🇸🇦സൗദിയില്‍ കൊവിഡ് വ്യാപനതോത് കുറയുന്നു.
🇦🇪അബുദാബിയില്‍ വിസയുമായി ബന്ധപ്പെട്ട മെഡിക്കല്‍ പരിശോധനകള്‍ക്ക് കൊവിഡ് ഫലം നിര്‍ബന്ധമാക്കി.
🇸🇦സൗദി പ്രവാസികള്‍ക്ക് ആശ്വാസം; കോവിഷീല്‍ഡ് ആസ്ട്ര സെനകക്ക് തുല്യമെന്ന് പ്രഖ്യാപിച്ച് സൗദി.
🇦🇪യുഎഇയില്‍ 1,874 പേര്‍ക്ക് കൂടി കൊവിഡ്, മൂന്ന് മരണം.
🛫വിദേശത്ത് കുടുങ്ങിയവരെ തിരികെയെത്തിക്കാൻ എയർ ഇന്ത്യ; ഒക്ടോബർ 31 വരെയുള്ള വന്ദേഭാരത് സർവിസുകൾ ഇവയാണ്:
🇸🇦സൗദിയിൽ ഈ വിഭാഗത്തിലുള്ളവർ ജോലിയ്ക്ക് ഹാജരാകരുത്; പട്ടിക പുറത്ത്.
🇶🇦ഖത്തറില്‍ ഇന്ന് മൂന്ന് കോവിഡ് മരണം; പുതിയ കേസുകള്‍ കുറഞ്ഞു.
🇸🇦സൗദി: തൊഴിൽ തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനായി നിയമ മന്ത്രാലയം പുതിയ ഇലക്ട്രോണിക് സേവനം ആരംഭിച്ചു.
🇴🇲ഒമാൻ: വിപുലീകരിച്ച സമൂഹ വാക്സിനേഷൻ യത്നം ആരംഭിച്ചു; രണ്ടാം ഡോസ് വാക്സിൻ കുത്തിവെപ്പ് നൽകിത്തുടങ്ങി.
🇸🇦സൗദി: അഞ്ച് വിഭാഗങ്ങളിലുള്ളവർക്ക് COVID-19 വാക്സിൻ സ്വീകരിക്കുന്നതിന് മുൻഗണന നൽകിയതായി ആരോഗ്യ മന്ത്രാലയം.
വാർത്തകൾ വിശദമായി
🇸🇦സൗദിയില്‍ കൊവിഡ് വ്യാപനതോത് കുറയുന്നു.
✒️സൗദി അറേബ്യയില്‍ കൊവിഡ് വ്യാപനതോത് ഗണ്യമായ തോതില്‍ കുറയുന്നു. പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം വീണ്ടും ആയിരത്തില്‍ താഴെയായി. 984 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ചികിത്സയില്‍ കഴിഞ്ഞവരില്‍ 1,185 പേര്‍ രോഗമുക്തരായി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 16 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതുവരെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 4,57,546 ആയി. രോഗമുക്തരുടെ എണ്ണം 4,40,644 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 7,456 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി നിലവില്‍ 9,446 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 1,545 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 1.6 ശതമാനമാണ്. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 349, റിയാദ് 210, കിഴക്കന്‍ പ്രവിശ്യ 140, മദീന 73, അസീര്‍ 61, ജീസാന്‍ 59, അല്‍ ഖസീം 37, തബൂക്ക് 15, ഹാഇല്‍ 13, നജ്‌റാന്‍ 12, അല്‍ബാഹ 9, വടക്കന്‍ അതിര്‍ത്തി മേഖല 3, അല്‍ജൗഫ് 3. രാജ്യത്ത് ഇതുവരെ 14,835,236 ഡോസ് കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് നടത്തി.
🇦🇪അബുദാബിയില്‍ വിസയുമായി ബന്ധപ്പെട്ട മെഡിക്കല്‍ പരിശോധനകള്‍ക്ക് കൊവിഡ് ഫലം നിര്‍ബന്ധമാക്കി.
✒️അബുദാബിയില്‍ വിസയുമായി ബന്ധപ്പെട്ട മെഡിക്കല്‍ പരിശോധനകള്‍ക്ക് കൊവിഡ് പരിശോധനാ ഫലം നിര്‍ബന്ധമാക്കി. അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനിയായ സെഹയാണ് ഇക്കാര്യം അറിയിച്ചത്.
