Ticker

6/recent/ticker-posts

Header Ads Widget

റിയൽ മീഡിയ ഗൾഫ് വാർത്തകൾ

🇧🇭ബഹ്‌റൈൻ: COVID-19 രോഗബാധിതരും, രോഗബാധിതരുമായി സമ്പർക്കത്തിനിടയായവരും പാലിക്കേണ്ടതായ ഹോം ക്വാറന്റീൻ നിർദ്ദേശങ്ങൾ.

🇴🇲ഒമാൻ: വർക്ക് പെർമിറ്റ് പുതുക്കുമ്പോഴും പുതിയ ഫീ ബാധകം; പുതുക്കിയ ഫീ ബാധകമാകുന്ന തസ്തികകൾ പ്രഖ്യാപിച്ചു.

🇶🇦ഖത്തറിലേക്ക് പ്രവേശിക്കുന്ന യാത്രികരിൽ ഏതാനം പേർക്ക് വിമാനത്താവളത്തിൽ വെച്ച് COVID-19 ടെസ്റ്റ് നടത്തുമെന്ന് ആരോഗ്യ മന്ത്രാലയം.

🇸🇦സൗദിയില്‍ ഇന്ന് 1,201 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

🇦🇪യുഎഇയില്‍ രണ്ടായിരത്തിലധികം പുതിയ കൊവിഡ് കേസുകള്‍ കൂടി.

🇶🇦ഖത്തറില്‍ ഇന്ന് 198 പേര്‍ക്ക് കോവിഡ്; ഒരു മരണം.

🇰🇼കൊവിഡ്: സൊട്രോവിമാബ് ആന്റിബോഡി ചികിത്സയ്ക്ക് കുവൈത്തില്‍ അനുമതി.

🎙️വാക്സിൻ സർട്ടിഫിക്കറ്റിൽ കോവിഷിൽഡിന്റെ മുഴുവൻ പേരും പാസ്പോർട്ട്‌ നമ്പറും ഉൾപ്പടെത്തണം: ഹൈക്കോടതി.

🎙️തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ 1000 കോടിയുടെ വായ്പ.


വിശദ വാർത്തകൾ 

🇧🇭ബഹ്‌റൈൻ: COVID-19 രോഗബാധിതരും, രോഗബാധിതരുമായി സമ്പർക്കത്തിനിടയായവരും പാലിക്കേണ്ടതായ ഹോം ക്വാറന്റീൻ നിർദ്ദേശങ്ങൾ.

✒️രാജ്യത്ത് COVID-19 രോഗബാധ സ്ഥിരീകരിച്ചവരും, COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായവരും പാലിക്കേണ്ടതായ സെൽഫ് ഹോം ക്വാറന്റീൻ നടപടിക്രമങ്ങൾ സംബന്ധിച്ച് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി. ജൂൺ 3-ന് രാത്രിയാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഈ അറിയിപ്പ് നൽകിയത്.

ബഹ്‌റൈനിലെ COVID-19 രോഗബാധിതർ പാലിക്കേണ്ടതായ ഹോം ക്വാറന്റീൻ നടപടിക്രമങ്ങൾ:

COVID-19 രോഗബാധ സ്ഥിരീകരിക്കുന്നവർക്ക് ഇത് സംബന്ധിച്ച അറിയിപ്പ് SMS സന്ദേശത്തിലൂടെ നൽകുന്നതാണ്. ഇതിനായി ആരോഗ്യ കേന്ദ്രത്തിൽ സന്ദർശിക്കേണ്ടതില്ല.

COVID-19 രോഗബാധിതരാണെന്ന് അറിയിപ്പ് കിട്ടുന്നവർ ഉടൻ തന്നെ തങ്ങളുടെ ഫോണുകളിൽ ‘BeAware’ ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്.

ഇതിന് ശേഷം ഇവർ ‘BeAware’ ആപ്പിലെ ‘Start Quaranteen’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യേണ്ടതാണ്. ഇതോടെ COVID-19 പോസിറ്റീവ് ആകുന്നവരുടെ ഹോം സെൽഫ് ക്വാറന്റീൻ മോഡ് പ്രവർത്തനക്ഷമമാകുന്നതാണ്.

സ്വയം ഐസൊലേഷനിൽ തുടരുന്നവർ പാലിക്കേണ്ട നിബന്ധനയുടെ ഭാഗമായി ഉടൻ തന്നെ ‘BeAware’ ആപ്പിൽ സ്വന്തം ഫോട്ടോ അപ്പ്‌ലോഡ് ചെയ്യേണ്ടതാണ്.

അൻപത് വയസിന് മുകളിൽ പ്രായമുള്ളവർ, ഗുരുതര രോഗ ലക്ഷണങ്ങൾ പ്രകടമാക്കുന്നവർ, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവർ തുടങ്ങിയ വിഭാഗങ്ങളിൽപ്പെടുന്ന ഇത്തരക്കാർ ആരോഗ്യ പരിശോധനകൾക്കായി ഉടൻ തന്നെ ചികിത്സാ കേന്ദ്രത്തിലെത്തേണ്ടതാണ്. കൂടുതൽ പരിശോധനകൾ ആവശ്യമാകുന്ന സാഹചര്യത്തിൽ അത് സംബന്ധിച്ച തീയതി ഉൾപ്പടെയുള്ള അറിയിപ്പ് മന്ത്രാലയം നേരിട്ട് നൽകുന്നതാണ്.

