🇦🇪യുഎഇയില്‍ ഈദ് പ്രാര്‍ത്ഥനാ ഹാളിന് പിന്നില്‍ യുവാവിന്റെ മൃതദേഹം; 48 മണിക്കൂറിനകം പ്രതി അറസ്റ്റില്‍.
🇸🇦സൗദി: വാക്സിനെടുക്കാത്തവർക്ക് ഓഗസ്റ്റ് 1 മുതൽ പൊതു ഇടങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാൻ തീരുമാനം.
🇦🇪യുഎഇയില്‍ 1,506 പേര്‍ക്ക് കൂടി കൊവിഡ്, മൂന്ന് മരണം.
🇸🇦സൗദി: യാത്രാ വിലക്കുകൾ തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ വിസ കാലാവധി ഓഗസ്റ്റ് 31 വരെ നീട്ടി നൽകും.
🇶🇦ഖത്തർ: Ehteraz വെബ്‌സൈറ്റിലെ മുൻകൂർ രജിസ്‌ട്രേഷൻ യാത്രാ നടപടികൾ സുഗമമാക്കുമെന്ന് MoPH.
🇶🇦ഖത്തറില്‍ 43 വയസ്സുകാരന്‍ കോവിഡ് ബാധിച്ച് മരിച്ചു; ഇന്ന് 128 പേര്‍ക്ക് രോഗബാധ.
🇸🇦കോവിഡ്; സൗദിയിൽ ഇന്ന് മക്കയിലും കിഴക്കൻ പ്രവിശ്യയിലും പുതിയ രോഗികൾ കുറഞ്ഞു.
🇦🇪യുഎഇയില്‍ ഈദ് പ്രാര്‍ത്ഥനാ ഹാളിന് പിന്നില്‍ യുവാവിന്റെ മൃതദേഹം; 48 മണിക്കൂറിനകം പ്രതി അറസ്റ്റില്‍.
✒️യുഎഇയിലെ ഫുജൈറയില്‍ ഈദ് മുസല്ലയ്ക്ക് പിന്നില്‍ 39കാരനായ സ്വദേശി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മൃതദേഹം കണ്ടെത്തി 48 മണിക്കൂറിനകമാണ് പ്രതി പിടിയിലായത്. 31കാരനായ ചൈനക്കാരനാണ് അറസ്റ്റിലായത്.
ശനിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. മൃതദേഹം പരിശോധിച്ച ഫോറന്‍സിക് ഡോക്ടര്‍ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതോടെ ഉടന്‍ അന്വേഷണം ആരംഭിക്കുകയായിരുന്നെന്ന് പൊലീസ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഹമീദ് മുഹമ്മദ് അല്‍ യമഹി പറഞ്ഞു. കൊലപാതകം നടന്ന സ്ഥലവും കൊല്ലപ്പെട്ടയാളുടെ വാഹനവും പരിശോധിച്ചതിലൂടെയാണ് നിര്‍ണായക വിവരം ലഭിച്ചത്. ക്രിമിനല്‍ ഇന്‍വെസ്റ്റിഡേഷന്‍സ് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അഹ്മദ് അല്‍ ഷേറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. തുടര്‍ന്ന് മോഷണവസ്തുക്കളുമായി പ്രതി അറസ്റ്റിലായി.
ഈദ് പ്രാര്‍ത്ഥനാ ഹാളിന്റെ പിന്നിലെ വെളിച്ചമില്ലാതെ വിജനമായ സ്ഥലത്തായിരുന്നു കൊല്ലപ്പെട്ട യുവാവിന്റെ വാഹനം എഞ്ചിന്‍ ഓഫ് ചെയ്യാത്ത നിലയില്‍ പാര്‍ക്ക് ചെയ്തത്. വാഹനത്തിന്റെ പിന്‍ സീറ്റില്‍ കയറിയ പ്രതി ഒരു വില്ലയില്‍ നിന്ന് മോഷ്ടിച്ച തോക്ക് കാട്ടി ഭീഷണിപ്പെടുത്തി. വാഹനത്തിന് പുറത്തേക്കിറങ്ങിയ യുവാവിനെ പ്രതി വെടിവെക്കുകയായിരുന്നു. യുവാവിന്റെ പഴ്‌സും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് ഒളിപ്പിച്ച സ്ഥലം പ്രതി പൊലീസിന് കാണിച്ചുകൊടുത്തു. കേസിലെ നടപടികള്‍ പൂര്‍ത്തിയാക്കി പബ്ലിക് പ്രോസിക്യൂഷന് കൈമാറും.
