🇸🇦സൗദി അറേബ്യയിൽ ഇന്ന് 16 കൊവിഡ് മരണം; 1,286 പേര്‍ക്ക് കൂടി രോഗം.
🇦🇪അബുദാബി: Alhosn ഗ്രീൻ പാസിന് അംഗീകാരം; ജൂൺ 15 മുതൽ ഏതാനം പൊതുഇടങ്ങളിലേക്ക് പ്രവേശനം ലഭിക്കുന്നതിന് ഗ്രീൻസ്റ്റാറ്റസ് നിർബന്ധം.
🇦🇪യുഎഇയില്‍ 2190 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് ഏഴ് മരണം.
🇴🇲ഒമാനില്‍ 1,640 പേര്‍ക്ക് കൂടി കൊവിഡ്, 19 മരണം.
🇰🇼ഈ വര്‍ഷം കുവൈത്തില്‍ നിന്ന് ഇതുവരെ നാടുകടത്തിയത് ഏഴായിരത്തിലധികം പ്രവാസികളെ.
🛬കൊവിഡ്: ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയത് 10 ലക്ഷം പ്രവാസികള്‍.
🇸🇦ലോകത്തെ ഏറ്റവും വലിയ വിനോദ നഗരി സൗദിയിലൊരുങ്ങുന്നു.
🇶🇦ഖത്തറില്‍ പുതിയ കോവിഡ് കേസുകള്‍ 150ല്‍ താഴെ; യാത്രക്കാര്‍ 54 പേര്‍.
🇶🇦ഖത്തറിലെ ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്റര്‍ സമയത്തില്‍ മാറ്റം.
🇧🇭ബഹ്‌റൈൻ: രണ്ട് ഡോസ് സിനോഫാം വാക്സിനെടുത്തവർക്ക് ബൂസ്റ്റർ ഡോസ് കുത്തിവെപ്പെടുക്കുന്നതിനായുള്ള റെജിസ്ട്രേഷൻ നടപടിക്രമങ്ങൾ.
🇦🇪യു എ ഇ: നവീകരിച്ച എമിറേറ്റ്സ് ഐഡി വിതരണത്തിന്റെ ആദ്യഘട്ടം ആരംഭിച്ചു; പ്രിന്റഡ് ഐഡി ലഭിക്കുന്നതുവരെ ഡിജിറ്റൽ പതിപ്പ് ഉപയോഗിക്കാം.
🇧🇭ബഹ്‌റൈൻ: വാണിജ്യ കേന്ദ്രങ്ങളിലേക്കും, സർക്കാർ തൊഴിലിടങ്ങളിലേക്കും പ്രവേശിക്കുന്നതിനുള്ള നിബന്ധനകൾ സംബന്ധിച്ച് അറിയിപ്പ്.
🇦🇪യു എ ഇ: ജൂൺ 11 മുതൽ മൂന്ന് ആഫ്രിക്കൻ രാജ്യങ്ങൾക്ക് പ്രവേശന വിലക്കേർപ്പെടുത്താൻ തീരുമാനം.
🇰🇼കുവൈറ്റ്: ജോൺസൻ & ജോൺസൺ COVID-19 വാക്സിന് അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം നൽകി.
വാർത്തകൾ വിശദമായി
🇸🇦സൗദി അറേബ്യയിൽ ഇന്ന് 16 കൊവിഡ് മരണം; 1,286 പേര്‍ക്ക് കൂടി രോഗം.
✒️സൗദി അറേബ്യയിൽ 24 മണിക്കൂറിനിടെ 16 കൊവിഡ് മരണങ്ങള്‍ കൂടിറിപ്പോർട്ട് ചെയ്തു. പുതിയതായി 1,286 പേർക്ക് കൂടി രാജ്യത്ത് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 982 പേർ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,62,528 ആയി. ഇവരിൽ രോഗമുക്തരുടെ എണ്ണം 4,44,792 ആയി ഉയർന്നു. ആകെ മരണസംഖ്യ 7,519 ആയി.
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ള കൊവിഡ് ബാധിതരുടെ എണ്ണം 10,217 ആയി ഉയർന്നു. ഇതിൽ 1,553 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തിനിരക്ക് 96.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 419, റിയാദ് 263, കിഴക്കൻ പ്രവിശ്യ 191, അസീർ 98, ജീസാൻ 87, മദീന 76, അൽഖസീം 53, നജ്റാൻ 28, തബൂക്ക് 25, അൽബാഹ 19, ഹായിൽ 17, വടക്കൻ അതിർത്തി മേഖല 7, അൽജൗഫ് 3. രാജ്യത്തെ കൊവിഡ് വാക്സിനേഷൻ കുത്തിവെപ്പ് 15,350,547 ഡോസ് ആയി...
🇦🇪അബുദാബി: Alhosn ഗ്രീൻ പാസിന് അംഗീകാരം; ജൂൺ 15 മുതൽ ഏതാനം പൊതുഇടങ്ങളിലേക്ക് പ്രവേശനം ലഭിക്കുന്നതിന് ഗ്രീൻസ്റ്റാറ്റസ് നിർബന്ധം.