ബഹ്‌റൈനിലെ COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായവർ പാലിക്കേണ്ടതായ ഹോം ക്വാറന്റീൻ നടപടിക്രമങ്ങൾ:

COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായവർ ഇത് സംബന്ധിച്ച വിവരം അറിയുന്ന ഉടൻ തന്നെ തങ്ങളുടെ ഫോണുകളിൽ ‘BeAware’ ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്.

രോഗബാധ സ്ഥിരീകരിച്ച ഓരോ വ്യക്തിയുടെയും സമ്പർക്കം പരിശോധിച്ച ശേഷം, ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള കോൺടാക്ട് ട്രേസിങ്ങ് ടീം COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായവരെ രജിസ്റ്റർ ചെയ്യുന്നതാണ്.

സമ്പർക്കത്തിനിടയായവരെ പബ്ലിക് ഹെൽത്ത് ഡയറക്ടറേറ്റ് രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം വിവര ശേഖരണത്തിനായി നേരിട്ട് ബന്ധപ്പെടുന്നതാണ്.

വിവരശേഖരണം പൂർത്തിയായ ശേഷം ഇത്തരം സമ്പർക്കത്തിനിടയായവർക്ക് ഹോം ക്വാറന്റീനിൽ തുടരാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള സന്ദേശം ലഭിക്കുന്നതാണ്.

ഈ അറിയിപ്പ് ലഭിക്കുന്നവർ ‘BeAware’ ആപ്പിലെ ‘Start Quaranteen’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യേണ്ടതാണ്.

സ്വയം ഐസൊലേഷനിൽ തുടരുന്നവർ പാലിക്കേണ്ട നിബന്ധനയുടെ ഭാഗമായി ഉടൻ തന്നെ ‘BeAware’ ആപ്പിൽ സ്വന്തം ഫോട്ടോ അപ്പ്‌ലോഡ് ചെയ്യേണ്ടതാണ്.

അൻപത് വയസിന് മുകളിൽ പ്രായമുള്ളവർ, ഗുരുതര രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് സമ്പർക്കം സ്ഥിരീകരിച്ച ശേഷം ഒരു PCR ടെസ്റ്റ് നടത്തുന്നതിനുള്ള അറിയിപ്പ് ലഭിക്കുന്നതാണ്. ഈ ടെസ്റ്റിൽ നെഗറ്റീവ് ആകുന്നവർ പത്ത് ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കിയ ശേഷം മറ്റൊരു PCR ടെസ്റ്റ് കൂടി നടത്തേണ്ടതാണ്.

അമ്പതിൽ താഴെ പ്രായമുള്ളവർ പത്ത് ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കിയ ശേഷം ഒരു PCR ടെസ്റ്റ് നടത്തേണ്ടതാണ്. ഇവർക്ക് ക്വാറന്റീൻ കാലാവധിയിൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്ന സാഹചര്യത്തിൽ ഉടൻ അധികൃതരെ ബന്ധപ്പെടേണ്ടതാണ്.

ക്വാറന്റീൻ അവസാനിക്കുന്നതിന് മൂന്ന് ദിവസം മുൻപ് ക്വാറന്റീൻ അവസാനിപ്പിക്കുന്നതിനുള്ള മുൻ‌കൂർ അനുമതി ‘BeAware’ ആപ്പ് ഉപയോഗിച്ച് നേടേണ്ടതാണ്.

COVID-19 രോഗബാധിതരും, രോഗബാധിതരുമായി സമ്പർക്കത്തിനിടയായവരും ഈ വിവരം അറിയുന്ന ഉടൻ തന്നെ നിർബന്ധമായും സ്വയം ഐസൊലേഷനിൽ തുടരേണ്ടതാണ്. ഇവർ 444 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. PCR റിസൾട്ട് ലഭിക്കുന്നത് വരെ, അല്ലെങ്കിൽ അധികൃതർ അനുമതി നൽകുന്നത് വരെ ഇവർ ഐസൊലേഷനിൽ തുടരേണ്ടതാണ്.

🇴🇲ഒമാൻ: വർക്ക് പെർമിറ്റ് പുതുക്കുമ്പോഴും പുതിയ ഫീ ബാധകം; പുതുക്കിയ ഫീ ബാധകമാകുന്ന തസ്തികകൾ പ്രഖ്യാപിച്ചു.

