🇧🇭ഇന്ത്യക്കാര്‍ക്ക് തൊഴില്‍ വിസ അനുവദിക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ച് ബഹ്റൈന്‍.
🇶🇦ഖത്തറില്‍ പുതിയ കോവിഡ് കേസുകള്‍ വീണ്ടും കുറഞ്ഞു; 246 രോഗമുക്തി.
🇦🇪യുഎഇയില്‍ 1969 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് രണ്ട് മരണം.
🇸🇦സൗദി അറേബ്യയിൽ കൊവിഡ് മരണസംഖ്യ വീണ്ടും ഉയർന്നു; ഇന്ന് 19 മരണം.
🇴🇲ഒമാനിൽ ജനസംഖ്യയുടെ 12 ശതമാനം പേര്‍ കൊവിഡ് വാക്സിൻ സ്വീകരിച്ചു.
🇴🇲ആശങ്ക ഒഴിയാതെ ഒമാൻ; നാലായിരത്തിലധികം പുതിയ കൊവിഡ് രോഗികൾ.
🇸🇦'തവക്കൽന' ആപ്പ് ഇന്ത്യയിൽ പ്രവർത്തിച്ചു തുടങ്ങി; അവധിയിൽ നാട്ടിലുള്ളവർക്ക് ഉപകാരപ്രദം.
🇸🇦സൗദിക്കകത്തുള്ളവർക്ക് ഹജ്ജ് രജിസ്‌ട്രേഷൻ ഇന്ന് മുതൽ ആരംഭിച്ചു; ഹജ്ജ് പാക്കേജുകളും നിലവിൽ വന്നു.
🇦🇪യുഎഇയിലെ യാത്രാവിലക്ക്: ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്നത് നൂറുകണക്കിന് ആരോഗ്യ പ്രവര്‍ത്തകര്‍.
🛫അബുദാബി: ഗ്രീൻ പട്ടികയിൽ ജൂൺ 13 മുതൽ മാറ്റം വരുത്തി; ഈ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ക്വാറന്റീൻ ഒഴിവാക്കി നൽകും.
🇰🇼കുവൈറ്റ്: ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഇന്ത്യൻ വിദേശകാര്യ വകുപ്പ് മന്ത്രി ഒപ്പ് വെച്ചു.
🇰🇼കുവൈറ്റ്: കായിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് അനുമതി നൽകി.
🇧🇭ഇന്ത്യക്കാര്‍ക്ക് തൊഴില്‍ വിസ അനുവദിക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ച് ബഹ്റൈന്‍.
വാർത്തകൾ വിശദമായി
✒️ഇന്ത്യക്കാർക്ക് പുതിയ തൊഴിൽ വിസകള്‍ അനുവദിക്കുന്നത് ബഹ്റൈൻ താത്കാലികമായി നിർത്തിവെച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങള്‍ റെഡ് ലിസ്റ്റിൽ ഉള്‍പ്പെട്ടതിനെ
തുടർന്നാണ് പുതിയ വിസ അനുവദിക്കുന്നതിനുള്ള നടപടികള്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോരിറ്റി നിർത്തിയത്.
ഇന്ത്യയ്ക്ക് പുറമേ പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, വിയറ്റ്നാം എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും തൊഴിൽ വിസ നൽകുന്നത് ബഹറൈന്‍ നിർത്തിവെച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിലെ കൊവിഡ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായ ശേഷമേ തുടങ്ങുകയുള്ളു.
2021 മെയ് 24 മുതല്‍ എല്ലാ വിമാനങ്ങളിലും ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ പ്രവേശനം ബഹ്‌റൈൻ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. വിയറ്റ്‌നാമിനെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിനാല്‍ 2021 ജൂണ്‍ 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. പ്രസ്തുത രാജ്യങ്ങളില്‍ നിന്നുള്ള ബഹ്‌റൈൻ പൗരന്മാര്‍ക്കും റെസിഡന്‍സി വിസ ഉടമകള്‍ക്കും ഇപ്പോഴും രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ ബഹ്‌റൈനിലേക്കുള്ള വിമാനത്തില്‍ കയറുന്നതിന് 48 മണിക്കൂറിനുള്ളില്‍ നടത്തിയ അംഗീകൃത കൊവിഡ് 19 പിസിആര്‍ പരിശോധന ഫലം ആവശ്യമാണ്. രാജ്യത്തെത്തിയാല്‍ ഇവര്‍ മറ്റൊരു പിസിആര്‍ പരിശോധന നടത്തുകയും രാജ്യത്ത് താമസിക്കുന്നതിന്റെ പത്താം ദിവസം വീണ്ടും നടത്തുകയും ചെയ്യണം.
