Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ലൈവ് ന്യൂസ്‌ ഗൾഫ് വാർത്തകൾ

🛫പ്രവാസികള്‍ക്ക് ആശ്വാസം; റാപിഡ് പിസിആര്‍ പരിശോധന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു.

🇸🇦കൊവിഡ്: സൗദിയില്‍ ഇന്ന് 1,318 പുതിയ രോഗികള്‍.

🇴🇲കൊവിഡ്: ഒമാനില്‍ മൂവായിരം കടന്ന് മരണസംഖ്യ, 24 മണിക്കൂറിനിടെ 46 മരണം.

🇦🇪യുഎഇയില്‍ 2,040 പേര്‍ക്ക് കൊവിഡ്, ആറുമരണം.

🇰🇼കുവൈത്തില്‍ വാക്സിനെടുക്കാത്തവര്‍ പ്രവേശിച്ചാല്‍ സ്ഥാപനങ്ങള്‍ക്ക് 5000 ദിനാര്‍ പിഴ.

🇦🇪അബുദാബി: ജൂൺ 28 മുതൽ കൂടുതൽ ഇടങ്ങളിൽ EDE COVID-19 സ്കാനറുകൾ ഏർപ്പെടുത്താൻ തീരുമാനം.

🇸🇦സൗദി: ഐ.ടി മേഖലയിലെ സ്വദേശിവത്കരണം ജൂൺ 27 മുതൽ പ്രാബല്യത്തിൽ വന്നു.

🇸🇦സൗദി: 12 മുതൽ 18 വയസ് വരെ പ്രായമുള്ളവർക്ക് ഫൈസർ വാക്സിൻ നൽകുമെന്ന് ആരോഗ്യ മന്ത്രാലയം.

🇸🇦സൗദി: ഓഗസ്റ്റ് 1 മുതൽ തൊഴിലിടങ്ങളിൽ പ്രവേശിക്കുന്നതിന് COVID-19 വാക്സിൻ നിർബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം ഓർമ്മപ്പെടുത്തി.

🇧🇭ബഹ്‌റൈൻ: ജൂലൈ 1 മുതൽ ഡ്രൈവ്-ത്രൂ കേന്ദ്രങ്ങളുടെ പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തുന്നു.

🇦🇪യു എ ഇ: COVID-19 വൈറസിന്റെ വിവിധ വകഭേദങ്ങൾ രാജ്യത്ത് കണ്ടെത്തിയതായി NCEMA.

🇶🇦ഖത്തറില്‍ ഇന്ന് 118 പേര്‍ക്ക് കോവിഡ്; ആശുപത്രിയില്‍ 100ല്‍ താഴെ പേര്‍ മാത്രം.

🇦🇪ട്വന്റി ലോക കപ്പ് യുഎഇയില്‍ തന്നെ; ഔദ്യോഗികമായി പ്രഖ്യാപിച്ച് ഗാംഗുലി.

🇶🇦ഖത്തറില്‍ ഇനി ഐഡി കാര്‍ഡും ഡ്രൈവിങ് ലൈസന്‍സും കൈയില്‍ കരുതേണ്ട; എല്ലാം ഇ-വാലറ്റില്‍.

വാർത്തകൾ വിശദമായി

🛫പ്രവാസികള്‍ക്ക് ആശ്വാസം; റാപിഡ് പിസിആര്‍ പരിശോധന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു.

✒️യുഎഇയിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ റാപിഡ് പിസിആര്‍ പരിശോധനാ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ സിയാല്‍ ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. 

കേരളത്തില്‍ റാപിഡ് പി.സി.ആര്‍ പ്രചാരത്തിലില്ലാത്തതിനാല്‍, ഏറെ ശ്രമങ്ങള്‍ക്കുശേഷമാണ് ഇത്തരമൊരു സംവിധാനം സിയാല്‍ ഒരുക്കിയത്. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ അനുമതിയുള്ള ഹൈദരാബാദിലെ സാന്‍ഡോര്‍ മെഡിക് എയ്ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ലാബുമായി ചേര്‍ന്നാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. മണിക്കൂറില്‍ 200 പേരെ പരിശോധിക്കാം. ഫലം 30 മിനിറ്റിനുള്ളില്‍ ലഭിക്കും.  ഇതിനുപുറമെ, ആവശ്യമെങ്കില്‍ റാപിഡ് ആന്റിജന്‍ പരിശോധനയും സിയാലില്‍ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