✒️2021 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വന്നിട്ടുള്ള പ്രവാസി തൊഴിലാളികളുടെ പുതുക്കിയ വർക്ക് പെർമിറ്റ് ഫീ നടപ്പിലാക്കുന്ന തസ്തികകളും, പ്രവർത്തനമേഖലകളും സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി. സ്വകാര്യ സ്ഥാപനങ്ങളിലെ ഉയർന്ന തസ്തികകളിലേക്കും, സാങ്കേതിക തൊഴിലുകളിലേക്കും പ്രവാസികളെ നിയമിക്കുന്നതിനുള്ള വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിന് പുതുക്കിയ ഫീ ഈടാക്കുന്നത് ഏതെല്ലാം തൊഴിലുകൾക്കാണെന്നത് സംബന്ധിച്ച് ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ജൂൺ 2-ന് രാത്രിയാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഈ അറിയിപ്പ് നൽകിയത്. പുതുക്കിയ വർക്ക് പെർമിറ്റ് ഫീ പ്രകാരം ജൂൺ 1 മുതൽ ഉയർന്ന തസ്തികളിലേക്ക് പ്രവാസികളെ നിയമിക്കുന്നതിന് 2001 റിയാൽ ഈടാക്കുന്നതാണ്. മിഡ് ലെവൽ തസ്തികളിലേക്ക് പ്രവാസികളെ നിയമിക്കുന്നതിന് 1001 റിയാലും, ടെക്‌നിക്കൽ തസ്തികളിലേക്ക് പ്രവാസികളെ നിയമിക്കുന്നതിന് 601 റിയാലും വർക്ക് പെർമിറ്റ് ഫീ ആയി ഈടാക്കുന്നതാണ്.

മന്ത്രാലയത്തിന്റെ പുതിയ അറിയിപ്പ് പ്രകാരം, സ്ഥാപനങ്ങളിലെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ, സി ഇ ഓ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ, എക്സിക്യൂട്ടീവ് ഡയറക്ടർ, കോളേജ് ഡീൻ, ലീഗൽ അഡ്വൈസർ, എഡിറ്റർ ഇൻ ചീഫ്, ഫിനാൻഷ്യൽ കൺസൾറ്റൻറ്, ടാക്സ് കൺസൾറ്റൻറ് തുടങ്ങി 30-ൽ പരം ഉയർന്ന തസ്തികളിലേക്ക് പ്രവാസികളെ നിയമിക്കുന്നതിന് പുതുക്കിയ ഫീ ആയ 2001 റിയാൽ ഈടാക്കുന്നതാണ്. അറുപതിൽ പരം മിഡ് ലെവൽ തസ്തികളിലേക്ക് പ്രവാസികളെ നിയമിക്കുന്നതിന് 1001 റിയാലും, 622 ടെക്‌നിക്കൽ തസ്തികളിലേക്ക് പ്രവാസികളെ നിയമിക്കുന്നതിന് 601 റിയാലും വർക്ക് പെർമിറ്റ് ഫീ ആയി ഈടാക്കുന്നതാണ്. https://t.co/Ce6rdzrmA1?amp=1 ഈ തസ്തികൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മന്ത്രാലയം ലഭ്യമാക്കിയിട്ടുണ്ട്.

വർക്ക് പെർമിറ്റ് പുതുക്കുമ്പോഴും പുതിയ ഫീ ബാധകം

അതേസമയം, ജൂൺ 1 മുതൽ പ്രാബല്യത്തിൽ വന്നിട്ടുള്ള പുതുക്കിയ വർക്ക് പെർമിറ്റ് ഫീ പുതിയ വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിന് മാത്രമല്ല എന്നും, നിലവിലെ വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിനും പുതിയ ഫീ ബാധകമാണെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ അറിയിപ്പ് പ്രകാരം, ഉയർന്ന തസ്തികകളിലും, സാങ്കേതിക തൊഴിലുകളിലും തൊഴിലെടുക്കുന്ന പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിന് ഈ പുതിയ ഫീ ഈടാക്കുന്നതാണ്. ജൂൺ 1 മുതൽ വർക്ക് പെർമിറ്റ് അനുവദിക്കുന്നതിനായി നൽകുന്ന പുതിയ അപേക്ഷകൾക്കും, വർക്ക് പെർമിറ്റ് പുതുക്കുന്നതിനായി നൽകുന്ന അപേക്ഷകൾക്കും, ഇതുവരെ ഫീ അടച്ചിട്ടില്ലാത്ത നിലവിൽ നൽകിയിട്ടുള്ള അപേക്ഷകൾക്കും ഈ തീരുമാനം ബാധകമാണെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

2021 ജനുവരിയിലാണ് പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീ ഉയർത്താനുള്ള തീരുമാനം ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചത്. രാജ്യത്തെ സ്വദേശിവത്കരണ നടപടികൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഒമാൻ തൊഴിൽ മന്ത്രാലയം തയ്യാറാക്കിയിട്ടുള്ള പുതിയ തൊഴിൽ നിയമങ്ങളുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. ഒമാൻ പൗരന്മാർക്ക് സ്വകാര്യ മേഖലയിൽ കൂടുതൽ തൊഴിലുകൾ ലഭ്യമാക്കുന്നതിനായുള്ള സ്വദേശിവത്കരണ നടപടികളുടെ ഭാഗമായാണ് ’12/2021′ എന്ന മന്ത്രിസഭാ തീരുമാനപ്രകാരം പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീ ഉയർത്തുന്നത്.

