🇸🇦സൗദിയില്‍ പുതിയ കൊവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നു.
🇴🇲ഒമാനില്‍ 2,234 പേര്‍ക്ക് കൂടി കൊവിഡ്, 43 മരണം.
🇶🇦കൊവിഡ് നിയമലംഘനം; ഖത്തറില്‍ 204 പേര്‍ക്കെതിരെ കൂടി നടപടി.
🇦🇪അബുദാബി: ഓഗസ്റ്റ് 20 മുതൽ പൊതു ഇടങ്ങളിൽ പ്രവേശിക്കുന്നതിന് വാക്സിനേഷൻ നിർബന്ധമാക്കാൻ തീരുമാനം.
🇴🇲ഒമാൻ: ജൂൺ 29 മുതൽ ജൂലൈ 8 വരെ തൊഴിൽ മന്ത്രാലയത്തിന്റെ ഓഫീസിലേക്ക് സന്ദർശകരെ അനുവദിക്കില്ല.
🇦🇪യുഎഇയില്‍ 2184 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് അഞ്ച് മരണം.
🇶🇦ഖത്തർ: QNCC-യിലെ വാക്സിനേഷൻ കേന്ദ്രം ജൂൺ 29-നും, അൽ വക്രയിലെ ഡ്രൈവ്-ത്രൂ വാക്സിനേഷൻ കേന്ദ്രം ജൂൺ 30-നും പ്രവർത്തനം അവസാനിപ്പിക്കും.
🇰🇼കുവൈറ്റ്: COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കാൻ പൊതുജനങ്ങളോട് ക്യാബിനറ്റ് ആഹ്വാനം ചെയ്തു.
🛫യു.എ.ഇ വിമാന യാത്രാ വിലക്ക് ജൂലൈ 21 വരെ നീട്ടിയെന്ന് ഇത്തിഹാദ് എയര്‍വേസ്.
🇰🇼കുവൈത്തില്‍ നിന്ന് 12 രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് ആരംഭിക്കാന്‍ അനുമതി.
🇶🇦ഖത്തറില്‍ ഇന്നും കോവിഡ് മരണമില്ല; 143 പേര്‍ക്ക് രോഗബാധ.
🇶🇦ഇന്ത്യയില്‍ കോവിഷീല്‍ഡ് ആദ്യ ഡോസ് എടുത്തവര്‍ ഖത്തറില്‍ രണ്ടാം ഡോസിന് രജിസ്റ്റര്‍ ചെയ്യേണ്ടത് എങ്ങിനെ:?
🇶🇦ഖത്തർ: COVID-19 വാക്സിനേഷൻ ബുക്കിങ്ങിനായി PHCC പുതിയ ആപ്പ് പുറത്തിറക്കി.
വാർത്തകൾ വിശദമായി
🇸🇦സൗദിയില്‍ പുതിയ കൊവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നു.
✒️സൗദി അറേബ്യയില്‍ പുതിയ കൊവിഡ് രോഗികളുടെ പ്രതിദിന എണ്ണം വീണ്ടും കുത്തനെ ഉയര്‍ന്നു. 24 മണിക്കൂറിനിടെ 1,567 പേര്‍ക്കാണ് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രോഗബാധിതരില്‍ 1,032 പേര്‍ സുഖം പ്രാപിച്ചു. ചികിത്സയിലുണ്ടായിരുന്നവരില്‍ 15 പേര്‍ മരിച്ചു.
രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,86,106 ആയി. ഇവരില്‍ രോഗമുക്തരുടെ എണ്ണം 4,66,578 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 7,804 ആയി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 403, റിയാദ് 328, കിഴക്കന്‍ പ്രവിശ്യ 326, അസീര്‍ 173, ജീസാന്‍ 94, മദീന 73, അല്‍ഖസീം 51, നജ്‌റാന്‍ 42, അല്‍ബാഹ 19, തബൂക്ക് 19, ഹായില്‍ 19, വടക്കന്‍ അതിര്‍ത്തി മേഖല 13, അല്‍ജൗഫ് 7. രാജ്യത്തെ കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് 17,526,621 ഡോസ് ആയി.
🇴🇲ഒമാനില്‍ 2,234 പേര്‍ക്ക് കൂടി കൊവിഡ്, 43 മരണം.
✒️ഒമാനില്‍ ഇന്ന് 2,234 പേര്‍ക്ക്കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 43 പേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 2,66,536 ആയി.
