🇸🇦സൗദി അറേബ്യയിൽ ആശ്വാസം; ഇന്ന് 1,253 പേർ കൂടി കൊവിഡ് മുക്തരായി.
🇴🇲ഒമാനിൽ രണ്ടാം ഡോസ് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നു.
🇦🇪യുഎഇയില്‍ ഇന്ന് 2188 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; അഞ്ച് മരണം.
🎙️ഔട്ട് പാസ് ലഭിച്ചു; നാട്ടിലേക്കുള്ള യാത്രക്കൊരുങ്ങി യുഎഇയില്‍ വധശിക്ഷയിൽ നിന്ന് മോചിതനായ ബെക്‌സ് കൃഷ്ണൻ.
🇶🇦കൊവിഡ് നിയമലംഘനം; ഖത്തറില്‍ 409 പേര്‍ക്കെതിരെ കൂടി നടപടി.
🇧🇭സൊട്രോവിമാബ് ആന്റിബോഡി ചികിത്സയ്ക്ക് ബഹ്‌റൈനിലും അനുമതി.
🕋ഹജ്ജ്: സൗദിയുടെ തീരുമാനം അനുസരിച്ചെന്ന് കേന്ദ്രമന്ത്രി.
🇸🇦സൗദി 17 വയസ് പൂർത്തിയായ പെൺകുട്ടികൾക്കും ഡ്രൈവിംഗ് ലൈസൻസ് നൽകും.
🇶🇦ഖത്തറില്‍ ഇന്ന് 192 പേര്‍ക്ക് കോവിഡ്; 325 രോഗമുക്തി.
🇴🇲ഒമാൻ: COVID-19 ടെസ്റ്റുകൾക്ക് അനുവദനീയമായതിൽ കൂടുതൽ തുക ഈടാക്കരുതെന്ന് സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾക്ക് മുന്നറിയിപ്പ്.
വാർത്തകൾ വിശദമായി
🇸🇦സൗദി അറേബ്യയിൽ ആശ്വാസം; ഇന്ന് 1,253 പേർ കൂടി കൊവിഡ് മുക്തരായി.
✒️സൗദി അറേബ്യക്ക് ആശ്വാസം പകർന്ന് കൊവിഡ് മുക്തരുടെ എണ്ണം ഉയരുന്നു. 24 മണിക്കൂറിനിടെ 1,253 പേരാണ് രോഗബാധയിൽ നിന്ന് സുഖം പ്രാപിച്ചത്. അതേസമയം 1,144 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ഇന്നും 16 മരണങ്ങൾ റിപ്പോർട്ട് ചെയതു.
രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 4,56,562 ആയി ഉയർന്നു. ഇതിൽ 4,39,459 പേർ രോഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,663 ആയി കുറഞ്ഞു. ഇവരിൽ 1,539 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
രാജ്യത്തെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ രോഗികളുടെ എണ്ണം: മക്ക 374, റിയാദ് 271, കിഴക്കൻ പ്രവിശ്യ 147, അസീർ 92, മദീന 71, ജീസാൻ 63, അൽഖസീം 44, തബൂക്ക് 23, അൽബാഹ 17, നജ്റാൻ 15, ഹായിൽ 15, വടക്കൻ അതിർത്തിമേഖല 10, അൽജൗഫ് 2. രാജ്യത്ത് ഇതുവരെ 14,740,631 ഡോസ് കൊവിഡ് വാക്സിൻ കുത്തിവെപ്പ് നടത്തി.
🇴🇲ഒമാനിൽ രണ്ടാം ഡോസ് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നു.
✒️ഒമാനില്‍ ആദ്യ ഡോസ് കൊവിഡ് വാക്സിന്‍ ലഭിച്ചവർക്കായി (ഞായറാഴ്ച) മുതൽ ആരോഗ്യ മന്ത്രാലയം രണ്ടാം ഡോസ് ക്യാമ്പയിൻ ആരംഭിക്കും. കൊവിഡ് പ്രതിരോധ വാക്സിനുകളുടെ ആദ്യ ഡോസ് ലഭിച്ചതിനു ശേഷം 10 ആഴ്ചയോ അതിൽ കൂടുതലോ പൂര്‍ത്തിയാക്കിയവര്‍ക്കായാണ് രണ്ടാം ഡോസ് ക്യാമ്പയിന്‍ ആരംഭിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
🇦🇪യുഎഇയില്‍ ഇന്ന് 2188 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; അഞ്ച് മരണം.
