Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ്‌ ഗൾഫ് വാർത്തകൾ

🇸🇦കൊവിഡ്: സൗദിയില്‍ ഇന്ന് രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധന.

🇦🇪യുഎഇയില്‍ കൊവിഡ് കേസുകളില്‍ വര്‍ധന; ഇന്ന് രണ്ടായിരത്തിലധികം പുതിയ രോഗികള്‍.

🎙️ഗള്‍ഫ് രാജ്യങ്ങളിലെ അംബാസഡര്‍മാരുമായി വിദേശകാര്യ മന്ത്രിയുടെ കൂടിക്കാഴ്‍ച; യാത്രാ പ്രശ്നം പരിഹരിക്കാന്‍ ശ്രമം.

🇸🇦സൗദി അറേബ്യയിൽ പെട്രോൾ വില വർദ്ധിപ്പിച്ചു.

🎙️അബുദാബിയില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്കും സൗജന്യ കൊവിഡ് വാക്‌സിന്‍.

🇶🇦ഖത്തറില്‍ പുതിയ കോവിഡ് കേസുകള്‍ 150ല്‍ താഴെ; യാത്രക്കാര്‍ 54 പേര്‍.

🇰🇼കുവൈറ്റ്: സർക്കാർ മേഖലയിൽ പ്രവാസികളെ നിയമിക്കുന്നതിനെതിരെ ശക്തമായ തീരുമാനവുമായി സിവിൽ സർവീസ് കമ്മിഷൻ.

🇶🇦ഖത്തർ: ജൂൺ 13 മുതൽ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തുന്നു.

🇴🇲ഒമാൻ: മസ്കറ്റിൽ പുതിയ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം ആരംഭിക്കുമെന്ന് സൂചന.

🎙️അബുദാബി: മുസഫയിൽ വ്യാപകമായി COVID-19 ടെസ്റ്റിംഗ്, വാക്സിനേഷൻ പ്രചാരണ പരിപാടികൾ ആരംഭിച്ചു.


വാർത്തകൾ വിശദമായി 

🇸🇦കൊവിഡ്: സൗദിയില്‍ ഇന്ന് രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധന.

✒️സൗദി അറേബ്യയില്‍ ഇന്ന് കൊവിഡ് മുക്തരുടെ പ്രതിദിന എണ്ണം പുതിയ രോഗബാധിതരെക്കാള്‍ മുകളിലെത്തി. പുതുതായി 1,175 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ ചികിത്സയിലുണ്ടായിരുന്നവരില്‍ 1,262 പേര്‍ രോഗമുക്തരായി. 18 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,63,703 ആയി. ഇവരില്‍ രോഗമുക്തരുടെ എണ്ണം 4,46,054 ആയി ഉയര്‍ന്നു.

ആകെ മരണസംഖ്യ 7,537 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 10,112 ആയി ഉയര്‍ന്നു. ഇതില്‍ 1,559 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ 96.3 ശതമാനമായിരുന്നു. അതെസമയം മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 376, റിയാദ് 258, കിഴക്കന്‍ പ്രവിശ്യ 179, അസീര്‍ 88, മദീന 77, ജീസാന്‍ 67, അല്‍ഖസീം 41, തബൂക്ക് 26, നജ്‌റാന്‍ 19, അല്‍ബാഹ 18, ഹായില്‍ 17, വടക്കന്‍ അതിര്‍ത്തി മേഖല 6, അല്‍ജൗഫ് 3. രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ കുത്തിവെപ്പ് 15,483,478 ഡോസ് ആയി.

🇦🇪യുഎഇയില്‍ കൊവിഡ് കേസുകളില്‍ വര്‍ധന; ഇന്ന് രണ്ടായിരത്തിലധികം പുതിയ രോഗികള്‍.

✒️യുഎഇയില്‍ 2,281 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2,234 പേര്‍ സുഖം പ്രാപിക്കുകയും മൂന്നുപേര്‍ മരണപ്പെടുകയും ചെയ്തു.

പുതിയതായി നടത്തിയ  2,25,651  പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 5,93,894 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍  5,73,194 പേര്‍ രോഗമുക്തരാവുകയും 1,720 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 18,980 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

🎙️ഗള്‍ഫ് രാജ്യങ്ങളിലെ അംബാസഡര്‍മാരുമായി വിദേശകാര്യ മന്ത്രിയുടെ കൂടിക്കാഴ്‍ച; യാത്രാ പ്രശ്നം പരിഹരിക്കാന്‍ ശ്രമം.