ഇവരില്‍ 2,33,287 പേരാണ് രോഗമുക്തരായത്. ഇപ്പോള്‍ 87.5 ശതമാനമാണ് രോഗമുക്തി നിരക്ക്. 3,056 പേര്‍ക്കാണ് കൊവിഡ് കാരണം ഒമാനില്‍ ജീവന്‍ നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 181 കൊവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 1,613 ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 525 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.
🇶🇦കൊവിഡ് നിയമലംഘനം; ഖത്തറില്‍ 204 പേര്‍ക്കെതിരെ കൂടി നടപടി.
✒️ഖത്തറില്‍ കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 204 പേര്‍ക്കെതിരെ കൂടി ആഭ്യന്തര മന്ത്രാലയം നടപടിയെടുത്തു. പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കാത്തതിനാണ് 198 പേരെ പിടികൂടിയത്.
മൊബൈലില്‍ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് ആറുപേരെയും പിടികൂടി. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക.
🇦🇪അബുദാബി: ഓഗസ്റ്റ് 20 മുതൽ പൊതു ഇടങ്ങളിൽ പ്രവേശിക്കുന്നതിന് വാക്സിനേഷൻ നിർബന്ധമാക്കാൻ തീരുമാനം.
✒️2021 ഓഗസ്റ്റ് 20 മുതൽ എമിറേറ്റിലെ ഏതാനം പൊതു ഇടങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമാക്കി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു. ജൂൺ 28-ന് രാത്രിയാണ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
എമിറേറ്റിൽ വാക്സിൻ സ്വീകരിക്കുന്നതിന് മുൻഗണന നൽകിയിട്ടുള്ള വിഭാഗങ്ങളിൽ ഏതാണ്ട് 93 ശതമാനത്തോളം പേർക്ക് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകിയ സാഹചര്യത്തിലാണ് ഇത്തരം ഒരു തീരുമാനം. ഈ തീരുമാന പ്രകാരം, അബുദാബിയിൽ 2021 ഓഗസ്റ്റ് 20 മുതൽ താഴെ പറയുന്ന ഇടങ്ങളിലേക്ക് വാക്സിനെടുത്തിട്ടുള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം നൽകുന്നത്:
ഷോപ്പിംഗ് മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ.
റെസ്റ്ററന്റുകൾ, കഫെ.
ജിം.
വിനോദ കേന്ദ്രങ്ങൾ.
കായികവിനോദ കേന്ദ്രങ്ങൾ.
വാണിജ്യ കേന്ദ്രങ്ങൾക്ക് പുറത്തുള്ള ചില്ലറവില്പനശാലകൾ. (ഫാർമസി, ചെറുകിട സൂപ്പർമാർക്കറ്റുകൾ എന്നിവയ്ക്ക് ബാധകമല്ല)
ഹെൽത്ത് ക്ലബ്.
റിസോർട്ട്.
മ്യൂസിയം, മറ്റു സാംസ്‌കാരിക കേന്ദ്രങ്ങൾ.
തീം പാർക്കുകൾ.
യൂണിവേഴ്സിറ്റികൾ, പഠനകേന്ദ്രങ്ങൾ.
സ്കൂൾ, നഴ്സറി.
ആരോഗ്യ കാരണങ്ങളാൽ COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കുന്നതിന് ബുദ്ധിമുട്ടുകളുള്ളവർ (ഇവർ നടപടിക്രമങ്ങൾ അനുസരിച്ച് ഈ ഇളവ് ഔദ്യോഗികമായി നേടിയിരിക്കണം; അൽ ഹൊസൻ ആപ്പിൽ ഈ സ്റ്റാറ്റസ് അടയാളപ്പെടുത്തിയിരിക്കണം), 15 വയസിന് താഴെ പ്രായമുള്ള കുട്ടികൾ എന്നീ വിഭാഗങ്ങൾക്ക് മാത്രമാണ് ഈ തീരുമാനത്തിൽ ഇളവ് അനുവദിച്ചിരിക്കുന്നത്.
അതേസമയം, രോഗസാധ്യതയുള്ളവരെ കണ്ടെത്തുന്നതിനായുള്ള നൂതന EDE COVID-19 സ്കാനറുകൾ 2021 ജൂൺ 28 മുതൽ എമിറേറ്റിലെ കൂടുതൽ ഇടങ്ങളിൽ ഏർപ്പെടുത്താൻ തീരുമാനിച്ചിതായി അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്.
