🇸🇦സൗദി അറേബ്യയിൽ ഇന്ന് 15 കൊവിഡ് മരണം; 1,098 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
🇦🇪യുഎഇയില്‍ 1565 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് നാല് മരണം.
🕋ഹജ്ജ് തീർഥാടകർ മക്കയിലെത്തി.
🕋ഹജ്ജ് അനുമതിയില്ലാതെ മക്കയില്‍ കടന്ന 113 പേര്‍ പിടിയില്‍.
🇰🇼ദീര്‍ഘകാലമായി ആശുപത്രികളില്‍ കഴിയുന്ന പ്രവാസികളെ തിരിച്ചയക്കാന്‍ പദ്ധതിയുമായി കുവൈത്ത്.
🇴🇲ഒമാനില്‍ ആരോഗ്യ പ്രവര്‍ത്തകരെയും കുടുംബാംഗങ്ങളെയും ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കി.
🚔അബുദാബി: പ്രതികൂല കാലാവസ്ഥയിൽ വാഹനങ്ങൾ ശ്രദ്ധയോടെ ഉപയോഗിക്കാൻ പോലീസ് ആഹ്വാനം ചെയ്തു.
🇧🇭ബഹ്‌റൈൻ: വിദേശത്ത് നിന്ന് COVID-19 വാക്സിനെടുത്തവർക്ക് വാക്സിൻ സർട്ടിഫിക്കറ്റ് അംഗീകാരം നേടുന്നതിനുള്ള നടപടികൾ.
🇴🇲ഒമാൻ: ഈദുൽ അദ്ഹ ദിനങ്ങളിലെ സമ്പൂർണ്ണ ലോക്ക്ഡൌൺ ജൂലൈ 24-ന് പുലർച്ചെ 4 മണിവരെ നീട്ടി.
🇶🇦60 കഴിഞ്ഞവര്‍ക്ക് ഖത്തറിലേക്ക് സന്ദര്‍ശക വിസ ലഭിക്കുന്നില്ല.
🇶🇦ഖത്തറില്‍ ഇന്ന് 116 പേര്‍ക്ക് കോവിഡ്; 52 പേര്‍ യാത്രക്കാര്‍.
വാർത്തകൾ വിശദമായി
🇸🇦സൗദി അറേബ്യയിൽ ഇന്ന് 15 കൊവിഡ് മരണം; 1,098 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
✒️സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 15 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്ന് പുതിയതായി 1,098 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്നവരിൽ 1,207 പേർ സുഖം പ്രാപിച്ചു. 24 മണിക്കൂറിനിടെ രാജ്യമാകെ 107,317 കൊവിഡ് പരിശോധനകളാണ് നടത്തിയത്.
ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ ആകെ എണ്ണം 508,521 ആയി. 489,553 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,063 ആയി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 258, മക്ക 211, കിഴക്കൻ പ്രവിശ്യ 128, അസീർ 124, ജീസാൻ 82, അൽഖസീം 77, അൽബാഹ 50, മദീന 43, ഹായിൽ 40, നജ്റാൻ 39, തബൂക്ക് 23, വടക്കൻ അതിർത്തി മേഖല 15, അൽജൗഫ് 8. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് 22,014,448 ഡോസായി.
🇦🇪യുഎഇയില്‍ 1565 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് നാല് മരണം.
✒️യുഎഇയില്‍ 1,565 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,508 പേര്‍ സുഖം പ്രാപിക്കുകയും നാല് പേര്‍ മരണപ്പെടുകയും ചെയ്തു.
പുതിയതായി നടത്തിയ 2,99,275 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,59,449 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,37,267 പേര്‍ രോഗമുക്തരാവുകയും 1,896 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,286 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
🕋ഹജ്ജ് തീർഥാടകർ മക്കയിലെത്തി.
✒️ഹജ്ജിനായി തീർഥാടകർ മക്കയിലെത്തി. ആദ്യം സംഘം ഇന്ന് ശനിയാഴ്ച രാവിലെ മസ്ജിദുൽ ഹറാമിലെത്തി കർശനമായ ആരോഗ്യ മുൻകരുതലുകൾക്കിടയിൽ തവാഫുൽ ഖൂദും നിർവഹിച്ചു മിനയിലേക്ക് തിരിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഹജ്ജ് തീർഥാടകരുടെ വരവ് തുടരുകയാണ്.