വിസ പുതുക്കുന്നവര്‍ക്കും പുതിയ വിസ എടുക്കുന്നവര്‍ക്കും ഇനി മുതല്‍ കൊവിഡ് പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലവും ഹാജരാക്കണം. 72 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് പരിശോധനാ ഫലമാണ് ഹാജരാക്കേണ്ടത്. ജൂണ്‍ ഏഴ് തിങ്കളാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
🇸🇦സൗദി പ്രവാസികള്‍ക്ക് ആശ്വാസം; കോവിഷീല്‍ഡ് ആസ്ട്ര സെനകക്ക് തുല്യമെന്ന് പ്രഖ്യാപിച്ച് സൗദി.
✒️കൊവിഡിന് എതിരായ ഇന്ത്യയുടെ കൊവിഷീല്‍ഡ് വാക്‌സിന്‍ സഊദി അംഗീകരിച്ച അസ്ട്ര സെനിക്ക വാക്‌സിന് തുല്യമാണെന്ന് സഊദി ആരോഗ്യ വകുപ്പ്. ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ കൊവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് സഊദിയില്‍ ഇനി ക്വാറന്റൈനില്‍ കഴിയേണ്ടിവരില്ല. കൊവിഷീല്‍ഡ് നിര്‍മിക്കുന്നത് അസ്ട്ര സെനിക്കയാണെങ്കിലും സഊദി ഇതുവരെ അസ്ട്ര സെനിക്ക എന്ന പേരില്‍ തന്നെയാണ് വാക്‌സിന്‍ പരിഗണിച്ചിരുന്നത്. ഇന്ത്യയില്‍ നിന്ന് വരുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ കൊവിഷീല്‍ഡ് എന്ന് രേഖപ്പെടുത്തുന്നതിനാല്‍ ഇത് സഊദിയില്‍ ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു. കൊവിഷീല്‍ഡ് അസ്ട്ര സെനിക്കക്ക് വരുത്തിയിരുന്നു. സഊദി അംഗീകരിച്ച കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് സഊദിയില്‍ പ്രവേശിക്കുമ്പോള്‍ ക്വാറന്റൈന്‍ ഒഴിവാക്കിയതായിരുന്നു മാറ്റം. രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്കാണ് കോറന്റൈന്‍ ഇളവ് അനുവദിച്ചിരുന്നത്. ഫൈസര്‍, മൊഡേണ, ജോണ്‍സണണ്‍ ആന്‍ഡ് ജോണ്‍സന്‍ എന്നിവയാണ് സഊദി അംഗീകരിച്ച മറ്റു വാക്‌സിനുകള്‍.
🇦🇪യുഎഇയില്‍ 1,874 പേര്‍ക്ക് കൂടി കൊവിഡ്, മൂന്ന് മരണം.
✒️യുഎഇയില്‍ 1,874 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,842 പേര്‍ സുഖം പ്രാപിക്കുകയും മൂന്ന് പേര്‍ മരണപ്പെടുകയും ചെയ്തു.
പുതിയതായി നടത്തിയ 2,31,928 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 5,83,071 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,62,576 പേര്‍ രോഗമുക്തരാവുകയും 1,699 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 18,796 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🛫വിദേശത്ത് കുടുങ്ങിയവരെ തിരികെയെത്തിക്കാൻ എയർ ഇന്ത്യ; ഒക്ടോബർ 31 വരെയുള്ള വന്ദേഭാരത് സർവിസുകൾ ഇവയാണ്:
✒️കോവിഡിനെ തുടർന്ന് വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ വീണ്ടും സർവിസ് ആരംഭിച്ച് എയർ ഇന്ത്യ. ഒക്ടോബർ 31 വരെയുള്ള വന്ദേഭാരത് സർവിസുകളാണ് പ്രഖ്യാപിച്ചത്. സൗദി അറേബ്യ, സിങ്കപ്പുർ, ഇസ്രായേൽ, ശ്രീലങ്ക, തായ്ലാൻഡ്, ഇറ്റലി എന്നിവിടങ്ങളിൽനിന്നാണ് സർവിസ് നടത്തുന്നത്.