✒️Alhosn ആപ്പ് ഉപയോഗിച്ച് ഗ്രീൻ പാസ് നടപ്പിലാക്കുന്നതിന് എമിറേറ്റിൽ ഔദ്യോഗിക അംഗീകാരം നൽകിയതായി അബുദാബി എമെർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി വ്യക്തമാക്കി. ഇത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി, 2021 ജൂൺ 15, ചൊവ്വാഴ്ച്ച മുതൽ എമിറേറ്റിലെ ഒട്ടുമിക്ക പൊതു ഇടങ്ങളിലേക്കും പ്രവേശനം നൽകുന്നതിന് ഗ്രീൻ പാസ് മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
ജൂൺ 9-ന് രാത്രിയാണ് കമ്മിറ്റി ഇക്കാര്യം അറിയിച്ചത്. ഇതോടെ നിവാസികൾക്കും, പൗരന്മാർക്കും എമിറേറ്റിലെ ഷോപ്പിംഗ് മാളുകൾ, പൊതു പാർക്കുകൾ തുടങ്ങിയ ഇടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് Alhosn ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിർബന്ധമാക്കുന്നതാണ്.
2021 ജൂൺ 15 മുതൽ അബുദാബിയിലെ താഴെ പറയുന്ന ഇടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് Alhosn ആപ്പിലെ ഗ്രീൻ പാസ് നിർബന്ധമാക്കിയിട്ടുണ്ട്:
ഷോപ്പിംഗ് മാളുകൾ, വലിയ സൂപ്പർ മാർക്കറ്റുകൾ.
ജിം.
ഹോട്ടലുകൾ, അവയിലെ വിവിധ സേവനങ്ങൾ.
പൊതു പാർക്കുകൾ, ബീച്ചുകൾ.
സ്വകാര്യ ബീച്ചുകൾ, സ്വിമ്മിങ്ങ് പൂളുകൾ.
വിനോദകേന്ദ്രങ്ങൾ, സിനിമാശാലകൾ, മ്യൂസിയം.
റെസ്റ്ററന്റുകൾ, കഫെ.
എമിറേറ്റിലെ മര്‍മ്മപ്രധാനമായ മേഖലകളിൽ നിലവിലുള്ള പ്രവർത്തന നിബന്ധനകൾക്ക് പുറമെയാണ് ഈ പുതിയ നടപടികളെന്നും, ഇവ 16 വയസ്സ് മുതൽ മുകളിലേക്ക് പ്രായമുള്ള മുഴുവൻ പേർക്കും ബാധകമാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
വ്യക്തികൾക്ക് രാജ്യത്ത് സുഗമമായി സഞ്ചരിക്കുന്നതിനും, വിനോദസഞ്ചാരം ഉൾപ്പടെയുള്ള വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനുമായി Alhosn ആപ്പ് ഉപയോഗിച്ച് ഗ്രീൻ പാസ് നടപ്പിലാക്കുന്നതിന്റെ മാനദണ്ഡങ്ങൾക്ക് ജൂൺ 7-ന് യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകിയിരുന്നു. ‘ഗ്രീൻ പാസ്’ ഉപയോഗിച്ച് കൊണ്ട് വ്യക്തികളുടെ COVID-19 വാക്സിനേഷൻ സ്റ്റാറ്റസ്, PCR ടെസ്റ്റ് റിസൾട്ട് എന്നിവ Alhosn ആപ്പിലൂടെ ഫെഡറൽ, പ്രാദേശിക അധികാരികൾക്ക് പരിശോധിച്ച് ഉറപ്പ് വരുത്താൻ സാധിക്കുന്നതാണ്.
വ്യക്തികളുടെ വാക്സിനേഷൻ സ്റ്റാറ്റസ്, PCR റിസൾട്ട് എന്നിവ അടിസ്ഥാനമാക്കി അവരെ ആറ് വിഭാഗങ്ങളാക്കി തിരിക്കുകയും, ഇവരെ വിവിധ നിറങ്ങൾ ഉപയോഗിച്ച് കൊണ്ട് ഒരു കളർ-കോഡിംഗ് സംവിധാനത്തിലൂടെ Alhosn ആപ്പിൽ കാണിക്കുകയും ചെയ്യുന്ന രീതിയിലാണ് ഗ്രീൻ പാസ് നടപ്പിലാക്കുന്നത്. പൂർണ്ണമായും വാക്സിനേഷൻ ലഭിച്ചവർ, രണ്ടാമത്തെ ഡോസ് സ്വീകരിച്ചവർ, ആദ്യ ഡോസ് സ്വീകരിച്ചവർ, രണ്ടാമത്തെ ഡോസിനായി കാത്തിരിക്കുന്നവർ, അല്ലെങ്കിൽ രണ്ടാമത്തെ ഡോസ് അപ്പോയിന്റ്മെന്റിന് വൈകിയവർ, വാക്സിൻ സ്വീകരിക്കുന്നതിൽ നിന്ന് ഒഴിവാക്കിയവർ എന്നിങ്ങനെയാണ് ഗ്രീൻ പാസിൽ വിവിധ നിറങ്ങൾ ഉപയോഗിച്ച് വ്യക്തികളെ തരം തിരിച്ചിരിക്കുന്നത്.