🇸🇦സൗദി: വാക്സിനെടുക്കാത്തവർക്ക് ഓഗസ്റ്റ് 1 മുതൽ പൊതു ഇടങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാൻ തീരുമാനം.
✒️2021 ഓഗസ്റ്റ് 1 മുതൽ രാജ്യത്തെ പൊതു ഇടങ്ങളിലേക്കും, സ്വകാര്യ സ്ഥാപനങ്ങളിലേക്കും COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമാണ് പ്രവേശനം നൽകുന്നതെന്ന് സൗദി മിനിസ്ട്രി ഓഫ് മുനിസിപ്പൽ ആൻഡ് റൂറൽ അഫയേഴ്‌സ് ആൻഡ് ഹൗസിങ്ങ് അറിയിച്ചു. ജൂലൈ 20-ന് രാത്രിയാണ് സൗദി മിനിസ്ട്രി ഓഫ് മുനിസിപ്പൽ ആൻഡ് റൂറൽ അഫയേഴ്‌സ് ആൻഡ് ഹൗസിങ്ങ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് അനുസരിച്ച്, സൗദി അറേബ്യ അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിൻ മുഴുവൻ ഡോസ് കുത്തിവെപ്പുകളും പൂർത്തിയാക്കിയവർക്കും, COVID-19 രോഗമുക്തി നേടിയവർക്കുമാണ് ഓഗസ്റ്റ് 1 മുതൽ പൊതു ഇടങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നത്. വാണിജ്യ കേന്ദ്രങ്ങൾ, ഷോപ്പിംഗ് മാളുകൾ, ചില്ലറ വില്പനശാലകൾ, പൊതു മാർക്കറ്റുകൾ, റെസ്റ്ററന്റുകൾ, കഫേ, ബാർബർ ഷോപ്പ്, ബ്യൂട്ടി സലൂൺ മുതലായവ ഇടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ഓഗസ്റ്റ് 1 മുതൽ വാക്സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്.
2021 ഓഗസ്റ്റ് 1 മുതൽ രാജ്യത്തെ വാണിജ്യ കേന്ദ്രങ്ങളിലേക്കും, മാളുകളിലേക്കുമുള്ള പ്രവേശനം COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമായിരിക്കുമെന്ന് സൗദി വാണിജ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 1 മുതൽ വാണിജ്യ പ്രവർത്തനങ്ങൾ, സാംസ്‌കാരിക പരിപാടികൾ, വിനോദപരിപാടികൾ, കായികവിനോദ വേദികൾ മുതലായ ഇടങ്ങളിലെല്ലാം പ്രവേശനം ലഭിക്കുന്നതിന് സൗദി COVID-19 വാക്സിൻ നിർബന്ധമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
🇦🇪യുഎഇയില്‍ 1,506 പേര്‍ക്ക് കൂടി കൊവിഡ്, മൂന്ന് മരണം
✒️യുഎഇയില്‍ 1,506 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,484 പേര്‍ സുഖം പ്രാപിക്കുകയും മൂന്ന് പേര്‍ മരണപ്പെടുകയും ചെയ്തു.
പുതിയതായി നടത്തിയ 2,42,524 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,65,533 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,43,234 പേര്‍ രോഗമുക്തരാവുകയും 1,907 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,392 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🇸🇦സൗദി: യാത്രാ വിലക്കുകൾ തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ വിസ കാലാവധി ഓഗസ്റ്റ് 31 വരെ നീട്ടി നൽകും.
