🇸🇦സൗദി: പെർമിറ്റ്, സ്മാർട്ട് കാർഡ് എന്നിവ കൂടാതെ ഹജ്ജ് തീർത്ഥാടനം നടത്തുന്നതിന് അനുമതിയില്ല.
🇦🇪അബുദാബി: ഉപയോഗിച്ച മാസ്കുകൾ, കയ്യുറകൾ എന്നിവ റോഡുകളിൽ ഉപേക്ഷിക്കുന്നവർക്ക് മുന്നറിയിപ്പുമായി പോലീസ്.
🇴🇲ഒമാൻ: 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ജൂൺ 20 മുതൽ വാക്സിൻ നൽകും; ഓൺലൈൻ ബുക്കിംഗ് സംവിധാനം ആരംഭിച്ചു.
🇶🇦ജൂൺ 18 മുതൽ പ്രാബല്യത്തിൽ വരുന്ന COVID-19 നിയന്ത്രണങ്ങളിലെ ഇളവുകൾ: ഖത്തറിൽ മെട്രോ സേവനങ്ങൾ 30% ശേഷിയിൽ തുടരും.
🇦🇪അബുദാബി: ഗ്രീൻ പാസ് സംവിധാനം താത്കാലികമായി നിർത്തലാക്കി.
🇸🇦സൗദിയില്‍ 1,236 പേര്‍ക്ക് കൂടി കൊവിഡ്.
🇦🇪യുഎഇയില്‍ 1,942 പേര്‍ക്ക് കൂടി കൊവിഡ്, ആറു മരണം.
🇶🇦ഖത്തറില്‍ ഇന്ന് 184 പേര്‍ക്ക് കൂടി കൊവിഡ്; ഒരു മരണം.
🇴🇲ഒമാനിലെ ദാര്‍സൈറ്റിലെ അല്‍ മുജമ്മ റോഡ് അടച്ചു.
🇶🇦കൊവിഡ് നിയമലംഘനം; ഖത്തറില്‍ 298 പേര്‍ക്കെതിരെ കൂടി നടപടി.
🇰🇼കുവൈറ്റ്: വാക്സിനെടുത്ത സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് ഓഗസ്റ്റ് 1 മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് അനുമതി നൽകി.
🇶🇦ഖത്തറിൽ വാഹന പരിശോധന ക്യാമ്പയിന് തുടക്കം.
🇸🇦സൗദി: വിദേശ പൗരന്മാർ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുൻപ് വാക്സിനേഷൻ സ്റ്റാറ്റസ് ഓൺലൈനിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
വാർത്തകൾ വിശദമായി
🇸🇦സൗദി: പെർമിറ്റ്, സ്മാർട്ട് കാർഡ് എന്നിവ കൂടാതെ ഹജ്ജ് തീർത്ഥാടനം നടത്തുന്നതിന് അനുമതിയില്ല.
✒️ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനകാലത്ത് ഔദ്യോഗിക പെർമിറ്റ്, സ്മാർട്ട് കാർഡ് എന്നിവ ഇല്ലാത്തവർക്ക് ഹജ്ജ് അനുഷ്ഠിക്കുന്നതിന് അനുമതിയുണ്ടായിരിക്കില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. തീർത്ഥാടനവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന COVID-19 സുരക്ഷാ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം.
ഓരോ വ്യക്തിക്കും അനുവദിക്കുന്ന ഹജ്ജ് പെർമിറ്റ്, അവരുടെ ഇലക്ട്രോണിക് സ്മാർട്ട് കാർഡ്, ഐഡി കാർഡ് എന്നിവയുമായി ബന്ധപ്പെടുത്തിയിട്ടുണ്ടാകുമെന്ന് ഹജ്ജ്, ഉംറ വകുപ്പ് ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുൽ ഫത്തഹ് മഷാത് വ്യക്തമാക്കി. സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ മാത്രമാണ് ഹജ്ജ് പെർമിറ്റുകൾക്ക് അപേക്ഷിക്കാനാകുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രാലയം തങ്ങളുടെ ഓൺലൈൻ സംവിധാനത്തിലൂടെ പ്രഖ്യാപിച്ചിട്ടുള്ള ഹജ്ജ് പാക്കേജുകൾക്ക് പുറമെ, ഇത്തരം സേവനങ്ങൾ നൽകുന്നതായി ശ്രദ്ധയിൽപ്പെടുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റു സ്ഥാപനങ്ങൾക്ക് ഇത്തരം പെർമിറ്റുകൾ അനുവദിക്കാനുള്ള അനുമതിയില്ലെന്നും, ഇത്തരം നടപടികൾ നിയമലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷം ഹജ്ജ് പെർമിറ്റുകൾ ‘Absher’ സംവിധാനത്തിലൂടെ മാത്രമാണ് നൽകുന്നതെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഹജ്ജ് പാക്കേജുകൾ തിരഞ്ഞെടുക്കുന്നവരുടെ വിവരങ്ങൾ അവരുടെ ‘Absher’, ഐഡി എന്നിവയുമായി ബന്ധപ്പെടുത്തുന്നതാണ്.