🇦🇪യുഎഇയില്‍ 2190 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് ഏഴ് മരണം.
✒️യുഎഇയില്‍ 2,190 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2,132 പേര്‍ സുഖം പ്രാപിക്കുകയും ഏഴ് പേര്‍ മരണപ്പെടുകയും ചെയ്തു.
പുതിയതായി നടത്തിയ 2,40,744 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 5,91,613 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,70,960 പേര്‍ രോഗമുക്തരാവുകയും 1,717 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 18,936 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🇴🇲ഒമാനില്‍ 1,640 പേര്‍ക്ക് കൂടി കൊവിഡ്, 19 മരണം.
✒️ഒമാനില്‍ 1640 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇന്ന് 19 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച ആകെ കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോള്‍ 2,30,219 ആയി. 2,467 മരണങ്ങളാണ് ഇതുവരെ കൊവിഡ് കാരണമായുണ്ടായത്. 2,07,795 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് രോഗം പിടിപെട്ട 164 പേരെ രാജ്യത്തൊട്ടാകെയുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന 345 പേര്‍ ഉള്‍പ്പെടെ, ഇപ്പോള്‍ 1060 രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.
🇰🇼ഈ വര്‍ഷം കുവൈത്തില്‍ നിന്ന് ഇതുവരെ നാടുകടത്തിയത് ഏഴായിരത്തിലധികം പ്രവാസികളെ.
✒️കുവൈത്തില്‍ വിവിധ കേസുകളില്‍ പിടിക്കപ്പെട്ട ഏഴായിരത്തിലധികം പേരെ ഈ വര്‍ഷം മാത്രം നാടുകടത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഡ്രഗ്‍സ് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് മാത്രം ഈ വര്‍ഷം 450 പ്രവാസികളെയാണ് നാടുകടത്താനായി ശുപാര്‍ശ ചെയ്‍തത്.
കുറ്റവാളികളായ പ്രവാസികളെ രാജ്യത്തിന്റെ പൊതുതാത്‍പര്യം മുന്‍നിര്‍ത്തി നാടുകടത്തണണെന്ന ശുപാര്‍ശ ആഭ്യന്തര മന്ത്രാലയം അണ്ടര്‍സെക്രട്ടറിയാണ് ബന്ധപ്പെട്ട വകുപ്പിന് കൈമാറുന്നത്. മയക്കുമരുന്നുകളോ സമാനസ്വഭാവത്തിലുള്ള വസ്‍തുക്കളോ കൈവശം വെച്ചതിന് പിടിക്കപ്പെട്ടവരെയാണ് ഡ്രഗ്‍സ് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് നാടുകടത്താനായി കൈമാറുന്നത്. ഇവരില്‍ പലരും വളരെ ചെറിയ അളവ് മയക്കുമരുന്നുമായി പിടിയിലായവരാണ്. ഒന്നോ രണ്ടോ ഗ്രാം മയക്കുമരുന്ന്, ഒന്നോ അതിന്റെ പകുതിയോ ഒക്കെ മയക്കുമരുന്നു ഗുളികകള്‍ എന്നിവയുമായി പിടിക്കപ്പെടുന്നവര്‍ കോടതിയില്‍ കുറ്റവിമുക്തരാക്കപ്പെട്ട് പുറത്തിറങ്ങുമെന്നതിനാല്‍ പൊതുജന താത്പര്യം മുന്‍നിര്‍ത്തി ഇവരെ നാടുകടത്തുകയാണ് ചെയ്യുന്നതെന്നും പ്രാദേശിക മാധ്യമമായ അല്‍ ഖബസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
🛬കൊവിഡ്: ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയത് 10 ലക്ഷം പ്രവാസികള്‍.
✒️കൊവിഡ് പശ്ചാത്തലത്തില്‍ ജോലി നഷ്ടപ്പെട്ട് കേരളത്തിലെത്തിയത് പത്തു ലക്ഷത്തിലധികം പ്രവാസികള്‍. 20ല്‍ അധികം വിദേശരാജ്യങ്ങളില്‍നിന്നായി ഏകദേശം 14,46,297 പേരാണ് സംസ്ഥാനത്തെത്തിയത്. ഇതില്‍ 10,32593 പേരാണ് ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയതെന്നാണ് നോര്‍ക്കയുടെ ഔദ്യോഗിക കണക്ക്. ബാക്കി മുതിര്‍ന്നവരും കുട്ടികളും ഗര്‍ഭിണികളുമാണ്.
287389 പേരാണ് ലീവ് ആവശ്യാര്‍ഥം നാട്ടിലെത്തിയത്. മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ 17 ലക്ഷത്തിലധികം പേരില്‍ 12,02,379 പേരാണ് ജോലി നഷ്ടമായി തിരിച്ചെത്തിയതെന്നാണ് നോര്‍ക്കയുടെ കണക്ക്.