കഴിഞ്ഞ വർഷം കോവിഡിനെ തുടർന്ന് വിവിധ രാജ്യങ്ങളിൽ കുടുങ്ങിയവരെ തിരികെ എത്തിക്കാനാണ് കേന്ദ്ര സർക്കാർ വന്ദേ ഭാരത് സർവിസ് ആരംഭിച്ചത്. സിവിൽ ഏവിയേഷൻെറ കണക്കുകൾ പ്രകാരം ഏകദേശം 8.9 ദശലക്ഷം ഇന്ത്യൻ പൗരന്മാരെ വിദേശത്തുനിന്ന് ഇതുവരെ തിരിച്ചെത്തിച്ചു.
ലോകത്തിൻെറ പലഭാഗങ്ങളിലും കോവിഡ് രണ്ടാംതരംഗത്തെ തുടർന്ന് ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ തിരികെ എത്തിക്കാനാണ് ഇപ്പോൾ പുതിയ സർവിസുകൾ പ്രഖ്യാപിച്ചത്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളുടെ തീയതി, സമയം, പുറപ്പെടൽ, വരവ് എന്നിവയടങ്ങിയ പട്ടിക എയർ ഇന്ത്യ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എയർ ഇന്ത്യയുടെ വെബ്സൈറ്റിൽനിന്നാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. അതേസമയം, വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരാമെന്നും എയർ ഇന്ത്യ അറിയിച്ചു.
🇸🇦സൗദിയിൽ ഈ വിഭാഗത്തിലുള്ളവർ ജോലിയ്ക്ക് ഹാജരാകരുത്; പട്ടിക പുറത്ത്.
✒️സൗദിയില്‍ കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി നിരവധി വിഭാഗങ്ങള്‍ക്ക് ജോലിക്കു പോകുന്നതിന് വിലക്ക്. ജോലിക്കു ഹാജരാകാന്‍ പാടില്ലാത്തവരുടെ പട്ടിക മാനവവിഭവസാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കി. പട്ടികയില്‍ പറയുന്നവര്‍ പൊതു-സ്വകാര്യ-ലാഭരഹിത സ്ഥാപനങ്ങളില്‍ ഹാജരാകരുത്.
60 വയസ്സിന് മുകളിലുള്ളവര്‍, വിട്ടുമാറാത്ത ശ്വാസകോശ രോഗമോ കടുത്ത ശ്വാസതടസ്സമോ മൂലം കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍, കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഹൃദയാഘാതമുണ്ടായവര്‍, പാരമ്പര്യമായി അനീമിയ രോഗം മൂലം ബുദ്ധിമുട്ടുന്നവര്‍, രോഗപ്രതിരോധ ശേഷി തീരെയില്ലാത്തവര്‍, അവയവമാറ്റ ശസ്ത്രക്രിയക്കു വിധേയമായവര്‍, രോഗപ്രതിരോധത്തിനും ക്യാന്‍സറിനും സ്ഥിരമായി മരുന്നു കഴിക്കുന്നവര്‍, 40 വയസ്സ് കഴിഞ്ഞ അമിതവണ്ണമുള്ളവര്‍, അനിയന്ത്രിതമായ പ്രമേഹമോ മറ്റു വിട്ടുമാറാത്ത രോഗാവസ്ഥകളോ കാരണം ബുദ്ധിമുട്ടുന്നവര്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കാരണം കഴിഞ്ഞ ആറുമാസത്തില്‍ ഒരു തവണയെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍, വൃക്കരോഗികള്‍, ഭിന്നശേഷിക്കാര്‍, വൈകല്യങ്ങള്‍ കാരണം കോവിഡ് പ്രതിരോധ നടപടികള്‍ മനസിലാക്കാനോ പ്രയോഗത്തില്‍ വരുത്താനോ കഴിയാത്ത പ്രത്യേക വിഭാഗക്കാര്‍ എന്നിവരാണു പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
പൂര്‍ണമായി വാക്‌സിനേഷന്‍ നേടിയാല്‍ ഇവര്‍ക്ക് ജോലിക്ക് പോകാമെന്ന് മന്ത്രാലയം വ്യക്തമാക്കി. വാക്‌സിനേഷന്‍ സ്റ്റാറ്റസ് തവക്കല്‍ന ആപ്ലിക്കേഷനില്‍ പ്രദര്‍ശിപ്പിച്ചിരിക്കണം. ഇതില്‍ അഞ്ചു വിഭാഗങ്ങള്‍ക്കു മാത്രമാണ് ഇപ്പോള്‍ സൗദിയില്‍ രണ്ടാമത്തെ വാക്സിന്‍ നല്‍കിത്തുടങ്ങിയിട്ടുള്ളത്. ഡയാലിസിസിന് വിധേയമാകുന്ന വൃക്ക രോഗികള്‍, കാന്‍സര്‍ രോഗികള്‍, അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവര്‍, അമിതവണ്ണമുള്ളവര്‍, 60 വയസ്സ് കഴിഞ്ഞവര്‍ എന്നിവര്‍ക്കാണ് നിലവില്‍ രണ്ടാമത്തെ ഡോസ് നല്‍കുന്നത്.
