നിവയൊക്കെ സ്കൂളിനനുസരിച്ച് വ്യത്യസ്തരീതികളിലാകും. അതിനാൽ വിവിധ സ്കൂളുകളിലെ വിദ്യാർഥികൾക്കു ലഭിക്കുന്ന മാർക്കുകൾ താരതമ്യം ചെയ്യാവുന്ന തലത്തിലേക്കാക്കാനാണ് മോഡറേഷൻ വ്യവസ്ഥ ചെയ്തിരിക്കുന്നത്. 10, 11, 12 ക്ലാസുകളിലെ മാർക്കുകൾ, സൂചിപ്പിച്ചരീതിയിൽ പരിഗണിച്ച് ഒരു വിഷയത്തിലെ മൊത്തം തിയറി മാർക്ക് കണ്ടെത്തിയശേഷമാണ് മോഡറേഷൻ നൽകുന്നത്. തുടർന്നാണ് മൊത്തം മാർക്ക് പരിഗണിച്ച് 11, 12 ക്ലാസുകളിലെ മാർക്കുകളിന്മേൽ മോഡറേഷൻ നടത്തുന്നത്.

കഴിഞ്ഞ മൂന്നുവർഷങ്ങളിലെ സ്കൂൾ പെർഫോമൻസ് ഇതിനായി പരിഗണിക്കും. ഈ കാലയളവിൽ ഒരു വിഷയത്തിൽ ഏറ്റവുംമികച്ച ശരാശരി മാർക്ക് ഏതുവർഷത്തിലാണോ വന്നത്, ആ വർഷം സൂചനാ വർഷമായി നിശ്ചയിച്ചാണ് മോഡറേഷൻ കണക്കാക്കുന്നത്.

2020-'21-ലേക്ക് സ്കൂൾ നിർണയിക്കുന്ന വിഷയ അധിഷ്ഠിത മാർക്കുകൾ, സൂചനാവർഷത്തെ ആ വിഷയത്തിന്റെ മാർക്കിന്റെ + 5 / - 5 പരിധിക്കുള്ളിൽ ആയിരിക്കണം. എല്ലാ വിഷയങ്ങളും പരിഗണിക്കുമ്പോൾ 2020-'21-ലെ മൊത്തത്തിലുള്ള ശരാശരി മാർക്ക് സൂചനാവർഷത്തിലെ മൊത്തത്തിലുള്ള ശരാശരി മാർക്കിന്റെ +2 /-2 പരിധിയിൽ ആയിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ സി.ബി.എസ്.ഇ. നൽകുന്നതാണ്. ഇതിന്റെ വിശദാംശങ്ങൾ ഉദാഹരണസഹിതം സി.ബി.എസ്.ഇ. വെബ്സൈറ്റിലെ രേഖയിലുണ്ട്. പ്രത്യേക സാഹചര്യങ്ങളിൽ മാർക്ക് നിർണയം എങ്ങനെ നടത്തണമെന്നും രേഖയിൽ വിശദീകരിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശനം; ജൂണ്‍ 20 വരെ അപേക്ഷിക്കാം

സ്റ്റാറ്റിസ്റ്റിക്സിലും അനുബന്ധ വിഷയങ്ങളിലും ബിരുദ, ബിരുദാനന്തര ബിരുദ പഠനങ്ങൾക്ക് അവസരമൊരുക്കുന്ന ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ഐ.എസ്.ഐ.) പ്രവേശനത്തിന് ജൂൺ 20-വരെ അപേക്ഷിക്കാം. കൊൽക്കത്ത (ആസ്ഥാനം) ബെംഗളൂരു, ഡൽഹി, ഹൈദരാബാദ്, ചെന്നൈ, തേസ്പുർ എന്നീ സെന്ററുകളിലാണ് പ്രവേശനം.

ബിരുദ പ്രോഗ്രാമുകൾ: ബാച്ചിലർ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (ഓണേഴ്സ്), ബാച്ചിലർ ഓഫ് മാത്തമാറ്റിക്സ് (ഓണേഴ്സ്). മാത്തമാറ്റിക്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ പഠിച്ച് ഹയർ സെക്കൻഡറി/തത്തുല്യ പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം.

മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ: മാസ്റ്റർ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (എം.സ്റ്റാറ്റ്), മാസ്റ്റർ ഓഫ് മാത്തമാറ്റിക്സ് (എം.മാത്ത്), മാസ്റ്റർ ഓഫ് സയൻസ് ഇൻ ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്സ്, മാസ്റ്റർ ഓഫ് സയൻസ് ഇൻ ക്വാളിറ്റി മാനേജ്മെന്റ് സയൻസ്, മാസ്റ്റർ ഓഫ് സയൻസ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, മാസ്റ്റർ ഓഫ് ടെക്നോളജി ഇൻ കംപ്യൂട്ടർ സയൻസ്, മാസ്റ്റർ ഓഫ് ടെക്നോളജി ഇൻ ക്രിപ്റ്റോളജി ആൻഡ് സെക്യൂരിറ്റി, മാസ്റ്റർ ഓഫ് ടെക്നോളജി ഇൻ ക്വാളിറ്റി, റിലയബിലിറ്റി ആൻഡ് ഓപ്പറേഷൻസ് റിസർച്ച്.

മറ്റു പ്രോഗ്രാമുകൾ: ജെ.ആർ.എഫ്.: സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്സ്, കംപ്യൂട്ടർ സയൻസ്, ക്വാളിറ്റി റിലയബിലിറ്റി ആൻഡ് ഓപ്പറേഷൻസ് റിസർച്ച്, ഫിസിക്സ് ആൻഡ് അപ്ലൈഡ് മാത്തമാറ്റിക്സ്, ജിയോളജി, ബയോളജിക്കൽ സയൻസസ് (അഗ്രിക്കൾച്ചറൽ ആൻഡ് ഇക്കോളജിക്കൽ റിസർച്ച്), ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്. പിഎച്ച്.ഡി., പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ. എല്ലാ പ്രോഗ്രാമുകൾക്കും പ്രവേശന പരീക്ഷയുണ്ട്. ജെ.ആർ.എഫ്. സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷ ജൂലായ് 25-നും മറ്റുള്ള പ്രവേശന പരീക്ഷകൾ ജൂലായ് 18-നുമാണ്. കൊച്ചിയും പരീക്ഷാ കേന്ദ്രമാണ് (ജെ.ആർ.എഫിന് ഒഴികെ). ചില വിഭാഗക്കാരെ പ്രവേശന പരീക്ഷയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അപേക്ഷ https://www.isiadmission.net വഴി ജൂൺ 20-വരെ നൽകാം. വിവരങ്ങൾക്ക്: https://www.isical.ac.in

Post a Comment

0 Comments