എന്നാല്‍ 10,21,503 പേര്‍ക്കാണ് ജോലി നഷ്ടമായതെന്നാണ് കൊവിഡ് ജാഗ്രതാ പോര്‍ട്ടല്‍ പ്രകാരമുള്ള കണക്കില്‍ പറയുന്നത്. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യാതെയും പലരും നാട്ടിലെത്തിയിട്ടുണ്ട്.
ജോലി നഷ്ടമായി ഏറ്റവും കൂടുതല്‍ പേര്‍ തിരിച്ചെത്തിയത് മലപ്പുറം ജില്ലയിലാണ്. മൂന്ന് ലക്ഷത്തോളം പേരാണ് ജില്ലയില്‍ തിരിച്ചെത്തിയത്. ഇതില്‍ രണ്ടുലക്ഷത്തിലധികം പേരും ജോലി നഷ്ടമായി തിരിച്ചെത്തിയതാണ്. കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍ പേരും ജോലി നഷ്ടമായി തിരിച്ചെത്തിയത്. ദുബൈയില്‍നിന്നു തിരിച്ചെത്തിയ നാല് ലക്ഷത്തോളം വരുന്ന പ്രവാസികളില്‍ മൂന്ന് ലക്ഷത്തിലധികം പേരും ജോലി നഷ്ടമായി തിരിച്ചെത്തിയതാണ്. ഷാര്‍ജ, ദോഹ, മസ്‌കറ്റ് എന്നിവിടങ്ങളില്‍നിന്ന് ഒരു ലക്ഷത്തിലധികം പേരാണ് ജോലി നഷ്ടമായി തിരിച്ചെത്തിയത്.
🇸🇦ലോകത്തെ ഏറ്റവും വലിയ വിനോദ നഗരി സൗദിയിലൊരുങ്ങുന്നു.
✒️ലോകത്തെ ഏറ്റവും വലിയ വിനോദ നഗരിയാകാൻ ഒരുങ്ങുന്ന ഖിദ്ദിയ്യ പദ്ധതിക്കായി സൗദിയിലെ റിയാദിൽ ഭൂമിയെടുക്കൽ പൂർത്തിയായി. കോൺഗ്രീറ്റ് ജോലികളും ഇരുമ്പു കമ്പികൾ സ്ഥാപിക്കലും പൂർത്തിയായി. പദ്ധതി പ്രദേശത്തെ മരങ്ങളും മാറ്റി നട്ടു. 334 ചതുരശ്ര കിലോമീറ്ററിലാണ് വിനോദ നഗരം. റിയാദിൽ നിന്നും മക്കയിലേക്കുള്ള വഴിയിൽ 30 കി.മീ അകലത്തിലാണ് പദ്ധതി പ്രദേശം. സൌദി കിരീടാവകാശിയുടെ പൊതു നിക്ഷേപ ഫണ്ടിന് കീഴിലാണ് പദ്ധതി. കെട്ടിടങ്ങൾക്കും റോളർ കോസ്റ്ററും വേണ്ടിയുള്ള കോൺക്രീറ്റിങ് വർക്കുകളും പൂർത്തിയായി. പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കി 2023ൽ തുറക്കും. അന്ന് തന്നെ ലോകത്തിലെ ഏറ്റവും വേഗമേറിയ റോളർ കോസ്റ്റർ, ഏറ്റവും ഉയരത്തിലുള്ള ഡ്രോപ് ടവർ, ലോകത്തിലെ ഏറ്റവും വലിയ വാട്ടർ തീം പാർക്ക് എന്നിവ രാജ്യത്തിന് സമർപ്പിക്കും. 300 ഓളം പ്രൊജക്ടുകൾ തയ്യാറാകും ഖിദ്ദിയ്യയിൽ . ഇതിൽ നൂറെണ്ണം ലോക റെക്കോർഡ് തകർക്കും. പ്രത്യേക നിയമങ്ങളാകും ഈ മേഖലയിൽ. സ്കിസ് ഫ്ലാഗ്സിന്റെ ലോകോത്തര തീം പാര്‍ക്കുകള്‍, മോട്ടോര്‍ സ്പോര്‍ട്സ്, സഫാരി പാര്‍ക്ക് തുടങ്ങി 43 മേഖലകളിലാണ് പദ്ധതികള്‍. ഡിസ്നി വേള്‍ഡ് ഉള്‍പ്പെയുള്ള പദ്ധതിയില്‍ വന്‍കിട നിക്ഷേപത്തിനൊപ്പം ജോലി സാധ്യതകള്‍ കൂടി തുറന്നിടും. സ്വദേശികൾ മാത്രമല്ല, ഇവിടെ ജോലി ചെയ്യുന്നവരിൽ നല്ലൊരു പങ്ക് വിദേശികളുമുണ്ട്. 17,000 സ്ഥിരം ജോലികളും ലക്ഷത്തോളം അനുബന്ധ ജോലികളും പദ്ധതി നൽകും.