ഇത്തരത്തില്‍ എത്തുന്ന റെസിഡന്‍സി വിസ ഉടമകളും അവരുടെ വീട്ടിലോ ദേശീയ ആരോഗ്യ റെഗുലേറ്ററി അതോറിറ്റി അംഗീകരിച്ച ലൈസന്‍സുള്ള ക്വാറന്റൈന്‍ കേന്ദ്രങ്ങളിലോ 10 ദിവസം ക്വാറന്റൈനില്‍ കഴിയണം. കഴിഞ്ഞയാഴ്ച, ബഹ്‌റൈൻന്റെ ദേശീയ മെഡിക്കല്‍ ടാസ്‌ക്‌ഫോഴ്‌സ് ഫോര്‍ കോംബോവൈറസ് (കൊവിഡ് 19) മുന്‍കരുതല്‍ നടപടികള്‍ ജൂണ്‍ 25 വരെ നീട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായി. ജൂണ്‍ 12ന് 931 പുതിയ കൊവിഡ് 19 കേസുകള്‍ സ്ഥിരീകരിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
🇶🇦ഖത്തറില്‍ പുതിയ കോവിഡ് കേസുകള്‍ വീണ്ടും കുറഞ്ഞു; 246 രോഗമുക്തി.
✒️ഖത്തറില്‍ ഇന്ന് 117 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 246 പേരാണ് രോഗമുക്തി നേടിയത്. 72 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 45 പേര്‍. 2,209 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.
ഇന്ന് ഖത്തറില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 88 വയസ്സുകാരനാണ് മരിച്ചത്. ആകെ മരണം 577. രാജ്യത്ത് ഇതുവരെ 2,16,944 പേര്‍ രോഗമുക്തി നേടി. ആകെ കോവിഡ് കേസുകള്‍ 2,19,730. ഇന്ന് 7 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 155 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.
24 മണിക്കൂറിനിടെ 14,175 ഡോസ് വാക്‌സിന്‍ നല്‍കി. ആകെ 27,95,091 ഡോസ് വാക്‌സിനുകളാണ് ഇതിനകം നല്‍കിയത്.
🇦🇪യുഎഇയില്‍ 1969 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് രണ്ട് മരണം.
✒️യുഎഇയില്‍ 1,969 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,946 പേര്‍ സുഖം പ്രാപിക്കുകയും രണ്ട് പേര്‍ മരണപ്പെടുകയും ചെയ്തു.
പുതിയതായി നടത്തിയ 2,17,849 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 5,97,986 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,77,234 പേര്‍ രോഗമുക്തരാവുകയും 1,726 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,026 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🇸🇦സൗദി അറേബ്യയിൽ കൊവിഡ് മരണസംഖ്യ വീണ്ടും ഉയർന്നു; ഇന്ന് 19 മരണം.
✒️സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ചുള്ള മരണസംഖ്യയിൽ വീണ്ടും വർദ്ധനവ്. ഇന്ന് രാജ്യത്ത് വിവിധയിടങ്ങളിലായി 19 പേരാണ് മരിച്ചത്. 1,017 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. അതേസമയം ചികിത്സയിലുണ്ടായിരുന്നവരിൽ 1,133 പേർ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് ബാധിതരുടെ എണ്ണം 4,65,797 ആയി. ഇവരിൽ രോഗമുക്തരുടെ എണ്ണം 4,48,093 ആയി ഉയർന്നു. ആകെ മരണസംഖ്യ 7,572 ആയി.