🇶🇦ഖത്തറില്‍ ഇന്ന് മൂന്ന് കോവിഡ് മരണം; പുതിയ കേസുകള്‍ കുറഞ്ഞു.
✒️ഖത്തറില്‍ ഇന്ന് 172 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 344 പേരാണ് രോഗമുക്തി നേടിയത്. 103 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 69 പേര്‍. 2,939 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.
ഇന്ന് ഖത്തറില്‍ മൂന്നുപേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. 54, 64, 81 വയസ്സുള്ളവരാണ് മരിച്ചത്. ആകെ മരണം 569. രാജ്യത്ത് ഇതുവരെ 2,15,294 പേര്‍ രോഗമുക്തി നേടി. ആകെ കോവിഡ് കേസുകള്‍ 2,18,627. ഇന്ന് 8 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 188 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.
24 മണിക്കൂറിനിടെ 19,54 ഡോസ് വാക്സിന്‍ നല്‍കി. ആകെ 26,76,239 ഡോസ് വാക്സിനുകളാണ് ഇതിനകം നല്‍കിയത്.
🇸🇦സൗദി: തൊഴിൽ തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനായി നിയമ മന്ത്രാലയം പുതിയ ഇലക്ട്രോണിക് സേവനം ആരംഭിച്ചു.
✒️തൊഴിൽ തർക്കങ്ങളിലെ നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനും, ഇത്തരം കേസുകളിൽ പിരിച്ചെടുക്കേണ്ടതായ തുകകൾ വസൂലാക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിനുമായി സൗദി നിയമ മന്ത്രാലയം പുതിയ ഇലക്ട്രോണിക് സംവിധാനം ആരംഭിച്ചു. ‘Labor calculator’ എന്ന പേരിലുള്ള ഈ ഡിജിറ്റൽ ആപ്പിന്റ ആദ്യ പതിപ്പ് നിയമങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനും, തൊഴിൽ നിയമങ്ങൾ നടപ്പിലാക്കുന്നതിന് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനും, സാമ്പത്തിക ഒത്ത്തീർപ്പുകളിൽ സുതാര്യത, കൃത്യത എന്നിവ ഉറപ്പ് വരുത്തുന്നതിനും ലക്ഷ്യമിട്ടാണ് നിർമ്മിച്ചിരിക്കുന്നത്.
തൊഴിൽ നിയമങ്ങളുമായി ബന്ധപ്പെട്ട സമഗ്രമായ വിവരങ്ങൾ അടങ്ങിയ ഒരു ആപ്പ് ആണ് ഇതെന്നും, ഇത് ഉപയോഗിക്കുന്നതിന് വളരെ എളുപ്പമാണെന്നും മന്ത്രാലയം വ്യക്തമാക്കി. തൊഴിൽ നിയമങ്ങളിലെ മുഴുവൻ വകുപ്പുകളും ഈ ആപ്പിലൂടെ കാണുന്നതിനും, ആവശ്യമെങ്കിൽ പ്രിന്റ് ചെയ്തെടുക്കുന്നതിനും സാധിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. പ്രവാസികൾക്കും, പൗരന്മാർക്കും ഡിജിറ്റൽ സംവിധാനങ്ങളിലൂടെ സേവനങ്ങൾ സുഗമമായി ലഭ്യമാക്കുന്ന നയത്തിന്റെ ഭാഗമായാണ് ഈ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.