ആവശ്യമെങ്കിൽ റാപിഡ് ആന്റിജൻ പരിശോധനയും സിയാലിൽ ഒരുക്കിയിട്ടുണ്ട്. തിങ്കളാഴ്ച സ്ഥാപിക്കപ്പെട്ട റാപിഡ് പി.സി.ആർ കേന്ദ്രത്തിന് പുറമെ സിയാലിൽ അന്താരാഷ്ട-ആഭ്യന്തര അറൈവൽ ഭാഗത്ത് മൂന്ന് ആർ.ടി.പി.സി.ആർ പരിശോധനാ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ടെന്ന് സിയാല്‍ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 

ദുബൈ സുപ്രീം കമ്മറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ജൂൺ 19ന് പുറപ്പെടുവിച്ച പുതിയ മാർഗനിർദേശം പ്രകാരം ഇന്ത്യയിൽ നിന്ന് ദുബൈയിലേക്കുള്ള യാത്രക്കാർക്ക് യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിന് മുമ്പെടുത്ത ആർ.ടി-പി.സിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്, നാല് മണിക്കുറിനുള്ള് തൊട്ടുമുമ്പെടുത്ത റാപിഡ്-പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്ക്, രണ്ട് ഡോസ് വാക്‌സിനെടുത്ത സർട്ടിഫിക്കറ്റ് എന്നിവ ആവശ്യമാണ്. ദുബൈയിൽ എത്തുന്ന യാത്രക്കാർ വീണ്ടും ആർ.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയരാകുകയും പരിശോധനാ ഫലം വരുന്നതുവരെ ഇൻസ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലിരിക്കുകയും വേണം.

🇸🇦കൊവിഡ്: സൗദിയില്‍ ഇന്ന് 1,318 പുതിയ രോഗികള്‍.

✒️സൗദി അറേബ്യയില്‍ പുതുതായി 1,318 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചെന്ന് കണ്ടെത്തി. രോഗബാധിതരില്‍ 1,290 പേര്‍ സുഖം പ്രാപിച്ചു. ചികിത്സയിലുണ്ടായിരുന്നവരില്‍ 14 പേര്‍ മരിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,84,539 ആയി. ഇവരില്‍ രോഗമുക്തരുടെ എണ്ണം 4,65,546 ആയി ഉയര്‍ന്നു. 

ആകെ മരണസംഖ്യ 7,785 ആയി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 345, കിഴക്കന്‍ പ്രവിശ്യ 302, റിയാദ് 247, അസീര്‍ 161, ജീസാന്‍ 93, മദീന 62, നജ്‌റാന്‍ 22, അല്‍ഖസീം 21, അല്‍ബാഹ 20, തബൂക്ക് 20, ഹായില്‍ 13, വടക്കന്‍ അതിര്‍ത്തി മേഖല 7, അല്‍ജൗഫ് 5. രാജ്യത്തെ കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് 17,351,007 ഡോസ് ആയി.

🇴🇲കൊവിഡ്: ഒമാനില്‍ മൂവായിരം കടന്ന് മരണസംഖ്യ, 24 മണിക്കൂറിനിടെ 46 മരണം.

✒️ഒമാനില്‍ ഇന്ന് 2,243  പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 46 പേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 2,64,302  ആയി.

ഇവരില്‍ 2,317,18 പേരാണ് രോഗമുക്തരായത്. ഇപ്പോള്‍ 87.7 ശതമാനമാണ് രോഗമുക്തി നിരക്ക്. 3,013 പേര്‍ക്കാണ് കൊവിഡ് കാരണം ഒമാനില്‍ ജീവന്‍ നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 197 കൊവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 1,650  ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 506 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.

🇦🇪യുഎഇയില്‍ 2,040 പേര്‍ക്ക് കൊവിഡ്, ആറുമരണം.

✒️യുഎഇയില്‍ 2,040 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,988 പേര്‍ സുഖം പ്രാപിക്കുകയും ആറുപേര്‍ മരണപ്പെടുകയും ചെയ്തു.

പുതിയതായി നടത്തിയ 2,32,544 പരിശോധനകളില്‍ നിന്നാണ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,28,976 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,07,606 പേര്‍ രോഗമുക്തരാവുകയും 1,802 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,568 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

🇰🇼കുവൈത്തില്‍ വാക്സിനെടുക്കാത്തവര്‍ പ്രവേശിച്ചാല്‍ സ്ഥാപനങ്ങള്‍ക്ക് 5000 ദിനാര്‍ പിഴ.