എന്താണ് ഹജ്ജ് സ്മാർട്ട് കാർഡ്?
ഹജ്ജ് തീർത്ഥാടകർക്കായി സൗദി ഹജ്ജ് ആൻഡ് ഉംറ മന്ത്രാലയം ഒരുക്കുന്ന സേവനങ്ങളും, പ്രവർത്തനങ്ങളും സംയോജിപ്പിക്കുന്നതിനായാണ് രണ്ട് വർഷം മുൻപ് മന്ത്രാലയം ഈ പ്രത്യേക സ്‍മാർട്ട് കാർഡ് പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കിയത്. 2021-ലെ ഹജ്ജ് തീർത്ഥാടനത്തിൽ ഈ സ്മാർട്ട് കാർഡ് സംവിധാനം പ്രയോഗക്ഷമമാക്കുമെന്ന് ആ അവസരത്തിൽ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 2019-ലെ ഹജ്ജ് തീർത്ഥാടന വേളയിൽ ഈ സംവിധാനത്തിന്റെ പരീക്ഷണങ്ങളുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട തീർത്ഥാടകർക്ക് ഇത്തരം സ്‍മാർട്ട് കാർഡുകൾ നൽകിയിരുന്നു.
ഹൃസ്വ-ദൂര വയർലെസ്സ് സാങ്കേതികവിദ്യയായ നിയർ-ഫീൽഡ് കമ്മ്യൂണിക്കേഷൻ (NFC) അടിസ്ഥാനമാക്കിയാണ് ഈ സ്മാർട്ട് കാർഡ് സംവിധാനം പ്രവർത്തിക്കുന്നത്. ഈ സാങ്കേതികവിദ്യയിലൂടെ NFC ഉപകരണങ്ങൾക്ക് പരസ്പരം ആശയവിനിമയം നടത്താൻ സാധിക്കുന്നതാണ്. വിവിധ വിശൂദ്ധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള, തീർത്ഥാടകർക്ക് സ്വയം പ്രവർത്തിപ്പിക്കാവുന്ന, കിയോസ്ക് സംവിധാനങ്ങളിൽ ഈ കാർഡുകൾ ഉപയോഗിക്കാവുന്നതാണ്. ഈ കാർഡുകളിലടങ്ങിയ ബാർകോഡ് ഉപയോഗപ്പെടുത്തികൊണ്ട്, വിവിധ സേവനങ്ങൾക്കായി തീർത്ഥാടകരുടെ വിവരങ്ങൾ പരിശോധിക്കുന്നതിനും സാധിക്കുന്നതാണ്.
ഓരോ ഹജ്ജ് തീർത്ഥാടകർക്കും അനുവദിക്കുന്ന ഇത്തരം സ്‍മാർട്ട് കാർഡുകളിൽ, തീർത്ഥാടകരുടെ സ്വകാര്യ വിവരങ്ങൾ, മെഡിക്കൽ വിവരങ്ങൾ, റെസിഡൻഷ്യൽ വിവരങ്ങൾ തുടങ്ങിയവ ലഭ്യമാകുന്ന രീതിയിലാണ് മന്ത്രാലയം ഈ സംവിധാനം ഒരുക്കുന്നത്. ഓരോ വിശൂദ്ധ കേന്ദ്രങ്ങളിൽ നിന്നും തീർത്ഥാടകരെ തങ്ങളുടെ താമസയിടങ്ങളിലേക്ക് നയിക്കുന്നതിനും, ഓരോ വിശൂദ്ധ കേന്ദ്രങ്ങളിലേക്കും പ്രവേശനം ലഭ്യമാക്കുന്നതിനും, മറ്റു സേവനങ്ങൾക്കും ഈ സ്മാർട്ട് കാർഡ് ഉപയോഗിക്കുന്നതാണ്. നിയമാനുസൃതമല്ലാതെ എത്തുന്ന തീർത്ഥാടകരെ പരമാവധി കണ്ടെത്തി തടയുന്നതിനും ഈ സംവിധാനം സഹായകമാണ്.
2021-ലെ ഹജ്ജ് തീർത്ഥാടനം.