പൗരന്മാരും രാജ്യത്തെ താമസക്കാരുമായ 60,000 പേരാണ് ഇൗ വർഷം ഹജ്ജ് നിർവഹിക്കുന്നത്. മക്കക്കടുത്ത നവാരിയ, സാഇദി, ശറാഅ, അൽഹദാ എന്നിവിടങ്ങളിലെ പാർക്കിങ് സ്ഥലങ്ങളിലാണ് സ്വീകരണ കേന്ദ്രങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇവിടെങ്ങളിലെത്തുന്ന തീർഥാടകരെ പരിശോധന നടപടികൾ പുർത്തിയാക്കിയ ശേഷമാണ് ത്വവാഫുൽ ഖുദൂമിനായി ഹറമിലേക്ക് കൊണ്ടു പോകുന്നത്. അതിനു ശേഷമാണ് മിനയിലെത്തിക്കുന്നത്.
സ്വീകരണ കേന്ദ്രത്തിൽ നിന്ന് ഒരോ മൂന്ന് മണിക്കൂറിലും 6,000 തീർഥാടകർ എന്ന കണക്കിൽ മക്കയിലെത്തിച്ച് മൊത്തം തീർഥാടകരെ ഞായറാഴ്ച വൈകുന്നേരം ആറ് മണിക്ക് മുമ്പായി മിനയിലെത്തിക്കാനാകാനാണ് പദ്ധതി.
🕋ഹജ്ജ് അനുമതിയില്ലാതെ മക്കയില്‍ കടന്ന 113 പേര്‍ പിടിയില്‍.
✒️ഹജ്ജ് അനുമതി പത്രമില്ലാതെ മക്കയില്‍ കടന്ന 113 പേര്‍ പിടിയില്‍. ഹജ്ജ് സുരക്ഷ സേനയാണ് അറസ്റ്റ് ചെയ്തത്. പിടിയിലായവര്‍ക്ക് പതിനായിരം റിയാല്‍ പിഴ ചുമത്തി. ഹജ്ജ് കഴിയുന്നതുവരെ മക്കയിലേക്കും ഹജ്ജ് തീര്‍ഥാടനം നടക്കുന്ന മറ്റ് പുണ്യസ്ഥലങ്ങളിലേക്കും അനുമതി പത്രമില്ലാതെ പ്രവേശിക്കാന്‍ പാടില്ല. പിടിയിലായ പതിനായിരം റിയാലാണ് പിഴ. രണ്ടാം തവണ പിഴ ഇരട്ടിയാകും.
🇰🇼ദീര്‍ഘകാലമായി ആശുപത്രികളില്‍ കഴിയുന്ന പ്രവാസികളെ തിരിച്ചയക്കാന്‍ പദ്ധതിയുമായി കുവൈത്ത്.
✒️ദീര്‍ഘകാലമായി രാജ്യത്തെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന വിദേശികളെ അവരുടെ നാടുകളിലേക്ക് തിരിച്ചയച്ച് തുടര്‍ ചികിത്സയ്ക്ക് സംവിധാനമൊരുക്കാന്‍ കുവൈത്ത് അധികൃതര്‍ ഒരുങ്ങുന്നു. യാത്ര ചെയ്യാന്‍ ബദ്ധിമുട്ടില്ലാത്തവരെയായിരിക്കും ഇങ്ങനെ തിരിച്ചയക്കുക. കൊവിഡ് സാഹചര്യത്തില്‍ രാജ്യത്തെ ആശുപത്രികളിലെ തിരക്ക് കുറച്ച് കൂടുതല്‍ സജ്ജീകരണങ്ങളൊക്കുന്നതിന്റെ ഭാഗമായാണ് നടപടികള്‍.
ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം ഇതിനുള്ള പദ്ധതികള്‍ തയ്യാറാക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചികിത്സ തുടരുന്നത് കാരണം ദീര്‍ഘകാലമായി സ്വന്തം നാടുകളിലേക്ക് പോകാന്‍ കഴിയാതിരിക്കുന്നവരെയായിരിക്കും പരിഗണിക്കുക. ഇവര്‍ക്ക് ചികിത്സയുടെ അടുത്ത ഘട്ടം സ്വന്തം നാടുകളില്‍ തുടരുന്നതിനുള്ള സംവിധാനമൊരുക്കി നാട്ടിലേക്ക് അയക്കാനാണ് പദ്ധതിയിടുന്നത്.
🇴🇲ഒമാനില്‍ ആരോഗ്യ പ്രവര്‍ത്തകരെയും കുടുംബാംഗങ്ങളെയും ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കി.
✒️ഒമാനിലെത്തുന്ന ആരോഗ്യ പ്രവര്‍ത്തകരെയും അവരുടെ കുടുംബാംഗങ്ങളെയും ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കും. രാജ്യത്തെ സിവില്‍ ഏവിയേഷന്‍ അതോരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ജുലൈ 16ന് ഒമാന്‍ സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ച തീരുമാനങ്ങള്‍ പ്രകാരമാണ് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി നിബന്ധനകള്‍ പരിഷ്‍കരിച്ചത്.
ഒമാനില്‍ പ്രവേശന വിലക്കുണ്ടായിരുന്ന രാജ്യങ്ങളില്‍ നിന്ന് സിംഗപ്പൂരിനെയും ബ്രൂണെയെയും തിങ്കളാഴ്‍ച മുതല്‍ ഒഴിവാക്കും. ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും ഉള്‍പ്പെടെ 21 രാജ്യങ്ങളില്‍ നിന്നാണ് നിലവില്‍ ഒമാനിലേക്ക് പ്രവേശന വിലക്ക് നിലനില്‍ക്കുന്നത്. രണ്ടാഴ്‍ചയ്‍ക്കിടെ ഈ രാജ്യങ്ങളില്‍ പ്രവേശിച്ചിട്ടുള്ളവര്‍ക്കും ഒമാനില്‍ പ്രവേശിക്കാനാവില്ല. സ്വദേശികള്‍, നയതന്ത്ര പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഈ നിയന്ത്രണങ്ങളില്‍ ഇളവുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കുടുംബങ്ങള്‍ക്കും ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ ഒഴിവാക്കിയെങ്കിലും ഹോം ക്വാറന്റീന്‍ നിര്‍ബന്ധമാണ്. ഇവര്‍ ഇലക്ട്രോണിക് ട്രാക്കിങ് ഉപകരണം ധരിക്കുകയും വേണം.
🚔അബുദാബി: പ്രതികൂല കാലാവസ്ഥയിൽ വാഹനങ്ങൾ ശ്രദ്ധയോടെ ഉപയോഗിക്കാൻ പോലീസ് ആഹ്വാനം ചെയ്തു.
✒️പ്രതികൂലമായ കാലാവസ്ഥയിൽ വാഹനങ്ങൾ ശ്രദ്ധയോടെ ഉപയോഗിക്കാൻ അബുദാബി പോലീസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. വരും ദിനങ്ങളിൽ ശക്തമായ മഴയും, കാറ്റും ഉണ്ടാകുമെന്നുള്ള കാലാവസ്ഥാ പ്രവചനങ്ങൾ മുൻനിർത്തിയാണ് അബുദാബി പോലീസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
ജൂലൈ 16-ന് വൈകീട്ടാണ് അബുദാബി പോലീസ് ഈ അറിയിപ്പ് നൽകിയത്. കാലാവസ്ഥ മോശമാകുന്ന സാഹചര്യത്തിൽ വാഹനങ്ങൾ വേഗത്തിൽ ഉപയോഗിക്കരുതെന്നും, പരമാവധി വേഗം മണിക്കൂറിൽ 80 കിലോമീറ്റർ കവിയാതെ ഡ്രൈവ് ചെയ്യുന്നതിനും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
അബുദാബി പോലീസിന്റെ സ്മാർട്ട് സംവിധാനങ്ങളിലൂടെ നൽകുന്ന കാലാവസ്ഥാ പ്രവചനങ്ങളും, സുരക്ഷാ നിർദ്ദേശങ്ങളും ശ്രദ്ധിക്കാനും ജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷ മുൻനിർത്തി, എമിറേറ്റിലെ റോഡുകളിലെ ട്രാഫിക് സൈൻ, സ്മാർട്ട് ടവർ മുതലായവയിലെ വേഗത അളക്കുന്ന റഡാർ സംവിധാനങ്ങൾ മേല്പറഞ്ഞ പരമാവധി വേഗതയിലേക്ക് നിജപ്പെടുത്തിയതായും പോലീസ് വ്യക്തമാക്കി.
