സ്വകാര്യ ആശുപത്രികളിൽ വാക്സിനുകൾക്ക് ഈടാക്കാവുന്ന പരമാവധി വില നിശ്ചയിച്ച് കേന്ദ്രസർക്കാർ ഉത്തരവിറങ്ങി.
സ്വകാര്യ ആശുപത്രികൾ വാക്സിന് വില കൂട്ടി വിൽപ്പന നടത്തി ലാഭമുണ്ടാക്കുന്നുവെന്ന ആരോപണത്തെ തുടർന്നാണ് കേന്ദ്രസർക്കാർ നടപടി.
കേന്ദ്ര ഉത്തരവ് പ്രകാരം കോവിഷീൽഡ് വാക്സിന് പരമാവധി 780 രൂപയും കോവാക്സിന് പരമാവധി 1410 രൂപയും റഷ്യൻ നിർമിത വാക്സിനായ സ്പുട്നിക്-വി വാക്സിന് 1145 രൂപയും ഈടാക്കാം. ടാക്സ്, 150 രൂപ സർവീസ് ചാർജ് എന്നിവ ഉൾപ്പെടെയാണ് ഈ നിരക്ക്.
സ്വകാര്യ ആശുപത്രികൾ വാക്സിനേഷന് 150 രൂപയിൽ കൂടുതൽ സർവീസ് ചാർജ് ഈടാക്കരുതെന്നും സ്വകാര്യ ആശുപത്രികളിലെ വാക്സിൻ വിതരണം സംസ്ഥാന സർക്കാരുകൾ നിരീക്ഷിക്കണമെന്നും കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്.
രോഗികളുടെ എണ്ണവും ജനസംഖ്യയും കണക്കാക്കിയാകും സംസ്ഥാനങ്ങൾക്ക് വാക്സീൻ വിതരണമെന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ പുതുക്കിയ മാര്‍ഗ്ഗരേഖ നേരത്തെ വിശദമാക്കിയിരുന്നു. വാക്സീൻ വിതരണം വീണ്ടും ഏറ്റെടുത്ത ശേഷമുള്ള പുതുക്കിയ മാര്‍ഗ്ഗരേഖയാണ് കേന്ദ്രം പുറത്തിറക്കിയത്. ജനസംഖ്യ, രോഗികളുടെ എണ്ണം, വാക്സീൻ വിതരണത്തിലെ കാര്യക്ഷമത എന്നിവ കണക്കാക്കിയാകും സംസ്ഥാനങ്ങൾക്കുള്ള ക്വാട്ട നിശ്ചയിക്കുക. വാക്സീൻ പാഴാക്കിയാൽ വിതരണത്തിൽ കുറവ് വരുത്തും. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്സീൻ നൽകുമ്പോൾ അതിന്‍റെ മുൻഗണനാ ക്രമം സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം.
സ്വകാര്യ ആശുപത്രികൾക്ക് 25 ശതമാനം വാക്സീൻ വാങ്ങാനുള്ള അനുമതി നൽകിയിട്ടുണ്ട്. ഏതൊക്കെ സ്വകാര്യ ആശുപത്രികൾക്ക് വാക്സീൻ നൽകണം എന്നതിൽ തീരുമാനം വാക്സീൻ നിര്‍മ്മാണ കമ്പനികൾക്ക് വിട്ടു. വിലയും കമ്പനികൾക്ക് തന്നെ തീരുമാനിക്കാം. എന്നാൽ ഗ്രാമങ്ങളിലെ സ്വാകര്യ ആശുപത്രികൾക്ക് പരിഗണന നൽകണം. ഈമാസം 21 മുതലാണ് മാറ്റങ്ങൾ നിലവിൽ വരിക. പുതുക്കിയ മാര്‍ഗ്ഗരേഖ പുറത്തിറക്കിയതിന് പിന്നാലെ 19 കോടി കൊവാക്സീനും 25 കോടി കൊവിഷീൽഡിനും കേന്ദ്രം കരാര്‍ നൽകി.
സെപ്റ്റംബറോടെ ബയോ ഇ വാക്സീന്‍റെ 30 കോടി ഡോസുകൂടി ലഭ്യമാകും. സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ സഹായിക്കാൻ ഇ-വൗച്ചര്‍ സംവിധാനം ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഒരാളെ സഹായിക്കാനുള്ള ഇ-വൗച്ചര്‍ ആര്‍ക്ക് വേണമെങ്കിലും വാങ്ങാനുള്ള സൗകര്യം ഉണ്ടാകും.
അതേസമയം, സർക്കാർ ആശുപത്രികളിൽ കൊവിഡ് വാക്‌സിൻ സൗജന്യമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. വാക്‌സിൻ സൗജന്യമാക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് പുതിയ നടപടിയെന്ന് മോദി വിശദീകരിച്ചു. ഇതോടെ പതിനെട്ട് വയസിന് മുകളിലുള്ള രാജ്യത്തെ എല്ലാ പൗരന്മാർക്കും വാക്‌സിൻ സൗജന്യമായി ലഭിക്കും.
0 Comments