✒️യുഎഇയില്‍ 2,188 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2,150 പേര്‍ സുഖം പ്രാപിക്കുകയും അഞ്ച് പേര്‍ മരണപ്പെടുകയും ചെയ്തു.
പുതിയതായി നടത്തിയ 2,46,510 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 5,81,197 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,60,734 പേര്‍ രോഗമുക്തരാവുകയും 1,696 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 18,767 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🎙️ഔട്ട് പാസ് ലഭിച്ചു; നാട്ടിലേക്കുള്ള യാത്രക്കൊരുങ്ങി യുഎഇയില്‍ വധശിക്ഷയിൽ നിന്ന് മോചിതനായ ബെക്‌സ് കൃഷ്ണൻ.
✒️ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ ഇടപെടല്‍ കാരണം യുഎഇയില്‍ വധശിക്ഷയിൽ നിന്ന് മോചിതനായ ബെക്‌സ് കൃഷ്ണന് നാട്ടിലേക്ക് മടങ്ങി പോകുന്നതിനുള്ള ഔട്ട് പാസ് ലഭിച്ചു. യാത്രാ രേഖകൾ ലഭ്യമാക്കുന്നതുമായിബന്ധപ്പെട്ട് അബുദാബി ഇന്ത്യൻ എംബസ്സി ഉദ്യോഗ്സ്ഥർ കഴിഞ്ഞ ദിവസം ബെക്സിനെ സന്ദർശിച്ചിരുന്നു. മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി എത്രയും പെട്ടെന്ന് തന്നെ ബെക്സ് നാട്ടിലേക്ക് പോകുമെന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണികേഷൻസ് ഡയറക്ടർ വി. നന്ദകുമാർ പറഞ്ഞു.
വധശിക്ഷക്ക് വിധിക്കപ്പെട്ട് ജീവിതത്തിലെ സര്‍വ്വ പ്രതീക്ഷകളും അസ്തമിച്ച യുവാവിന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി രണ്ടാം ജന്മമാണ് നല്‍കിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അബുദാബി മുസഫയില്‍ വെച്ച് താന്‍ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാന്‍ ബാലന്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു തൃശ്ശൂര്‍ പുത്തന്‍ച്ചിറ ചെറവട്ട ബെക്‌സ് കൃഷ്ണന്റെ (Becks Krishnan,45) വധശിക്ഷ യൂസഫലിയുടെ ഇടപെടലില്‍ ഒഴിവായത്.
അപകടത്തില്‍ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചര്‍ച്ചകളുടെയും ദിയാധനമായി (ബ്ലഡ് മണി) 5 ലക്ഷം ദിര്‍ഹം (ഒരു കോടി രൂപ) നല്‍കിയതിന്റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദ് ചെയ്യാന്‍ കോടതി വഴി സാധ്യമായത്. 2012 സെപ്തംബര്‍ 7-നായിരുന്നു അബുദാബിയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ബെക്‌സിന്റെ ജീവിതം മാറ്റിമറിച്ച സംഭവം നടന്നത്. ജോലി സംബന്ധമായി മുസഫയിലേക്ക് പോകവെ സംഭവിച്ച കാറപടത്തില്‍ സുഡാന്‍ പൗരനായ കുട്ടി മരണപ്പെടുകയായിരുന്നു.
കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ നരഹത്യക്ക് കേസെടുത്ത അബുദാബി പൊലീസ് ബെക്‌സ് കൃഷ്ണനെതിരായി കുറ്റപത്രം സമര്‍പ്പിച്ചു. സിസിടിവി തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാര്‍ പാഞ്ഞു കയറിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞതിനാലാണ് മാസങ്ങള്‍ നീണ്ട വിചാരണകള്‍ക്ക് ശേഷം യുഎഇ സുപ്രീം കോടതി 2013ല്‍ ബെക്‌സിനെ വധശിക്ഷക്ക് വിധിച്ചത്.