✒️ത്രിദിന സന്ദര്‍ശനത്തിനായി കുവൈത്തിലെത്തിയ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്‍ശങ്കര്‍ ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ അംബാസഡര്‍മാരുമായി കൂടിക്കാഴ്‍ച നടത്തി. സൗദി അറേബ്യ, യുഎഇ, ഇറാന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളിലെ ഇന്ത്യന്‍ അംബാസഡര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു.

എല്ലാ രാജ്യങ്ങളിലെയും ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുക, കൊവിഡ് കാരണം പലയിടങ്ങളിലായി കുടുങ്ങിപ്പോയ കുടുംബാംഗങ്ങളുടെ പുനര്‍സമാഗമത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുക, കൊവിഡ് ദുരിതകാലത്ത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മടങ്ങിയ ഇന്ത്യക്കാരുടെ തിരിച്ചുവരവ്, വിദേശ ഇന്ത്യക്കാരുടെ യാത്രാ ദുരിതം അവസാനിപ്പിക്കുന്നതിന് വിമാന സര്‍വീസുകള്‍ വേഗത്തില്‍ പുനഃരാരംഭിക്കുന്നതിനുള്ള നടപടികള്‍, ഇന്ത്യയുടെ വ്യാപാര താത്പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും അതുവഴി രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ തിരിച്ചുവരവിന് ആക്കം കൂട്ടുക തുടങ്ങിയ കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ചയായത്.  അംബാസഡര്‍മാരുമായുള്ള കൂടിക്കാഴ്‍ച ഫലപ്രദമായിരുന്നുവെന്നും ചര്‍ച്ച ചെയ്‍ത വിഷയങ്ങള്‍ പ്രവാര്‍ത്തികമാക്കാനുള്ള നടപടികള്‍ എംബസികളുടെയും ഇന്ത്യന്‍ അംബാസഡര്‍മാരുടെയും ഭാഗത്ത് നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രി ട്വീറ്റ് ചെയ്‍തു.

🇸🇦സൗദി അറേബ്യയിൽ പെട്രോൾ വില വർദ്ധിപ്പിച്ചു.

✒️സൗദി അറേബ്യയിൽ പെട്രോൾ വില വർധിപ്പിച്ചു. ദേശീയ എണ്ണ കമ്പനിയായ സഊദി അരാംകോയാണ് വില വർധനവ് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം തന്നെ പെട്രോൾ വില രണ്ട് റിയാൽ കടന്നിരുന്നു. 91 ഇനം പെട്രോളിന് 2.18 റിയാലും 95 ഇനം പെട്രോളിന് 2.33 റിയാലുമാണ് പുതുക്കിയ നിരക്ക്. നിലവില്‍ 91 പെട്രോളിന് 2.08 റിയാലും 95ന് 2.23 റിയാലുമായിരുന്നു നിരക്ക്. എല്ലാ മാസവും പതിനൊന്നാം തീയ്യതിയാണ് ഇന്ധന വില പുനഃപരിശോധിക്കുന്നത്.

🎙️അബുദാബിയില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്കും സൗജന്യ കൊവിഡ് വാക്‌സിന്‍.

✒️അബുദാബിയില്‍ കാലാവധി കഴിഞ്ഞ താമസ വിസക്കാര്‍ക്കും പ്രവേശന വിസക്കാര്‍ക്കും സൗജന്യ കൊവിഡ് 19 വാക്‌സിന്‍ നല്‍കാന്‍ തീരുമാനം. അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് കമ്മറ്റിയാണ് ഇതിന് അനുമതി നല്‍കിയത്. കാലാവധി കഴിഞ്ഞതാണെങ്കിലും കൈവശമുള്ള തിരിച്ചറിയല്‍ രേഖ ഹാജരാക്കി വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ സ്വീകരിക്കാം.

🇶🇦ഖത്തറില്‍ പുതിയ കോവിഡ് കേസുകള്‍ 150ല്‍ താഴെ; യാത്രക്കാര്‍ 54 പേര്‍.

✒️ഖത്തറില്‍ ഇന്ന് 143 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 178 പേരാണ് രോഗമുക്തി നേടിയത്. 89 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 54 പേര്‍. 2,406 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

ഇന്ന് ഖത്തറില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 58 വയസ്സുകാരനാണ് മരിച്ചത്. ആകെ മരണം 574. രാജ്യത്ത് ഇതുവരെ 2,16,301 പേര്‍ രോഗമുക്തി നേടി. ആകെ കോവിഡ് കേസുകള്‍ 2,19,281. ഇന്ന് 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 167 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

24 മണിക്കൂറിനിടെ 19,015 ഡോസ് വാക്സിന്‍ നല്‍കി. ആകെ 27,48,452 ഡോസ് വാക്സിനുകളാണ് ഇതിനകം നല്‍കിയത്.