സ്വദേശിവത്കരണ നടപടികൾ പൂർത്തിയാക്കുന്ന സ്ഥാപനങ്ങൾക്ക് ഫീസിൽ ഇളവ്

സ്വദേശിവത്കരണ നടപടികൾ പൂർത്തിയാക്കുന്ന സ്ഥാപനങ്ങൾക്ക് സാമ്പത്തിക ഉത്തേജനം നൽകുന്നതുമായി ബന്ധപ്പെട്ട് പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീസിൽ പ്രത്യേക ഇളവുകൾ അനുവദിക്കുന്നതിനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഈ തീരുമാനപ്രകാരം ഒമാൻ പൗരന്മാരെ ജീവനക്കാരായി നിയമിച്ചിട്ടുള്ള സ്ഥാപനങ്ങൾക്ക് പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള വർക്ക് പെർമിറ്റ് ഫീസിൽ 25 ശതമാനം ഇളവ് നൽകുന്നതാണ്. സ്വദേശിവത്കരണ നിബന്ധനകൾ പൂർണ്ണമായും നടപ്പിലാക്കിയിട്ടുള്ള സ്ഥാപനങ്ങൾക്ക് പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള വർക്ക് പെർമിറ്റ് ഫീസിൽ 50 ശതമാനം ഇളവ് നൽകുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

🇶🇦ഖത്തറിലേക്ക് പ്രവേശിക്കുന്ന യാത്രികരിൽ ഏതാനം പേർക്ക് വിമാനത്താവളത്തിൽ വെച്ച് COVID-19 ടെസ്റ്റ് നടത്തുമെന്ന് ആരോഗ്യ മന്ത്രാലയം.

✒️രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികരിൽ നിന്ന് ക്രമാനുസൃതമല്ലാതെ തിരഞ്ഞെടുക്കുന്ന ഏതാനം പേർക്ക് വിമാനത്താവളത്തിൽ വെച്ച് COVID-19 ടെസ്റ്റ് നടത്തുമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത്തരം പരിശോധനകൾ സൗജന്യമായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ജൂൺ 3-ന് വൈകീട്ടാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. “പൊതുസമൂഹത്തിന്റെ ആരോഗ്യ സുരക്ഷ മുൻനിർത്തി, രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികരിൽ നിന്ന് ക്രമാനുസൃതമല്ലാതെ തിരഞ്ഞെടുക്കുന്ന ഏതാനം പേരെ വിമാനത്താവളത്തിൽ വെച്ച് COVID-19 പരിശോധനകൾക്ക് വിധേയരാക്കുന്നതാണ്. ഇതിനായി ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ പ്രത്യേക മെഡിക്കൽ സംഘങ്ങളെ സജ്ജീകരിച്ചിട്ടുണ്ട്.”, ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.

ഈ പരിശോധനകളുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നടപടിക്രമങ്ങളും മന്ത്രാലയം പങ്ക് വെച്ചിട്ടുണ്ട്:

രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികരിൽ നിന്ന് ആരെ വേണമെങ്കിലും ഇത്തരം പരിശോധനകൾക്കായി അധികൃതർ തിരഞ്ഞെടുക്കാവുന്നതാണ്. ക്രമാനുസൃതമല്ലാതെ ഏതാനം യാത്രികരെയാണ് ഇത്തരത്തിൽ പരിശോധനകൾക്കായി തിരഞ്ഞെടുക്കുന്നത്.

മുഴുവൻ യാത്രികർക്കും ഖത്തറിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് നടത്തിയിട്ടുള്ള COVID-19 PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്. ഇതിന് പുറമെയാണ് ഏതാനം യാത്രികരിൽ വിമാനത്താവളത്തിൽ വെച്ച് പരിശോധന നടത്തുന്നത്.

ഇത്തരത്തിൽ പരിശോധനകൾക്കായി തിരഞ്ഞെടുക്കുന്ന യാത്രികർക്ക്, അവർ ടെർമിനലിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകുന്നതാണ്.

ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന യാത്രികരിൽ വിമാനത്താവളത്തിലെ പ്രത്യേക മെഡിക്കൽ സംഘം PCR ടെസ്റ്റ് നടത്തുന്നതാണ്.

ഈ ടെസ്റ്റ് സൗജന്യമായാണ് നടത്തുന്നത്. ഏതാനം മിനിറ്റുകൾ മാത്രമാണ് ഇത്തരം പരിശോധനകൾക്കായി വേണ്ടിവരുന്നത്.

ഈ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം യാത്രികർക്ക് ഖത്തറിലേക്ക് പ്രവേശിക്കാവുന്നതാണ്. ഇവരുടെ PCR റിസൾട്ട് ലഭിക്കുന്നത് വരെ ഇവരുടെ ‘Ehteraz’ സ്റ്റാറ്റസ് ഗ്രീൻ ആയി തുടരുന്നതാണ്.

ഇവർക്ക് 24 മണിക്കൂറിനിടയിൽ PCR റിസൾട്ട് SMS വഴി ലഭിക്കുന്നതാണ്.

ഈ പരിശോധനയിൽ COVID-19 പോസറ്റീവ് ആകുന്നവർ പാലിക്കേണ്ട നടപടിക്രമങ്ങൾ അധികൃതർ നേരിട്ട് അറിയിക്കുന്നതാണ്.