60000 ആഭ്യന്തര തീർത്ഥാടകർക്കാണ് ഈ വർഷം ഹജ്ജ് അനുഷ്ഠിക്കുന്നതിന് അനുമതി നൽകുന്നത്. 2021-ലെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള രജിസ്ട്രേഷൻ ജൂൺ 13 മുതൽ ആരംഭിച്ചിരുന്നു. രണ്ട് ഘട്ടങ്ങളായാണ് ഈ രജിസ്ട്രേഷൻ നടപ്പിലാക്കുന്നത്. 2021 ജൂൺ 13 മുതൽ ജൂൺ 23 വരെയുള്ള ആദ്യ ഘട്ടത്തിൽ http://localhaj.haj.gov.sa/ എന്ന വിലാസത്തിൽ തീർത്ഥാടനത്തിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. 2021 ജൂൺ 25 മുതലുള്ള രണ്ടാം ഘട്ടത്തിൽ ഇത്തരത്തിൽ ലഭിച്ചിട്ടുള്ള മുഴുവൻ രജിസ്ട്രേഷനുകളും തരംതിരിക്കുന്ന നടപടികളും, തീർത്ഥാടകരെ തിരഞ്ഞെടുക്കുന്ന നടപടികളും ആരംഭിക്കുന്നതാണ്.
നിലവിൽ സൗദിയിലുള്ള 18-നും, 65-നും ഇടയിൽ പ്രായമുള്ളവരായ പൗരന്മാർക്കും, പ്രവാസികൾക്കും മാത്രമാണ് രജിസ്റ്റർ ചെയ്യാൻ അനുമതി. രജിസ്റ്റർ ചെയ്യുന്നവർ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവരോ, ആദ്യ ഡോസ് വാക്സിനെടുത്ത ശേഷം 14 ദിവസം പൂർത്തിയാക്കിയവരോ, രോഗമുക്തി നേടിയ ശേഷം വാക്സിൻ സ്വീകരിച്ചവരോ ആയിരിക്കണമെന്നും, ഇവർക്ക് വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരിക്കരുതെന്നും സൗദി ഹജ്ജ്, ഉംറ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുത്തവർക്ക് രജിസ്റ്റർ ചെയ്യാൻ അനുമതിയില്ല.
ഈ വർഷത്തെ ഹജ്ജിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തികളും പ്രത്യേകമായി രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. ഹജ്ജിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് പുരുഷന്മാരായ രക്ഷകർത്താക്കൾ കൂടാതെ മറ്റു സ്ത്രീകൾക്കൊപ്പം രജിസ്ട്രേഷൻ പൂർത്തിയാക്കാൻ അനുമതി നൽകിയിട്ടുണ്ട്.
നിലവിൽ സൗദിയിലുള്ള എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഈ രജിസ്ട്രേഷനിൽ പങ്കെടുക്കാവുന്നതാണെന്ന് ഹജ്ജ്, ഉംറ വകുപ്പ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ രജിസ്റ്റർ ചെയ്യുന്നവരുടെ പൗരത്വം അടിസ്ഥാനമാക്കി പ്രത്യേക പരിഗണനകൾ ഉണ്ടാകില്ല. ഇതുവരെ ഹജ്ജ് അനുഷ്ഠിക്കാൻ അവസരം ലഭിക്കാത്ത, അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് പ്രത്യേക പരിഗണന നൽകുന്നതാണ്. പതിനെട്ട് വയസ്സിന് താഴെ പ്രായമുള്ളവർ, വാക്സിനെടുക്കാത്തവർ തുടങ്ങിയ വിഭാഗങ്ങൾക്ക് ഈ വർഷത്തെ തീർത്ഥാടന കാലയളവിൽ തീർത്ഥാടനവുമായി ബന്ധപ്പെട്ട പുണ്യസ്ഥാനങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല.
🇦🇪അബുദാബി: ഉപയോഗിച്ച മാസ്കുകൾ, കയ്യുറകൾ എന്നിവ റോഡുകളിൽ ഉപേക്ഷിക്കുന്നവർക്ക് മുന്നറിയിപ്പുമായി പോലീസ്.
✒️പൊതു ഇടങ്ങളിലും, റോഡുകളിലും ഉപയോഗിച്ച മാസ്കുകൾ, കയ്യുറകൾ എന്നിവ ഉപേക്ഷിക്കുന്നവർക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളുമെന്ന മുന്നറിയിപ്പ് അബുദാബി പോലീസ് ആവർത്തിച്ചു. പൊതുഇടങ്ങളിലും മറ്റും ഇത്തരം ഉപയോഗിച്ച സുരക്ഷാ ഉപകരണങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നത് സംബന്ധിച്ച മുന്നറിയിപ്പ് ജൂൺ 17-നാണ് അബുദാബി പോലീസ് ട്വിറ്ററിൽ പങ്ക് വെച്ചത്.
