ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള യാത്രാ വിലക്ക് വീണ്ടും നീട്ടി.
ജൂലൈ ആറ് വരെയാണ് വിലക്ക് നീട്ടിയതെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് ചൊവ്വാഴ്ച അറിയിച്ചു. 14 ദിവസത്തിനിടെ ഇന്ത്യ സന്ദര്‍ശിച്ചിട്ടുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും യുഎഇയില്‍ പ്രവേശനം അനുവദിക്കില്ല. ഗൾഫിലേക്ക് മടങ്ങാനിരിക്കുന്ന പതിനായിരക്കണക്കിന് പ്രവാസികൾക്ക് തിരിച്ചടിയാണ് തീരുമാനം.
യാത്രാ വിലക്ക് ജൂണ്‍ 30 വരെ നീട്ടിയെന്നായിരുന്നു എമിറേറ്റ്സ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് പുറത്തുവിട്ട പുതിയ അറിയിപ്പിലാണ് ജൂലൈ ആറ് വരെ ഇന്ത്യയില്‍ നിന്ന് സര്‍വീസുകളുണ്ടാവില്ലെന്ന വിവരമുള്ളത്. കഴിഞ്ഞമാസം 25 നാണ് ഇന്ത്യയിൽ നിന്നുളള വിമാന സർവീസുകൾക്ക് യുഎഇ വിലക്കേർപ്പെടുത്തിയത്.
യുഎഇ സ്വദേശികൾ, നയതന്ത്ര ഉദ്യോഗസ്ഥർ, ഔദ്യോഗിക പ്രതിനിധികൾ, ബിസിനസുകാർ, ഗോൾഡൻ വീസയുള്ളവർ എന്നിവരെ യാത്രാ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവർ യുഎഇയിലെത്തിയാൽ പിസിആർ പരിശോധനയ്ക്ക് വിധേയരാകുകയും 10 ദിവസം ക്വാറന്റീനിൽ കഴിയുകയും വേണം. അതേസമയം, യുഎഇയിൽ നിന്ന് ഇന്ത്യയിലേയ്ക്കുള്ള വിമാന സർവീസുകള്‍ തുടരും. അവധിക്ക് നാട്ടിലേക്ക് മടങ്ങിയവരും വിസാകാലാവധി അവസാനിക്കാറായവരുമാണ് വിലക്ക് നീട്ടിയതോടെ പ്രതിസന്ധിയിലായത്.
പതിനായിരക്കണക്കിനു മലയാളികൾ യുഎഇയിലേക്ക് മടങ്ങാൻ കഴിയാതെ കേരളത്തിൽ കഴിയുകയാണ്. ഇവരുടെ മടക്കം ഇനിയും നീളും. ജൂലായ് ആദ്യ വാരത്തിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവർ ട്രാവൽ ഏജൻസികളെ ബന്ധപ്പെട്ട് യാത്ര പുനക്രമീകരിക്കണം എന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. യു എഇക്ക് പുറമേ ഒമാൻ, കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളും ഇന്ത്യക്കാർക്ക് നേരിട്ട് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. താമസ വിസക്കാർക്ക് ബഹ്റൈൻ, ഖത്തർ എന്നീ രാജ്യങ്ങൾ പ്രവേശനം അനുവദിക്കുന്നുണ്ട്.
0 Comments