✒️കുവൈത്തിലെ മാളുകളും ജിമ്മുകളും അടക്കമുള്ള സ്ഥാപനങ്ങളില്‍ വാക്സിനെടുക്കാത്തവര്‍ പ്രവേശിച്ചാല്‍ സ്ഥാപനങ്ങള്‍ക്ക് 5000 ദിനാര്‍ (12 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴ ചുമത്തും. ഞായറാഴ്‍ച മുതലാണ് രാജ്യത്തെ പൊതുസ്ഥലങ്ങളില്‍ പ്രവേശനം വാക്സിനെടുത്തവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയത്. മാളുകള്‍, ജിമ്മുകള്‍, സലൂണുകള്‍, റെസ്റ്റോറന്റുകള്‍, കഫേകള്‍, ഹെല്‍ത്ത് ക്ലബ്ബുകള്‍ തുടങ്ങിയവയ്ക്കെല്ലാം ഇത് ബാധകമാണ്.

സര്‍ക്കാര്‍ നിര്‍ദേശം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പ്രത്യേക സംഘങ്ങള്‍ 24 മണിക്കൂറും പരിശോധന നടത്തുന്നുണ്ട്. സ്ഥാപനങ്ങള്‍ക്കുള്ളില്‍ വാക്സിനെടുക്കാത്തവര്‍ പ്രവേശിച്ചതായി കണ്ടെത്തിയാല്‍ പിഴ ചുമത്തും. രാജ്യത്തെ പ്രധാന മാളുകളില്‍ പരിശോധനയ്‍ക്കായി പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. ഇതിന് പുറമെ കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിരീക്ഷണവുമുണ്ട്.

മൊബൈല്‍ ആപ്ലിക്കേഷനുകളായ 'മൈ ഐഡന്റിറ്റി', 'ഇമ്മ്യൂണിറ്റി' എന്നിവ വഴിയാണ് പരിശോധന നടത്തുന്നത്. കൊവിഡ് വാക്സിന്റെ ഒരു ഡോസെങ്കിലും എടുത്തിട്ടുള്ളവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ പ്രവേശനം അനുവദിക്കും. ആപ്ലിക്കേഷനില്‍ രണ്ട് ഡോസുകള്‍ മുഴുവനായോ അല്ലെങ്കില്‍ ഒരു ഡോസ് മാത്രമായോ വാക്സിന്‍ സ്വീകരിച്ചതിനെ സൂചിപ്പിക്കുന്ന പച്ച അല്ലെങ്കില്‍ ഓറഞ്ച് കളര്‍ കോഡ് ഉള്ളവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാം. വാക്സിനെടുക്കാത്തതിനെ സൂചിപ്പിക്കുന്ന റെഡ് കളര്‍കോഡാണെങ്കില്‍ പ്രവേശനം നിഷേധിക്കും.

🇦🇪അബുദാബി: ജൂൺ 28 മുതൽ കൂടുതൽ ഇടങ്ങളിൽ EDE COVID-19 സ്കാനറുകൾ ഏർപ്പെടുത്താൻ തീരുമാനം.

✒️രോഗസാധ്യതയുള്ളവരെ കണ്ടെത്തുന്നതിനായുള്ള നൂതന EDE COVID-19 സ്കാനറുകൾ 2021 ജൂൺ 28 മുതൽ എമിറേറ്റിലെ കൂടുതൽ ഇടങ്ങളിൽ ഏർപ്പെടുത്താൻ തീരുമാനിച്ചിതായി അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി അറിയിച്ചു. COVID-19 രോഗബാധ കണ്ടെത്തുന്നതിന് EDE COVID-19 സ്കാനറുകൾ ഫലപ്രദമാണെന്ന് കണ്ടതിനെ തുടർന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് ഈ സംവിധാനത്തിന് ഔദ്യോഗിക അംഗീകാരം നൽകിയതിനെ തുടർന്നാണ് ഈ തീരുമാനം.

