🇸🇦കൊവിഡ്: സൗദിയിൽ ഇന്ന് 1,364 പേർക്ക് രോഗമുക്തി.
🇦🇪യുഎഇയില്‍ 1,989 പേര്‍ക്ക് കൂടി കൊവിഡ്, മൂന്ന് മരണം.
🇶🇦ഖത്തറില്‍ ഇന്ന് 198 പേര്‍ക്ക് കോവിഡ്; ഒരു മരണം.
🇴🇲ഒമാനില്‍ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 15 മരണം.
🇰🇼കുവൈത്തില്‍ 1345 പേര്‍ക്ക് കോവിഡ്; 1270 പേര്‍ക്ക് രോഗമുക്തി.
🇶🇦ഖത്തറിലെത്തുന്ന യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ റാന്‍ഡം കോവിഡ് പരിശോധന.
🇦🇪യാത്രാ വിലക്ക്: വിസ കാലാവധിയിൽ ആശങ്ക വേണ്ടെന്ന് കോൺസുൽ ജനറൽ.
🇶🇦ഖത്തർ: ഇഹ്തിറാസ് ആപ്പിൽ പുതിയ സേവനങ്ങൾ ഉൾപ്പെടുത്തി.
🛫എയർ ഇന്ത്യ യാത്രക്കാർക്ക് സൗജന്യമായി തീയതി മാറ്റാം.
🇦🇪ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസിക്ക് 30 കോടിയുടെ സമ്മാനം.
🇴🇲ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവേശനവിലക്ക് തുടരും; മൂന്ന് രാജ്യങ്ങൾക്ക് കൂടി പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നു.
വാർത്തകൾ വിശദമായി
🇸🇦കൊവിഡ്: സൗദിയിൽ ഇന്ന് 1,364 പേർക്ക് രോഗമുക്തി.
✒️സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,364 പേർ കൊവിഡ് ബാധയിൽ നിന്ന് മുക്തി നേടി. അതെസമയം 1,261 പേർക്ക് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 15 മരണങ്ങൾ റിപ്പോർട്ട് ചെയതു.
ആകെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 4,54,217 ആയി ഉയർന്നു. ഇതിൽ 4,36,884 പേർ രോഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,925 ആയി കുറഞ്ഞു. ഇവരിൽ 1,516 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്തെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ രോഗികളുടെ എണ്ണം: മക്ക 402, റിയാദ് 292, കിഴക്കൻ പ്രവിശ്യ 168, മദീന 120, അസീർ 72, ജീസാൻ 61, അൽഖസീം 55, തബൂക്ക് 27, ഹായിൽ 19, നജ്റാൻ 19, തബൂക്ക് 15, അൽബാഹ 15, വടക്കൻ അതിർത്തിമേഖല 10, അൽജൗഫ് 3. രാജ്യത്ത് ഇതുവരെ 14,498,873 ഡോസ് കൊവിഡ് വാക്സിൻ കുത്തിവെപ്പ് നടത്തി.
🇦🇪യുഎഇയില്‍ 1,989 പേര്‍ക്ക് കൂടി കൊവിഡ്, മൂന്ന് മരണം.
✒️യുഎഇയില്‍ 1,989 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു ചികിത്സയിലായിരുന്ന 1,960 പേര്‍ സുഖം പ്രാപിക്കുകയും മൂന്ന് പേര്‍ മരണപ്പെടുകയും ചെയ്തു.
പുതിയതായി നടത്തിയ 2,30,728 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 5,76,947 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,56,549 പേര്‍ രോഗമുക്തരാവുകയും 1,689 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 18,709 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🇶🇦ഖത്തറില്‍ ഇന്ന് 198 പേര്‍ക്ക് കോവിഡ്; ഒരു മരണം.
✒️ഖത്തറില്‍ ഇന്ന് 198 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 356 പേരാണ് രോഗമുക്തി നേടിയത്. 144 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 54 പേര്‍. 3,140 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.
ഇന്ന് ഖത്തറില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. 44 വയസ്സുള്ളയാളാണ് മരിച്ചത്. ആകെ മരണം 563. രാജ്യത്ത് ഇതുവരെ 2,14,377 പേര്‍ രോഗമുക്തി നേടി. ആകെ കോവിഡ് കേസുകള്‍ 2,18,080. ഇന്ന് 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 198 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.