🇧🇭ബഹ്‌റൈൻ: വിദേശത്ത് നിന്ന് COVID-19 വാക്സിനെടുത്തവർക്ക് വാക്സിൻ സർട്ടിഫിക്കറ്റ് അംഗീകാരം നേടുന്നതിനുള്ള നടപടികൾ.
✒️വിദേശത്ത് നിന്ന് COVID-19 വാക്സിനെടുത്തവർക്ക് വാക്സിൻ സർട്ടിഫിക്കറ്റ് അംഗീകാരം നേടുന്നതിനുള്ള നടപടികൾ സംബന്ധിച്ച് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി. വിദേശത്ത് നിന്ന് COVID-19 വാക്സിൻ സ്വീകരിച്ചിട്ടുള്ള പൗരന്മാർക്കും, പ്രവാസികൾക്കും ‘Be Aware’ ആപ്പിലൂടെ വാക്സിൻ സർട്ടിഫിക്കറ്റിനുള്ള അംഗീകാരം നേടുന്നതിനുള്ള നടപടിക്രമങ്ങളാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുള്ളത്.
ജൂലൈ 16-ന് വൈകീട്ടാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന കാര്യങ്ങളാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുള്ളത്.
താഴെ പറയുന്ന മാനദണ്ഡങ്ങൾ പ്രകാരമാണ് വിദേശത്ത് നിന്ന് COVID-19 വാക്സിനെടുത്തവർക്ക് വാക്സിൻ സർട്ടിഫിക്കറ്റ് അംഗീകാരം നൽകുന്നത്:
ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ളതോ, ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുള്ളതോ ആയ വാക്സിനായിരിക്കണം.
വിദേശത്ത് നിന്ന് വാക്സിൻ സ്വീകരിച്ചതിന്റെ തെളിവായി ഹാജരാക്കുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ അതാത് രാജ്യത്തെ അധികൃതരുടെ ഔദ്യോഗിക മുദ്ര നിർബന്ധമാണ്.
ഇത്തരത്തിൽ അപേക്ഷിക്കുന്ന വ്യക്തിയുടെ ബഹ്‌റൈനിലെ ഐഡി വിദേശത്ത് നിന്ന് ലഭിക്കുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ വിവരങ്ങളുമായി സമാനമായിരിക്കണം.
വിദേശത്ത് നിന്ന് ലഭിക്കുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഇംഗ്ലീഷ്, അറബിക് എന്നീ ഭാഷകളിൽ അല്ലെങ്കിൽ, ഇതോടൊപ്പം ഔദ്യോഗിക തർജ്ജമ കൂടി ഹാജരാക്കേണ്ടതാണ്.
വിദേശത്ത് നിന്ന് ലഭിക്കുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ സാധുത തെളിയിക്കുന്നതിനുള്ള QR കോഡ് നിർബന്ധമാണ്.
അപേക്ഷകർ തങ്ങളുടെ പാസ്‌പോർട്ടിന്റെ കോപ്പി കൂടി അപ്‌ലോഡ് ചെയ്യേണ്ടതാണ്.
വിദേശത്ത് നിന്ന് ലഭിക്കുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ താഴെ പറയുന്ന വിവരങ്ങൾ ഉണ്ടായിരിക്കേണ്ടതാണ്:
അപേക്ഷകന്റെ മുഴുവൻ പേര് (ഔദ്യോഗിക രേഖകളിലേതുമായി സമാനമായിരിക്കണം).
