സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ തുടരും. ഒരാഴ്ചകൂടി നിയന്ത്രണങ്ങൾ തുടരാനാണ് തീരുമാനം. ഇന്നു ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനമെടുത്തത്.
ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറയാത്ത പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ തുടരുന്നത്. ടിപിആർ 18ന് മുകളിലുള്ള സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ തുടരും. അതേസമയം, ചില മേഖലകൾക്ക് ഇളവുണ്ടാകും. ആറിനു താഴെയുള്ളയിടങ്ങളിലാണ് കൂടുതൽ ഇളവ് നൽകുന്നത്.
കൂടുതൽ പ്രദേശങ്ങങ്ങളിലേക്ക് നിയന്ത്രണങ്ങൾ വരികയാണ്. നേരത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 24 ശതമനത്തിനു മുകളിലുള്ള സ്ഥലങ്ങളിലായിരുന്നു ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നത്. ഇനിമുതൽ 18 ശതമാനത്തിനു മുകളിലുള്ള സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തും. എട്ടുശതമാനത്തിനു താഴെയുള്ള പ്രദേശങ്ങളിലായിരുന്നു നേരത്തെ കൂടുതൽ ഇളവുകളുണ്ടായിരുന്നത്. അത് ആറു ശതമാനത്തിലേക്ക് മാറ്റി.
ആറുമുതൽ പന്ത്രണ്ടുവരെ കുറച്ചുകൂടി നിയന്ത്രണങ്ങളുണ്ടാകും. കടുത്ത നിയന്ത്രണത്തിനു പകരം ഈ പ്രദേശങ്ങളില്‍ ചെറിയ ഇളവുകളുണ്ടാകും. പന്ത്രണ്ടിനും പതിനെട്ടിനുമിടയിൽ പുതിയ ക്രമീകരണങ്ങളും നിലവില്‍ വരും.
ഒന്നര മാസത്തോളം സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറയാത്തതാണ് ആശങ്കയായി തുടരുന്നത്. ഇന്നലെ മാത്രമാണ് ടിപിആർ പത്തു ശതമാനത്തിനു താഴെയെത്തിയത്.
കൊവിഡ് ബാധിതരുടെ ബാങ്ക് ലോണുകളിലെ ജപ്തി നടപടികൾ താത്കാലികമായി നിർത്തിവയ്ക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ബസുകളിൽ പരിധിയിൽ കൂടുതൽ യാത്രക്കാർ ഉണ്ടാവാന്‍ പാടില്ല. അന്തർസംസ്ഥാന യാത്രികർ കൊവിഡ് നെഗറ്റീവ സർട്ടിഫിക്കറ്റ് കരുതണമെന്ന നിർദേശം അനുസരിച്ച് എയർപോർട്ടിൽ ഫലപ്രദമായ പരിശോധനാ സൗകര്യമുണ്ട്. റെയിൽവേ സ്റ്റേഷനുകളിലും അതിർത്തി ചെക്ക് പോസ്റ്റുകളിലും ഇതേ നിലയിൽ പരിശോധന കർശനമാക്കും. ഹോം സ്റ്റേക്കൾ, സർവ്വീസ് വില്ലകൾ, ഗൃഹശ്രീ യൂണിറ്റുകൾ, ഹൗസ് ബോട്ടുകൾ, മോട്ടോർ ബോട്ടുകൾ, ടൂർ ഓപ്പറേറ്റർമാർ, ടൂറിസ്റ്റ് ഗൈഡുമാർ, ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാർ എന്നിവരെ 18+ പ്രായവിഭാഗത്തിലെ മുൻഗണനാ പട്ടികയിലേക്ക് മാറ്റും.
0 Comments