🇶🇦ഖത്തറില്‍ പുതിയ കോവിഡ് കേസുകള്‍ 150ല്‍ താഴെ; യാത്രക്കാര്‍ 54 പേര്‍.
✒️ഖത്തറില്‍ ഇന്ന് 143 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 178 പേരാണ് രോഗമുക്തി നേടിയത്. 89 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 54 പേര്‍. 2,406 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.
ഇന്ന് ഖത്തറില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 58 വയസ്സുകാരനാണ് മരിച്ചത്. ആകെ മരണം 574. രാജ്യത്ത് ഇതുവരെ 2,16,301 പേര്‍ രോഗമുക്തി നേടി. ആകെ കോവിഡ് കേസുകള്‍ 2,19,281. ഇന്ന് 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 167 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.
24 മണിക്കൂറിനിടെ 19,015 ഡോസ് വാക്സിന്‍ നല്‍കി. ആകെ 27,48,452 ഡോസ് വാക്സിനുകളാണ് ഇതിനകം നല്‍കിയത്.
🇶🇦ഖത്തറിലെ ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്റര്‍ സമയത്തില്‍ മാറ്റം.
✒️ജൂണ്‍ 13 ഞായറാഴ്ച്ച മുതല്‍ ഖത്തറിലെ ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തി സമയത്തില്‍ മാറ്റം. വൈകീട്ട് 4 മുതല്‍ അര്‍ധരാത്രി വരെ ആയിരിക്കും പുതിയ സമയം. ചൂട് കൂടി വരുന്ന പശ്ചാത്തലത്തിലാണ് ലുസൈല്‍, അല്‍ വക്‌റ ഡ്രൈവ് ത്രൂ സെന്ററുകളുടെ സമയത്തില്‍ മാറ്റം വരുത്തിയത്. രാത്രി 11 മണിക്കാണ് അവസാനത്തെയാള്‍ക്ക് പ്രവേശിക്കാനാവുക.
വാക്‌സിനെടുക്കാന്‍ വരുന്നവരുടെയും ജീവനക്കാരുടെയും സൗകര്യവും സുരക്ഷയും കണക്കിലെടുത്താണ് ക്രമീകരണമെന്നും അധികൃതര്‍ അറിയിച്ചു. രണ്ടാം ഡോസ് വാക്‌സിനെടുക്കേണ്ടവര്‍ക്ക് മാത്രമാണ് ഡ്രൈവ് ത്രൂ സെന്റര്‍ ഉപയോഗിക്കാനാവുക. ഇതിനകം 3,02,000 പേര്‍ ഈ കേന്ദ്രങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
🇧🇭ബഹ്‌റൈൻ: രണ്ട് ഡോസ് സിനോഫാം വാക്സിനെടുത്തവർക്ക് ബൂസ്റ്റർ ഡോസ് കുത്തിവെപ്പെടുക്കുന്നതിനായുള്ള റെജിസ്ട്രേഷൻ നടപടിക്രമങ്ങൾ.
✒️രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി രണ്ട് ഡോസ് സിനോഫാം വാക്സിനെടുത്തവർക്ക് മൂന്നാമതൊരു ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് ലഭിക്കുന്നതിനുള്ള റെജിസ്ട്രേഷൻ നടപടിക്രമങ്ങൾ സംബന്ധിച്ച് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി. ജൂൺ 9-ന് രാത്രിയാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
രണ്ട് ഡോസ് സിനോഫാം വാക്സിനെടുത്ത വിവിധ വിഭാഗങ്ങളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്ന കാലാവധിയെക്കുറിച്ചാണ് ഈ അറിയിപ്പിൽ പ്രധാനമായും മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഈ കാലാവധി പ്രകാരം ഇവർക്ക് ബൂസ്റ്റർ ഡോസിനായി രജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്.
*ബഹ്‌റൈനിൽ താഴെ പറയുന്ന രീതിയിലാണ് ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുന്നത്:*
അപകട സാധ്യത കൂടുതലുള്ള പ്രവാസികൾ, പൗരന്മാർ എന്നിവരടങ്ങിയ വിഭാഗം – 50 വയസ്സിന് മുകളിൽ പ്രായമുള്ളവർ, രോഗപ്രതിരോധ ശേഷി കുറവുള്ളവർ, അമിതവണ്ണമുള്ളവർ, COVID-19 മുൻനിര പ്രവർത്തകർ തുടങ്ങിയ വിഭാഗങ്ങൾക്ക് രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് 3 മാസത്തിന് ശേഷമാണ് ബൂസ്റ്റർ കുത്തിവെപ്പ് നൽകുന്നത്.
രണ്ടാം ഡോസ് പൂർത്തിയാക്കിയ ആരോഗ്യവാന്മാരായവർക്ക് 6 മാസത്തിന് ശേഷമാണ് ബൂസ്റ്റർ കുത്തിവെപ്പ് നൽകുന്നത്.