24 മണിക്കൂറിനിടെ 21,941 ഡോസ് വാക്സിന്‍ നല്‍കി. ആകെ 26,22,285 ഡോസ് വാക്സിനുകളാണ് ഇതിനകം നല്‍കിയത്.
🇴🇲ഒമാനില്‍ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 15 മരണം.
✒️ഒമാനില്‍ 1,173 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് ബാധിച്ച് 15 പേര്‍ കൂടി മരണപ്പെട്ടു.
ഇതോടെ ഇതിനകം 2,20,702 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 2,02,021 പേര്‍ ഇതിനോടകം രോഗം രോഗമുക്തരായി. നിലവില്‍ 91.5 ശതമാനമാണ് രാജ്യത്ത് കൊവിഡ് മുക്തി നിരക്ക്. ഇതുവരെ 2,385 പേര്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ 871 പേര്‍ ഇപ്പോള്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ 264 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.
🇰🇼കുവൈത്തില്‍ 1345 പേര്‍ക്ക് കോവിഡ്; 1270 പേര്‍ക്ക് രോഗമുക്തി.
✒️കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കുവൈത്തില്‍ കുറവ് രേഖപ്പെടുത്തി. ഇന്ന് നടത്തിയ 10,844 പരിശോധനകളില്‍നിന്ന് രോഗം സ്ഥിരീകരിച്ച 1,345 പേര്‍ ഉള്‍പ്പെടെ കുവൈത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം 3,11,846 ആയി.
ഇതില്‍ 144 രോഗികളുടെ നില ഗുരുതരമാണ്. നാല് കൊവിഡ് മരണങ്ങള്‍കൂടി പുതുതായി റിപോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1,779 ആയി. രാജ്യത്ത് രോഗവിമുക്തി നേടിയവരുടെ എണ്ണം 296,242 ആയി. 13,825 പേര്‍ നിലവില്‍ ചികില്‍സയിലാണ്.
🇶🇦ഖത്തറിലെത്തുന്ന യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ റാന്‍ഡം കോവിഡ് പരിശോധന.
✒️ഖത്തറിലെത്തുന്ന യാത്രക്കാരെ എയര്‍പോര്‍ട്ടില്‍ റാന്‍ഡം കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം. യാത്രക്കാരില്‍ ഏതാനും ചിലരെ തിരഞ്ഞെടുത്ത് സൗജന്യമായി കോവിഡ് പരിശോധന നടത്താനാണ് പദ്ധതി. യാത്രക്കാരുടെയും രാജ്യത്തെ ജനങ്ങളുടെയും സുരക്ഷ പരിഗണിച്ചാണ് ഈ തീരുമാനമെന്ന ആരോഗ്യ മന്ത്രാലയം അറിയിച്ചു.
യാത്രക്കാരില്‍ ഏതൊരാളെയും ടെസ്റ്റിന് വേണ്ടി തിരഞ്ഞെടുത്തേക്കാം. യാത്രയ്ക്ക് മുമ്പ് നടത്തുന്ന കോവിഡ് പിസിആര്‍ പരിശോധനയ്ക്ക് പുറമേയാണിത്. റാന്‍ഡം പരിശോധനയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ ടെര്‍മിനലിലുള്ള മെഡിക്കല്‍ സംഘം നിങ്ങളെ വിവരമറിയിക്കും. ഏതാനും മിനിറ്റ് നീളുന്ന പരിശോധന തികച്ചും സൗജന്യമാണ്.
പരിശോധന കഴിഞ്ഞാല്‍ രാജ്യത്തിനകത്ത് പ്രവേശിക്കാം. ടെസ്റ്റ് ഫലം വരുന്നതുവരെ ഇഹ്തിറാസില്‍ പച്ച തന്നെയായിരിക്കും കാണിക്കുക. 24 മണിക്കൂറിനകം പരിശോധനാ ഫലം എസ്എംഎസ് ആയി ലഭിക്കും. ഫലം പോസിറ്റീവ് ആകുന്നവര്‍ക്ക് തുടര്‍ നടപടികള്‍ അറിയിക്കും.