അബുദാബി അല്‍ വത്ബ ജയിലില്‍ കഴിഞ്ഞിരുന്ന ബെക്‌സിന്റെ മോചനത്തിനായി കുടുംബം നടത്തിയ ശ്രമങ്ങള്‍ ഒന്നും ഫലവത്താകാതെ സര്‍വ്വപ്രതീക്ഷകളും തകര്‍ന്ന സമയത്താണ് ബന്ധു സേതു വഴി എം.എ.യൂസഫലിയോട് മോചനത്തിനായി ഇടപെടാന്‍ കുടുംബം അഭ്യര്‍ത്ഥിച്ചത്. കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ കുടുംബവുമായി യൂസഫലി നിരവധി തവണ ചര്‍ച്ചകള്‍ നടത്തുകയും കാര്യങ്ങള്‍ പറഞ്ഞ് അവരെ ബോധ്യപ്പെടുത്താനായതുമാണ് മോചനത്തിലേക്കുള്ള വഴി തെളിഞ്ഞത്. ഒരവസരത്തില്‍ ഇതിനായി സുഡാനില്‍ നിന്നും കുടുംബാംഗങ്ങളെ അബുദാബിയില്‍ കൊണ്ട് വന്ന് താമസിപ്പിക്കുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്.
വര്‍ഷങ്ങള്‍ നീണ്ട നിരന്തര ചര്‍ച്ചകള്‍ക്കും കൂടിക്കാഴ്ചകള്‍ക്കു ശേഷം മാപ്പ് നല്‍കാമെന്ന് ബാലന്റെ കുടുംബം കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ബെക്‌സിന്റെ കാരഗൃഹ വാസത്തിന് വിരാമമാകുന്നത്. നഷ്ടപരിഹാരമായി കോടതി 5 ലക്ഷം ദിര്‍ഹം ആവശ്യപ്പെട്ടപ്പോള്‍ യൂസഫലി തന്നെ അത് കഴിഞ്ഞ ജനുവരിയില്‍ കോടതിയില്‍ കെട്ടിവെക്കുകയാണുണ്ടായത്. ഇത് രണ്ടാം ജന്മമെന്ന് വിശേഷിപ്പിച്ച ബെക്‌സ്, അല്‍ വത്ബ ജയിലില്‍ തന്നെ കാണാന്‍ എത്തിയ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരെ കണ്ട് ബെക്‌സ് വിങ്ങിപ്പൊട്ടി.
ഇനിയൊരിക്കലും വീട്ടുകാരെ കാണുവാന്‍ സാധിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് നിറകണ്ണുകളോടെ ഉദ്യോഗസ്ഥരോട് പറഞ്ഞു. ജനിച്ച മണ്ണിലേക്ക് മടക്കമുണ്ടാകില്ലെന്ന് ഉറപ്പിച്ചിരുന്നു. ഒരു നിമിഷത്തെ കയ്യബദ്ധത്തില്‍ സംഭവിച്ച അപകടം സ്വന്തം ജീവിതം അവസാനിക്കുമെന്ന് ഉറപ്പിച്ച സമയത്താണ് ദൈവദൂതനെ പോലെ അദ്ദേഹത്തിന്റെ ഇടപെടല്‍. വീണ്ടും ജീവിതത്തിലേക്ക് മടങ്ങി വരാന്‍ കാരണക്കാരനായ എം.എ.യൂസഫലിയെ നേരില്‍ കാണാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. യൂസഫലിയെ കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന ബെക്‌സ് കൃഷ്ണന്‍.
വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരാളുടെ ജീവിതം തിരിച്ചു നല്‍കാന്‍ സാധ്യമായതില്‍ സര്‍വ്വശക്തനായ ദൈവത്തിന് നന്ദി പറയുന്നുവെന്നായിരുന്നു എം.എ.യൂസഫലിയുടെ പ്രതികരണം. യു.എ.ഇ. എന്ന രാജ്യത്തിന്റെയും ദീര്‍ഘദര്‍ശികളായ ഭരണാധികാരികളുടെയും മഹത്വമാണ് ഇതിലൂടെ കാണാന്‍ സാധിക്കുന്നത്. കൃഷ്ണനും കുടുംബത്തിനും ഒരു നല്ല ഭാവി ജീവിതം ആശംസിക്കുന്നുവെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.
🇶🇦കൊവിഡ് നിയമലംഘനം; ഖത്തറില്‍ 409 പേര്‍ക്കെതിരെ കൂടി നടപടി.
✒️ഖത്തറില്‍ കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 409 പേര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടിയെടുത്തു. പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കാത്തതിനാണ് 328 പേരെ പിടികൂടിയത്. സാമൂഹിക അകലം പാലിക്കാത്തതിന് 72 പേര്‍ പിടിയിലായി.