✒️രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ റെസിഡൻസി വിസ കാലാവധി 2021 ഓഗസ്റ്റ് 31 വരെ നീട്ടി നൽകാൻ തീരുമാനിച്ചതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്ത്) അറിയിച്ചു. ജൂലൈ 20-ന് വൈകീട്ടാണ് ജവാസത്ത് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
സൗദിയിലേക്ക് യാത്രാവിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ളവരുടെ റെസിഡൻസി പെർമിറ്റുകൾ, എക്സിറ്റ് വിസ, റീ-എൻട്രി വിസ, വിസിറ്റ് വിസ മുതലായവയുടെ കാലാവധി ഓഗസ്റ്റ് 31 വരെ സൗജന്യമായി നീട്ടിയതായാണ് ജവാസത്ത് അറിയിച്ചിട്ടുള്ളത്. രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും നിലവിലെ സാഹചര്യങ്ങളിൽ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളിൽ സഹായം നൽകുന്നതിനായാണ് സൗദി രാജാവ് കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് ഇത്തരം ഒരു ഉത്തരവ് പുറത്തിറക്കിയത്.
നേരത്തെ ഇത്തരം വിസകളുടെ കാലാവധി 2021 ജൂലൈ 31 വരെ ജവാസത്ത് സൗജന്യമായി നീട്ടി നൽകിയിരുന്നു. ഇത്തരം വിസകളുടെ കാലാവധി നീട്ടുന്നതിനുള്ള നടപടികൾ നാഷണൽ ഇൻഫർമേഷൻ സെന്ററുമായി ചേർന്ന് ജവാസത്ത് സ്വയമേവ നടപ്പിലാക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി പാസ്സ്‌പോർട്ട് വകുപ്പുകൾ സന്ദർശിക്കേണ്ട ആവശ്യമില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
🇶🇦ഖത്തർ: Ehteraz വെബ്‌സൈറ്റിലെ മുൻകൂർ രജിസ്‌ട്രേഷൻ യാത്രാ നടപടികൾ സുഗമമാക്കുമെന്ന് MoPH.
✒️ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർ Ehteraz വെബ്‌സൈറ്റിൽ മുൻകൂർ രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നത് രാജ്യത്തിന്റെ വിവിധ പ്രവേശനകവാടങ്ങളിലെ യാത്രാ നടപടികൾ സുഗമമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം (MoPH) ചൂണ്ടിക്കാട്ടി. രാജ്യത്തേക്ക് പ്രവേശിക്കുന്ന ഖത്തർ പൗരന്മാർ, പ്രവാസികൾ എന്നിവർക്ക് ഈ മുൻകൂർ രജിസ്‌ട്രേഷൻ നിർബന്ധമല്ലെങ്കിലും, യാത്രാ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനും, കാത്തിരിപ്പ് ഒഴിവാക്കുന്നതിനും ഈ രജിസ്‌ട്രേഷൻ സഹായിക്കുമെന്ന് MoPH വ്യക്തമാക്കി.
ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർക്ക് 2021 ജൂലൈ 12 മുതൽ https://www.ehteraz.gov.qa/ എന്ന വിലാസത്തിൽ മുൻകൂർ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയതായി ഖത്തർ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഈ അറിയിപ്പിൽ മാറ്റം വരുത്തിയതായും, ഖത്തർ പൗരന്മാർക്കും, പ്രവാസികൾക്കും Ehteraz വെബ്‌സൈറ്റിൽ മുൻകൂർ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിരുന്നത് ഒഴിവാക്കി നൽകിയിട്ടുണ്ടെന്നും ജൂലൈ 13-ന് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിക്കുകയായിരുന്നു.
രാജ്യത്തേക്ക് യാത്ര ചെയ്യുന്നവരുടെ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനായാണ് ഖത്തർ പൗരന്മാർക്കും, പ്രവാസികൾക്കും Ehteraz വെബ്‌സൈറ്റിലെ മുൻകൂർ രജിസ്‌ട്രേഷൻ ഒഴിവാക്കി നൽകിയത്. എന്നാൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന മറ്റു സന്ദർശകർക്ക് Ehteraz വെബ്‌സൈറ്റിലെ മുൻകൂർ രജിസ്‌ട്രേഷൻ, മുൻകൂർ പ്രവേശനാനുമതി എന്നിവ നിർബന്ധമാണെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇത്തരം സന്ദർശകർ ട്രാവൽ പെർമിറ്റുകൾ ലഭിക്കുന്നതിനായി 12 മണിക്കൂർ മുൻപെങ്കിലും Ehteraz വെബ്‌സൈറ്റിലെ മുൻകൂർ രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്.