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 10,132 ആയി ഉയർന്നു. ഇതിൽ 1,562 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്‍ത രോഗികളുടെ എണ്ണം: മക്ക 344, റിയാദ് 198, കിഴക്കൻ പ്രവിശ്യ 155, അസീർ 84, മദീന 68, ജീസാൻ 60, അൽഖസീം 40, നജ്റാൻ 23, ഹായിൽ 18, തബൂക്ക് 10, അൽബാഹ 10, വടക്കൻ അതിർത്തി മേഖല 5, അൽജൗഫ് 2. രാജ്യത്തെ കൊവിഡ് വാക്സിനേഷൻ കുത്തിവെപ്പ് 1,56,87,142 ഡോസ് ആയി.
🇴🇲ഒമാനിൽ ജനസംഖ്യയുടെ 12 ശതമാനം പേര്‍ കൊവിഡ് വാക്സിൻ സ്വീകരിച്ചു.
✒️ഒമാനിൽ ഇതിനോടകം 4,35,090 പേർ കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരില്‍ 2,64, 335 പേർക്ക് ആദ്യ ഡോസ് മാത്രം ലഭിച്ചവരാണ്. 1,70,755 പേർക്ക് രണ്ടു ഡോസുകളും ലഭിച്ചു കഴിഞ്ഞു. ഒമാനിലെ ജനസംഖ്യയുടെ 12 ശതമാനം പേർക്ക് വാക്സിൻ ലഭിച്ചു കഴിഞ്ഞതായും ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
🇴🇲ആശങ്ക ഒഴിയാതെ ഒമാൻ; നാലായിരത്തിലധികം പുതിയ കൊവിഡ് രോഗികൾ.
✒️ഒമാനിൽ കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ 4415 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. വ്യാഴാഴ്‍ച 1622 പേർക്കും വെള്ളിയാഴ്ച 1311 പേർക്കും ശനിയാഴ്‍ച 1482 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ 2,34,634 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
2,10,952 കൊവിഡ് രോഗികളാണ് ഇതുവരെ സുഖം പ്രാപിച്ചത്. പ്രതിദിന കൊവിഡ് മരണസംഖ്യയിലും ആശങ്ക തുടരുകയാണ്. വ്യാഴാഴ്‍ച 15 പേരും വെള്ളിയാഴ്‍ച ഏഴ് പേരും ശനിയാഴ്‍ച 24 പേരും ഉൾപ്പെടെ 46 പേരാണ് കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ കൊവിഡ് മൂലം ഒമാനിൽ മരണപ്പെട്ടിട്ടുള്ളത്. ഇവരുള്‍പ്പെടെ 2513 പേര്‍ ഇതിനോടകം ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിൽ 153 കൊവിഡ് രോഗികളെ രാജ്യത്തൊട്ടാകെയുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്ന 374 പേർ ഉൾപ്പെടെ, ഇപ്പോൾ 1180 രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്.
🇸🇦'തവക്കൽന' ആപ്പ് ഇന്ത്യയിൽ പ്രവർത്തിച്ചു തുടങ്ങി; അവധിയിൽ നാട്ടിലുള്ളവർക്ക് ഉപകാരപ്രദം.
✒️സൗദിയിലെ സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സ്ഥിതിവിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനായി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ നിലവിൽ വന്ന 'തവക്കൽന' ആപ്പ് ഞായറാഴ്ച മുതൽ ഇന്ത്യയിലും ലഭ്യമായി തുടങ്ങി. മുഴുവൻ ഗൾഫ് രാജ്യങ്ങളിലും ഭൂരിപക്ഷം അറബ് രാജ്യങ്ങളിലും യൂറോപ്പിലുമായി 75 രാജ്യങ്ങളിൽ ഇന്ന് മുതൽ ആപ്പ് പ്രവർത്തിക്കും.
സൗദിയിൽനിന്നും അവധിക്കായി വിവിധ രാജ്യങ്ങളിലേക്ക് പോയ പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണിത്. സൗദിയിൽനിന്നും വാക്സിൻ എടുത്തവരുടെ വിവരങ്ങൾ അപ്ഡേറ്റായി ലഭിക്കുന്ന ഏക ആപ്പാണിത്.