🇰🇼കുവൈറ്റ്: സർക്കാർ മേഖലയിൽ പ്രവാസികളെ നിയമിക്കുന്നതിനെതിരെ ശക്തമായ തീരുമാനവുമായി സിവിൽ സർവീസ് കമ്മിഷൻ.

✒️വിവിധ തസ്തികകളിലേക്ക് പ്രവാസികളെ നിയമിക്കുന്നതിനായി സർക്കാർ സ്ഥാപനങ്ങൾ സമർപ്പിച്ചിരുന്ന അഭ്യർത്ഥനകൾ കുവൈറ്റ് സിവിൽ സർവീസ് കമ്മിഷൻ തള്ളിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കമ്മിഷനുമായി അടുത്ത സ്രോതസുകളെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുളളത്.

പ്രവാസികളെ നിയമിക്കുന്നതിനായി രാജ്യത്തെ സർക്കാർ മേഖലയിലെ വിവിധ സ്ഥാപനങ്ങൾ സമർപ്പിച്ച ഇത്തരം അഭ്യർത്ഥനകൾ കമ്മിഷൻ നിരാകരിക്കുകയും, ഇത്തരം തസ്തികളിലേക്ക് കുവൈറ്റ് പൗരന്മാരെ നിയമിക്കുന്നതിനായി ശുപാർശ ചെയ്യുകയും ചെയ്തിട്ടുണ്ട്. സവിശേഷമായ തൊഴിൽ വൈദഗ്ദ്യം ആവശ്യമാകുന്ന ഏതാനം തസ്തികളിലേക്ക് പ്രവാസികളെ നിയമിക്കുന്നതിനായാണ് വിവിധ വകുപ്പുകൾ അപേക്ഷ സമർപ്പിച്ചത്.

എന്നാൽ ഇത്തരം പദവികളിലേക്ക് അർഹരായ കുവൈറ്റ് പൗരന്മാരെ കണ്ടെത്തി നിയമിക്കുന്നതിനാണ് സിവിൽ സർവീസ് കമ്മിഷൻ നിർദ്ദേശിച്ചിട്ടുള്ളത്. അർഹരായ കുവൈറ്റ് പൗരന്മാരെ കണ്ടെത്തനാകാത്ത സാഹചര്യങ്ങളിൽ, ആരോഗ്യ പ്രവർത്തകർ, അധ്യാപകർ എന്നീ തസ്തികളിലേക്ക് പ്രവാസികളെ നിയമിക്കാൻ കമ്മീഷൻ അനുമതി നൽകിയിട്ടുണ്ടെന്നാണ് സൂചന.

🇶🇦ഖത്തർ: ജൂൺ 13 മുതൽ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തുന്നു.

✒️2021 ജൂൺ 13, ഞായറാഴ്ച്ച മുതൽ, ലുസൈലിലും, അൽ വഖ്‌റയിലും പ്രവർത്തിക്കുന്ന ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തുമെന്ന് ഖത്തർ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ജൂൺ 13 മുതൽ ഈ ഡ്രൈവ്-ത്രൂ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നുള്ള സേവനങ്ങൾ ദിനവും വൈകീട്ട് 4 മണി മുതൽ രാത്രി 12 മണിവരെയായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ജൂൺ 10-ന് വൈകീട്ടാണ് ഖത്തർ ആരോഗ്യ പ്രതിരോധ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. വേനൽ കനത്തതോടെ പകൽ സമയങ്ങളിൽ അനുഭവപ്പെടുന്ന അതികഠിനമായ ചൂട് കണക്കിലെടുത്താണ് ലുസൈലിലും, അൽ വഖ്‌റയിലും പ്രവർത്തിക്കുന്ന ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഈ കേന്ദ്രങ്ങൾ ദിനവും വൈകീട്ട് 4 മുതൽ രാത്രി 12 വരെ പ്രവർത്തിക്കുമെന്നും, രാത്രി 11 മണിവരെയാണ് ഈ കേന്ദ്രത്തിലേക്ക് ആളുകൾക്ക് പ്രവേശനം നൽകുന്നതെന്നും മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. നിലവിൽ ഈ ഡ്രൈവ്-ത്രൂ കേന്ദ്രങ്ങളിൽ നിന്ന് രണ്ടാം ഡോസ് കുത്തിവെപ്പുകൾ മാത്രമാണ് നൽകുന്നത്. ഇതുവരെ ഏതാണ്ട് മൂന്ന് ലക്ഷത്തിലധികം പേർ ഈ കേന്ദ്രങ്ങളിൽ നിന്ന് വാക്സിൻ സ്വീകരിച്ചതായും മന്ത്രാലയം കൂട്ടിച്ചേർത്തു.