🇴🇲ഒമാൻ: ജൂൺ 29 മുതൽ ജൂലൈ 8 വരെ തൊഴിൽ മന്ത്രാലയത്തിന്റെ ഓഫീസിലേക്ക് സന്ദർശകരെ അനുവദിക്കില്ല.
✒️എയർപോർട്ട് ഹൈറ്റ്സിൽ പ്രവർത്തിക്കുന്ന തങ്ങളുടെ ജനറൽ ഓഫീസിലേക്ക് 2021 ജൂൺ 29, ചൊവ്വാഴ്ച്ച മുതൽ സന്ദർശകർക്ക് താത്കാലികമായി പ്രവേശനം അനുവദിക്കില്ലെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. ജൂൺ 29 മുതൽ ജൂലൈ 8 വരെയാണ് ഈ ഓഫീസിലേക്ക് സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
ഒമാൻ സുപ്രീം കമ്മിറ്റിയുടെ നിർദ്ദേശപ്രകാരവും, ഏതാനം ജീവനക്കാരിൽ COVID-19 രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്നുമാണ് ഈ തീരുമാനമെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. ജൂൺ 28-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഈ കാലയളവിൽ മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾക്കായി ഉപഭോക്താക്കൾക്ക് http://www.mol.gov.om/ എന്ന തൊഴിൽ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഉപയോഗപ്പെടുത്താവുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി. മന്ത്രാലയത്തിൽ നിന്നുള്ള വിവരങ്ങൾ അറിയുന്നതിനായി 80077000 എന്ന ടോൾ-ഫ്രീ സംവിധാനം ഉപയോഗിക്കാവുന്നതാണ്.
🇦🇪യുഎഇയില്‍ 2184 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് അഞ്ച് മരണം.
✒️യുഎഇയില്‍ 2,184 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2,105 പേര്‍ സുഖം പ്രാപിക്കുകയും അഞ്ച് പേര്‍ മരണപ്പെടുകയും ചെയ്തു.
പുതിയതായി നടത്തിയ 2,81,043 പരിശോധനകളില്‍ നിന്നാണ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,31,160 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,09,711 പേര്‍ രോഗമുക്തരാവുകയും 1,807 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,642 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🇶🇦ഖത്തർ: QNCC-യിലെ വാക്സിനേഷൻ കേന്ദ്രം ജൂൺ 29-നും, അൽ വക്രയിലെ ഡ്രൈവ്-ത്രൂ വാക്സിനേഷൻ കേന്ദ്രം ജൂൺ 30-നും പ്രവർത്തനം അവസാനിപ്പിക്കും.
✒️ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (QNCC) പ്രവർത്തിക്കുന്ന COVID-19 വാക്സിനേഷൻ കേന്ദ്രം 2021 ജൂൺ 29-ന് പ്രവർത്തനം അവസാനിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി. അൽ വക്രയിൽ പ്രവർത്തിക്കുന്ന ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം 2021 ജൂൺ 30-ന് പ്രവർത്തനം അവസാനിപ്പിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
രാജ്യത്തെ വാണിജ്യ, വ്യവസായ മേഖലയിലെ വാക്സിനേഷൻ നടപടികൾ ത്വരിതപ്പടുത്തുന്നതിനായുള്ള ഖത്തർ വാക്‌സിനേഷൻ സെന്റർ ഫോർ ബിസിനസ് ആൻഡ് ഇൻഡസ്ട്രി സെക്ടർ പ്രവർത്തനമാരംഭിച്ച സാഹചര്യത്തിലാണ് മറ്റു കേന്ദ്രങ്ങൾ നിർത്തലാക്കുന്നത്. ലുസൈൽ ഡ്രൈവ്-ത്രൂ വാക്സിനേഷൻ കേന്ദ്രത്തിന്റെ പ്രവർത്തനം ജൂൺ 23-ന് നിർത്തലാക്കിയിരുന്നു.
രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഖത്തർ വാക്‌സിനേഷൻ സെന്റർ ഫോർ ബിസിനസ് ആൻഡ് ഇൻഡസ്ട്രി സെക്ടർ ആരംഭിച്ചിട്ടുള്ളത്. ഏതാണ്ട് മൂന്ന് ലക്ഷം സ്‌ക്വയർ മീറ്ററിൽ ഒരുക്കിയിട്ടുള്ള ഈ വാക്സിനേഷൻ കേന്ദ്രം ലോകത്തെ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ കേന്ദ്രങ്ങളിലൊന്നാണെന്ന് കരുതുന്നത്. 300 വാക്സിനേഷൻ സ്റ്റേഷനുകലുള്ള ഈ കേന്ദ്രത്തിൽ സേവനങ്ങൾ നൽകുന്നതിനായി 700 ജീവനക്കാരുണ്ട്. ഈ കേന്ദ്രത്തിൽ നിന്ന് പ്രതിദിനം 25000 ഡോസ് കുത്തിവെപ്പുകൾ നൽകുന്നതിനുള്ള ശേഷിയുണ്ട്.