രണ്ട് വാക്സിനും സ്വീകരിച്ചവരോ ഒരു വാക്സിൻ എടുത്ത് 14 ദിവസങ്ങൾ കഴിഞ്ഞവരോ, നേരത്തെ കോവിഡ് രോഗം ബാധിച്ച് ഭേദമായവരോ ആയവരുടെ ആരോഗ്യ സ്ഥിതി കടും പച്ച നിറത്തിലാണ് തവക്കൽന ആപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ടാവുക. സൗദിയിലേക്ക് യാത്ര ചെയ്യുന്നവരുടെ തവക്കൽന ആപ്പ് സ്റ്റാറ്റസ് കടും പച്ച നിറത്തിലാണെങ്കിൽ അവർക്ക് രാജ്യത്ത് പ്രവേശിച്ചാൽ നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ആവശ്യമില്ല.
എന്നാൽ, ഇത് യാത്ര യാത്ര പുറപ്പെടും മുമ്പ് അതാത് വിമാനകമ്പനികളെ ബോധ്യപ്പെടുത്തിയാൽ മാത്രമേ ആ ആനുകൂല്യം ലഭിക്കുമായിരുന്നുള്ളൂ. തവക്കൽന ആപ്പ് സൗദിക്ക് പുറത്ത് അപ്ഡേറ്റ് ആയി പ്രവർത്തിക്കാതിരുന്നതിനാൽ നേരത്തെ നിരവധി ആളുകൾക്ക് ഈ ആനുകൂല്യം നഷ്ടപ്പെട്ടിരുന്നു.
🇸🇦സൗദിക്കകത്തുള്ളവർക്ക് ഹജ്ജ് രജിസ്‌ട്രേഷൻ ഇന്ന് മുതൽ ആരംഭിച്ചു; ഹജ്ജ് പാക്കേജുകളും നിലവിൽ വന്നു.
✒️ഈ വർഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെടാൻ സൗദിക്കകത്തുള്ള സ്വദേശികൾക്കും വിദേശികൾക്കും അപേക്ഷിക്കുന്നതിനുള്ള ഇലക്രോണിക് വെബ് പോർട്ടൽ നിലവിൽ വന്നു. https://localhaj.haj.gov.sa/LHB എന്ന ലിങ്ക് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ജൂൺ 23 ബുധനാഴ്ച രാത്രി 10 വരെ രജിസ്റ്റർ ചെയ്യാൻ അവസരമുണ്ടാകും.
ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് പ്രത്യേക മുൻഗണനയൊന്നും ഉണ്ടാകില്ല. 18നും 65 വയസ്സിനും ഇടയിൽ പ്രായമുള്ള കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കുള്ളിൽ ഹജ്ജ് നിർവഹിക്കാത്തവരായിരിക്കണം. വിട്ടുമാറാത്ത രോഗങ്ങളിൽനിന്ന് മുക്തമായിരിക്കണം.
കോവിഡിനെതിരെ രോഗപ്രതിരോധം നേടിയവരായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർ ജൂൺ 25 വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതൽ വീണ്ടും മന്ത്രാലയത്തിൻെറ വെബ്സൈറ്റ് സന്ദർശിച്ച് തങ്ങൾക്കനുയോജ്യമായ ഹജ്ജ് പാക്കേജ് തെരഞ്ഞെടുത്ത് വീണ്ടും ബുക്ക് ചെയ്യേണ്ടിവരും.
മൂന്ന് വിഭാഗം ഹജ്ജ് പാക്കേജുകളും സൗദി ഹജ്ജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. മിനായിലെ ടവർ ബിൽഡിങ്ങിൽ താമസസൗകര്യമുള്ള പാക്കേജിന് 16,560.50 റിയാൽ ആണ് നിരക്ക്. മിനായിലെ തമ്പുകളിൽ താമസ സൗകര്യമുള്ള രണ്ട് പാക്കേജുകളുണ്ട്. ഇതിൽ ഒന്നാം പാക്കേജിന് 14,381.95 റിയാലും രണ്ടാം പാക്കേജിന് 12,113.95 റിയാലുമാണ് നിരക്കുകൾ. 15 ശതമാനം നികുതി ഉൾപ്പെടാതെയുള്ള നിരക്കുകളാണിത്. നികുതി കൂടി ഉൾപ്പെടുത്തുമ്പോൾ പാക്കേജുകളുടെ നിരക്കുകൾ യഥാക്രമം 19,044.57, 16,539.24, 13,931.04 എന്നിങ്ങനെയാണ്.