ഇത്തരത്തിൽ പൊതുഇടങ്ങളിൽ വാഹനങ്ങളിൽ നിന്നും മറ്റും മാലിന്യവസ്തുക്കൾ നിക്ഷേപിക്കുന്നത് തടയുന്നതിനുള്ള നിയമപ്രകാരം, ഉപയോഗിച്ച മാസ്കുകൾ, കയ്യുറകൾ മുതലായവ അലക്ഷ്യമായി വലിച്ചെറിയുന്നവർക്കെതിരെ 1000 ദിർഹം പിഴയും, 6 ബ്ലാക്ക് പോയിന്റുകളും ചുമത്തുന്നതാണെന്നും അബുദാബി പോലീസ് വ്യക്തമാക്കി. COVID-19 പശ്ചാത്തലത്തിൽ, ഉപയോഗിച്ച മാസ്കുകളും, മറ്റു സ്വകാര്യ ആരോഗ്യ സുരക്ഷാ ഉപകരണങ്ങളും പൊതു ഇടങ്ങളിൽ നിക്ഷേപിക്കുന്നത് രോഗവ്യാപനത്തിനും, പ്രകൃതി മലിനീകരണത്തിനും ഇടയാക്കുമെന്നും, സമൂഹത്തിന്റെ സുരക്ഷയ്ക്ക് ഇത് ഭീഷണിയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഇത്തരം സുരക്ഷാ ഉപകരണങ്ങൾ അവ നിർമാർജ്ജനം ചെയ്യുന്നതിനായി തയ്യാറാക്കിയിട്ടുള്ള പ്രത്യേക സംവിധാനങ്ങളിൽ മാത്രം നിക്ഷേപിക്കേണ്ടതാണ്. നിലവിലെ സാഹചര്യത്തിൽ ഇത്തരം മലിനവസ്തുക്കളിലൂടെ രോഗം വ്യാപിക്കുന്നതിനുള്ള സാധ്യത കണക്കിലെടുത്താണ് അധികൃതർ ഈ മുന്നറിയിപ്പ് ആവർത്തിച്ച് നൽകുന്നത്.
🇴🇲ഒമാൻ: 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ജൂൺ 20 മുതൽ വാക്സിൻ നൽകും; ഓൺലൈൻ ബുക്കിംഗ് സംവിധാനം ആരംഭിച്ചു.
✒️രാജ്യത്തെ 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് COVID-19 വാക്സിൻ നൽകുന്ന നടപടികൾ 2021 ജൂൺ 20 മുതൽ ആരംഭിക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജൂൺ 17-നാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
2021 ജൂൺ 6 മുതൽ ആരംഭിച്ചിട്ടുള്ള ഒമാനിലെ വിപുലീകരിച്ച ദേശീയ വാക്സിനേഷൻ പദ്ധതിയുടെ കീഴിലാണ് ഈ നടപടി. രാജ്യത്തെ 45 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾ, പൗരന്മാർ എന്നിവർക്ക് ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലെ കേന്ദ്രത്തിൽ നിന്ന് സൗജന്യമായി വാക്സിൻ കുത്തിവെപ്പ് നൽകുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലെ വാക്‌സിനേഷൻ കേന്ദ്രത്തിൽ നിന്ന് ഞായർ മുതൽ വ്യാഴം വരെയുള്ള ദിനങ്ങളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 മണിവരെയും, വൈകീട്ട് 3 മുതൽ രാത്രി 9 വരെയും കുത്തിവെപ്പ് ലഭിക്കുന്നതാണ്. വെള്ളി, ശനി ദിവസങ്ങളിൽ ഈ കേന്ദ്രത്തിൽ നിന്ന് രാവിലെ 9 മുതൽ വൈകീട്ട് 4 മണിവരെ സേവനങ്ങൾ ലഭിക്കുന്നതാണ്.
വാക്സിൻ സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക്, ഇതിനായി മുൻകൂർ അനുമതികൾ നേടുന്നതിനായി, മന്ത്രാലയം ഒരു ഓൺലൈൻ ബുക്കിംഗ് സംവിധാനം ആരംഭിച്ചിട്ടുണ്ട്. https://covid19.moh.gov.om/ എന്ന വിലാസത്തിൽ ഈ ഓൺലൈൻ ബുക്കിംഗ് സംവിധാനം ലഭ്യമാണ്. ‘Tarassud Plus’ ആപ്പിലൂടെയും ബുക്കിംഗ് നേടാവുന്നതാണ്. 45 വയസിന് മുകളിൽ പ്രായമുള്ളവരോട് വാക്സിനേഷൻ കേന്ദ്രത്തിലെത്തുന്നതിന് മുൻപായി ഈ ഓൺലൈൻ രെജിസ്ട്രേഷൻ പൂർത്തിയാക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിന് പുറമെ, ഒമാനിലെ സ്വകാര്യ ക്ലിനിക്കുകളിൽ നിന്ന് 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് പണമടച്ച് കൊണ്ട് COVID-19 വാക്സിൻ സ്വീകരിക്കാവുന്നതാണ്.
🇶🇦ജൂൺ 18 മുതൽ പ്രാബല്യത്തിൽ വരുന്ന COVID-19 നിയന്ത്രണങ്ങളിലെ ഇളവുകൾ: ഖത്തറിൽ മെട്രോ സേവനങ്ങൾ 30% ശേഷിയിൽ തുടരും.