വാക്‌സിൻ സംബന്ധമായ വിവരങ്ങൾ.
വാക്സിൻ ഉത്പാദകരുടെ വിവരങ്ങൾ.
വാക്സിൻ ലോട്ട് നമ്പർ.
ആദ്യ ഡോസ് സ്വീകരിച്ച തീയതി.
രണ്ടാം ഡോസ് സ്വീകരിച്ച തീയതി (രണ്ടാം ഡോസ് സ്വീകരിച്ചിട്ടുള്ളവർക്ക് ബാധകം).
വാക്സിനെടുത്ത കേന്ദ്രത്തിന്റെ വിവരങ്ങൾ (നിർബന്ധമല്ല).
വിദേശത്ത് നിന്ന് COVID-19 വാക്സിനെടുത്തവർക്ക് ‘Be Aware’ ആപ്പിലൂടെ വാക്സിൻ സർട്ടിഫിക്കറ്റ് അംഗീകാരം നേടുന്നതിനുള്ള നടപടികൾ:
‘Be Aware’ ആപ്പിൽ ‘eServices’ എന്ന ബട്ടൺ അമർത്തുക.
ഇതിൽ നിന്ന് ‘Reporting Issues about Vaccination Status’ എന്ന സേവനം തിരഞ്ഞെടുക്കുക.
തുടർന്ന് വരുന്ന സ്‌ക്രീനിൽ നിന്ന് ‘You took your vaccine in another country and you need to update your details’ എന്ന സേവനം തിരഞ്ഞെടുക്കുക.
തുടർന്ന് വരുന്ന ഫോമിൽ ആവശ്യമായ വിവരങ്ങൾ നൽകി കൊണ്ട് ഈ സേവനം ആവശ്യപ്പെടാവുന്നതാണ്.
🇴🇲ഒമാൻ: ഈദുൽ അദ്ഹ ദിനങ്ങളിലെ സമ്പൂർണ്ണ ലോക്ക്ഡൌൺ ജൂലൈ 24-ന് പുലർച്ചെ 4 മണിവരെ നീട്ടി.
✒️ഈദുൽ അദ്ഹ ദിനങ്ങളിൽ പ്രഖ്യാപിച്ചിരുന്ന സമ്പൂർണ്ണ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ 2021 ജൂലൈ 24-ന് പുലർച്ചെ 4 മണിവരെ നീട്ടാൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചു. ജൂലൈ 16, വെള്ളിയാഴ്ച്ച വൈകീട്ടാണ് ഒമാൻ സുപ്രീം കമ്മിറ്റി ഇക്കാര്യം അറിയിച്ചത്.
2021 ജൂലൈ 20 മുതൽ 22 വരെ (ഈദുൽ അദ്ഹയിലെ ആദ്യ 3 ദിവസങ്ങളിൽ) രാജ്യത്ത് സമ്പൂർണ്ണ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നാണ് സുപ്രീം കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഈ നിയന്ത്രണങ്ങൾ ജൂലൈ 24-ന് പുലർച്ചെ 4 മണിവരെ തുടരാൻ സുപ്രീം കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
ഇതോടെ ജൂലൈ 20 മുതൽ ജൂലൈ 24 വരെ ഒമാനിൽ മുഴുവൻ സമയങ്ങളിലും വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം, വാണിജ്യ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്. ഇതിന് പുറമെ, ഈദുൽ അദ്ഹ വേളയിൽ ഒത്ത് ചേർന്നുള്ള പ്രാർത്ഥനകൾ, പരമ്പരാഗത ഈദ് മാർക്കറ്റുകൾ, മറ്റു ആഘോഷങ്ങൾ, കുടുംബസംഗമങ്ങൾ, മറ്റു ഒത്ത്‌ചേരലുകൾ എന്നിവയ്ക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
സമ്പൂർണ്ണ ലോക്ക്ഡൌൺ കാലയളവിൽ രോഗികൾ, മനുഷ്യത്വപരമായ ഇളവുകൾ ആവശ്യമുള്ള മറ്റു കേസുകൾ എന്നിവർക്ക് ഇളവ് നൽകുമെന്നും, ഭക്ഷണസാധനങ്ങൾ, ആവശ്യവസ്തുക്കൾ എന്നിവയുടെ വില്പന തടസപ്പെടില്ലെന്നും അധികൃതർ നേരത്തെ അറിയിച്ചിരുന്നു. അവശ്യ സർവീസുകളായ വൈദ്യുതി വിതരണം, കുടിവെള്ള വിതരണം, മെഡിക്കൽ സേവനങ്ങൾ മുതലായവയ്ക്ക് ഇളവ് അനുവദിക്കുന്നതാണ്.