ഹജ്ജിന് തെരഞ്ഞെടുക്കുന്നവർ തീർത്ഥാടകരുടെ യാത്രകലുടനീളം കൃത്യമായ കോവിഡ് മുൻകരുതലുകൾ പാലിച്ചുകൊണ്ട് ബസിലായിരിക്കും. ട്രെയിൻ സർവീസ് ഉണ്ടായിരിക്കില്ല. തീർത്ഥാടകരുടെ ശരീരോഷ്മാവ് നിരന്തരം പരിശോധിക്കാനായി മിനായിൽ മെഡിക്കൽ സംഘം ക്യാമ്പ് ചെയ്യും. പുണ്യനഗരിയിലുള്ള മൂന്ന് അടക്കം 13 ആശുപത്രികളാണ് തീർത്ഥാടകർക്കായി സജ്ജീകരിക്കുക.
🇦🇪യുഎഇയിലെ യാത്രാവിലക്ക്: ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്നത് നൂറുകണക്കിന് ആരോഗ്യ പ്രവര്‍ത്തകര്‍.
✒️കോവിഡുമായി ബന്ധപ്പെട്ടുള്ള യാത്രാവിലക്ക് കാരണം യുഎഇയിലേക്ക് വരേണ്ട നൂറുകണക്കിന് ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്നു. ഇവര്‍ക്ക് യുഎഇയിലേക്ക് മടങ്ങിയെത്തുന്നതിന് ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുഎഇ ഇന്ത്യന്‍ എംബസിയും സ്വകാര്യ ആശുപത്രികളും അധികൃതരെ സമീപിച്ചു.
ഏപ്രില്‍ 25ന് ആരംഭിച്ച വിമാന വിലക്ക് വീണ്ടും നീട്ടിയ സാഹചര്യത്തില്‍ ഇളവുകള്‍ തേടി അധികൃതരുമായി ചര്‍ച്ച നടത്തിവരികയാണെന്ന് സ്വകാര്യ ആശുപത്രികളുടെ വക്താക്കള്‍ അറിയിച്ചു. നാട്ടില്‍ കുടുങ്ങിയിട്ടുള്ള ആരോഗ്യപ്രവര്‍ത്തകര്‍ മുഴുവന്‍ വാക്‌സിനെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഗോള്‍ഡന്‍ വിസയുള്ളവര്‍, നയതന്ത്ര പ്രതിനിധികള്‍ തുടങ്ങിയവര്‍ക്ക് ലഭിക്കുന്ന ഇളവുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ബാധകമാക്കണമെന്നാണ് ആവശ്യം.
വിഷയം യുഎഇ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികം വൈകാതെ പരിഹാരമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യുഎഇ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കുമാര്‍ പറഞ്ഞു.
അഞ്ച് ഡോക്ടര്‍മാരും 50 നഴ്‌സുമാരും ഉള്‍പ്പെടെ തങ്ങളുടെ 125 ജീവനക്കാര്‍ ഇന്ത്യയില്‍ കുടുങ്ങിയതായി വിപിഎസ് ഹെല്‍ത്ത്‌കെയര്‍ അറിയിച്ചു. പുതുതായി റിക്രൂട്ട് ചെയ്ത 200 പേരും ഇങ്ങോട്ട് വരാനാവാത്ത സാഹചര്യത്തിലാണ്. യാത്രാനിരോധനം കാരണം 300 ജീവനക്കാര്‍ക്ക് മടങ്ങിവരാന്‍ പറ്റാത്ത സാഹചര്യമുള്ളതായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ വ്യക്തമാക്കി. തങ്ങളുടെ നിരവധി ജീവനക്കാര്‍ ഇന്ത്യയില്‍ ഉള്ളതായി തുമ്പെ ഹെല്‍ത്ത് കെയറും അറിയിച്ചു.
🛫അബുദാബി: ഗ്രീൻ പട്ടികയിൽ ജൂൺ 13 മുതൽ മാറ്റം വരുത്തി; ഈ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ക്വാറന്റീൻ ഒഴിവാക്കി നൽകും.