✒️2021 ജൂൺ 18, വെള്ളിയാഴ്ച്ച മുതൽ നടപ്പിലാക്കുന്ന രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിലെ ഇളവുകളുടെ രണ്ടാം ഘട്ടത്തിൽ മെട്രോ സേവനങ്ങൾ, മറ്റു പൊതുഗതാഗത സംവിധാനങ്ങൾ എന്നിവ 30 ശതമാനം ശേഷിയിൽ സേവനങ്ങൾ തുടരുന്നതാണ്. ബസുകളിൽ പരമാവധി ശേഷിയുടെ 50 ശതമാനം പേർക്ക് അനുമതി എന്നതും തുടരുന്നതാണ്.
മെട്രോ, മറ്റു പൊതുഗതാഗത സംവിധാനങ്ങൾ എന്നിവ ആഴ്ച്ചയിൽ എല്ലാ ദിവസവും പ്രവർത്തിക്കുമെന്നും, ഇവയിലെ സേവനങ്ങൾ 30% ശേഷിയിൽ തുടരുമെന്നും ഖത്തർ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട് ആൻഡ് കമ്മ്യൂണിക്കേഷൻ വ്യക്തമാക്കി. മുഴുവൻ COVID-19 സുരക്ഷാ നിബന്ധനകളും തുടരുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
EHTERAZ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉള്ളവർക്ക് മാത്രമാണ് ഇത്തരം പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാൻ അനുമതി. മെട്രോ ഉൾപ്പടെയുള്ള പൊതുഗതാഗത സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് മാസ്കുകൾ നിർബന്ധമാണ്. പുകവലി, ഭക്ഷണപാനീയങ്ങളുടെ ഉപയോഗം എന്നിവ അനുവദിക്കുന്നതല്ല.
ഇളവുകളുടെ രണ്ടാം ഘട്ടം ജൂൺ 18 മുതൽ നടപ്പിലാക്കാനുള്ള തീരുമാനത്തിന് ഖത്തർ ക്യാബിനറ്റ് ജൂൺ 16-ന് അംഗീകാരം നൽകിയിരുന്നു. ഖത്തർ പ്രധാന മന്ത്രി H.E. ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽഅസീസ് അൽ താനിയുടെ നേതൃത്വത്തിൽ ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇളവുകളുടെ രണ്ടാം ഘട്ടം വെള്ളിയാഴ്ച്ച മുതൽ നടപ്പിലാക്കാനുള്ള തീരുമാനത്തിന് അംഗീകാരം നൽകിയത്. ഈ ഇളവുകൾ അനുവദിക്കുന്നതിന്റെ ആദ്യ ഘട്ടം 2021 മെയ് 28 മുതൽ ഖത്തർ നടപ്പിലാക്കിയിട്ടുണ്ട്.
രണ്ടാം ഘട്ട ഇളവുകളുടെ ഭാഗമായി, ജൂൺ 18 മുതൽ വിവാഹ ചടങ്ങുകൾക്ക് അനുമതി നൽകുന്നതിനും, കുട്ടികൾക്ക് മാളുകളിലേക്ക് പ്രവേശനം അനുവദിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
🇦🇪അബുദാബി: ഗ്രീൻ പാസ് സംവിധാനം താത്കാലികമായി നിർത്തലാക്കി.
✒️എമിറേറ്റിലെ വിവിധ പൊതു ഇടങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നതിനായി ഏർപ്പെടുത്തിയിരുന്ന ഗ്രീൻ പാസ് സംവിധാനം താത്കാലികമായി നിർത്തലാക്കിയതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. ജൂൺ 18, വെള്ളിയാഴ്ച്ച രാവിലെയാണ് അധികൃതർ ഇക്കാര്യമറിയിച്ചത്.
“എമിറേറ്റിലെ വിവിധ ഇടങ്ങളിലേക്ക് പ്രവേശനം നിയന്ത്രിക്കുന്നതിനായി ഏർപ്പെടുത്തിയിരുന്ന ഗ്രീൻ പാസ് സംവിധാനം ജൂൺ 18 വെള്ളിയാഴ്ച്ച മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ താത്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചിരിക്കുന്നു. അൽഹൊസൻ ആപ്പിൽ പുതിയതായി രെജിസ്റ്റർ ചെയ്യുന്നതിന് അനുഭവപ്പെട്ട പെട്ടന്നുള്ള തിരക്ക് മൂലമാണ് ഈ സാങ്കേതിക തകരാർ ഉടലെടുത്തത്. ഇത് എത്രയും വേഗം പരിഹരിക്കുന്നതിനുള്ള നടപടികൾ കൈക്കൊണ്ട് വരികയാണ്. മുഴുവൻ ഉപഭോക്താക്കൾക്കും സേവനങ്ങൾ ലഭ്യമാക്കുന്നതായി ഉറപ്പാക്കുന്നതോടെ ഗ്രീൻ പാസ് തിരികെ ഏർപ്പെടുത്തുന്നതാണ്.”, അബുദാബി മീഡിയ ഓഫീസ് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.
എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിന് ‘Alhosn’ ആപ്പ് ആവശ്യമായിവരുന്ന സാഹചര്യങ്ങളിൽ ആപ്പിന് പകരമായി നിലവിൽ SMS സന്ദേശം മുഖേന ലഭിച്ചിട്ടുള്ള പരിശോധനാ ഫലങ്ങൾ ഉപയോഗിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
അബുദാബി ഗ്രീൻ പാസുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന അൽഹൊസൻ ആപ്പിന്റെ പ്രവർത്തനം ജൂൺ 17-ന് വൈകീട്ട് മുതൽ താത്കാലികമായി തടസപ്പെട്ടതിനെത്തുടർന്നാണ് ഈ സംവിധാനം താത്കാലികമായി നിർത്തിവെക്കാൻ അധികൃതർ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട സാങ്കേതികതകരാറുകൾ പരിഹരിച്ച് വരുന്നതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) നേരത്തെ ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയിരുന്നു.
Alhosn ആപ്പ് ഉപയോഗിച്ച് കൊണ്ടുള്ള ഗ്രീൻ പാസ് മാനദണ്ഡങ്ങൾ നടപ്പിലാക്കിയതോടെ, ജൂൺ 15 മുതൽ അബുദാബിയിലെ നിവാസികൾക്കും, പൗരന്മാർക്കും ഷോപ്പിംഗ് മാളുകൾ, പൊതു പാർക്കുകൾ തുടങ്ങി ഒട്ടുമിക്ക പൊതു ഇടങ്ങളിലേക്കും പ്രവേശനം നേടുന്നതിന് Alhosn ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിർബന്ധമാക്കിയിട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ‘Alhosn’ ആപ്പിലെ പുതിയ ഉപഭോക്താക്കളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ ക്രമാതീതമായ വർധനവാണ് ആപ്പിന്റെ പ്രവർത്തനം തകരാറാകുന്നതിലേക്ക് നയിച്ച സാങ്കേതിക പ്രശ്നത്തിന് കാരണമെന്നാണ് നിലവിൽ അറിയാൻ കഴിയുന്നത്.
🇸🇦സൗദിയില്‍ 1,236 പേര്‍ക്ക് കൂടി കൊവിഡ്.
✒️സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,236 പേര്‍ക്ക് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരില്‍ 1,050 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 15 മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് കണ്ടെത്തി.
രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,71,959 ആയി. ഇവരില്‍ രോഗമുക്തരുടെ എണ്ണം 4,53,259 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 7,650 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 11,050 ആയി ഉയര്‍ന്നു. ഇതില്‍ 1,496 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.1 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 372, റിയാദ് 240, കിഴക്കന്‍ പ്രവിശ്യ 213, അസീര്‍ 115, ജീസാന്‍ 89, മദീന 65, അല്‍ഖസീം 48, നജ്‌റാന്‍ 24, അല്‍ബാഹ 21, ഹായില്‍ 18, തബൂക്ക് 18, വടക്കന്‍ അതിര്‍ത്തി മേഖല 9, അല്‍ജൗഫ് 4. രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ കുത്തിവെപ്പ് 16,355,544 ഡോസ് ആയി.
🇦🇪യുഎഇയില്‍ 1,942 പേര്‍ക്ക് കൂടി കൊവിഡ്, ആറു മരണം.
✒️യുഎഇയില്‍ 1,942 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,918 പേര്‍ സുഖം പ്രാപിക്കുകയും ആറുപേര്‍ മരണപ്പെടുകയും ചെയ്തു.
പുതിയതായി നടത്തിയ 2,53,007 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,08,070 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,87,160 പേര്‍ രോഗമുക്തരാവുകയും 1,747 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,163 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🇶🇦ഖത്തറില്‍ ഇന്ന് 184 പേര്‍ക്ക് കൂടി കൊവിഡ്; ഒരു മരണം.
✒️ഖത്തറില്‍ ഇന്ന് 184 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 79 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 105 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 143 പേര്‍ കൊവിഡില്‍ നിന്നും രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 217,901 ആയി. രാജ്യത്ത് ഇന്ന് കൊവിഡ് ബാധിച്ച് ഒരാളാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 582 ആയി.
🇴🇲ഒമാനിലെ ദാര്‍സൈറ്റിലെ അല്‍ മുജമ്മ റോഡ് അടച്ചു.
✒️ഒമാനില്‍ റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി ദര്‍സെയ്റ്റിലെ അല്‍ മുജമ്മ സ്ട്രീറ്റ് ഭാഗികമായി അടച്ചു. ജൂണ്‍ 23 ബുധനാഴ്ച വരെയാണ് മസ്‌കറ്റ് നഗരസഭ റോഡ് അടച്ചത്. റോയല്‍ ഒമാന്‍ പൊലീസുമായി സഹകരിച്ച് മേഖലയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാര്‍ മറ്റു വഴികള്‍ ഉപയോഗപ്പെടുത്തണമെന്നും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മസ്‌കറ്റ് നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്. പണികള്‍ക്ക് ശേഷം വ്യാഴാഴ്ച റോഡ് വീണ്ടും തുറന്നുനല്‍കുമെന്നും നഗരസഭ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
🇶🇦കൊവിഡ് നിയമലംഘനം; ഖത്തറില്‍ 298 പേര്‍ക്കെതിരെ കൂടി നടപടി.
