2021 ജൂലൈ 4, ഞായറാഴ്ച്ച മുതൽ യു എ ഇയിൽ നിന്ന് സൗദിയിലേക്കും, തിരികെയുമുള്ള വിമാനസർവീസുകൾ താത്കാലികമായി നിർത്തിവെക്കുന്നതായി എമിറേറ്റ്സ്, ഇത്തിഹാദ് എന്നീ വിമാനക്കമ്പനികൾ വ്യക്തമാക്കി. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെയാണ് ഈ തീരുമാനം.
സൗദി അധികൃതരിൽ നിന്നുള്ള ഏറ്റവും പുതിയ അറിയിപ്പുകൾ പ്രകാരം, 2021 ജൂലൈ 4, 11PM മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ സൗദി – യു എ ഇ വിമാനസർവീസുകൾ നിർത്തിവെക്കുന്നതായി ഇത്തിഹാദ് അറിയിച്ചു.
ജൂലൈ 4 23:00 മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സൗദിയിലേക്കുള്ള വിമാനസർവീസുകൾ നിർത്തലാക്കിയതായി എമിറേറ്റ്സ് എയർലൈനും വ്യക്തമാക്കിയിട്ടുണ്ട്.
യു എ ഇ, എത്യോപ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്കും, തിരികെയുമുള്ള വിമാനസർവീസുകൾക്ക് ജൂലൈ 4, ഞായറാഴ്ച്ച 11PM മുതൽ വിലക്കേർപ്പെടുത്താൻ സൗദി അറേബ്യ തീരുമാനിച്ച സാഹചര്യത്തിലാണ് യു എ ഇ വിമാനക്കമ്പനികൾ സർവീസുകൾ നിർത്തലാക്കുന്നത്.
ഈ രാജ്യങ്ങളിലേക്കും, തിരികെയുമുള്ള യാത്രകൾക്ക് താത്കാലിക വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം ജൂലൈ 3-ന് പുലർച്ചെ അറിയിച്ചിരുന്നു. COVID-19 വൈറസിന്റെ പുതിയ വകഭേദവുമായി ബന്ധപ്പെട്ട വ്യാപന സാധ്യതകൾ കണക്കിലെടുത്താണ് ഈ തീരുമാനം.
സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച ഏതാണ്ട് ഇരുപതിനായിരത്തോളം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു
സൗദി: രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച ഏതാണ്ട് ഇരുപതിനായിരത്തോളം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. 2021 ജൂൺ 24 മുതൽ ജൂൺ 30 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും, അനധികൃത തൊഴിലാളികളായും, കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനും 19812 പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇതിൽ 8570 പേർ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനാണ് അറസ്റ്റിലായത്. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 947 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിർത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങൾക്ക് 10295 പേരെയാണ് അറസ്റ്റ് ചെയ്തത്.
അനധികൃതമായി സൗദി അതിർത്തികളിലൂടെ നുഴഞ്ഞ് കയറാൻ ശ്രമിച്ച 224 പേരെയും ഈ കാലയളവിൽ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 47 ശതമാനം പേർ എത്യോപ്യൻ പൗരന്മാരും, 43 ശതമാനം പേർ യെമൻ പൗരന്മാരും, 5 ശതമാനം പേർ സോമാലി പൗരന്മാരും, 5 ശതമാനം പേർ മറ്റു രാജ്യങ്ങളിൽ നിന്നുമുള്ളവരാണ്.
റെസിഡൻസി നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികൾ, അനധികൃത തൊഴിലാളികൾ, കുടിയേറ്റക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ സെക്യൂരിറ്റി വിഭാഗങ്ങളുമായി പങ്ക് വെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം ഏതാനം ദിവസങ്ങൾക്ക് മുൻപ് രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആവശ്യപ്പെട്ടിരുന്നു. ഇത്തരക്കാരെ കണ്ടെത്തി നടപടികൾ കൈക്കൊള്ളുന്നതിനായി രാജ്യത്തെ വിവിധ സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധനാ പരിപാടികൾ അതിവിപുലമായി നടത്തിവരികയാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ രാജ്യത്ത് അഞ്ച് ദശലക്ഷത്തിൽ പരം അനധികൃത കുടിയേറ്റക്കാർക്കെതിരെയും, റെസിഡൻസി നിയമങ്ങൾ ലംഘിച്ചവർക്കെതിരെയും നിയമനടപടികൾ സ്വീകരിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇത്തരം വിവരങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരുമായി പങ്ക് വെക്കുന്നതിനുള്ള നമ്പറുകളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, സൗദിയുടെ മറ്റു മേഖലകളിൽ 999 എന്ന നമ്പറിലും ഇത്തരം നിയമലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.
ഒമാൻ: 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ജൂലൈ 4 മുതൽ COVID-19 വാക്സിൻ നൽകും.
രാജ്യത്തെ 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് COVID-19 വാക്സിൻ നൽകുന്നതിനുള്ള നടപടികൾക്ക് 2021 ജൂലൈ 4 മുതൽ തുടക്കമാകുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദേശീയ വാക്സിനേഷൻ യത്നം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
ഇത്തരത്തിൽ വാക്സിൻ ലഭിക്കുന്നതിന് മുൻകൂർ ബുക്കിങ്ങ് നിർബന്ധമാണെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഈ പ്രായവിഭാഗങ്ങളിലുള്ളവർക്ക് https://covid19.moh.gov.om എന്ന വിലാസത്തിലൂടെയോ ‘Tarassud+’ ആപ്പിലൂടെയോ ഈ ബുക്കിങ്ങ് പൂർത്തിയാക്കാവുന്നതാണ്.
ഈ പ്രായവിഭാഗങ്ങളിലുള്ളവർ വാക്സിനെടുക്കുന്നതിനായി രാജ്യത്തെ വിവിധ വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തുന്നതിന് മുൻപായി ഈ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. മുൻകൂർ ബുക്കിങ്ങ് പൂർത്തിയാക്കുന്നവർക്ക് ഇത് സംബന്ധിച്ച സ്ഥിരീകരണം SMS മുഖേന ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഈ സന്ദേശം ലഭിക്കുന്നവർ വാക്സിനേഷൻ കേന്ദ്രത്തിൽ ഹാജരായ ശേഷം പരിശോധനകൾക്കായി ഈ സന്ദേശത്തിലെ ബാർകോഡ് പങ്ക് വെക്കേണ്ടതാണ്
0 Comments