✒️എമിറേറ്റിലെത്തുന്ന വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടികയിൽ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) 2021 ജൂൺ 13 മുതൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. DCT-യുടെ കീഴിലുള്ള സർക്കാർ ടൂറിസം വെബ്‌പേജായ വിസിറ്റ് അബുദാബിയിലാണ് ഈ പുതുക്കിയ പട്ടിക പ്രസിദ്ധീകരിച്ചിട്ടുള്ളത്.
നേരത്തെ ഏപ്രിൽ 25-ന് പുറത്തിറക്കിയ പട്ടികയിൽ നിന്ന് താജികിസ്ഥാൻ, യു കെ എന്നീ രാജ്യങ്ങളെ ഒഴിവാക്കുകയും, മാൾട്ടയെ ഈ പട്ടികയിലേക്ക് ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നിലവിൽ 28 രാജ്യങ്ങളെയാണ് അബുദാബി ഗ്രീൻ പട്ടികയിൽ പെടുത്തിയിട്ടുള്ളത്. ആഗോള തലത്തിലുള്ള COVID-19 സാഹചര്യങ്ങൾ സമഗ്രമായി വിലയിരുത്തിയ ശേഷമാണ് DCT ഗ്രീൻ പട്ടിക തയ്യാറാക്കുന്നത്.
ഈ പട്ടികയിൽ പെടുന്ന രാജ്യങ്ങളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് താഴെ പറയുന്ന നിബന്ധനകൾ പാലിച്ച് കൊണ്ട് ക്വാറന്റീൻ ഒഴിവാക്കി നൽകുന്നതാണ്.
യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 PCR നെഗറ്റീവ് റിസൾട്ട് യാത്രികർ ഹാജരാക്കേണ്ടതാണ്.
അബുദാബിയിലെത്തിയ ശേഷം ഇവർക്ക് വിമാനത്താവളത്തിൽ വെച്ച് ഒരു COVID-19 PCR ടെസ്റ്റ് കൂടി നടത്തുന്നതാണ്. ഈ പരിശോധനയിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്ന, ഗ്രീൻ പട്ടികയിൽ ഉൾപ്പെടുത്തിയ യാത്രികർക്ക് ക്വാറന്റീൻ ഒഴിവാക്കി നൽകുന്നതാണ്. (മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് 10 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്.)
2021 ജൂൺ 13 മുതൽ അബുദാബി ഗ്രീൻ പട്ടികയിൽപ്പെടുത്തിയിട്ടുള്ള രാജ്യങ്ങൾ:
Australia
Azerbaijan
Bhutan
Brunei
China
Cuba
Germany
Greenland
Hong Kong (SAR)
Iceland
Israel
Japan
Kyrgyzstan
Malta
Mauritius
Moldova
Morocco
New Zealand
Portugal
Russia
Saudi Arabia
Singapore
South Korea
Spain
Switzerland
Taiwan, Province of China
United States of America
Uzbek
ഗ്രീൻ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക https://visitabudhabi.cn/en/plan-your-trip/covid-safe-travel/permitted-countries എന്ന വിലാസത്തിൽ ലഭ്യമാണ്.
COVID-19 വാക്സിൻ മുഴുവൻ ഡോസുകളും സ്വീകരിച്ചവർക്ക് (അവസാന ഡോസ് സ്വീകരിച്ച് 28 ദിവസം പൂർത്തിയാക്കിയ ശേഷം) ബഹ്‌റൈൻ, ഗ്രീസ്, സെർബിയ, സെയ്‌ഷെൽസ് എന്നിവിടങ്ങളിൽ നിന്ന് അബുദാബിയിലേക്ക് യാത്രചെയ്യുന്ന സാഹചര്യത്തിൽ ക്വാറന്റീൻ ഒഴിവാക്കിയിട്ടുണ്ടെന്നും വിസിറ്റ് അബുദാബി വെബ്‌പേജിൽ അറിയിച്ചിട്ടുണ്ട്.
🇰🇼കുവൈറ്റ്: ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഇന്ത്യൻ വിദേശകാര്യ വകുപ്പ് മന്ത്രി ഒപ്പ് വെച്ചു.