🇰🇼കുവൈറ്റ്: COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കാൻ പൊതുജനങ്ങളോട് ക്യാബിനറ്റ് ആഹ്വാനം ചെയ്തു.
✒️പൊതു സമൂഹത്തിന്റെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി രാജ്യത്തെ ജനങ്ങളോട് COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കാൻ കുവൈറ്റ് ക്യാബിനറ്റ് ആഹ്വാനം ചെയ്തു. കുവൈറ്റ് പ്രധാനമന്ത്രി H.H. ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബായുടെ നേതൃത്വത്തിൽ ജൂൺ 28-ന് ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് പൊതുജനങ്ങളോട് അധികൃതർ ഇക്കാര്യം ഓർമ്മപ്പെടുത്തിയത്.
വാക്സിൻ സംബന്ധമായി സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വ്യാജ വാർത്തകളും, ഊഹാപോഹങ്ങളും വിശ്വസിക്കരുതെന്നും ക്യാബിനറ്റ് ജനങ്ങളോട് ആവശ്യപ്പെട്ടു. അടിസ്ഥാനമില്ലാത്ത ഇത്തരം വാർത്തകൾ പ്രചരിപ്പിക്കരുതെന്നും, അവ തള്ളിക്കളയാനും ക്യാബിനറ്റ് ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. രാജ്യത്തെ മുഴുവൻ ജനങ്ങളും വാക്സിൻ സ്വീകരിക്കുന്നത് സമൂഹത്തിൽ രോഗവ്യാപനം തടയുന്നതിന് വളരെയധികം ഫലപ്രദമായിരിക്കുമെന്ന് ക്യാബിനറ്റ് അറിയിച്ചു.
കുവൈറ്റിൽ നിന്ന് ജൂലൈ 1 മുതൽ 12 രാജ്യങ്ങളിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ പുനരാരംഭിക്കാനും ഇതേ യോഗത്തിൽ ക്യാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്. ബോസ്നിയ ആൻഡ് ഹെർസെഗോവിന, ബ്രിട്ടൺ, സ്പെയിൻ, യു എസ് എ, നെതർലൻഡ്‌സ്, ഇറ്റലി, ഓസ്ട്രിയ, ഫ്രാൻസ്, കിർഗിസ്ഥാൻ, ജർമ്മനി, ഗ്രീസ്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിലേക്കാണ് കുവൈറ്റിൽ നിന്ന് ജൂലൈ 1 മുതൽ വ്യോമയാന സേവനങ്ങൾ പുനരാരംഭിക്കുന്നത്. വാക്സിനെടുത്തിട്ടുള്ള കുവൈറ്റ് പൗരന്മാർ, അവരുടെ അടുത്ത ബന്ധുക്കൾ, ഇവരുടെ ഗാർഹിക ജീവനക്കാർ എന്നീ വിഭാഗങ്ങൾക്ക് ജൂൺ 29 മുതൽ രാജ്യത്തിന്റെ കര, കടൽ അതിർത്തികളിലൂടെ യാത്ര ചെയ്യുന്നതിനുള്ള അനുമതി നൽകുന്നതിനും ക്യാബിനറ്റ് യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
🛫യു.എ.ഇ വിമാന യാത്രാ വിലക്ക് ജൂലൈ 21 വരെ നീട്ടിയെന്ന് ഇത്തിഹാദ് എയര്‍വേസ്.
✒️യു.എ.ഇ വിമാന യാത്രാ വിലക്ക് ജുലൈ 21 വരെ നീട്ടി. ഇത്തിഹാദ് എയര്‍വേസിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക്. ജൂലൈ 21 വരെ വിമാനങ്ങള്‍ ഉണ്ടാവില്ലെന്ന് ഒരു യാത്രക്കാരിയുടെ ചോദ്യത്തിന് മറുപടിയായി ഇത്തിഹാദ് എയര്‍വേസ് ട്വീറ്റ് ചെയ്തു.