🇸🇦സൗദിയില്‍ ഇന്ന് 1,201 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

✒️സൗദി അറേബ്യയില്‍ 24 മണിക്കൂറിനിടെ 1,201 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ 1,322 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 16 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 

ആകെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 4,55,418 ആയി ഉയര്‍ന്നു. ഇതില്‍ 4,38,204 പേര്‍ രോഗമുക്തരായി. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,788 ആയി കുറഞ്ഞു. ഇവരില്‍ 1,528 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്തെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ രോഗികളുടെ എണ്ണം: മക്ക 370, റിയാദ് 294, കിഴക്കന്‍ പ്രവിശ്യ 167, മദീന 92, അസീര്‍ 76, ജീസാന്‍ 61, അല്‍ഖസീം 50, തബൂക്ക് 26, നജ്‌റാന്‍ 21, ഹായില്‍ 19, അല്‍ബാഹ 15, വടക്കന്‍ അതിര്‍ത്തിമേഖല 8, അല്‍ജൗഫ് 2. രാജ്യത്ത് ഇതുവരെ 14,652,758 ഡോസ് കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് നടത്തി.

🇦🇪യുഎഇയില്‍ രണ്ടായിരത്തിലധികം പുതിയ കൊവിഡ് കേസുകള്‍ കൂടി.

✒️യുഎഇയില്‍ 2,062 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2,035 പേര്‍ സുഖം പ്രാപിക്കുകയും രണ്ടു പേര്‍ മരണപ്പെടുകയും ചെയ്തു.

പുതിയതായി നടത്തിയ  2,33,038 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 5,79,009 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,58,584 പേര്‍ രോഗമുക്തരാവുകയും 1,691 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 18,734 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

🇶🇦ഖത്തറില്‍ ഇന്ന് 198 പേര്‍ക്ക് കോവിഡ്; ഒരു മരണം.

✒️ഖത്തറില്‍ ഇന്ന് 198 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 356 പേരാണ് രോഗമുക്തി നേടിയത്. 144 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 54 പേര്‍. 3,140 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

ഇന്ന് ഖത്തറില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. 44 വയസ്സുള്ളയാളാണ് മരിച്ചത്. ആകെ മരണം 563. രാജ്യത്ത് ഇതുവരെ 2,14,377 പേര്‍ രോഗമുക്തി നേടി. ആകെ കോവിഡ് കേസുകള്‍ 2,18,080. ഇന്ന് 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 198 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

24 മണിക്കൂറിനിടെ 21,941 ഡോസ് വാക്സിന്‍ നല്‍കി. ആകെ 26,22,285 ഡോസ് വാക്സിനുകളാണ് ഇതിനകം നല്‍കിയത്.

🇰🇼കൊവിഡ്: സൊട്രോവിമാബ് ആന്റിബോഡി ചികിത്സയ്ക്ക് കുവൈത്തില്‍ അനുമതി.

✒️കൊവിഡ് രോഗികള്‍ക്ക് സൊട്രോവിമാബ് ആന്റിബോഡി ചികിത്സ നല്‍കാന്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി. സൊട്രോവിമാബ് മരുന്നിന്റെ അടിയന്തര ഉപയോഗത്തിനാണ് അനുമതി. 12 വയസ്സിനും അതിന് മുകളിലും പ്രായമുള്ള  രോഗികള്‍ക്ക് ഈ മരുന്ന് നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ മരുന്ന് നിയന്ത്രണ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അല്‍ ബാദര്‍ അറിയിച്ചു.

65 വയസ്സിന് മുകളിലുള്ള രോഗികള്‍ക്കും ഈ മരുന്ന് സുരക്ഷിതമാണെങ്കിലും ഓക്‌സിജന്‍ ആവശ്യമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ക്ക് ഇത് നല്‍കില്ല. സൊട്രോവിമാബ് ചികിത്സയിലൂടെ കൊവിഡ് ഗുരുതരാവസ്ഥയിലെത്തുന്നതും മരണനിരക്കും 85 ശതമാനം കുറയ്ക്കാന്‍ സാധിക്കുമെന്ന് ക്ലിനിക്കല്‍ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. സൊട്രോവിമാബ് ചികിത്സയ്ക്ക് യുഎഇയിലും അനുമതി  നല്‍കിയിരുന്നു. ശ്വേതരക്താണുക്കള്‍ ക്ലോണ്‍ ചെയ്ത് നിര്‍മിക്കുന്ന മോണോക്ലോണല്‍ ആന്റിബോഡിയാണ് സൊട്രോവിമാബ്.

🎙️വാക്സിൻ സർട്ടിഫിക്കറ്റിൽ കോവിഷിൽഡിന്റെ മുഴുവൻ പേരും പാസ്പോർട്ട്‌ നമ്പറും ഉൾപ്പടെത്തണം: ഹൈക്കോടതി.