ഇതിന്റെ ഭാഗമായി, 2021 ജൂൺ 28, തിങ്കളാഴ്ച്ച മുതൽ അബുദാബിയിലെ വിവിധ ഷോപ്പിംഗ് മാളുകൾ, ഏതാനം റെസിഡൻഷ്യൽ ഏരിയകൾ, എമിറേറ്റിന്റെ എല്ലാ കര അതിർത്തികൾ, വിമാനത്താവളം എന്നീ ഇടങ്ങളിൽ ഈ EDE COVID-19 സ്കാനറുകൾ ഏർപ്പെടുത്തുന്നതാണ്. ഈ സ്കാനർ സംവിധാനത്തിലൂടെ നെഗറ്റീവ് ആണെന്ന് കണ്ടെത്തുന്നവർക്ക് പ്രവേശനം അനുവദിക്കുന്നതാണ്. അതെ സമയം ഒരു വ്യക്തിക്ക് COVID-19 രോഗബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഈ സ്കാനർ കണ്ടെത്തുന്ന സാഹചര്യത്തിൽ ഇവർക്ക് പ്രവേശനം നിഷേധിക്കുന്നതാണ്. ഇവർ 24 മണിക്കൂറിനിടയിൽ ഒരു PCR ടെസ്റ്റ് നടത്തേണ്ടതാണ്.

കഴിഞ്ഞ രണ്ട് ആഴ്ച്ചകളിൽ ഈ സ്കാനറുകൾ എമിറേറ്റിലെ ഏതാനം ഇടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചിരുന്നു. എമിറേറ്റിലേക്കുള്ള പ്രവേശന കവാടങ്ങളിലൊന്നായ ഗൻതൂത്, യാസ് ഐലൻഡിലെ ഏതാനം പൊതു ഇടങ്ങൾ, മുസഫ മേഖലയിലേക്ക് പ്രവേശനം നൽകുന്ന നിശ്ചിത ഇടങ്ങൾ മുതലായ മേഖലകളിൽ ഈ സ്കാനറിന്റെ പരീക്ഷണം വിജയം കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ സംവിധാനത്തിന്റെ ഉപയോഗം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള തീരുമാനം.

പരീക്ഷണ കാലയളവിൽ ഇത്തരം ഇടങ്ങളിൽ ഈ സ്കാനർ സംവിധാനത്തിലൂടെ 20000-ത്തിലധികം ആളുകളെ പരിശോധിച്ചെന്നും, ഇത്തരം പരിശോധനകൾ 93.5 ശതമാനം സംവേദനക്ഷമത, രോഗബാധിതരെ കണ്ടെത്തുന്നതിൽ 83 ശതമാനം കൃത്യത എന്നിവ പ്രകടമാക്കിയതായും അധികൃതർ അറിയിച്ചു. എമിറേറ്റിൽ PCR, DPI പരിശോധനകൾക്കൊപ്പം EDE സ്കാനറുകളും ഉപയോഗിക്കുമെന്ന് അബുദാബി ആരോഗ്യവകുപ്പ് അണ്ടർസെക്രട്ടറി ഡോ. ജമാൽ മുഹമ്മദ് അൽ കാബി വ്യക്തമാക്കി.

ജനക്കൂട്ടം അനുഭവപ്പെടുന്ന ഇടങ്ങളിലും മറ്റും COVID-19 രോഗബാധയുണ്ടെന്ന് സംശയിക്കുന്നവരെ വളരെ പെട്ടന്ന് കണ്ടെത്തുന്നതിന് EDE COVID-19 സ്കാനറിലൂടെ സാധിക്കുന്നതാണ്. ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനിയുടെ (IHC) കീഴിൽ EDE റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അബുദാബിയാണ് ഈ സ്കാനർ വികസിപ്പിച്ചെടുത്തത്. വൈദ്യുതകാന്തിക തരംഗങ്ങൾ ഉപയോഗിച്ച് കൊണ്ട്, COVID-19 വൈറസ് RNA കണികകളുടെ സാന്നിധ്യം കണ്ടെത്തുന്ന രീതിയിലാണ് ഈ സ്കാനർ പ്രവർത്തിക്കുന്നത്. വൈദ്യുതകാന്തിക തരംഗങ്ങൾ ഏൽക്കുമ്പോൾ RNA കണികകളിലുണ്ടാകുന്ന മാറ്റങ്ങൾ അളക്കുന്നതിലൂടെയാണ് ഈ സ്കാനർ രോഗബാധ കണ്ടെത്തുന്നത്.

