സംസ്ഥാനത്തെ വാക്‌സിന്‍ ഉത്പാദന യൂണിറ്റ് തിരുവനന്തപുരത്ത് നിര്‍മിക്കും. തോന്നക്കലിലെ ലൈഫ് സയൻസ് പാർക്കിൽ വാക്സിൻ ഉൽപ്പാദന യൂണിറ്റ് സ്ഥാപിക്കുക. പ്രോജക്ട് ഡയറക്ടറായി ഡോ. എസ് ചിത്രയെ നിയമിച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
സംസ്ഥാനത്ത് വാക്‌സിന്‍ ഉത്പാദന യൂണിറ്റ് നിര്‍മിക്കുമെന്ന് ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിനായി തുക വകയിരുത്തുകയും ചെയ്തിരുന്നു. കൊവിഡിന്റെ മൂന്നാം തരംഗ സാധ്യത കണക്കിലെടുത്താണ് ഇത്തരത്തിലൊരു തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ഇക്കാര്യങ്ങള്‍ക്ക് തത്വത്തില്‍ അനുമതി നല്‍കി. വാക്‌സിന്‍ നിര്‍മാതാക്കളുമായി ചര്‍ച്ച നടത്താന്‍ വര്‍ക്കിംഗ് ഗ്രൂപ്പിനെ നിയമിച്ചു.
ഡോ. കെ.പി. സുധീർ (ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി) ചെയർമാനും ഡോ. ബി. ഇക്ബാൽ (സ്റ്റേറ്റ് ലെവൽ എക്സ്പേർട്ട് കമ്മിറ്റി കോവിഡ് മാനേജ്മെൻറ്), ഡോ. വിജയകുമാർ (വാക്സിൻ വിദഗ്ദ്ധൻ, ഡോ. റെഡ്ഡീസ് ലബോറട്ടറി, ഹൈദരാബാദ്), ഡോ. രാജൻ ഖോബ്രഗഡെ(പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്), ഡോ. രാജമാണിക്യം (മാനേജിംഗ് ഡയറക്ടർ കെ.എസ്.ഐ.ഡി.സി.) എന്നിവർ മെമ്പർമാരായി വർക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കും. പ്രമുഖ കമ്പനികളുമായി ചർച്ചകൾ ആരംഭിക്കുന്നതിനും പെട്ടെന്നു തന്നെ വാക്സിൻ ഉൽപ്പാദനം സാധ്യമാക്കുന്നതിനും വർക്കിംഗ് ഗ്രൂപ്പിനെ ചുമതലപ്പെടുത്തി.
റീബിൽഡ് കേരള ഇനീഷ്യേറ്റീവിന് കീഴിൽ ഉൾപ്പെടുത്തി വിവിധ വകുപ്പുകൾ സമർപ്പിച്ച പദ്ധതികൾ മന്ത്രിസഭ അംഗീകരിച്ചു. ചേർത്തല മുനിസിപ്പാലിറ്റിയിൽ സെപ്റ്റേജ് ട്രീറ്റ്മെൻറ് പ്ലാൻറ് സ്ഥാപിക്കുന്നതിനായുള്ള പദ്ധതി 5.25 കോടി രൂപ ചെലവിൽ നടപ്പാക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകി. കുട്ടനാട്ടിലെ വൈദ്യുത പ്രസരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഏറ്റെടുക്കാൻ തീരുമാനിച്ച പദ്ധതിയുടെ ചെലവ് 42.60 കോടിരൂപയിൽ നിന്ന് 53.55 കോടിരൂപയായി പുതുക്കുന്നതിനും അംഗീകാരം നൽകി.
ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെൻറ് ഹോൾഡിംഗ് ലിമിറ്റഡ് (OKIHL) കമ്പനിയെ 100 ശതമാനം സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയാക്കി മാറ്റാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
സംസ്ഥാനത്തെ 27 താൽക്കാലിക ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മിജിസ്ട്രേറ്റ് കോടതികളെ സ്ഥിരം കോടതികളാക്കാൻ തീരുമാനിച്ചു. ഓരോ കോടതിയ്ക്കും 10 തസ്തികകൾ അനുവദിക്കും.
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയ്ക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് മന്ത്രിസഭ അനുവാദം നൽകി. സംസ്ഥാന വിഹിതമായി 2100 കോടി രൂപ കിഫ്ബിയിൽ നിന്നും ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾക്കായി വായ്പ എടുക്കുന്നതിന് ഭരണാനുമതി നൽകാനും തീരുമാനിച്ചു.
0 Comments