മൊബൈലില്‍ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് അഞ്ച് പേരെയും ക്വാറന്റീന്‍ നിയമങ്ങള്‍ ലംഘിച്ചതിന് നാലുപേരെയും പിടികൂടി. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക.
🇧🇭സൊട്രോവിമാബ് ആന്റിബോഡി ചികിത്സയ്ക്ക് ബഹ്‌റൈനിലും അനുമതി.
✒️കൊവിഡ് രോഗികള്‍ക്ക് സൊട്രോവിമാബ് ആന്റിബോഡി ചികിത്സ നല്‍കാന്‍ ബഹ്‌റൈനില്‍ അനുമതി. സൊട്രോവിമാബ് മരുന്നിന്റെ അടിയന്തര ഉപയോഗത്തിന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കിയിരുന്നു. സൊട്രോവിമാബ് വികസിപ്പിച്ച, ഹെല്‍ത്ത് കെയര്‍ രംഗത്ത് ലോകത്തിലെ മുന്‍നിര കമ്പനിയായ ജിഎസ്കെയുടെ ക്ലിനിക്കല്‍ ട്രയലുകളില്‍ ഇത് കൊവിഡ് രോഗികള്‍ക്ക് ഫലപ്രദമായ ചികിത്സയാണെന്ന് തെളിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മരുന്നിന്റെ അടിയന്തര ഉപയോഗത്തിന് ബഹ്‌റൈന്‍ അനുമതി നല്‍കിയത്.
നേരത്തെ യുഎഇയും കുവൈത്തും സൊട്രോവിമാബ് ചികിത്സയ്ക്ക് അനുമതി നല്‍കിയിരുന്നു. 85 ശതമാനം ഫലപ്രദമാണ് ഈ മരുന്നെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ശ്വേതരക്താണുക്കള്‍ ക്ലോണ്‍ ചെയ്ത് നിര്‍മിക്കുന്ന മോണോക്ലോണല്‍ ആന്റിബോഡിയാണ് സൊട്രോവിമാബ്. മരണനിരക്ക് കുറയ്ക്കാനും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നത് തടയാനും ഈ ചികിത്സ സഹായകമാണ്. കൊവിഡിന്റെ വകഭേദങ്ങളെ തടയാന്‍ ഈ മരുന്നിന് സാധിക്കുമെന്ന് പ്രീ ക്ലിനിക്കല്‍ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
🕋ഹജ്ജ്: സൗദിയുടെ തീരുമാനം അനുസരിച്ചെന്ന് കേന്ദ്രമന്ത്രി.
✒️ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനം സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. സൗദി സര്‍ക്കാറിന്റെ തീരുമാനത്തിന് അനുസരിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സൗദി സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരെ സൗദി വിലക്കിയിരുന്നു. ഈ വര്‍ഷം ഇതുവരെ തീരുമാനം വന്നിട്ടില്ല. കോവിഡ് കേസുകള്‍ വര്‍ധിക്കുകയും പുതിയ വകഭേദങ്ങളെ കുറിച്ചുള്ള ആശങ്കകള്‍ ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇത്തവണയും ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്താനാണ് സാധ്യത.
🇸🇦സൗദി 17 വയസ് പൂർത്തിയായ പെൺകുട്ടികൾക്കും ഡ്രൈവിംഗ് ലൈസൻസ് നൽകും.
✒️17 വയസ് പൂർത്തിയായ പെൺകുട്ടികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുമെന്ന് സൗദി അറേബ്യ. നിലവിൽ ആൺകുട്ടികൾക്ക് മാത്രമാണ് പതിനേഴാം വയസ്സിൽ ലൈസൻസ് അനുവദിക്കുന്നത്. വിദേശികളായ പെൺകുട്ടികൾക്കും 17 വയസ് പൂർത്തിയായാൽ ലൈസൻസ് അനുവദിക്കും. സൗദിയിൽ നിലവിൽ 17 വയസ് പൂർത്തിയായ ആൺകുട്ടികൾക്ക് മാത്രമായിരുന്നു ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ചത്. 18 വയസ്സിൽ പെൺകുട്ടികൾക്കും അനുവദിച്ചുപോന്നു. ഇനി രണ്ടു കൂട്ടർക്കും ഒരേ പ്രായത്തിൽ ലൈസൻസ് ലഭിക്കുമെന്നതാണ് പുതിയ തീരുമാനത്തിന്റെ പ്രത്യേകത. ഇതിനായി 17 വയസ് തികഞ്ഞ പെൺകുട്ടികൾ ആറു ഫോട്ടോകൾ, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഡ്രൈവിംഗ് സ്‌കൂളിനാണ് ലൈസൻസ് അപേക്ഷ നൽകേണ്ടത്. ഇവർക്ക് ഒരു വർഷ കാലാവധിയുള്ള ഡ്രൈവിംഗ് ലൈസൻസ് ആണ് അനുവദിക്കുക.