സേവനങ്ങൾ അവസാനിപ്പിക്കുന്ന അവസരത്തിൽ ലഭിക്കേണ്ട ആനുകൂല്യങ്ങൾ, ശമ്പള കുടിശ്ശിക, ലീവ് സാലറി ആനുകൂല്യങ്ങൾ, ഏകപക്ഷീയമായി പിരിച്ച് വിടുന്ന തൊഴിലാളികൾക്ക് ലഭിക്കാവുന്ന നഷ്‌ടപരീഹാരം മുതലായ വിഷയങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾ ഈ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. https://www.moj.gov.sa/ar/eServices/Pages/Details.aspx?itemId=152 എന്ന വിലാസത്തിൽ ഈ ആപ്പ് ലഭ്യമാണെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
🇴🇲ഒമാൻ: വിപുലീകരിച്ച സമൂഹ വാക്സിനേഷൻ യത്നം ആരംഭിച്ചു; രണ്ടാം ഡോസ് വാക്സിൻ കുത്തിവെപ്പ് നൽകിത്തുടങ്ങി.
✒️രാജ്യത്തെ വിപുലീകരിച്ച ദേശീയ വാക്സിനേഷൻ പദ്ധതിയ്ക്ക് 2021 ജൂൺ 6 മുതൽ ഒമാനിൽ തുടക്കമായി. ഒമാൻ സുപ്രീം കമ്മിറ്റി ചെയർമാൻ H.E. സയ്യിദ് ഹമൗദ് ബിൻ ഫൈസൽ അൽ ബുസൈദി ബൗഷറിലെ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലെക്സിലെ വാക്സിനേഷൻ കേന്ദ്രത്തിൽ ജൂൺ 6-ന് രാവിലെ നേരിട്ടെത്തി രാജ്യത്തെ വാക്സിനേഷൻ നടപടികൾ വിലയിരുത്തുകയുണ്ടായി. ഇദ്ദേഹത്തോടൊപ്പം മറ്റു സുപ്രീം കമ്മിറ്റി അംഗങ്ങളും ഈ കേന്ദ്രം സന്ദർശിച്ചു.
ഒമാൻ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ആഴ്ച്ച പ്രഖ്യാപിച്ചിരുന്ന മുൻഗണനാ ക്രമപ്രകാരം കൂടുതൽ പേരിലേക്ക് COVID-19 വാക്സിൻ കുത്തിവെപ്പുകൾ എത്തിക്കുന്ന വലിയ വാക്സിനേഷൻ പ്രചാരണപരിപാടികൾ രാജ്യത്തുടനീളം ആരംഭിച്ചിട്ടുണ്ട്.
താഴെ പറയുന്ന വിഭാഗങ്ങൾക്കാണ് ഈ വിപുലീകരിച്ച ദേശീയ വാക്സിനേഷൻ പദ്ധതിയുടെ കീഴിൽ 2021 ജൂൺ മാസം മുതൽ ഒമാനിൽ വാക്സിൻ കുത്തിവെപ്പ് നൽകുന്നത്:
ഹജ്ജ് തീർത്ഥാടകർ.
45 വയസ്സിന് മുകളിൽ പ്രായമുള്ള നിവാസികൾ.
മുസന്ദം ഗവർണറേറ്റിലെ മുഴുവൻ പൗരന്മാർക്കും.
ഇതുവരെ വാക്സിനെടുക്കാത്ത സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവർത്തകർ, സൈനികർ, മറ്റു സെക്യൂരിറ്റി ജീവനക്കാർ, സർക്കാർ ജീവനക്കാർ, റോയൽ ഒമാൻ പോലീസ് അംഗങ്ങൾ, സേവനമേഖലയിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ.
പരീക്ഷയെഴുതുന്ന പന്ത്രണ്ടാം ഗ്രേഡ് വിദ്യാർത്ഥികൾ, പരീക്ഷകളുടെ സൂപ്പർവൈസർ ചുമതലയുള്ള ജീവനക്കാർ.
ഓയിൽ, ഗ്യാസ്, എയർപോർട്ട് മുതലായ പ്രവർത്തനമേഖലകളിലെ ജീവനക്കാർ.