യു.എ.ഇ യാത്രാവിലക്ക് അനന്തമായി നീളുന്നത് മലയാളികളടക്കം ആയിരക്കണക്കിന് ഇന്ത്യക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ജൂണ്‍ 23ന് യാത്രാവിലക്ക് പിന്‍വലിച്ചതായി യു.എ.ഇ പ്രഖ്യാപിച്ചതോടെ തിരിച്ചുപോവാമെന്ന പ്രതീക്ഷയിലായിരുന്നു ഇവര്‍. എന്നാല്‍ വിമാനങ്ങള്‍ റദ്ദാക്കിയതോടെ ഇവരുടെ പ്രതീക്ഷകള്‍ അസ്മതിക്കുകയായിരുന്നു.
ഏപ്രില്‍ 25 മുതലാണ് യു.എ.ഇ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. ലീവിന് നാട്ടിലേക്ക് വന്ന പലര്‍ക്കും ലീവ് നീട്ടിക്കൊടുക്കാനാവില്ലെന്ന് കമ്പനികള്‍ അറിയിച്ചിട്ടുണ്ട്. ഇനിയും തിരിച്ചുപോവാന്‍ കഴിഞ്ഞില്ലെങ്കില്‍ ജോലി നഷ്ടപ്പെടുമോ എന്ന ഭീതിയിലാണ് ഇവര്‍.
🇰🇼കുവൈത്തില്‍ നിന്ന് 12 രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് ആരംഭിക്കാന്‍ അനുമതി.
✒️കുവൈത്തില്‍ നിന്ന് 12 വിദേശ രാജ്യങ്ങളിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് തുടങ്ങാന്‍ മന്ത്രിസഭയുടെ അനുമതി. ബോസ്നിയ ഹെർസെഗോവിന, ബ്രിട്ടന്‍, സ്‍പെയിന്‍, അമേരിക്ക, നെതര്‍ലന്‍ഡ്സ്, ഇറ്റലി, ഓസ്‍ട്രിയ, ഫ്രാന്‍സ്, കിര്‍ഗിസ്ഥാന്‍, ജര്‍മനി, ഗ്രീസ്, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്കാണ് ഔദ്യോഗിക അനുമതി ലഭിച്ചത്. ജൂലൈ ഒന്നാം തീയ്യതി മുതല്‍ ഈ രാജ്യങ്ങളിലേക്ക് കുവൈത്തില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസ് അറിയിച്ചു.
🇶🇦ഖത്തറില്‍ ഇന്നും കോവിഡ് മരണമില്ല; 143 പേര്‍ക്ക് രോഗബാധ.
✒️ഖത്തറില്‍ ഇന്ന് 143 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 180 പേരാണ് രോഗമുക്തി നേടിയത്. 83 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 60 പേര്‍. 1,744 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.
ഖത്തറില്‍ ഇന്നും കോവിഡ് മരണമില്ല. ആകെ മരണം 588. രാജ്യത്ത് ഇതുവരെ 2,19,658 പേര്‍ രോഗമുക്തി നേടി. ഇന്ന് 6 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 101 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.
24 മണിക്കൂറിനിടെ 33,669 ഡോസ് വാക്‌സിന്‍ നല്‍കി. ആകെ നല്‍കിയ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 31,09,044 ആയി.
🇶🇦ഇന്ത്യയില്‍ കോവിഷീല്‍ഡ് ആദ്യ ഡോസ് എടുത്തവര്‍ ഖത്തറില്‍ രണ്ടാം ഡോസിന് രജിസ്റ്റര്‍ ചെയ്യേണ്ടത് എങ്ങിനെ:?
✒️ഇന്ത്യയില്‍ കോവിഷീല്‍ഡിന്റെ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഖത്തറില്‍ രണ്ടാം ഡോസ് നല്‍കിത്തുടങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ ഖത്തറില്‍ എത്തിയ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തി. അസ്ട്രസെനക വാക്‌സിനാണ് ഖത്തറില്‍ രണ്ടാം ഡോസ് ആയി നല്‍കുന്നത്.
ആദ്യ ഡോസെടുത്ത് 12 മുതല്‍ 16 ആഴ്ചവരെ ഇടവേളക്കുശേഷം (84 ദിവസത്തിനുശേഷം) രണ്ടാം ഡോസ് എടുത്താല്‍ മതിയെന്നാണ് ഇന്ത്യാ ഗവണ്‍മെന്റിന്റെ ഏറ്റവും പുതിയ നിര്‍ദേശം. ഇതുപ്രകാരം രണ്ടാം ഡോസ് നാട്ടില്‍ സ്വീകരിക്കാനുള്ള സാഹചര്യമില്ലാത്തവര്‍ക്കാണ് ഖത്തറിന്റെ നിര്‍ദേശം പ്രയോജനം ചെയ്യുന്നത്.