2020-ൽ COVID-19 രോഗമുക്തരായവർക്ക്, രോഗമുക്തി നേടിയ തീയതി മുതൽ 3 മാസം കണക്കാക്കി ബൂസ്റ്റർ ഡോസിന് അർഹതയുണ്ടായിരിക്കും.
2021-ൽ രോഗമുക്തി നേടിയ ശേഷം രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്ക് ബൂസ്റ്റർ ഡോസിന് അർഹതയില്ല.
രണ്ട് ഡോസ് സിനോഫാം വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് ഈ ബൂസ്റ്റർ ഡോസ് നൽകുന്നത്.
സിനോഫാം COVID-19 വാക്സിൻ കുത്തിവെപ്പുകൾ പൂർത്തിയാക്കിയവർക്ക് ബൂസ്റ്റർ ഡോസ് ലഭിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം മെയ് 18-ന് അറിയിച്ചിരുന്നു. COVID-19 വാക്സിൻ ബൂസ്റ്റർ ഡോസിനുള്ള രജിസ്‌ട്രേഷൻ ‘BeAware Bahrain’ ആപ്പിലൂടെ പൂർത്തിയാക്കാവുന്നതാണ്.
🇦🇪യു എ ഇ: നവീകരിച്ച എമിറേറ്റ്സ് ഐഡി വിതരണത്തിന്റെ ആദ്യഘട്ടം ആരംഭിച്ചു; പ്രിന്റഡ് ഐഡി ലഭിക്കുന്നതുവരെ ഡിജിറ്റൽ പതിപ്പ് ഉപയോഗിക്കാം.
✒️നവീകരിച്ച എമിറേറ്റ്സ് ഐഡി കാർഡ് വിതരണത്തിന്റെ ആദ്യ ഘട്ടത്തിന് തുടക്കമിട്ടതായി യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) അറിയിച്ചു. രാജ്യത്തെ ഐഡന്റിറ്റി കാർഡുകൾ, പാസ്സ്പോർട്ടുകൾ എന്നിവ പുതിയ തലമുറയിൽ പെടുന്ന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്ന രീതിയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് പുതുക്കിയ ഐഡി കാർഡുകൾ വിതരണം ചെയ്യുന്നത്.
ജൂൺ 10, വ്യാഴാഴ്ച്ചയാണ് ICA ഇക്കാര്യം അറിയിച്ചത്. ഇത്തരത്തിൽ പുതുക്കിയ എമിറേറ്റ്സ് ഐഡി കാർഡ് ലഭിക്കുന്നതിനായി കാത്തിരിക്കുന്നവർക്ക്, പ്രിന്റ് ചെയ്ത കാർഡ് ലഭിക്കുന്നതുവരെ എമിറേറ്റ്സ് ഐഡിയുടെ ഇലക്ട്രോണിക് പതിപ്പ് ഉപയോഗിക്കാമെന്നും ICA കൂട്ടിച്ചേർത്തു.
എമിറേറ്റ്സ് ഐഡിയുടെ ഇലക്ട്രോണിക് പതിപ്പ് പ്രിന്റ് രൂപത്തിലുള്ള എമിറേറ്റ്സ് ഐഡിയുടെ സൂക്ഷ്‌മമായ പകർപ്പാണെന്നും, പ്രിന്റ് കാർഡ് ഉപയോഗിക്കാവുന്ന എല്ലാ മേഖലകളിലും ഈ ഡിജിറ്റൽ പതിപ്പ് ഉപയോഗിക്കാമെന്നും ICA വ്യക്തമാക്കി. ICA-യുടെ “ICA UAE Smart” എന്ന സ്മാർട്ട് ആപ്പിലൂടെ എമിറേറ്റ്സ് ഐഡിയുടെ ഇലക്ട്രോണിക് പതിപ്പ് ലഭ്യമാകുന്നതാണ്. ഈ ആപ്പ് ആപ്പിൾ, ആൻഡ്രോയിഡ് ഫോണുകളിൽ സൗജന്യമായി ഉപയോഗിക്കാവുന്നതും, ഇവ IOS, ആൻഡ്രോയിഡ് സ്റ്റോറുകളിൽ നിന്ന് ഡൌൺലോഡ് ചെയ്യാവുന്നതുമാണ്.
ക്യു ആർ കോഡ് സ്കാനിങ്ങ് സാങ്കേതികവിദ്യയിലൂടെ ഈ ഇലക്ട്രോണിക് പതിപ്പ് ഉപയോഗിക്കാവുന്നതാണ്. ഈ സ്മാർട്ട് ആപ്പിലെ ഡോക്യുമെന്റ് വാലറ്റ് ഉപയോഗിക്കുന്ന അവസരത്തിൽ ഈ കോഡ് സ്വയമേവ നിർമ്മിക്കപ്പെടുന്നതും, ഇത് എമിറേറ്റ്സ് ഐഡി കാർഡ് ഉപയോഗിക്കുന്ന ഇടങ്ങളിൽ ഉപയോഗപ്പെടുത്താവുന്നതുമാണ്. പ്രിന്റഡ് എമിറേറ്റ്സ് ഐഡി കാർഡിൽ ഉൾപ്പെടുത്തുന്ന മുഴുവൻ വിവരങ്ങളും ഇലക്ട്രോണിക് പതിപ്പിലൂടെ ICA-യുടെ ഡാറ്റാബേസിൽ നിന്ന് ലഭിക്കുന്നതാണ്.