🇴🇲ഒമാൻ: മസ്കറ്റിൽ പുതിയ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം ആരംഭിക്കുമെന്ന് സൂചന.

✒️മസ്കറ്റിൽ പുതിയ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം ആരംഭിക്കുന്നതിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി ആരോഗ്യ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒമാനിൽ നിലവിൽ നടപ്പിലാക്കിവരുന്ന വിപുലീകരിച്ച COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി കൂടുതൽ പേരിലേക്ക് വാക്സിൻ വിതരണം ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ വാക്സിനേഷൻ കേന്ദ്രം ആരംഭിക്കുന്നതിനുള്ള നടപടികൾ.

ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ അങ്കണത്തിലാണ് ഈ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുന്നത്. ഇതിന്റെ നിർമ്മാണത്തിന്റെ സാങ്കേതിക വശങ്ങൾ പൂർത്തിയാക്കുന്നതിനായുള്ള നടപടികൾ അസോസിയേഷൻ ആരോഗ്യ മന്ത്രലയവുമായി ചേർന്ന് നടത്തിവരികയാണ്.

ഈ വാക്സിനേഷൻ കേന്ദ്രത്തിലെത്തുന്നവർക്ക് തങ്ങളുടെ വാഹനങ്ങളിലിരുന്ന് കൊണ്ട് 20 മിനിറ്റ് കൊണ്ട് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാൻ സഹായിക്കുന്ന രീതിയിലാണ് ഈ ഡ്രൈവ്-ത്രൂ കേന്ദ്രം ഒരുക്കുന്നത്. ഈ കേന്ദ്രത്തിൽ നിന്നുള്ള സേവനങ്ങൾ ആരംഭിക്കുന്ന തീയതി സംബന്ധിച്ച് നിലവിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ആരോഗ്യ വകുപ്പിൽ നിന്നുള്ള അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ഈ കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നതാണ്.

ഈ വർഷം അവസാനത്തോടെ രാജ്യത്തെ ഏതാണ്ട് 70 ശതമാനം പേരിലേക്ക് വാക്സിൻ എത്തിക്കുന്നതിനാണ് ഒമാൻ ലക്ഷ്യമിടുന്നത്. ഈ ഡ്രൈവ്-ത്രൂ വാക്സിനേഷൻ കേന്ദ്രത്തിന് പുറമെ, രാജ്യവ്യാപകമായി കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനും അധികൃതർ പദ്ധതിയിടുന്നുണ്ട്. ഇതിന്റെ ഭാഗമായി ഒമാൻ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ഒരു വാക്സിനേഷൻ കേന്ദ്രം ആരംഭിക്കുന്നതിനും ആരോഗ്യ മന്ത്രാലയം പദ്ധതികൾ ഒരുക്കുന്നുണ്ട്.

🎙️അബുദാബി: മുസഫയിൽ വ്യാപകമായി COVID-19 ടെസ്റ്റിംഗ്, വാക്സിനേഷൻ പ്രചാരണ പരിപാടികൾ ആരംഭിച്ചു.

✒️മുസഫയിൽ വ്യാപകമായതും, തീവ്രമായതുമായ COVID-19 ടെസ്റ്റിംഗ്, വാക്സിനേഷൻ പ്രചാരണ പരിപാടികൾ ആരംഭിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു. എമിറേറ്റിലെ പൊതുസമൂഹത്തിൽ കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികൾ.

2021 ജൂൺ 10 മുതലാണ് ഈ പ്രചാരണ പരിപാടികൾ ആരംഭിച്ചിട്ടുള്ളത്. വാണിജ്യപ്രവർത്തനങ്ങൾ തടസപ്പെടാത്ത രീതിയിൽ മുസഫയിൽ ഘട്ടംഘട്ടമായി ഓരോ മേഖലകളിലായാണ് ഈ പരിശോധനകളും, വാക്സിനേഷനും നടപ്പിലാക്കുന്നത്.

ഈ പ്രചാരണപരിപാടി വിജയിപ്പിക്കുന്നതിനായി അധികൃതരുമായി സഹകരിക്കാൻ പൊതുജനങ്ങളോട് കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.

Post a Comment

0 Comments