45 വയസ്സിന് മുകളിൽ പ്രായമുള്ള രാജ്യത്തെ മുഴുവൻ പൗരന്മാർക്കും, പ്രവാസികൾക്കും ജൂണിലെ മൂന്നാമത്തെ ആഴ്ച്ച മുതൽ കുത്തിവെപ്പ് നൽകുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. വിപുലീകരിച്ച സമൂഹ വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി ഒമാനിലെ വിവിധ സ്വകാര്യ ആരോഗ്യപരിചരണ കേന്ദ്രങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ മുതലായവ തങ്ങളുടെ ജീവനക്കാർക്ക് വാക്സിൻ നൽകുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഒമാനിലെ വാക്സിനേഷൻ നടപടികളുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി 1144 എന്ന ഹെല്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ഈ നമ്പറിൽ നിന്ന് വെള്ളി, ശനി ദിവസങ്ങളിലൊഴികെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 മണി വരെ സേവനങ്ങൾ ലഭിക്കുന്നതാണ്.
പത്ത് ആഴ്ച്ചകൾക്ക് മുൻപ് ഒന്നാം ഡോസ് കുത്തിവെപ്പെടുത്തവർക്കുള്ള രണ്ടാം ഡോസ് വാക്സിൻ കുത്തിവെപ്പാണ് ഇത്തരത്തിൽ നൽകുന്നത്. ഈ വിഭാഗത്തിൽപ്പെടുന്ന വാക്സിൻ കുത്തിവെപ്പിനർഹരായവരെ മന്ത്രാലയം നേരിട്ട്
ബന്ധപ്പെടുന്ന മുറയ്‌ക്കാണ് വാക്സിൻ നൽകുന്നത്.
🇸🇦സൗദി: അഞ്ച് വിഭാഗങ്ങളിലുള്ളവർക്ക് COVID-19 വാക്സിൻ സ്വീകരിക്കുന്നതിന് മുൻഗണന നൽകിയതായി ആരോഗ്യ മന്ത്രാലയം.
✒️രാജ്യത്തെ അഞ്ച് വിഭാഗങ്ങളിൽപെടുന്നവർക്ക് കാലതാമസം കൂടാതെ രണ്ടാം ഡോസ് COVID-19 വാക്സിൻ സ്വീകരിക്കുന്നതിന് മുൻഗണന നൽകിയതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അറുപത് വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നിലവിൽ ലഭ്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
ഇപ്പോൾ പുറത്തിറക്കിയ പുതിയ അറിയിപ്പ് പ്രകാരം, താഴെ പറയുന്ന വിഭാഗങ്ങൾക്കാണ് രണ്ടാം ഡോസ് COVID-19 വാക്സിൻ സ്വീകരിക്കുന്നതിന് മുൻഗണന നൽകിയിട്ടുള്ളത്.
വൃക്കസംബന്ധമായ പ്രശ്നങ്ങൾ മൂലം ഡയാലിസിസ് ചെയ്യുന്നവർ.
കാൻസർ രോഗികൾ.
അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവർ.
അമിതവണ്ണമുള്ളവർ.
അറുപതിന് മുകളിൽ പ്രായമുള്ളവർ.
ആദ്യ ഡോസ് കുത്തിവെപ്പുകൾ സ്വീകരിക്കുന്നവർക്ക് മുൻഗണന നൽകുന്നതിനായി, രണ്ടാം ഡോസ് വാക്സിൻ കുത്തിവെപ്പുകൾ നൽകുന്നത് നീട്ടിവെക്കാൻ സൗദി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 10-ന് തീരുമാനിച്ചിരുന്നു. ഈ പുതിയ അറിയിപ്പോടെ, മേൽപ്പറഞ്ഞ വിഭാഗങ്ങൾക്ക് തങ്ങളുടെ രണ്ടാം ഡോസ് കുത്തിവെപ്പുകൾ കാലതാമസം കൂടാതെ സ്വീകരിക്കാവുന്നതാണ്.
രണ്ടാം ഡോസ് കുത്തിവെപ്പെടുക്കാൻ വൈകിയവർ, ഇത് സംബന്ധിച്ച് വിഷമിക്കേണ്ടതില്ലെന്ന് സൗദി ആരോഗ്യ മന്ത്രലയത്തിലെ അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അസിരി അറിയിച്ചു. ചില വാക്സിനുകളിൽ രണ്ടാം ഡോസ് വൈകുന്നത് രോഗപ്രതിരോധ ശേഷി കൂട്ടുന്നതിന് സഹായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
0 Comments