പ്രിന്റ് കാർഡ് ലഭ്യമല്ലാത്ത അവസരങ്ങളിലും എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് കാര്യങ്ങൾ നിറവേറ്റുന്നതിന് ഈ സംവിധാനം സഹായകമാണ്. ഇതിനാൽ പുതിയ എമിറേറ്റ്സ് ഐഡി കാർഡിനായി അപേക്ഷിച്ച് കാത്തിരിക്കുന്നവർക്ക്, പ്രിന്റഡ് കാർഡ് ലഭിക്കുന്നത് വരെ ഈ ഡിജിറ്റൽ പതിപ്പ് ഉപയോഗിക്കാവുന്നതാണ്.
🇧🇭ബഹ്‌റൈൻ: വാണിജ്യ കേന്ദ്രങ്ങളിലേക്കും, സർക്കാർ തൊഴിലിടങ്ങളിലേക്കും പ്രവേശിക്കുന്നതിനുള്ള നിബന്ധനകൾ സംബന്ധിച്ച് അറിയിപ്പ്.
✒️രാജ്യത്തെ വാണിജ്യ കേന്ദ്രങ്ങളിലേക്കും, സർക്കാർ തൊഴിലിടങ്ങളിലേക്കും പ്രവേശിക്കുന്നതിനുള്ള നിബന്ധനകൾ സംബന്ധിച്ച് ബഹ്‌റൈനിലെ കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതലയുള്ള നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സ് അറിയിപ്പ് നൽകി. രാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള COVID-19 സുരക്ഷാ നിയന്ത്രണങ്ങൾ 2021 ജൂൺ 25 വരെ തുടരാൻ തീരുമാനിച്ചതിന്റെ ഭാഗമായാണ് ഈ അറിയിപ്പ്.
COVID-19 സുരക്ഷാ നിയന്ത്രണങ്ങൾ 2021 ജൂൺ 25 വരെ തുടരാൻ തീരുമാനിച്ചതായി ടാസ്ക്ഫോഴ്സ് ജൂൺ 8-ന് വൈകീട്ട് അറിയിച്ചിരുന്നു. ദിനംപ്രതിയുള്ള COVID-19 രോഗബാധിതരുടെ എണ്ണത്തിൽ നിലവിൽ പ്രകടമാകുന്ന കുറവ് തുടരുന്നതിനായാണ് നിയന്ത്രണങ്ങൾ നീട്ടാൻ തീരുമാനിച്ചത്.
ബഹ്‌റൈനിലെ രാജ്യത്തെ വാണിജ്യ കേന്ദ്രങ്ങളിലേക്കും, സർക്കാർ തൊഴിലിടങ്ങളിലേക്കും പ്രവേശിക്കുന്നതിനുള്ള നിബന്ധനകൾ:
COVID-19 വാക്സിനെടുത്ത 18 വയസ്സിന് മുകളിൽ പ്രായമായുള്ളവർക്ക് മാത്രമാണ് വാണിജ്യ കേന്ദ്രങ്ങളിലേക്ക് പ്രവേശനം നൽകുന്നത്. ഇതിനായി ഇവർ ‘BeAware Bahrain’ ആപ്പിലൂടെയോ, വാക്സിനേഷൻ സർട്ടിഫിക്കറ്റിലൂടെയോ വാക്സിൻ സ്വീകരിച്ചതിന്റെ തെളിവ് ഹാജരാക്കേണ്ടതാണ്. രണ്ടാം ഡോസ് വാക്സിനെടുത്ത് 14 ദിവസം പൂർത്തിയാക്കിയവർക്ക് മാത്രമാണ് ഈ അനുമതി.
COVID-19 വാക്സിനെടുത്ത 18 വയസ്സിന് മുകളിൽ പ്രായമായുള്ളവർക്ക് മാത്രമാണ് സർക്കാർ മേഖലയിലെ തൊഴിലിടങ്ങളിൽ തൊഴിൽ ചെയ്യുന്നതിന് നേരിട്ടെത്തുന്നതിന് അനുമതി നൽകിയിരിക്കുന്നത്. സർക്കാർ സേവനകേന്ദ്രങ്ങൾ, ഓഫീസുകൾ മുതലായ ഇടങ്ങളിൽ ഈ തീരുമാനം ബാധകമാണ്. ഇതിനായി ഇവർ ‘BeAware Bahrain’ ആപ്പിലൂടെയോ, വാക്സിനേഷൻ സർട്ടിഫിക്കറ്റിലൂടെയോ വാക്സിൻ സ്വീകരിച്ചതിന്റെ തെളിവ് ഹാജരാക്കേണ്ടതാണ്. രണ്ടാം ഡോസ് വാക്സിനെടുത്ത് 14 ദിവസം പൂർത്തിയാക്കിയവർക്ക് മാത്രമാണ് ഈ അനുമതി.