🇦🇪യാത്രാ വിലക്ക്: വിസ കാലാവധിയിൽ ആശങ്ക വേണ്ടെന്ന് കോൺസുൽ ജനറൽ.
✒️യാത്ര വിലക്കിൽ നാട്ടിൽ കുടുങ്ങിയ യു.എ.ഇ പ്രവാസികളുടെ വിസ കാലാവധി അവസാനിക്കുന്നതിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരി പറഞ്ഞു.
ഇക്കാര്യം യു.എ.ഇ അധികൃതരുമായി ചർച്ച ചെയ്തിട്ടുണ്ട്. വിഷയം അനുഭാവപൂർവം പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
🇶🇦ഖത്തർ: ഇഹ്തിറാസ് ആപ്പിൽ പുതിയ സേവനങ്ങൾ ഉൾപ്പെടുത്തി.
✒️ഇഹ്തിറാസ് ആപ്പിന്റെ പുതിയ പതിപ്പിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജൂൺ 2-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഇഹ്തിറാസ് ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഉപയോഗിക്കുന്നവർക്ക് ഹെൽത്ത് കാർഡ് നമ്പർ, അവസാനമായി COVID-19 പരിശോധ നടത്തിയ തീയതി, അവസാനമായി നടത്തിയ പരിശോധനയുടെ ഫലം മുതലായവ ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്. രോഗമുക്തരായവരിൽ രോഗമുക്തി നേടിയ തീയതി, രോഗബാധ സ്ഥിരീകരിച്ച തീയതി, രോഗബാധ സ്ഥിരീകരിച്ച ശേഷമുള്ള ദിനങ്ങളുടെ എണ്ണം മുതലായ വിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്കെന്ന പോലെ രോഗമുക്തരായവർക്കും വിവിധ മേഖലകളിൽ പ്രവേശിക്കുന്നതിന് ഇളവ് ഉള്ളതിനാൽ രോഗമുക്തി സംബന്ധമായ വിവരങ്ങൾ ഇഹ്തിറാസ് ആപ്പിന്റെ പുതിയ പതിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ഏറെ പ്രയോജനപ്രദമാണ്. ഇത്തരം ഇടങ്ങളിൽ രോഗമുക്തരാണെന്ന് തെളിയിക്കുന്നതിനായി ആപ്പിലെ ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.
ഇതുവരെ COVID-19 പരിശോധനകൾ നടത്താത്തവരുടെ ഹെൽത്ത് കാർഡ് വിവരങ്ങൾ ആപ്പിൽ ലഭ്യമാകണമെന്നില്ല. ആപ്പിന്റെ പുതിയ പതിപ്പിലും വ്യക്തിയുടെ ആരോഗ്യ സ്റ്റാറ്റസ് QR കോഡ് ഉപയോഗിച്ച് തന്നെയാണ് വ്യക്തമാക്കുന്നത്. വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവരുടെ QR കോഡിന് ചുറ്റും സുവർണ്ണ നിറത്തിലുള്ള ഒരു ഫ്രെയിം തെളിയുന്നതാണ്.
🛫എയർ ഇന്ത്യ യാത്രക്കാർക്ക് സൗജന്യമായി തീയതി മാറ്റാം.
✒️ഇന്ത്യ-യു.എ.ഇ. യാത്രാനിരോധനം മൂലം നാട്ടിൽ കുടുങ്ങിപ്പോയവർക്ക് സൗജന്യമായി തീയതിമാറ്റി നൽകുമെന്ന് എയർ ഇന്ത്യ അറിയിച്ചു.
ഇന്ത്യക്കാർക്ക് യു.എ.ഇ.യിൽ പ്രവേശന വിലക്ക് തുടങ്ങിയ ഏപ്രിൽ 25 മുതൽ നിലവിൽ വിലക്ക് പിൻവലിക്കുന്ന തീയതിയായ ജൂൺ 30 വരെ ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് യാത്രാതീയതി സൗജന്യമായി മാറ്റിനൽകുക.