✒️ഇന്ത്യയിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളെ കുവൈറ്റിൽ നിയമിക്കുന്നത് സംബന്ധിച്ച ധാരണാപത്രത്തിൽ ഇന്ത്യൻ വിദേശകാര്യ വകുപ്പ് മന്ത്രി ഡോ. എസ്. ജയശങ്കർ ഒപ്പ് വെച്ചു. ഇരുരാജ്യങ്ങളുടെയും വിദേശകാര്യവകുപ്പുകളാണ് ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പ് വെച്ചത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണപ്രകാരം, ഇന്ത്യയിൽ നിന്ന് ഗാർഹിക തൊഴിലാളികളെ കുവൈറ്റിൽ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ സുഗമവും, സുതാര്യവുമായി മാറും. ഇത്തരം മേഖലകളിലെ ചൂഷണങ്ങളിൽ നിന്ന് ഗാർഹിക ജീവനക്കാർക്ക് സംരക്ഷണം ഉറപ്പാക്കുന്നതിനും ഈ നടപടി സഹായകമാകുന്നതാണ്.
കുവൈറ്റ് വിദേശകാര്യ മന്ത്രി ഡോ. അഹ്‌മദ് അൽ സബാഹ്, കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ H.E. സിബി ജോർജ്, കുവൈറ്റ് വിദേശകാര്യ വകുപ്പ് സഹമന്ത്രി മജ്ദി അൽ ദഫ്‌രി മുതലായവരുടെ സാന്നിധ്യത്തിലാണ് ഈ ധാരണാപത്രത്തിൽ ഡോ. എസ്. ജയശങ്കർ ഒപ്പ്‌വെച്ചത്. ഈ ധാരണാപത്രം നിലവിൽ വന്നതോടെ ഇന്ത്യയിൽ നിന്നുള്ള ഗാർഹിക ജീവനക്കാർക്ക് കുവൈറ്റിലെ നിയമസംവിധാനങ്ങളുടെ ചട്ടക്കൂടിനുള്ളിൽ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനും, നിയമപരിരക്ഷ ഉറപ്പാക്കുന്നതിനും സാധിക്കുന്നതാണ്.
തൊഴിലുടമയുടെയും, ഗാർഹിക തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകൾ ഈ ധാരണാപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ, ഗാർഹിക ജീവനക്കാർക്ക് ആവശ്യമായ സഹായങ്ങൾ 24 മണിക്കൂറും ഉറപ്പ് വരുത്തുന്നതിനുള്ള ഒരു സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള ഒരു കരാറും ഇതിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്.
🇰🇼കുവൈറ്റ്: കായിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് അനുമതി നൽകി.
✒️രാജ്യത്തെ കായിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് കുവൈറ്റ് ഒളിമ്പിക് കമ്മിറ്റി അനുമതി നൽകി. COVID-19-നെത്തുടർന്ന് ഏതാണ്ട് പതിനഞ്ച് മാസത്തോളമായി കായികമത്സരങ്ങൾ, കായിക പ്രവർത്തനങ്ങൾ മുതലായവയ്ക്ക് കുവൈറ്റ് വിലക്കേർപ്പെടുത്തിയിരിക്കുകയായിരുന്നു.
കുവൈറ്റ് ഒളിമ്പിക് കമ്മിറ്റിയുടെ ഈ പുതിയ അറിയിപ്പോടെ, രാജ്യത്ത് പ്രാദേശിക ക്ലബ് തലത്തിൽ ഉൾപ്പടെയുള്ള എല്ലാ പ്രായവിഭാഗങ്ങളുടെയും സ്പോർട്സ് പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. കർശനമായ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായാണ് ഈ പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്.
കുവൈറ്റ് ആരോഗ്യ മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുള്ള ആരോഗ്യ സുരക്ഷാ നിബന്ധനകൾ കൃത്യമായി പാലിക്കാൻ സ്പോർട്സ് ക്ലബുകൾ, സ്പോർട്സ് അസോസിയേഷനുകൾ മുതലായവയ്ക്ക് കമ്മിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. കായികപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന മുഴുവൻ പേരുടെയും സുരക്ഷ മുൻനിർത്തിയാണ് ഈ നിർദ്ദേശം.
0 Comments