പൊതു ഇടങ്ങളിലേക്കും മറ്റുമുള്ള പ്രവേശനകവാടങ്ങൾ പോലുള്ള ഇടങ്ങളിൽ ഒരേ സമയം ഒരു കൂട്ടം ആളുകളെ പരിശോധിക്കുന്നതിനും, ഇതിൽ നിന്ന് രോഗസാധ്യതയുള്ളവരെ കണ്ടെത്തുന്നതിനും ഈ സ്കാനർ സംവിധാനം പര്യാപ്തമാണ്. ദൂരെ നിന്ന് പരിശോധനകൾ നടത്തുന്നതിനൊപ്പം പരിശോധനാ ഫലങ്ങൾ തത്സമയം അറിയുന്നതിനും, രോഗസാധ്യതയുള്ളവരെ ഉടൻ തന്നെ കണ്ടെത്തുന്നതിനും ഈ സംവിധാനത്തിലൂടെ സാധ്യമാണ്.

🇸🇦സൗദി: ഐ.ടി മേഖലയിലെ സ്വദേശിവത്കരണം ജൂൺ 27 മുതൽ പ്രാബല്യത്തിൽ വന്നു.

✒️രാജ്യത്തെ കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി മേഖലയിൽ നടപ്പിലാക്കുന്ന സ്വദേശിവത്കരണ നടപടികൾ 2021 ജൂൺ 27, ഞായറാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്നതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) അറിയിച്ചു. സൗദിയിലെ സ്വകാര്യ മേഖലയിലുള്ള വാണിജ്യ സ്ഥാപനങ്ങളിലെ കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി തൊഴിലുകളിൽ സൗദി പൗരന്മാർക്ക് മുൻഗണന നൽകാൻ തീരുമാനിച്ചതായി HRSD മന്ത്രി സുലൈമാൻ അൽ രജ്‌ഹി 2020 ഒക്ടോബർ 5-ന് അറിയിച്ചിരുന്നു.

ഈ തീരുമാനപ്രകാരം, 2020 ഒക്ടോബറിൽ സൗദി HRSD കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി മേഖലയിലെ മുപ്പതോളം തൊഴിലുകൾ സ്വദേശിവത്കരണത്തിനായി തിരഞ്ഞെടുത്തിരുന്നു. കമ്മ്യൂണിക്കേഷൻ എഞ്ചിനീയർ, കമ്പ്യൂട്ടർ എഞ്ചിനീയർ, നെറ്റ്‌വർക്ക് എഞ്ചിനീയർ, സോഫ്റ്റ്‌വെയർ ഡെവലപ്പ്മെന്റ് സ്പെഷ്യലിസ്റ്റ്, ടെക്നിക്കൽ അനാലിസ്റ്റ്, ടെക്നിക്കൽ സപ്പോർട്ട് സ്പെഷ്യലിസ്റ്റ്, ബിസിനസ്സ് അനലിസ്റ്റ്, പ്രോഗ്രാമ്മർ മുതലായ തൊഴിലുകളാണ് HRSD തിരഞ്ഞെടുത്തിരുന്നത്.

അഞ്ചോ അതിലധികമോ ജീവനക്കാർ കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി പദവികളിൽ തൊഴിലെടുക്കുന്ന സൗദിയിലെ, ചെറുകിട തൊഴിൽ സ്ഥാപനങ്ങൾ ഒഴികെ, എല്ലാ സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്കും ഈ തീരുമാനം ബാധകമാണ്. ഇത്തരം സ്ഥാപനങ്ങളിൽ ഓരോ വിഭാഗങ്ങളിലും 25 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനാണ് HRSD തീരുമാനിച്ചിരിക്കുന്നത്.

ഈ തീരുമാനത്തോടെ സ്വകാര്യ മേഖലയിൽ സൗദി പൗരന്മാർക്ക് ഏതാണ്ട് 9000 പുതിയ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ബിരുദധാരികളായ സൗദി പൗരന്മാർക്ക് മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ നയത്തിന്റെ ഭാഗമാണ് ഈ തീരുമാനം.

🇸🇦സൗദി: 12 മുതൽ 18 വയസ് വരെ പ്രായമുള്ളവർക്ക് ഫൈസർ വാക്സിൻ നൽകുമെന്ന് ആരോഗ്യ മന്ത്രാലയം.

✒️രാജ്യത്തെ 12 മുതൽ 18 വയസ് വരെ പ്രായമുള്ളവർക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകാൻ തീരുമാനിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ പ്രായവിഭാഗക്കാർക്ക് വാക്സിൻ നൽകുന്നതിന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അംഗീകാരം നൽകിയ സാഹചര്യത്തിലാണ് ഈ തീരുമാനം.