🇦🇪യു എ ഇ: ജൂൺ 11 മുതൽ മൂന്ന് ആഫ്രിക്കൻ രാജ്യങ്ങൾക്ക് പ്രവേശന വിലക്കേർപ്പെടുത്താൻ തീരുമാനം.
✒️സാംബിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് 2021 ജൂൺ 11, വെള്ളിയാഴ്ച്ച മുതൽ യു എ ഇയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു. ജൂൺ 9-ന് വൈകീട്ടാണ് NCEMA ഇക്കാര്യം അറിയിച്ചത്.
യു എ ഇ പൗരന്മാർ, അവരുടെ ബന്ധുക്കൾ, നയതന്ത്ര ഉദ്യോഗസ്ഥർ, ഗോൾഡൻ റെസിഡൻസി വിസകളുള്ളവർ, പ്രത്യേക അനുമതിയുള്ള ഔദ്യോഗിക ഉദ്യോഗസ്ഥർ, ബിസിനസ്സുകാർ തുടങ്ങിയവർക്ക് ഈ വിലക്കിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. ട്രാൻസിറ്റ് വിമാനങ്ങൾ, ചരക്ക് വിമാനങ്ങൾ എന്നിവയ്ക്കും ഈ വിലക്ക് ബാധകമല്ല. ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മറ്റു രാജ്യങ്ങളിൽ (യു എ ഇ നിലവിൽ യാത്രാവിലക്കേർപ്പെടുത്തിയിട്ടില്ലാത്ത) 14 ദിവസം താമസിച്ച ശേഷം യു എ ഇയിലേക്ക് പ്രവേശിക്കാവുന്നതാണ്.
യാത്രാ വിലക്കുകളിൽ ഇളവ് അനുവദിക്കപ്പെട്ടവർ 48 മണിക്കൂറിനിടയിൽ ലഭിച്ച PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്. ഇവർക്ക് യു എ ഇയിലെത്തിയ ശേഷം 10 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്. ഇവർക്ക് വിമാനത്താവളത്തിൽ പ്രവേശിക്കുന്ന അവസരത്തിലും, രാജ്യത്തെത്തിയ ശേഷം നാല്, എട്ട് ദിനങ്ങളിലും PCR ടെസ്റ്റ് നിർബന്ധമാണ്.
🇰🇼കുവൈറ്റ്: ജോൺസൻ & ജോൺസൺ COVID-19 വാക്സിന് അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം നൽകി.
✒️ജോൺസൻ & ജോൺസൺ നിർമ്മിക്കുന്ന COVID-19 വാക്സിന് രാജ്യത്ത് അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം നൽകിയതായി കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ജൂൺ 8-നാണ് കുവൈറ്റ് ന്യൂസ് ഏജൻസി ഇക്കാര്യം അറിയിച്ചത്.
ഈ വാക്സിനിന്റെ ഫലപ്രാപ്തി, സഫലത മുതലായവ പരിശോധിച്ച ശേഷമാണ് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയതെന്ന് ഡ്രഗ് ആൻഡ് ഫുഡ് കണ്ട്രോൾ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. അബ്ദുല്ല അൽ ബദ്‌ർ വ്യക്തമാക്കി. രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിൽ ഉപയോഗിക്കുന്നതിനായി വാക്സിൻ ലഭ്യമാക്കുന്നതിന് മോഡേർണ, ജോൺസൺ ആൻഡ് ജോൺസൺ കമ്പനികളുമായി കുവൈറ്റ് കരാറിലേർപ്പെട്ടതായി കുവൈറ്റ് ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഷെയ്ഖ് ബാസൽ അൽ സബാഹ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ജോൺസൻ & ജോൺസനു കീഴിലുള്ള ജാൻസൻ വാക്‌സിൻസാണ് ഈ കൊറോണ വൈറസ് വാക്സിൻ നിർമ്മിച്ചിരിക്കുന്നത്. ഒറ്റ ഡോസ് കുത്തിവെപ്പ് എന്ന രീതിയിലാണ് ഈ വാക്സിൻ നൽകുന്നത്. ഈ വാക്സിന് മാർച്ച് 12-ന് ലോകാരോഗ്യ സംഘടന അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം നൽകിയിരുന്നു.
കുവൈറ്റിൽ നിലവിൽ ഫൈസർ ബയോഎൻടെക്ക്, ഓക്സ്ഫോർഡ് ആസ്ട്രസെനേക എന്നീ COVID-19 വാക്സിനുകൾക്കും അടിയന്തിര ഉപയോഗത്തിനുള്ള ഔദ്യോഗിക അംഗീകാരം നൽകിയിട്ടുണ്ട്.
അതേസമയം, രണ്ടാം ഡോസ് ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനുള്ള നടപടികൾ 2021 ജൂൺ 9, ബുധനാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
0 Comments