അടിയന്തിര സാഹചര്യങ്ങളിൽ 1099 എന്ന നമ്പറിൽ പൊതുജനങ്ങൾക്ക് റോയൽ ഒമാൻ പോലീസ് ആരംഭിച്ചിട്ടുള്ള പ്രത്യേക ഓപ്പറേഷൻസ് സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. ഈ കേന്ദ്രം ജൂലൈ 16 മുതൽ 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്.
സമ്പൂർണ്ണ ലോക്ക്ഡൗണിൽ ഇളവ് അനുവദിച്ചിട്ടുള്ള മേഖലകൾ:
താഴെ പറയുന്ന മേഖലകൾക്ക് സമ്പൂർണ്ണ ലോക്ക്ഡൗണിൽ ഇളവുകൾ അനുവദിക്കുമെന്ന് ജൂലൈ 15-ന് ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
ആശുപത്രികൾ, ആരോഗ്യ പരിചരണ കേന്ദ്രങ്ങൾ, സർക്കാർ മേഖലയിലെയും, സ്വകാര്യ മേഖലയിലെയും ക്ലിനിക്കുകൾ.
ഫാർമസികൾ.
കന്നുകാലി വളർത്തൽ, കർഷകർ – രാവിലെ 5 മുതൽ ഉച്ചയ്ക്ക് 11 വരെ ഇളവുകൾ.
ഫാക്ടറികളിലേക്ക് തൊഴിലാളികളെ എത്തിക്കുന്ന ബസുകൾ.
സർക്കാർ കരാറുകളുള്ള ബേക്കറികൾ, ലോണ്ടറികൾ മുതലായവയുടെ വാഹനങ്ങൾ.
ഹോട്ടലുകൾ, ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാർ.
മത്സ്യബന്ധന മേഖലയിലെ തൊഴിലാളികൾ.
ഇന്ധന സ്റ്റേഷനുകളിൽ പ്രവർത്തിക്കുന്ന ടയർ, വാഹന റിപ്പയർ സ്ഥാപനങ്ങൾ.
ബാങ്കിങ്ങ് മേഖലയിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ.
ജലസേചനം, ഇലക്ട്രിക്കൽ, സാനിറ്ററി മേഖലകളിലെ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ.
ഇലെക്ട്രിസിറ്റി, കുടിവെള്ളം, ടെലികമ്യൂണിക്കേഷൻ, റോഡ്, മാലിന്യ നിർമാർജ്ജനം മുതലായ മേഖലകളിൽ തൊഴിലെടുക്കുന്നവർ.
ഗ്യാസ് വിതരണം, കുടിവെള്ള വിതരണം എന്നിവയുടെ വാഹനങ്ങൾ.
എയർപോർട്ടുകൾ, തുറമുഖങ്ങൾ.
മൂന്ന് ടണ്ണിൽ കൂടുതൽ ഭാരമുള്ള ട്രക്കുകൾ.
ഇന്ധന സ്റ്റേഷനുകളിലെ ജീവനക്കാർ.
പ്രസ്, മീഡിയ ജീവനക്കാർ.
റിലീഫ് ഷെൽട്ടർ മേഖലയിലെ ജീവനക്കാർ.
കസ്റ്റംസ്, ഇൻഷുറൻസ് മേഖലകളിലെ ജീവനക്കാർ.
ഫുഡ് ടെസ്റ്റിംഗ് ലാബുകളിലെ ജീവനക്കാർ.
ഓയിൽ, ഗ്യാസ് ഫീൽഡുകളിലെ ജീവനക്കാർ.