✒️പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന വാക്‌സിനേഷൻ നയത്തിനെതിരെ ജിദ്ദ കെഎംസിസിയും സഹ്റാനി ഗ്രൂപ്പ് സി ഇ ഒ റഹീം പട്ടർക്കടവനും നൽകിയ ഹർജിയിൽ പ്രവാസികൾക്ക് ആശ്വാസകരമായ രീതിയിൽ ഹൈക്കോടതിയുടെ ഇടപെടൽ. വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ കോവിഷിൽഡിന്റെ മുഴുവൻ പേരും അത് പോലെ പാസ്പോർട്ട്‌ നമ്പറും ഉൾപെടുത്തണമെന്ന് ഹൈകോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു. ജസ്റ്റിസ് മുഹമ്മദ്‌ മുഷ്താക്, ഡോ. കൗസർ ഇടപ്പകത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ജിദ്ദ കെ.എം.സി.സി. സെൻട്രൽ കമ്മിറ്റിക്ക് വേണ്ടി സീനിയർ വൈസ് പ്രസിഡന്റ് വി.പി. മുസ്തഫയാണ് ഹർജി നൽകിയത്.

കൊവിഡ് സർട്ടിഫിക്കറ്റിലുള്ള അപാകത മൂലം പ്രവാസികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഡ്വ. ഹാരിസ് ബീരാൻ കോടതിയിൽ ബോധിപ്പിച്ചു. സഊദി സർക്കാർ നിർദേശ പ്രകാരം അസ്ട്രാ സിനെക്ക വാക്സിൻ എടുത്തവർക്ക് സഊദിയിൽ പ്രവേശിച്ചാൽ ക്വാറന്റൈൻ ഒഴിവായിക്കിട്ടും. എന്നാൽ ഇന്ത്യയിൽ കിട്ടുന്ന വാക്‌സിൻ സർട്ടിഫിക്കറ്റിൽ കോവിഷിൽഡ് എന്ന് മാത്രം പരാമർശിക്കുന്നതിനാൽ സഊദിയിൽ അംഗീകാരം ഉണ്ടായിരുന്നില്ല. ഈ ഘട്ടത്തിലാണ് ഹർജികൾ ഫയൽ ചെയ്തത്. വാക്‌സിൻ സർട്ടിഫിക്കറ്റിൽ അസ്ട്രാ സിനെക്ക എന്ന മുഴുവൻ പേരും രേഖപെടുത്തണമെന്ന് ഹൈകോടതി നിർദേശിച്ചു.

നിലവിലെ സാഹചര്യത്തിൽ സൗദിയിലേക്കുള്ള പ്രവാസികളുടെ യാത്ര ഏറെ ദുഷ്കരമാണ്.
ഇന്ത്യ സൗദിയുടെ ബ്ലാക്ക് ലിസ്റ്റിലുള്ള രാജ്യമായതിനാൽ മറ്റേതേങ്കിലും രാജ്യത്ത് പോയി പതിനാല് ദിവസം ക്വാറന്റൈനിൽ താമസിച്ചതിനു ശേഷം മാത്രമേ ഒരു ഇന്ത്യക്കാരന് നിലവിൽ സഊദിയിലേക്ക് എത്താൻ സാധിക്കുകയുള്ളൂ. കൊവിഡ് വാക്സിൻ എടുത്തിട്ടുണ്ടെങ്കിൽ സഊദിയിൽ ക്വാറന്റൈൻ വ്യവസ്ഥയിൽ നിന്ന് ഇളവ് ലഭിക്കും. എടുത്തിട്ടില്ലെങ്കിൽ ഏഴ് ദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ ആണ് സഊദി നിഷ്കര്‍ഷിക്കുന്നത്.

സഊദി സർക്കാറിന്റെ സർക്കുലർ പ്രകാരം ആസ്ട്ര സെനെക്ക വാക്സിൻ രണ്ടു ഡോസ് എടുക്കുന്നവർക്ക് ഇളവുകൾ ഉണ്ട്. പക്ഷേ ഇന്ത്യയിൽ ആസ്ട്ര സെനെക്ക വാക്സിൻ കോവീഷീൽഡ് എന്ന പേരിലാണ് നൽകുന്നത്. സർട്ടിഫിക്കറ്റിലും കോവീഷീൽഡ് എന്നാണ് രേഖപ്പെടുത്തുന്നത്. കോവീഷീൽഡ് എന്നത് ആസ്ട്ര സെനെക്ക ആണെന്നത് സഊദി സർക്കാർ അംഗീകരിക്കുന്നില്ല. അതുകൊണ്ട് കോവീഷീൽഡ് വിക്സിനെടുത്ത് പോകുന്നവർക്ക് സഊദിയിൽ ബുദ്ധിമുട്ടുകൾ നേരിടുന്നു. അവർക്ക് അതിന്റെ ആനുകൂല്യം ലഭിക്കുന്നില്ല.

ഹൈക്കോടതിയോട് ഹർജിക്കാർ പ്രധാനമായും ആവശ്യപ്പെടുന്നത് കോവീഷീൽഡ് എന്നത് ആസ്ട്ര സെനെക്ക ആണെന്നും സർട്ടിഫിക്കറ്റിൽ അത് വ്യക്തമായി പ്രതിപാദിക്കുവാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്നും അതോടു കൂടെ പ്രവാസികളുടെ പാസ്പ്പോർട്ട് നമ്പറും വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തണം എന്നുമാണ്. ഈ രണ്ടു ആവശ്യങ്ങളും ഹൈകോടതി അംഗീകരിച്ചു.