രണ്ടാം ഡോസ് സ്വീകരിക്കേണ്ടവര്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ mzaman@hamad.qa എന്ന ഇ-മെയില്‍ വിലാസത്തില്‍ കോവിഷില്‍ഡ് ഫസ്റ്റ് ഡോസ് എടുത്തത്തിന്റെ സര്‍ട്ടിഫിക്കറ്റ് കോപ്പിയും ഖത്തര്‍ ഐ.ഡി കോപ്പിയും അയച്ച് അപ്പോയ്ന്‍മെന്റ് എടുക്കണം. സമീപ പ്രദേശങ്ങളിലെ പിഎച്ച്എസ്‌സിയെയും സമീപിക്കാം. തുടര്‍ന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍നിന്നും വാക്‌സിനേഷന്‍ തിയതിയും സമയവും അറിയിച്ച് സന്ദേശമെത്തും. വാക്സിന്‍ എടുക്കാന്‍ ചെല്ലുമ്പോള്‍ ഹെല്‍ത്ത് കാര്‍ഡ്, ഖത്തര്‍ ഐഡി, കോവിഷീല്‍ഡ് ഫസ്റ്റ് ഡോസ് വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് എന്നിവ കൈയില്‍ കരുതണം.
ഖത്തറില്‍നിന്ന് രണ്ടാംഡോസ് സ്വീകരിച്ച് ഒരാഴ്ച മുതല്‍ 10 ദിവസത്തിനുള്ളില്‍ ഇഹ്തിറാസ് ആപ്പില്‍ ‘വാക്‌സിനേറ്റഡ്’ എന്ന സ്റ്റാറ്റസ് കാണിക്കുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. എന്നാല്‍, രണ്ടാം ഡോസ് ഇവിടെ സ്വീകരിക്കുമ്പോള്‍ തന്നെ ഇരുഡോസുകളും എടുത്തതായി കാണിച്ച് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ പ്രത്യേക സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഇഹ്തിറാസ് അപ്‌ഡേറ്റ് ചെയ്യുന്നത് വരെ ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാം.
🇶🇦ഖത്തർ: COVID-19 വാക്സിനേഷൻ ബുക്കിങ്ങിനായി PHCC പുതിയ ആപ്പ് പുറത്തിറക്കി.
✒️COVID-19 വാക്സിനേഷൻ ഓൺലൈൻ ബുക്കിങ്ങിനായി ഖത്തറിലെ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (PHCC) പുതിയ ആപ്പ് പുറത്തിറക്കി. ‘Nar’aakom’ എന്ന ഈ ആപ്പ് ആപ്പിൾ, ആൻഡ്രോയിഡ് പ്ലാറ്റുഫോമുകളിൽ ലഭ്യമാണ്.
PHCC-യുടെ കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളിലെ സേവനങ്ങൾ എളുപ്പത്തിൽ ഉപയോഗിക്കുന്നതിനും, ഹെൽത്ത് കാർഡുകൾ ഓൺലൈനിലൂടെ അപേക്ഷിക്കുന്നതിനും, വാക്സിനേഷൻ ബുക്കിങ്ങുകൾ സംബന്ധിച്ചുള്ള നടപടികൾക്കായും ഈ സ്മാർട്ഫോൺ ആപ്പ് ഉപയോഗിക്കാവുന്നതാണ്. PHCC ഹെൽത്ത് കാർഡിന് അർഹതയുള്ള ഖത്തറിലെ പൗരന്മാർക്കും, പ്രവാസികൾക്കും ഈ ആപ്പ് ഉപയോഗിക്കാവുന്നതാണ്.
നിയുക്ത ആരോഗ്യ കേന്ദ്രം ഏതാണെന്ന് അറിയാത്ത വ്യക്തികൾക്ക് അത് കണ്ടെത്തുന്നതിനും ഈ ആപ്പ് ഉപയോഗിക്കാവുന്നതാണ്. QID കാലാവധി അവസാനിച്ചവർക്ക് ഈ ആപ്പിന്റെ സേവനം ഉപയോഗിക്കാനാവില്ല.
0 Comments