Ehteraz വെബ്‌സൈറ്റിലെ ‘Pre-Registration System’ രാജ്യത്തേക്ക് മടങ്ങിയെത്തുന്നവരുടെ ആരോഗ്യ സ്റ്റാറ്റസ് സംബന്ധമായ വിവരങ്ങൾ പരിശോധിക്കുന്നതിനും, ക്വാറന്റീൻ നടപടികൾ, ക്വാറന്റീൻ ഇളവുകൾ സംബന്ധിച്ച മുൻകൂർ അനുമതികൾ തുടങ്ങിയ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനുമായാണ് ആരംഭിച്ചിരിക്കുന്നത്. വാക്സിനേഷൻ സർട്ടിഫികറ്റ്, PCR പരിശോധനാ ഫലം മുതലായ രേഖകളുടെ കോപ്പികൾ നൽകിക്കൊണ്ട് ഈ മുൻകൂർ രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് ഖത്തറിലെ പ്രവേശന കവാടങ്ങളിലെ ഫാസ്റ്റ്-ട്രാക്ക് സംവിധാനത്തിലൂടെ നേരിട്ട് എമിഗ്രേഷൻ ചെക്ക്പോയിന്റുകളിലേക്ക് പ്രവേശിക്കാവുന്നതാണ്.
🇶🇦ഖത്തറില്‍ 43 വയസ്സുകാരന്‍ കോവിഡ് ബാധിച്ച് മരിച്ചു; ഇന്ന് 128 പേര്‍ക്ക് രോഗബാധ.
✒️ഖത്തറില്‍ ഇന്ന് 128 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 116 പേരാണ് രോഗമുക്തി നേടിയത്. 66 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 62 പേര്‍. 1,560 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.
ഖത്തറില്‍ ഇന്ന് ഒരാള്‍ കോവിഡ് ബാധിച്ച് മരിച്ചു. 43 വയസ്സുകാരനാണ് മരിച്ചത്. ആകെ മരണം 600. രാജ്യത്ത് ഇതുവരെ 222,478 പേര്‍ രോഗമുക്തി നേടി. ഇന്ന് 8 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 64 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.
24 മണിക്കൂറിനിടെ 6,813 ഡോസ് വാക്സിന്‍ നല്‍കി. ആകെ വാക്സിന്‍ ഡോസുകളുടെ എണ്ണം 35,87,683 ആയി. വാക്സിനേഷന് യോഗ്യരായ 78.8 ശതമാനം പേര്‍ക്ക് ഇതിനകം ഒരു ഡോസ് വാക്സിന്‍ ലഭിച്ചു.
🇸🇦കോവിഡ്; സൗദിയിൽ ഇന്ന് മക്കയിലും കിഴക്കൻ പ്രവിശ്യയിലും പുതിയ രോഗികൾ കുറഞ്ഞു.
✒️സൗദിയിൽ ഇന്ന് മക്കയിലും കിഴക്കൻ പ്രവിശ്യയിലും പുതിയ രോഗികൾ കുറഞ്ഞു. ഇന്ന് 1,142 പുതിയ രോഗികളും 1,024 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ സൗദിയിലെ കോവിഡ് രോഗികളുടെ ആകെ എണ്ണം 5,13,284 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,94,264 ഉം ആയി. രോഗികളിൽ ഇന്ന് 12 പേർ കൂടി മരിച്ചു. ഇതോടെ ഇതുവരെ കോവിഡ് രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 8,115 ആയി.
വിവിധ ആശുപത്രികളിലും മറ്റുമായി 10,905 രോഗികൾ നിലവിൽ ചികിത്സയിലുണ്ട്. ഇവരിൽ 1,374 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.29 ശതമാനവും മരണനിരക്ക് 1.58 ശതമാനവുമാണ്.
വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 302, മക്ക 188, കിഴക്കൻ പ്രവിശ്യ 176, അസീർ 143, ജീസാൻ 69, അൽ ഖസീം 59, മദീന 49, നജ്റാൻ 45, ഹായിൽ 43, അൽബാഹ 25, തബൂക്ക് 20, വടക്കൻ അതിർത്തി മേഖല 17, അൽ ജൗഫ് 6.
ഇതുവരെ രാജ്യത്ത് 2,23,11,3786 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

0 Comments