യാത്രാടിക്കറ്റ് കൈവശമുണ്ടായിരിക്കണം. ടിക്കറ്റിന്റെ സാധുത അനുസരിച്ച് യാത്രക്കാർക്ക് ഏത് തീയതിയിലേക്ക് വേണമെങ്കിലും മാറ്റാമെന്നും എയർ ഇന്ത്യ അറിയിച്ചു.
🇦🇪ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസിക്ക് 30 കോടിയുടെ സമ്മാനം.
✒️അബുദാബി ബിഗ് ടിക്കറ്റിന്റെ 228-ാമത് സീരിസ് നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹം (30 കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി ശ്രീലങ്കന്‍ സ്വദേശി. ദുബൈയില്‍ താമസിക്കുന്ന രസിക ജെ ഡി എസ് ആണ് ഈ ഭാഗ്യവാന്‍. മേയ് 29ന് ഇദ്ദേഹം വാങ്ങിയ 213288 എന്ന ടിക്കറ്റ് നമ്പരാണ് സ്വപ്ന വിജയം സമ്മാനിച്ചത്.
സമ്മാനാര്‍ഹനായതില്‍ വളരെയധികം സന്തോഷമുണ്ടെന്നും സഹപ്രവര്‍ത്തകരുമായി ചേര്‍ന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയതെന്നും അദ്ദേഹം ബിഗ് ടിക്കറ്റ് പ്രതിനിധി റിച്ചാര്‍ഡിനോട് പ്രതികരിച്ചു. കഴിഞ്ഞ നറുക്കെടുപ്പിലെ വിജയിയായ മുഹമ്മദ് മിഷ്ഫാക്കാണ് ബിഗ് ടിക്കറ്റിന്റെ ഇത്തവണത്തെ ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് തെരഞ്ഞെടുത്തത്. ഒരു ദിവസം ഭാഗ്യം തേടിയെത്തുമെന്നും അതുകൊണ്ട് തന്നെ ബിഗ് ടിക്കറ്റില്‍ പങ്കെടുക്കുന്നവര്‍ നിരാശരാകേണ്ടെന്നും മിഷ്ഫാക്ക് പറഞ്ഞു.
രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം (രണ്ട് കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയത് ഫിലിപ്പീന്‍സില്‍ നിന്നുള്ള ക്രിസ്റ്റീന്‍ ബെര്‍ണാഡെറ്റ് ബെര്‍ണാഡോ ആണ്. മേയ് 28ന് ഇദ്ദേഹം വാങ്ങിയ 317768 എന്ന ടിക്കറ്റ് നമ്പരാണ് വിജയം സമ്മാനിച്ചത്. രണ്ട് കോടീശ്വരന്മാര്‍ക്ക് പുറമെ മറ്റ് ആറ് പേര്‍ കൂടി ബിഗ് ടിക്കറ്റിലൂടെ ക്യാഷ് പ്രൈസുകള്‍ നേടി. ഇന്ത്യക്കാരനായ മുഹമ്മദ് ഫഹദാണ് മൂന്നാം സമ്മാനമായ 100,000 ദിര്‍ഹം സ്വന്തമാക്കിയ ഭാഗ്യശാലി. 123205 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. നാലാം സമ്മാനമായ 90,000 ദിര്‍ഹം സ്വന്തമാക്കിയത് ഫിലിപ്പീന്‍സ് സ്വദേശിയായ മാര്‍ക് ആന്ദ്രേസ് ആണ്. ഇദ്ദേഹം വാങ്ങിയ 043930 എന്ന ടിക്കറ്റ് നമ്പരാണ് വിജയം സമ്മാനിച്ചത്. ഇന്ത്യക്കാരിയായ സിമി സോയ് വാങ്ങിയ 217556 എന്ന ടിക്കറ്റ് നമ്പരാണ് അഞ്ചാം സമ്മാനമായ 80,000 ദിര്‍ഹം നേടിയത്. ആറാം സമ്മാനമായ 70,000 ദിര്‍ഹത്തിന് അര്‍ഹയായത് പാകിസ്ഥാന്‍ സ്വദേശിയായ ലീല റാം ആണ്. ഇവര്‍ വാങ്ങിയ 140601 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. ശ്രീലങ്കയില്‍ നിന്നുള്ള സുലേന്ദ്രിയന്‍ രാസേന്ദ്രിയന്‍ വാങ്ങിയ 004942 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. ശ്രീലങ്കയില്‍ നിന്നുള്ള സുലേന്ദ്രിയന്‍ രാസേന്ദ്രിയന്‍ വാങ്ങിയ 004942 എന്ന ടിക്കറ്റ് നമ്പരാണ് ഏഴാം സമ്മാനമായ 60,000 ദിര്‍ഹത്തിന് അര്‍ഹമായത്. എട്ടാം സമ്മാനമായ 50,000 ദിര്‍ഹം നേടിയത് ഇന്ത്യയില്‍ നിന്നുള്ള സിനി ജോസഫാണ്. സിനി വാങ്ങിയ 280202 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്.