🇶🇦60 കഴിഞ്ഞവര്‍ക്ക് ഖത്തറിലേക്ക് സന്ദര്‍ശക വിസ ലഭിക്കുന്നില്ല.
✒️60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഖത്തറിലേക്ക് സന്ദര്‍ശക വിസ ലഭിക്കുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഖത്തറിലേക്ക് സന്ദര്‍ശക വിസയ്ക്ക് ശ്രമിച്ച നിരവധി മലയാളികള്‍ക്ക് പ്രായപരിധി കഴിഞ്ഞതിനാല്‍ വിസ ലഭിക്കില്ലെന്ന മറുപടി ലഭിച്ചു. 61 വയസ്സ് പ്രായമുള്ള തൃശൂര്‍ സ്വദേശിനിക്ക് വേണ്ടി മെത്രാഷില്‍ വിസിറ്റ് വിസയ്ക്ക് ശ്രമിച്ചപ്പോള്‍ പ്രായം നിശ്ചിത പരിധിക്ക് അകത്തല്ല എന്ന മറുപടിയാണ് ലഭിച്ചത്.
നിലവില്‍ പൂര്‍ണമായി വാക്‌സിനെടുത്തവര്‍ക്ക് മാത്രമാണ് ഖത്തറിലേക്ക് വിസിറ്റ് വിസ അനുവദിക്കുന്നത്. റെഡ് ലിസ്റ്റില്‍പ്പെട്ട ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് കുട്ടികള്‍ക്കും ഇക്കാര്യത്തില്‍ ഇളവില്ല. ഫലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ചെറിയ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഖത്തറിലേക്ക് വിസിറ്റ് വിസയില്‍ വരാന്‍ കഴിയില്ലെന്ന സാഹചര്യമാണുള്ളത്.
🇶🇦ഖത്തറില്‍ ഇന്ന് 116 പേര്‍ക്ക് കോവിഡ്; 52 പേര്‍ യാത്രക്കാര്‍.
✒️ഖത്തറില്‍ ഇന്ന് 116 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 98 പേരാണ് രോഗമുക്തി നേടിയത്. 64 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 52 പേര്‍. 1,550 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.
ഖത്തറില്‍ ഇന്ന് കോവിഡ് മരണമില്ല. ആകെ മരണം 599. രാജ്യത്ത് ഇതുവരെ 221,913 പേര്‍ രോഗമുക്തി നേടി. ഇന്ന് 6 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 70 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.
24 മണിക്കൂറിനിടെ 5,486 ഡോസ് വാക്‌സിന്‍ നല്‍കി. ആകെ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 35,03,040 ആയി. വാക്‌സിനേഷന് യോഗ്യരായ 78.4 ശതമാനം പേര്‍ക്ക് ഇതിനകം ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചു.
🛫India-UAE Flight News: ഇന്ത്യ-യുഎഇ വിമാന സർവീസ് 31ന് ശേഷമെന്ന് ഇത്തിഹാദ്.
✒️കോവിഡ് നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ ജൂലൈ 31 വരെ പുനഃരാരംഭിക്കില്ലെന്ന് ഇത്തിഹാദ് എയർലൈൻസ്. ഖലീജ് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇത്തിഹാദിന്റെ വെബ്സൈറ്റില്‍ മുംബൈ, കറാച്ചി, ധാക്ക എന്നിവിടങ്ങളില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാനം സംബന്ധിച്ച് യാത്രക്കാര്‍ നിരന്തരം അന്വേഷിച്ചതിന്റെ പശ്ചാത്തലത്തിലാണ് അറിയിപ്പ്.
യുഎഇ പൗരന്മാര്‍, നയതന്ത്രജ്ഞൻ, ഗോള്‍ഡന്‍ വിസ കൈവശം ഉള്ളവര്‍ എന്നിവര്‍ക്ക് മാത്രമാണ് ഇളവുകള്‍. യാത്ര തിരിക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പ് എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണെന്ന് കമ്പനി അറിയിച്ചു.