18 വയസ് പൂർത്തിയായ ശേഷം ലൈസൻസ് ദീർഘ കാലാവധിയോടെ മാറ്റി നൽകും. ശാരീരിക പ്രയാസങ്ങളുള്ളവർക്ക് ലൈസൻസ് അനുവദിക്കില്ല. 17 വയസ്സിൽ ലഭിക്കുന്ന ലൈസൻസിനും എല്ലാ തരത്തിലുള്ള ഗതാഗത നിയമങ്ങള്‍ ബാധകമാണ്. ഡ്രൈവിംഗ് സ്‌കൂളിൽ തിയറി പരീക്ഷയും ഡ്രൈവിംഗ് ടെസ്റ്റും പാസാകുന്നവർക്കാണ് ഡ്രൈവിംഗ് ലൈസൻസുകൾ അനുവദിക്കുക.
🇶🇦ഖത്തറില്‍ ഇന്ന് 192 പേര്‍ക്ക് കോവിഡ്; 325 രോഗമുക്തി.
✒️ഖത്തറില്‍ ഇന്ന് 192 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 325 പേരാണ് രോഗമുക്തി നേടിയത്. 122 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 69 പേര്‍. 2,939 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.
ഇന്ന് ഖത്തറില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. 58 വയസ്സുള്ളയാളാണ് മരിച്ചത്. ആകെ മരണം 566. രാജ്യത്ത് ഇതുവരെ 2,14,950 പേര്‍ രോഗമുക്തി നേടി. ആകെ കോവിഡ് കേസുകള്‍ 2,18,455. ഇന്ന് 6 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 189 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.
24 മണിക്കൂറിനിടെ 13,122 ഡോസ് വാക്‌സിന്‍ നല്‍കി. ആകെ 26,56,695ഡോസ് വാക്‌സിനുകളാണ് ഇതിനകം നല്‍കിയത്.
🇴🇲ഒമാൻ: COVID-19 ടെസ്റ്റുകൾക്ക് അനുവദനീയമായതിൽ കൂടുതൽ തുക ഈടാക്കരുതെന്ന് സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾക്ക് മുന്നറിയിപ്പ്.
✒️രാജ്യത്ത് COVID-19 ടെസ്റ്റുകൾ നടത്തുന്നതിന് അനുവദനീയമായതിൽ കൂടുതൽ തുക ഈടാക്കരുതെന്ന് സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങൾക്ക് ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CPA) മുന്നറിയിപ്പ് നൽകി. ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള ഫീ മാത്രമേ ഇത്തരം പരിശോധനകൾക്ക് ഇടാക്കാവൂ എന്നും അതോറിറ്റി കൂട്ടിച്ചേർത്തു.
ഒമാൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച് നൽകിയിട്ടുള്ള അറിയിപ്പുകൾ പ്രകാരമുള്ള തുകകൾ പാലിക്കാൻ സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങൾക്ക് ബാധ്യതയുണ്ടെന്ന് CPA ഓർമ്മപ്പെടുത്തി. ഒമാൻ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ’16/ 2021′ എന്ന ഉത്തരവിലെ തുകകൾ മാത്രമാണ് സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങൾക്ക് ഈടാക്കാൻ അനുമതി ഉള്ളതെന്നും, മഹാമാരിയുടെ മറവിൽ പൊതുജനങ്ങൾ ചൂഷണങ്ങൾക്ക് വിധേയരാകുന്നത് തടയുന്നതിനായാണ് ഇത്തരം നടപടികളെന്നും CPA വ്യക്തമാക്കി.
🇸🇦സൗദി: ഏതാനം വിഭാഗങ്ങൾക്ക് തൊഴിലിടങ്ങളിൽ നേരിട്ടെത്തുന്നതിൽ ഇളവ് അനുവദിക്കുന്ന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി.