ജൂൺ 27-ന് രാത്രിയാണ് സൗദി ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഈ വിഭാഗങ്ങളിലുൾപ്പടെ രാജ്യത്ത് COVID-19 വാക്സിൻ സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ‘Sehaty’ അല്ലെങ്കിൽ ‘Tawakkalna’ ആപ്പിലൂടെ ഇതിനായുള്ള ബുക്കിംഗ് പൂർത്തിയാക്കാവുന്നതാണ്.

രാജ്യത്തെ കൂടുതൽ ജനങ്ങളിലേക്ക് COVID-19 വാക്സിൻ എത്തിക്കുന്നതിന് ഈ തീരുമാനം സഹായകമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

🇸🇦സൗദി: ഓഗസ്റ്റ് 1 മുതൽ തൊഴിലിടങ്ങളിൽ പ്രവേശിക്കുന്നതിന് COVID-19 വാക്സിൻ നിർബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം ഓർമ്മപ്പെടുത്തി.

✒️2021 ഓഗസ്റ്റ് 1 മുതൽ രാജ്യത്തെ തൊഴിലിടങ്ങളിൽ പ്രവേശിക്കുന്നതിനും, സാംസ്‌കാരിക ചടങ്ങുകളിൽ പങ്കെടുക്കുന്നതിനും COVID-19 വാക്സിൻ സ്വീകരിച്ചിരിക്കണമെന്നത് നിർബന്ധമാണെന്ന അറിയിപ്പ് സൗദി ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു. രാജ്യത്തെ കൊറോണ വൈറസ് സാഹചര്യങ്ങളെക്കുറിച്ച് അറിയിക്കുന്നതിനായി ജൂൺ 27-ന് നടന്ന പത്രസമ്മേളനത്തിൽ സൗദി ആഭ്യന്തര മന്ത്രാലയം വക്താവ് ലെഫ്റ്റനന്റ് കേണൽ തലാൽ അൽ ഷൽഹൊയൂബാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സൗദി അറേബ്യ അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിൻ മുഴുവൻ ഡോസ് കുത്തിവെപ്പുകളും പൂർത്തിയാക്കിയവർക്കാണ് 2021 ഓഗസ്റ്റ് 1 മുതൽ രാജ്യത്തുടനീളമുള്ള സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, വാണിജ്യകേന്ദ്രങ്ങൾ മുതലായവയിലേക്ക് പ്രവേശിക്കാനാകുക എന്ന് അദ്ദേഹം ആവർത്തിച്ചു. സാംസ്‌കാരിക കേന്ദ്രങ്ങൾ, വിനോദ കേന്ദ്രങ്ങൾ, കായികവിനോദ കേന്ദ്രങ്ങൾ എന്നിവ സന്ദർശിക്കുന്നതിനും, രാജ്യത്ത് നടത്തുന്ന മുഴുവൻ സാംസ്‌കാരിക, സാമൂഹിക, വിനോദ, ശാസ്ത്രീയ പരിപാടികളിലേക്കും, ചടങ്ങുകളിലേക്കും പ്രവേശിക്കുന്നതിനും വാക്സിൻ നിർബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2021 ഓഗസ്റ്റ് 1 മുതൽ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമായിരിക്കും രാജ്യത്തെ തൊഴിലിടങ്ങളിലും, വാണിജ്യ കേന്ദ്രങ്ങളിലും പ്രവേശനം അനുവദിക്കുക എന്ന് സൗദി ആഭ്യന്തര മന്ത്രാലയം മെയ് 18-ന് വ്യക്തമാക്കിയിരുന്നു. രാജ്യത്തെ പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനും ഈ തീരുമാനം ബാധകമാക്കിയിട്ടുണ്ട്.

രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും അദ്ദേഹം ജനങ്ങളോട് പത്രസമ്മേളനത്തിൽ ആഹ്വാനം ചെയ്തു. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടയിൽ സൗദിയിൽ ഇത്തരം ലംഘനങ്ങൾക്ക് പതിനേഴായിരത്തിയലധികം പേർക്കെതിരെ നടപടിയെടുത്ത സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. COVID-19 മാനദണ്ഡങ്ങൾ മറികടന്ന് ഒത്ത് ചേരുന്നവർക്കെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത്തരം ഒത്ത് ചേരലുകളിൽ പങ്കെടുക്കുന്നവർക്കും, ഇവ സംഘടിപ്പിക്കുന്നവർക്കും കനത്ത പിഴ ഉൾപ്പടെയുള്ള ശിക്ഷകൾ നേരിടേണ്ടി വരുമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.