✒️ഖത്തറില്‍ കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 298 പേര്‍ക്കെതിരെ കൂടി ആഭ്യന്തര മന്ത്രാലയം ഇന്നലെ നടപടിയെടുത്തു. പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കാത്തതിനാണ് 267 പേരെ പിടികൂടിയത്. സാമൂഹിക അകലം പാലിക്കാത്തതിന് 28 പേര്‍ പിടിയിലായി.
മൊബൈലില്‍ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് മൂന്നുപേരെയും പിടികൂടി. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക.
🇰🇼കുവൈറ്റ്: വാക്സിനെടുത്ത സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് ഓഗസ്റ്റ് 1 മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് അനുമതി നൽകി.
✒️COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ പ്രവാസികൾക്ക് 2021 ഓഗസ്റ്റ് 1 മുതൽ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകാൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചു. സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർക്കാണ് ഇത്തരത്തിൽ പ്രവേശനാനുമതി നൽകുന്നത്.
ഫൈസർ ബയോഎൻടെക്, ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക, മോഡർന എന്നീ വാക്സിനുകളുടെ രണ്ട് ഡോസ് കുത്തിവെപ്പ് എടുത്തവർ, അല്ലെങ്കിൽ ജോൺസൻ ആൻഡ് ജോൺസൻ COVID-19 വാക്സിനിന്റെ ഒരു ഡോസ് കുത്തിവെപ്പ് എടുത്തവർ എന്നീ വിഭാഗങ്ങളിലുള്ള പ്രവാസികൾക്ക് ഓഗസ്റ്റ് 1 മുതൽ കുവൈറ്റിലേക്ക് പ്രവേശിക്കാൻ അനുമതി നൽകിയതായി സർക്കാർ വക്താവ് താരീഖ് അൽ മെസ്‌രമാണ് അറിയിച്ചത്. ഇത്തരം യാത്രികർ, കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്. ഇത്തരത്തിൽ കുവൈറ്റിലേക്ക് പ്രവേശിക്കുന്നവർക്ക് രാജ്യത്തെത്തിയ ശേഷം 7 ദിവസം ക്വാറന്റീൻ നിർബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈറ്റിൽ നിന്ന് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ പ്രവാസികൾക്ക് വിദേശത്തേക്ക് യാത്ര ചെയ്ത ശേഷം തിരികെയെത്തുന്നതിനും അനുമതി നൽകുന്നതാണ്. കർശനമായ ആരോഗ്യ സുരക്ഷാ നിബന്ധനകളോടെയാണ് ഇത്തരം യാത്രകൾ അനുവദിക്കുന്നത്.
2021 ജൂൺ 27 മുതൽ രാജ്യത്തെ റെസ്റ്ററന്റുകൾ, കഫേ, ജിം, സലൂൺ, വലിയ മാളുകൾ തുടങ്ങിയ ഇടങ്ങളിലേക്കുള്ള പ്രവേശനം വാക്സിനെടുത്തവർക്ക് മാത്രമായി പരിമിതപ്പെടുത്താനും ക്യാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് പുതിയ വിസ അനുവദിക്കുന്നതിനും കുവൈറ്റ് ക്യാബിനറ്റ് തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.
🇶🇦ഖത്തറിൽ വാഹന പരിശോധന ക്യാമ്പയിന് തുടക്കം.
✒️ഖത്തറിൽ വാഹന പരിശോധന ക്യാമ്പയിന് തുടക്കം. രാജ്യത്തെ എല്ലാ നഗരസഭകളിലെയും ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പുകളില്‍ പരിശോധന നടത്തുന്നതിനുള്ള രാജ്യവ്യാപക ക്യാമ്പയിനാണിത് . വാണിജ്യ വ്യവസായ മന്ത്രാലയവും മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയവും സംയുക്തമായാണ് ഒരു മാസം നീളുന്ന പരിശോധന സംഘടിപ്പിക്കുന്നത്.