ഇന്ത്യയിൽ ലഭ്യമായ മറ്റൊരു വാക്സിൻ കോവാക്സിൻ നിലവിൽ സഊദി അറേബ്യ ഉൾപ്പെടെ പല രാജ്യങ്ങളും അംഗീകരിച്ചിട്ടില്ല. സാധാരണ പൗരന് സ്വന്തം ഇഷ്ട പ്രകാരമുള്ള വാക്സിൻ തെരഞ്ഞെടുക്കുവാനുള്ള സൗകര്യം നിലവിലില്ല. വാക്സിൻ എടുക്കാൻ പോകുമ്പോൾ മാത്രമാണ് അവർക്കത് അറിയാനുള്ള സാഹചര്യമുണ്ടാകുന്നത്.

കോവാക്സിൻ എടുത്ത ഒരു പ്രവാസിയാണെങ്കിൽ അതിന്റെ ഒരു ആനുകൂല്യവും സഊദിയിൽ അയാൾക്ക് ലഭിക്കുകയില്ല. അതിനാൽ കോവാക്സിന് അന്താരാഷ്ട്ര തലത്തിൽ അംഗീകൃത വാക്സിനുകളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ വേണ്ടി കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകണമെന്ന ഹർജിയിലെ ആവശ്യം തികച്ചും ന്യായമാണെന്ന് കോടതി നിരീക്ഷിച്ചു . ഇതിൽ മറുപടി പറയാൻ കേന്ദ്ര സർക്കാറിന് രണ്ടാഴ്ച സമയം നൽകി.

സഊദിയിലേക്കുള്ള യാത്രക്ക് ഏകദേശം രണ്ടു ലക്ഷം രൂപയാണ് ഒരു പ്രവാസിക്ക് ചിലവാകുന്നത്. അതിൽ ഏകദേശം എഴുപതിനായിരം രൂപയും സഊദിയിൽ ഹോട്ടൽ ക്വാറന്റൈന് വേണ്ടിയാണ് ചെലവഴിക്കേണ്ടി വരുന്നത്. അതിനാൽ ഈ രണ്ടു കാര്യങ്ങളും പരിഹരിച്ചാൽ എഴുപതിനായിരം രൂപയോളം ഓരോ പ്രവാസിക്കും യാത്രയിൽ ലാഭിക്കാനാകും.

മറ്റൊരു ആവശ്യമായി ഹർജിക്കാർ ഉന്നയിച്ച നാട്ടിലുള്ള പ്രവാസികൾക്ക് മുൻഗണനാ ക്രമത്തിൽ വാക്സിൻ നൽകണമെന്ന വിഷയത്തിൽ അനുകൂല നിലപാട് കേരള സർക്കാർ എടുത്തുവെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

പ്രവാസികൾക്കായ് നടത്തിയ നിയമ പോരാട്ടത്തിൽ അനുകൂല വിധി നേടാൻ കഴിഞ്ഞതിൽ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് ജിദ്ദ കെ.എം.സി.സി. പ്രസിഡന്റ് അഹമ്മദ് പാളയാട്ടും ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്രയും
പറഞ്ഞു.

🎙️തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ 1000 കോടിയുടെ വായ്പ.

✒️തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്ക് കുറഞ്ഞ പലിശയ്ക്ക് ആയിരം കോടിയുടെ വായ്പാ പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. എം.എസ്.എം.ഇ. കൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കാനും ബജറ്റിൽ നിർദേശമുണ്ട്.

കോവിഡ് മഹാമാരി മൂലം ഇതുവരെ 14,32,736 പ്രവാസികൾ തിരികെയെത്തുകയും ഏറെ പേർക്കും തൊഴിൽ നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് പ്രവാസികൾക്ക് വായ്പ ലഭ്യമാക്കുന്നത്. തൊഴിൽ നഷ്ടപ്പെട്ട പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനും സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുമുള്ള പുനരധിവാസ പദ്ധതിയായ നോർക്ക സെൽഫ് എംപ്ലോയെന്റ് സ്കീം പ്രകാരം വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് കുറഞ്ഞ പലിശക്ക് 1000 കോടി രൂപ വായ്പ ലഭ്യമാക്കുക. ഇതിന്റെ പലിശ ഇളവ് നൽകുന്നതിന് 25 കോടി രൂപ ബജറ്റിൽ വകയിരുത്തി. പ്രവാസികളുടെ വിവിധ ക്ഷേമപദ്ധതികൾക്കുള്ള ബജറ്റ് വിഹിതം 170 കോടി രൂപയായി ഉയർത്തിയതായും ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

എം.എസ്.എം.ഇ. കൾക്ക് 2000 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. നിലവിലുള്ള എം.എസ്.എം.ഇ. കൾക്ക് കുറഞ്ഞ നിരക്കിൽ അധിക പ്രവർത്തന മൂലധന വായ്പയും ടേം ലോണും ലഭ്യമാക്കും. പലിശ ഇളവ് നൽകുന്നതിന് 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വ്യവസായ വകുപ്പ് നിലവിൽ നടപ്പിലാക്കിവരുന്ന സംരംഭകത്വ സഹായ പദ്ധതിക്ക് (ഇഎസ്എസ്) 25 കോടി രൂപയും നാനോ വ്യവസായ ഭവന യൂണിറ്റുകൾക്ക് മാർജിൻ മണിയും പലിശ സഹായവും നൽകുന്നതിനുള്ള പദ്ധതിക്ക് 15 കോടി രൂപയും അധികം വകയിരുത്തി.