🇧🇭ബഹ്‌റൈൻ: ജൂലൈ 1 മുതൽ ഡ്രൈവ്-ത്രൂ കേന്ദ്രങ്ങളുടെ പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തുന്നു.

✒️2021 ജൂലൈ 1 മുതൽ രാജ്യത്തെ ഡ്രൈവ്-ത്രൂ COVID-19 ടെസ്റ്റിംഗ് കേന്ദ്രങ്ങളുടെ പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജൂൺ 17-ന് വൈകീട്ടാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഈ അറിയിപ്പ് നൽകിയത്.

ജൂലൈ 1 മുതൽ ഓഗസ്റ്റ് 31 വരെ രാജ്യത്തെ തുറന്ന തൊഴിൽ ഇടങ്ങളിൽ പ്രാബല്യത്തിൽ വരുന്ന നിർബന്ധിത മദ്ധ്യാഹ്ന ഇടവേള കണക്കിലെടുത്താണ് ഈ തീരുമാനം.

ഈ തീരുമാന പ്രകാരം ബഹ്‌റൈൻ ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ, റാഷിദ് ഇക്യുസ്ട്രിയൻ ആൻഡ് ഹോഴ്സ് റേസിംഗ് ക്ലബ്, മുഹറഖ് ഗവർണറേറ്റിലെ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന് സമീപത്ത് പ്രവർത്തിക്കുന്ന ഡ്രൈവ്-ത്രൂ പരിശോധനാ കേന്ദ്രം എന്നിവിടങ്ങളിൽ നിന്ന് താഴെ പറയുന്ന സമയക്രമത്തിലാണ് സേവനങ്ങൾ നൽകുന്നത്:

രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 മണിവരെ.

വൈകീട്ട് 4 മുതൽ രാത്രി 12 മണിവരെ.

🇦🇪യു എ ഇ: COVID-19 വൈറസിന്റെ വിവിധ വകഭേദങ്ങൾ രാജ്യത്ത് കണ്ടെത്തിയതായി NCEMA.

✒️COVID-19 വൈറസിന്റെ ആൽഫ, ബീറ്റ, ഡെൽറ്റ വകഭേദങ്ങൾ രാജ്യത്തെ രോഗബാധിതരിൽ കണ്ടെത്തിയതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു. ജൂൺ 27-ന് നടന്ന പത്രസമ്മേളനത്തിൽ യു എ ഇ ആരോഗ്യ രംഗത്തെ ഔദ്യോഗിക വക്താവ് ഡോ. ഫരീദ അൽ ഹൊസാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിൽ രാജ്യത്ത് രോഗബാധ പ്രകടമാകുന്നവരിൽ COVID-19 വൈറസിന്റെ ആൽഫ, ബീറ്റ, ഡെൽറ്റ വകഭേദങ്ങൾ കണ്ടെത്തിയതായും, ആഗോളതലത്തിൽ ഏറ്റവും കൂടുതൽ പേരിൽ കണ്ടെത്തുന്ന പരിവർത്തനം സംഭവിച്ച COVID-19 വൈറസ് വകഭേദങ്ങളാണിവയെന്നും അവർ അറിയിച്ചു. COVID-19 വാക്സിൻ കുത്തിവെപ്പെടുക്കുന്നവരിൽ രോഗബാധയേൽക്കാനുള്ള സാധ്യത വളരെ കുറവാണെന്നും, ഇത്തരക്കാർ രോഗബാധിതരാകുന്ന സാഹചര്യത്തിൽ രോഗബാധയുടെ തീവ്രത താരതമ്യേനെ കുറവാണെന്നും അവർ കൂട്ടിച്ചേർത്തു.

വാക്സിൻ രോഗബാധയെ പൂർണ്ണമായും തടയുന്നില്ലെങ്കിലും, ഗുരുതരമായ രോഗാവസ്ഥയിലേക്ക് നയിക്കുന്നത് തടയുന്നതിന് വാക്സിനിനുകൾ ഫലപ്രദമാണെന്ന് അവർ ചൂണ്ടിക്കാട്ടി.

🇶🇦ഖത്തറില്‍ ഇന്ന് 118 പേര്‍ക്ക് കോവിഡ്; ആശുപത്രിയില്‍ 100ല്‍ താഴെ പേര്‍ മാത്രം.