017221 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ തിലകന്‍ പുരുഷോത്തമന്‍ ബിഗ് ടിക്കറ്റിന്റെ ഡ്രീം കാര്‍ പ്രൊമോഷനിലെ ജീപ്പ് ഗ്രാന്റ് ചിറോക് സ്വന്തമാക്കി. ബിഗ് ടിക്കറ്റിലൂടെ നിങ്ങള്‍ക്കും ഭാഗ്യം പരീക്ഷിക്കാം. നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ടിക്കറ്റിന്റെ നിരക്ക്. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കും. ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള ടിക്കറ്റിന് നികുതി ഉള്‍പ്പെടെ 150 ദിര്‍ഹമാണ് നിരക്ക്. ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.bigticket.ae വഴിയോ അല്ലെങ്കില്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെയോ അല്‍ ഐന്‍ വിമാനത്താവളത്തിലെയോ സ്റ്റോറുകള്‍ സന്ദര്‍ശിച്ചും ടിക്കറ്റുകള്‍ സ്വന്തമാക്കി ഇത്തവണ കോടീശ്വരനാവാനുള്ള ഒരു അവസരമൊരുക്കാം.
🇴🇲ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവേശനവിലക്ക് തുടരും; മൂന്ന് രാജ്യങ്ങൾക്ക് കൂടി പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നു.
✒️ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ തുടരാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി വ്യക്തമാക്കി. 2021 ജൂൺ 2-ന് ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം.
ഈ തീരുമാന പ്രകാരം, ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, സുഡാൻ, ലെബനൻ, ഈജിപ്ത്, ഫിലിപ്പീൻസ്, ബ്രസീൽ, നൈജീരിയ, ടാൻസാനിയ, സിയറ ലിയോൺ, എത്യോപ്യ, യു കെ എന്നീ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്കുള്ള പ്രവേശന വിലക്കുകൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരും. ഈ രാജ്യങ്ങളിൽ നിന്ന് നേരിട്ടെത്തുന്ന മുഴുവൻ യാത്രികർക്കും, ഒമാനിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപുള്ള 14 ദിവസങ്ങൾക്കിടയിൽ ഈ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളവർക്കും ഈ വിലക്ക് ബാധകമാണ്.
ഇതിന് പുറമെ, 2021 ജൂൺ 5 വൈകീട്ട് 2 മണിമുതൽ മലേഷ്യ, തായ്‌ലൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങൾക്കും ഒമാനിലേക്ക് പ്രവേശന വിലക്കേർപ്പെടുത്തുന്നതാണ്.
സുപ്രീം കമ്മിറ്റിയുടെ ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യം സ്ഥിരീകരിച്ച് കൊണ്ട് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.
രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാനും ജൂൺ 2-ലെ യോഗത്തിൽ സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി ആദ്യ ഡോസ് കുത്തിവെപ്പെടുത്തവർക്ക് രണ്ടാം ഡോസ് നൽകുന്ന നടപടി ജൂൺ 6, ഞായറാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജൂൺ 2-ന് വൈകീട്ടാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
പത്ത് ആഴ്ച്ചകൾക്ക് മുൻപ് ഒന്നാം ഡോസ് കുത്തിവെപ്പെടുത്തവർക്കുള്ള രണ്ടാം ഡോസ് വാക്സിൻ നൽകുമെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഈ വിഭാഗത്തിൽപ്പെടുന്നവരെ മന്ത്രാലയം നേരിട്ട് ബന്ധപ്പെടുമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.
രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി അറിയിച്ചു. 2021 ജൂൺ 2-ന് ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം
COVID-19 നിയന്ത്രണങ്ങളിൽ താഴെ പറയുന്ന ഇളവുകൾ അനുവദിക്കുന്നതിനാണ് സുപ്രീം കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്:
ദിനവുമുള്ള പ്രാർത്ഥനകൾക്കായി പരമാവധി 100 വിശ്വാസികളെ പങ്കെടുപ്പിച്ച് കൊണ്ട് പള്ളികൾ തുറക്കാൻ അനുമതി നൽകി. വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്ക് അനുമതിയില്ല.
ഒമാനിൽ ദിനവും രാത്രി 8 മുതൽ പുലർച്ചെ 4 വരെ വാണിജ്യ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ പിൻവലിക്കും. വാണിജ്യ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, ഷോപ്പിംഗ് മാളുകൾ, റെസ്റ്ററന്റുകൾ, കഫെ മുതലായ ഇടങ്ങളിൽ പരമാവധി ശേഷിയുടെ 50 ശതമാനം ഉപഭോക്താക്കൾക്ക് പ്രവേശനം. 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ഇത്തരം ഇടങ്ങളിൽ ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് ഒഴിവാക്കി.
ആളുകൾ ഒത്ത് ചേരുന്ന എക്സിബിഷൻ, വെഡിങ്ങ് ഹാൾ, മറ്റു വാണിജ്യ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് പരമാവധി മുപ്പത് ശതമാനം പേരെ പങ്കെടുപ്പിച്ച് പ്രവർത്തനാനുമതി നൽകി. വലിയ ഹാളുകളിൽ പരമാവധി 300 പേരെ വരെ പങ്കെടുപ്പിക്കാം.
പൊതുജനങ്ങൾക്ക് ബീച്ച്, പൊതു പാർക്കുകൾ എന്നിവ സന്ദർശിക്കാൻ അനുമതി നൽകും. എന്നാൽ ഇത്തരം ഇടങ്ങളിൽ ആളുകൾ ഒത്ത്ചേരുന്നതിന് അനുമതിയില്ല.
ഒമാനിലും, ചുറ്റുമുള്ള രാജ്യങ്ങളിലും തൊഴിലെടുക്കുന്ന ഒമാൻ പൗരന്മാർ, ജി സി സി രാജ്യങ്ങളിലെ റെസിഡൻസി വിസകളിലുള്ളവർ എന്നീ വിഭാഗങ്ങൾക്ക് തൊഴിൽ ആവശ്യങ്ങൾക്കായി രാജ്യത്തിന്റ കര അതിർത്തികളിലൂടെ സഞ്ചരിക്കുന്നതിന് അനുമതി നൽകി. ഇതിനായി ഇത്തരത്തിൽ യാത്ര ചെയ്യുന്ന യാത്രികർ തങ്ങളുടെ കൈവശം തൊഴിൽ സംബന്ധമായ രേഖകൾ കൈവശം കരുതേണ്ടതാണ്.
ഔട്ഡോർ സ്പോർട്സ് പരിപാടികൾക്ക് അനുമതി.
പരമാവധി ശേഷിയുടെ 50 ശതമാനത്തിൽ ജിം, ഫിറ്റ്നസ് സെന്റർ എന്നിവ തുറക്കാം.
ഹോട്ടലുകളിലെ അതിഥികൾ, ക്ലബുകളിലെ അംഗങ്ങൾ തുടങ്ങിയവർക്ക് ഇത്തരം ഇടങ്ങളിലെ സ്വിമ്മിങ്ങ് പൂൾ, ജിം മുതലായ സേവനങ്ങൾ ഉപയോഗിക്കാൻ അനുമതി.
ഏതാനം രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശനവിലക്കുകൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരും. ഇതിന് പുറമെ ജൂൺ 5 മുതൽ മലേഷ്യ, തായ്‌ലൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങൾക്കും ഒമാനിലേക്ക് പ്രവേശന വിലക്കേർപ്പെടുത്തുന്നതാണ്.
0 Comments