അബുദാബി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിമാനക്കമ്പനി നേരത്തെ മൂന്ന് രാജ്യങ്ങളില്‍നിന്ന് യുഎഇയിലേക്കുള്ള യാത്രാ ജൂലൈ 21 വരെ പുനഃരാരംഭിക്കില്ലെന്ന് അറിയിച്ചിരുന്നു. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
യുഎഇയുടെ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) വിമാനങ്ങളുടെ സര്‍വീസ് എത്രനാള്‍ വരെയാണ് നിര്‍ത്തിവച്ചിരിക്കുന്നതെന്നതില്‍ കൃത്യമായൊരു തീരുമാനം പറഞ്ഞിട്ടില്ല.
🕋മിനായിൽ ഹജിമാരുടെ താമസം മിന ടവറിലും തമ്പുകളിലും...
✒️മിനയിലെത്തുന്ന ഹാജിമാർക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത് മിന ടവറിലും തമ്പുകളിലുമാണ്. അയ്യായിരം ഹാജിമാർക്കാണ് മിന ടവറിൽ താമസ സൗകര്യമൊരുക്കിയത്. ഇതിനായി ആറ് ടവറുകളാണ് ഇവിടെ സജ്ജമാക്കിയത്. 55000 തീർത്ഥാടകർ മിനയിലയെ 71 തമ്പുകളിലും താമസിക്കും. തർവിയതിന്റെ ദിനമായ ഇന്ന്മുതൽ ഹജ്ജ് കഴിയുന്ന സമയങ്ങളിൽ വരെയും ഇവർ എവിടെയായിരിക്കും താമസിക്കുക. കടുത്ത ആരോഗ്യ സുരക്ഷാ മുന്കരുതലുമായി നടക്കുന്ന ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മത്തിനായി മിനയിൽ അതീവ ആരോഗ്യ പ്രോട്ടോകോളാണ് നടപ്പാക്കുന്നത്. ആരോഗ്യ സുരക്ഷയിൽ ഒരു വിട്ടു വീഴ്‌ചക്കും ഒരുക്കമില്ലെന്ന് ആരോഗ്യ മന്ത്രാലയവും മക്ക ഗവർണറേറ്റും വ്യെക്തമാക്കിയിട്ടുണ്ട്.
മൂന്ന് തരത്തിലുള്ള നടപടിക്രമങ്ങളാണ് ഹാജിമാർക്കായി സജ്ജീകരിച്ചിരിക്കുന്നത്. പ്രത്യേക സ്വീകരണ കേന്ദ്രങ്ങളിൽ ബസുകളിൽ എത്തുന്ന ഹജാജിമാരെ സ്വീകരിക്കുന്നതാണ് ഒന്നാമത്തെ നടപടി. ഇവരുടെ പക്കലുള്ള ഹാജിമാരുടെ സ്‍മാർട്ട് കാർഡ് ഉപയോഗിച്ച് ഓരോ ഹാജിമാരെയും പരിശോധിച്ച് ഉറപ്പ് വരുത്തും. തുടർന്ന് ഇവരെ മക്കയിലേക്കും താമസ കേന്ദ്രങ്ങളിലേക്കും അയക്കും. ഇവരുടെ ബാഗേജുകൾ താമസ കേന്ദ്രങ്ങളിലേക്കും മാറ്റും. ഇത്തരം കേന്ദ്രങ്ങളിൽ എത്തുന്ന ഹാജിമാരെ നേരിട്ട് ഹറം പള്ളിയിൽ എത്തിക്കുന്നതാണ് രണ്ടാമത്തെ നടപടി. സ്വന്തമായി കാറുകളിൽ സ്വീകരണ കേന്ദ്രങ്ങളിൽ എത്തുന്നവർക്ക് വേണ്ടിയാണ് മൂന്നാമത്തെ നടപടി. ഇവരെ പരിശോധന നടപടികൾക്ക് ശേഷം ലഗേജുകൾ താമസ കേന്ദ്രങ്ങളിലേക്ക് അയക്കുകയും ഹാജിമാരെ പ്രത്യേക ബസുകളിൽ ഹറം പള്ളിയിലേക്ക് അയക്കുകയും ചെയ്യുകയുമാണ് ചെയ്യുക.

0 Comments