വര്‍ക്ഷോപ്പുകളിലെ ശുചിത്വം, കെട്ടിട നിയമലംഘനങ്ങള്‍, വാണിജ്യ പ്രവര്‍ത്തനങ്ങളിലെ നിയമലംഘനം, അനുമതി നല്‍കിയ ഷോപ്പുകള്‍ക്കു പുറത്ത് അനധികൃതമായി വാഹനങ്ങളുടെ അറ്റകുറ്റപ്പണി ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടെത്തുകയാണ് കാമ്ബയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. ആദ്യദിനത്തില്‍ ദആയിന്‍ മുനിസിപ്പാലിറ്റിക്കു കീഴിലെ വര്‍ക്ഷോപ്പുകളിലും കാര്‍ അറ്റകുറ്റപ്പണി ഷോപ്പുകളിലും അധികൃതര്‍ പരിശോധന നടത്തി. പൊതുശുചിത്വ നിയമം ലംഘിച്ചതിനും വാണിജ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട 2015ലെ അഞ്ചാം നമ്ബര്‍ നിയമം ലംഘിച്ചതിനുമായി 16 നിയമലംഘനങ്ങളാണ് പിടികൂടിയത്.
🇸🇦സൗദി: വിദേശ പൗരന്മാർ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുൻപ് വാക്സിനേഷൻ സ്റ്റാറ്റസ് ഓൺലൈനിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
✒️രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ വിദേശ പൗരന്മാരും, യാത്ര പുറപ്പെടുന്നതിന് മുൻപായി തങ്ങളുടെ വാക്സിനേഷൻ സ്റ്റാറ്റസ് ഓൺലൈൻ സംവിധാനങ്ങളിലൂടെ രജിസ്റ്റർ ചെയ്യേണ്ടതാണെന്ന അറിയിപ്പ് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്) ആവർത്തിച്ചു. ജൂൺ 16-ന് വൈകീട്ടാണ് ജവാസാത് ഇക്കാര്യം സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.
ജി സി സി പൗരന്മാർ, എല്ലാത്തരം പുതിയ വിസകളിലുമെത്തുന്ന യാത്രികർ, പ്രവാസികൾ, ഇവരുടെ ആശ്രിതവിസകളിലുള്ളവർ, COVID-19 വാക്സിൻ സ്വീകരിച്ചവർ, ഇതുവരെ വാക്സിനെടുക്കാത്തവർ എന്നിവർ ഉൾപ്പടെ മുഴുവൻ യാത്രികരോടും സൗദിയിൽ പ്രവേശിക്കുന്നതിന് മുൻപായി തങ്ങളുടെ വാക്സിനേഷൻ സ്റ്റാറ്റസ് തെളിയിക്കുന്നതിനായുള്ള വിവരങ്ങൾ ഓൺലൈനിലൂടെ നൽകുന്നതിനാണ് ജവാസത് ആഹ്വാനം ചെയ്തിരിക്കുന്നത്. ഓൺലൈനിലൂടെ ഈ രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നത് രാജ്യത്തേക്ക് പ്രവേശിക്കുന്ന വേളയിൽ എമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കുന്നതിനും, രാജ്യത്തേക്ക് പ്രവേശിക്കുന്ന കവാടങ്ങളിൽ കാത്ത് നിൽക്കുന്ന അവസ്ഥ ഒഴിവാക്കുന്നതിനും സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. മെയ് 21-നും ജവാസാത് സമാനമായ ഒരു അറിയിപ്പ് നൽകിയിരുന്നു.
രാജ്യത്തിന് പുറത്തുള്ള പൗരമാർ, പ്രവാസികൾ എന്നിവർക്ക്, വിദേശത്ത് വെച്ച് സ്വീകരിച്ച COVID-19 വാക്സിൻ വിവരങ്ങൾ ‘Tawakkalna’ ആപ്പിൽ രേഖപ്പെടുത്താനുള്ള സംവിധാനം ആരംഭിച്ചതായി ജൂൺ 7-ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. സൗദിയ്ക്ക് പുറത്ത് നിന്ന് സ്വീകരിച്ച വാക്സിൻ ഡോസ് സംബന്ധമായ വിവരങ്ങൾ ആരോഗ്യ മന്ത്രാലയവുമായി പങ്ക് വെക്കുന്നതിനുള്ള സംവിധാനം https://eservices.moh.gov.sa/CoronaVaccineRegistration/ എന്ന വിലാസത്തിലൂടെ ലഭ്യമാണെന്ന് മന്ത്രാലയം അറിയിച്ചിരുന്നു. സാധുതയുള്ള സൗദി നാഷണൽ, റെസിഡൻസി ഐഡിയുള്ളവർക്കാണ് ഈ സേവനം ഉപയോഗപ്പെടുത്താനാകുന്നത്. സൗദി നാഷണൽ ഐഡി, സൗദി റെസിഡൻസി ഐഡി എന്നിവ ഇല്ലാത്തവർക്ക്, സൗദി അറേബ്യ സന്ദർശിക്കുന്ന ആവശ്യങ്ങൾക്കായി വാക്സിനേഷൻ സംബന്ധമായ വിവരങ്ങൾ പങ്ക് വെക്കുന്നതിന് https://muqeem.sa/#/vaccine-registration/home എന്ന വിലാസം ഉപയോഗിക്കാവുന്നതാണ്.
0 Comments