✒️ഖത്തറില്‍ ഇന്ന് 118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 145 പേരാണ് രോഗമുക്തി നേടിയത്. 68 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 50 പേര്‍. 1,744 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

ഖത്തറില്‍ ഇന്നും കോവിഡ് മരണമില്ല. ആകെ മരണം 588. രാജ്യത്ത് ഇതുവരെ 219,478 പേര്‍ രോഗമുക്തി നേടി. ഇന്ന് 9 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 99 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

24 മണിക്കൂറിനിടെ 33,714 ഡോസ് വാക്സിന്‍ നല്‍കി. ആകെ നല്‍കിയ വാക്സിന്‍ ഡോസുകളുടെ എണ്ണം 30,75,375 ആയി.

🇦🇪ട്വന്റി ലോക കപ്പ് യുഎഇയില്‍ തന്നെ; ഔദ്യോഗികമായി പ്രഖ്യാപിച്ച് ഗാംഗുലി.

✒️ഈ വര്‍ഷത്തെ ട്വന്റി20 ലോകകപ്പിന് യുഎഇയില്‍ നടക്കുമെന്നതിന് ഔദ്യോഗിക സ്ഥിരീകരണം. ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. യുഎഇ വേദിയാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പ്രഖ്യാപനം വരുന്നത് ഇപ്പോഴാണ്.

ഇന്ത്യയില്‍ കോവിഡ് നിയന്ത്രണ വിധേയമാകാത്തതും മൂന്നാം തരംഗത്തിന്റെ സാധ്യത നിലനില്‍ക്കുന്നതിനാലുമാണ് വേദി മാറ്റിയത്. ഇക്കാര്യം ഔദ്യോഗികമായി ഐസിസിയെ അറിയിച്ചിട്ടുണ്ടെന്നും ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ടൂര്‍ണമെന്റ് നടക്കുമെന്നും ഗാംഗുലി വ്യക്തമാക്കി.

ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ബിസിസിഐയ്ക്ക് നാല് ആഴ്ച്ചത്തെ സമയം ഐസിസി നല്‍കിയിരുന്നു. ഐപിഎല്‍ ഈ സീസണിലെ രണ്ടാം ഘട്ടത്തിനും വേദിയാകുന്നത് യു.എ.ഇയാണ്. സപതംബറിലാണ് ഐ.പി.എല്‍ മത്സരങ്ങള്‍ നടക്കുക.

🇶🇦ഖത്തറില്‍ ഇനി ഐഡി കാര്‍ഡും ഡ്രൈവിങ് ലൈസന്‍സും കൈയില്‍ കരുതേണ്ട; എല്ലാം ഇ-വാലറ്റില്‍.

✒️മെത്രാഷ്2 മൊബൈല്‍ ആപ്പില്‍ ഇ-വാലറ്റ് സംവിധാനമൊരുക്കി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ഇതോടെ ഖത്തര്‍ ഐഡി കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ രേഖകള്‍ കൈയില്‍ കരുതുന്നത് ഒഴിവാക്കാം. സെക്യൂരിറ്റി, ട്രാഫിക് പരിശോധനാ സമയത്ത് മൊബൈല്‍ ആപ്പില്‍ ഡിജിറ്റലായി സ്റ്റോര്‍ ചെയ്തിട്ടുള്ള രേഖകള്‍ കാണിച്ചാല്‍ മതിയാവുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പണം കൈകാര്യം ചെയ്യുന്നതിനുള്ള പേമെന്റ് വിവരങ്ങള്‍, പാസ്‌വേര്‍ഡ് തുടങ്ങിയവ സുരക്ഷിതമായി സൂക്ഷിക്കാനും ഇ-വാലറ്റ് സേവനം ഉപകരിക്കും.

സേവനങ്ങള്‍ മുഴുവന്‍ ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമാണ് ഇ-വാലറ്റ് സൗകര്യമെന്ന് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഇബ്രാഹിം അല്‍ ഹറമി പറഞ്ഞു. വ്യക്തിഗത രേഖകളുടെ ഡിജിറ്റല്‍ രേഖകള്‍ ലഭ്യമാക്കാനും ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ ഇടപാടുകളിലും ഉപയോഗിക്കാനും ഇ-വാലറ്റ് സേവനം ഉപയോഗിക്കാവുന്നതാണ്.

ഖത്തര്‍ ഐഡി, റെസിഡന്‍സ് പെര്‍മിറ്റ്, ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍, ഫാന്‍സി നമ്പറുകളുടെ ഉടമസ്ഥത തുടങ്ങിയ രേഖകള്‍ ഇ-വാലറ്റില്‍ ലഭ്യമാവും.

Post a Comment

0 Comments