✒️രാജ്യത്തെ പൊതു, സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന ഏതാനം വിഭാഗങ്ങൾക്ക് തൊഴിലിടങ്ങളിൽ നേരിട്ടെത്തുന്നതിൽ ഇളവ് അനുവദിക്കുന്ന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) അറിയിച്ചു. കൊറോണ വൈറസ് സാഹചര്യത്തിൽ ആരോഗ്യ കാരണങ്ങളാൽ പൊതുഇടങ്ങളിൽ നേരിട്ടെത്തുന്നതിൽ ബുദ്ധിമുട്ടുള്ള വിഭാഗങ്ങൾക്കാണ് ഇത്തരത്തിൽ ഇളവ് നൽകുന്നത്.
സൗദിയിലെ പബ്ലിക് ഹെൽത്ത് അതോറിറ്റിയുടെ അംഗീകാരത്തോടെയാണ് പുതുക്കിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.
താഴെ പറയുന്ന വിഭാഗങ്ങൾക്കാണ് സൗദിയിലെ പൊതു, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ നേരിട്ടെത്തുന്നതിൽ ഇളവ് അനുവദിക്കുന്നത്:
അറുപത് വയസിന് മുകളിൽ പ്രായമുള്ളവർ.
വിട്ടുമാറാത്ത ശ്വാസകോശസംബന്ധമായ ആസ്ത്മ പോലുള്ള ആരോഗ്യ പ്രശ്നങ്ങളുള്ളവർ. ഇവർക്ക് കഴിഞ്ഞ ആറ് മാസത്തിനിടെ ഈ രോഗസംബന്ധമായി ആശുപത്രി ചികിത്സ ആവശ്യമായി വന്നിട്ടുണ്ടെങ്കിലാണ് ഈ ഇളവ് ലഭിക്കുന്നത്.
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഒരു തവണയെങ്കിലും ഹാർട്ട് അറ്റാക്ക് വന്നിട്ടുള്ള ഹൃദയ സംബന്ധമായ രോഗങ്ങളുള്ളവർ.
പാരമ്പര്യമായി പ്രതിരോധ ശേഷി കുറവുള്ളവർ, അനീമിയ പോലുള്ള രോഗങ്ങളുള്ളവർ.
AIDS മൂലമോ, അവയവമാറ്റ ശസ്ത്രക്രിയ മൂലമോ, കാൻസർ മരുന്നുകളോ, മറ്റു മരുന്നുകളുടെയോ ഉപയോഗം മൂലം രോഗപ്രതിരോധ ശേഷി സംബന്ധമായ പ്രശ്നങ്ങളുള്ളവർ.
ഗുരുതരമായ പൊണ്ണത്തടിയുള്ളവർ.
ഗുരുതരമായ പ്രമേഹം (ആറ് മാസത്തിനിടെ ഈ രോഗസംബന്ധമായി ആശുപത്രി ചികിത്സ ആവശ്യമായി വന്നിട്ടുണ്ടെങ്കിൽ), ഉയർന്ന രക്തസമ്മർദം (ആറ് മാസത്തിനിടെ ഈ രോഗസംബന്ധമായി ആശുപത്രി ചികിത്സ ആവശ്യമായി വന്നിട്ടുണ്ടെങ്കിൽ), കിഡ്നി സംബന്ധമായ അസുഖങ്ങൾ, കരള്‍വീക്കം മുതലായ രോഗങ്ങളുള്ളവർ.
മാനസികമായ പ്രശ്നങ്ങളുള്ളവർ.
ഈ ഇളവ് ലഭിക്കുന്നതിനായി ഈ വിഭാഗങ്ങളിൽ പെടുന്നവർ തൊഴിലുടമകൾക്ക് തങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ തെളിയിക്കുന്ന മെഡിക്കൽ റിപ്പോർട്ട് നൽകേണ്ടതാണ്. മുകളിൽ പറഞ്ഞവരിൽ, ‘Tawakkalna’ ആപ്പിലെ സ്റ്റാറ്റസ് പ്രകാരം പൂർണ്ണമായും വാക്സിനെടുത്തവർ, ആദ്യ ഡോസ് വാക്സിനെടുത്തവർ, COVID-19 രോഗമുക്തരായവർ എന്നിവർക്ക് മേൽ പറഞ്ഞ ഇളവ് ലഭിക്കുന്നതല്ല.
0 Comments