Ticker

6/recent/ticker-posts

Header Ads Widget

കരിപ്പൂരില്‍ പിടികൂടിയത് 1.2 കോടിയുടെ സ്വര്‍ണമിശ്രിതം

രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ അന്വേഷണം ഊർജിതമായി തുടരുന്നതിനിടെയും കരിപ്പൂർ വിമാനത്താവളം വഴി സ്വർണക്കടത്ത് തുടരുന്നു.

വ്യാഴാഴ്ച കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മൂന്ന് യാത്രക്കാരിൽനിന്നായി കസ്റ്റംസ് എയർഇന്റലിജൻസ് മൂന്നുകിലോയിലേറെ സ്വർണമിശ്രിതം പിടികൂടി. വിപണിയിൽ ഏകദേശം 1.2 കോടിയിലേറെ രൂപ വിലവരുന്ന സ്വർണമാണ് വ്യാഴാഴ്ച പുലർച്ചെവരെ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്.

വടകര സ്വദേശി കുനിയത്ത് മുസ്തഫയിൽനിന്ന് 1320 ഗ്രാം സ്വർണമിശ്രിതമാണ് പിടികൂടിയത്. സോക്സിനുള്ളിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. ഇയാളിൽനിന്ന് പിടിച്ചെടുത്ത സ്വർണത്തിന് ഏകദേശം 53 ലക്ഷത്തോളം രൂപ വിലവരും.

കാസർകോട് ഉപ്പള സ്വദേശിയായ ഷാഫിയാണ് സ്വർണവുമായി പിടിയിലായ രണ്ടാമത്തെ യാത്രക്കാരൻ. ഡി.ആർ.ഐ. നൽകിയ രഹസ്യവിവരത്തെ തുടർന്നാണ് ഇയാളെ പിടികൂടിയത്. ഷാഫിയിൽനിന്ന് 1030 ഗ്രാം സ്വർണമിശ്രിതം പിടിച്ചെടുത്തു.

മലപ്പുറം സ്വദേശി ലുഖ്മാനാണ് സ്വർണം കടത്തിയ മൂന്നാമത്തെ യാത്രക്കാരൻ. 1086 ഗ്രാം സ്വർണമിശ്രിതത്തിനൊപ്പം 50 ഗ്രാമിന്റെ സ്വർണമാലയും ഇയാളിൽനിന്ന് പിടികൂടിയിട്ടുണ്ട്. വിപണിയിൽ ഏകദേശം 46 ലക്ഷത്തോളം രൂപ വിലവരുന്നതാണിത്.

പിടിച്ചെടുത്ത സ്വർണമിശ്രിതം ഉരുക്കിനോക്കിയാൽ മാത്രമേ എത്ര ഗ്രാം സ്വർണമുണ്ടെന്ന യഥാർഥ കണക്ക് ലഭിക്കുകയുള്ളൂ. പിടിയിലായ ഷാഫിയും ലുഖ്മാനും പാന്റ്സിനുള്ളിലെ രഹസ്യഅറകളിൽ ഒളിപ്പിച്ചാണ് സ്വർണമിശ്രിതം കടത്താൻ ശ്രമിച്ചത്. ബെൽറ്റ് രൂപത്തിലായിരുന്നു ഇവ പാന്റ്സിനുള്ളിൽ ഒളിപ്പിച്ചിരുന്നത്.

Post a Comment

0 Comments