പട്ടിക ജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങളുടെ ഒന്നാം തലമുറ വികസന പ്രശ്നങ്ങൾക്ക് പരിഹാരം തേടുന്നതിനോടൊപ്പം രണ്ടാം തലമുറ വികസനപ്രശ്നങ്ങൾ കൂടി ഏറ്റെടുക്കുന്നതിനായി ബജറ്റിൽ രണ്ട് പരിപാടികൾ പ്രഖ്യാപിച്ചു. ഒന്നാമത്തേത്, പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കിടയിൽ നിന്നും തിരഞ്ഞെടുക്കുന്ന 100 പേർക്ക് ഈ വർഷം 10 ലക്ഷം രൂപ വീതം സംരംഭകത്വ സഹായമാണ്. തിരഞ്ഞെടുക്കപ്പെടുന്ന സംരംഭകർക്ക് സമഗ്രമായ പ്രാരംഭ പിൻതുണയും കുറഞ്ഞ പലിശയ്ക്ക് വായ്പാ സൗകര്യവും ഉറപ്പാക്കും. ഇത് നിലവിലുള്ള സംരംഭകത്വ വികസന പരിപാടികൾക്ക് പുറമേ ആയിരിക്കും. ഇതിന് 10 കോടി രൂപ വകയിരുത്തുന്നു.

രണ്ടാമത്തേത് പ്രതിഭാ പിന്തുണാ പരിപാടിയാണ്. ജില്ലാ പഞ്ചായത്ത് തലത്തിൽ തുടങ്ങിവച്ച ഈ പരിപാടി പട്ടിക ജാതി/പട്ടിക വർഗ്ഗ വികസനവകുപ്പിന്റെ കൂടി പങ്കാളിത്തത്തോടെ വിപുലമാക്കും. കലാ സാംസ്കാരിക സാഹിത്യ രംഗങ്ങളിൽ പ്രതിഭ തെളിയിച്ച പട്ടിക ജാതി/പട്ടിക വർഗ്ഗക്കാരായ യുവതീ യുവാക്കൾക്ക് ആ മേഖലയിൽ തുടർന്നും പ്രവർത്തിക്കുന്നതിനാണ് ഈ സഹായം. ഒരാൾക്ക് ഒരു ലക്ഷം രൂപ വച്ച് 1500 പേർക്ക് പ്രതിഭാ പിന്തുണ നൽകും. പലിശരഹിത വായ്പയും നൽകും. പരിപാടിയുടെ വിശദാംശങ്ങൾ തദ്ദേശ സ്വയംഭരണ വകുപ്പം പട്ടിക ജാതി/പട്ടിക വർഗ്ഗ വികസന വകുപ്പം ചേർന്ന് തയ്യാറാക്കും.

കെ.എഫ്.സി യുടെ വായ്പ ആസ്തി അടുത്ത അഞ്ച് വർഷം കൊണ്ട് പതിനായിരം കോടി രൂപയായി ഉയർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. ഈ സാമ്പത്തിക വർഷം കെ.എഫ്.സി 4500 കോടി രൂപയുടെ പുതിയ വായ്പകൾ അനുവദിക്കും.

കെ.എഫ്.സി യിൽ നിന്ന് വായ്പയെടുത്ത് 2020 മാർച്ച് 31 വരെ കൃത്യമായി തിരിച്ചടവ് നടത്തിയ സംരംഭകർക്ക് 20 ശതമാനം വീണ്ടും അധിക വായ്പ (മൊത്തം 40 ശതമാനം അധിക വായ്പ) നൽകുന്ന പദ്ധതി ആവിഷ്കരിക്കും. ഇതിനായി കെ.എഫ്.സി 500 കോടി രൂപ മാറ്റിവയ്ക്കും. പ്രതിസന്ധി നേരിടുന്ന സംരംഭകർക്ക് മുതൽ തിരിച്ചടവിന് ഒരു വർഷം വരെയുള്ള മൊറട്ടോറിയം അനുവദിക്കും.

കോവിഡ് രോഗവ്യാപനത്തെ തടയാനും രോഗികൾക്ക് ആശ്വാസം നൽകാനും സഹായിക്കുന്ന ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനങ്ങൾക്ക് 50 ലക്ഷം രൂപ വരെ മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഉദാര വ്യവസ്ഥകളിൽ കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ വായ്പ നൽകും. ഏഴു ശതമാനമായിരിക്കും പലിശ നിരക്ക്. ഓക്സിജൻ സിലിണ്ടർ, ഓക്സിജൻ ജനറേറ്റർ, ഓക്സിജൻ കോൺസെൻട്രേറ്റേർസ്, ലിക്വിഡ് ഓക്സിജൻ, വെന്റിലേറ്റർ, പൾസ് ഓക്സിമീറ്റർ, പോർട്ടബിൾ എക്സറേ മെഷീൻ തുടങ്ങിയവയുടെ നിർമ്മാണത്തിനുളള യൂണിറ്റുകൾ സ്ഥാപിക്കാനാണ് വായ്പ.

Post a Comment

0 Comments